പുണ്യങ്ങളുടെ പൂക്കാലമാണ് വിശുദ്ധ റമദാൻ. സ്കൂളിൽ പഠിക്കുമ്പോഴാണ്
സുഹൃത്തുക്കളിൽ നിന്ന് നോമ്പിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ഞങ്ങളൊക്കെ ഉച്ചഭക്ഷണം കഴിക്കുമ്പോൾ പുലർച്ച മുതൽ ഉമിനീര് പോലും ഇറക്കാതെ വിശപ്പിനെ അടക്കിനിർത്തുന്ന സുഹൃത്തുക്കളെ ഇന്നും ആരാധനയോടെയാണ് ഞാൻ ഓർക്കുന്നത്.
ക്ഷമയുടെ മാസമാണ് റമദാനെന്ന് ഞാൻ പഠിച്ചത് എൻറ സഹപാഠികളിൽനിന്നാണ്.
ക്ഷമയുടെ പ്രതിഫലം സ്വർഗം തന്നെയാണ്. നോമ്പ് എനിക്കുള്ളതാണ്.അതിൻറെ പ്രതിഫലവും ഞാൻ തന്നെ നൽകുന്നതാണ് എന്ന അല്ലാഹുവിൻറെ വാക്യം നോമ്പിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.
മാനവസമൂഹത്തിനാകെ അവസാനനാൾ വരെ വഴികാട്ടിയായ വിശുദ്ധ ഖുർആൻ അവതീർണംകൊണ്ട് അനുഗ്രഹിക്കപ്പെട്ട മാസമാണിത്. ആയിരം മാസങ്ങളെക്കാൾ പുണ്യം നിറഞ്ഞ ലൈലത്തുൽ ഖദ്റും റമദാനിലാണെന്ന് ഖുർആൻ തന്നെ വ്യക്തമാക്കുന്നു. അവിശ്വാസത്തിനും അധർമത്തിനുമെതിരെ വിശ്വാസത്തിന്റെയും ധർമത്തിൻറയും പതാക ഉയർന്ന ബദ്റിൻറ മാസം കൂടിയാണ് റമദാൻ എന്ന് എനിക്ക് പറഞ്ഞുതന്നത് എന്റെ തൊഴിൽപരിസരങ്ങളായിരുന്നു. ആഹാര പാനീയങ്ങൾ വർജിക്കുക എന്നതിനപ്പുറം വ്യർഥവും മെച്ചവുമായ വാക്കുകൾ വർജിക്കലുമാണ് നോമ്പ്.
നിന്നോട് ആരെങ്കിലും വഴക്കിടുകയോ നിന്നെ ആരെങ്കിലും ചീത്തപറയുകയോ ചെയ്താൽ
ഞാൻ നോമ്പുകാരനാണ് എന്ന് അവനോട് പറയുക. സമുഹത്തിലെ കഷ്ടപ്പെടുന്നവരോട് അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുകയും ദാനധർമങ്ങൾ അധികരിപ്പിക്കുകയും
ചെയ്യേണ്ട സുവർണാവസരവുമാണ് ഈപുണ്യകാലം. പുണ്യമാസത്തിലെ ആരാധനാകർമങ്ങൾക്കെന്നെ പോലെ ദാനധർമങ്ങൾക്കും പതിന്മടങ്ങ് പ്രതിഫലമാണുള്ളത്. ജീവിതത്തിലുടനീളം അല്ലാഹുവിൻറെ വിധിവിലക്കുകളനുസരിച്ചും അവനെ സൂക്ഷിച്ചും ഭയപ്പെട്ടും ജീവിക്കുന്നതിനുള്ള പരിശീലനമാണ് റമദാൻ പ്രദാനം ചെയ്യുന്നത്. രഹസ്യമായും പരസ്യമായും ദൈവത്തെ അനുസരിക്കാനും അവന്
കീഴ്പ്പെട്ട് ജീവിക്കാനും വ്രതാനുഷ്ഠാനം പ്രാപ്തമാക്കുന്നു