[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”സാഹിത്യം ഇസ്‌ലാം” titleclr=”#000000″][/vc_headings]

സാഹിത്യം ഉണ്ടായിട്ടില്ലാത്ത ഒരു കാലഘട്ടവും മുസ്ലിം ചരിത്രത്തിനല്‍ കടന്നുപോയിട്ടില്ല. മക്കയില്‍ ഇസ്ലാമിന്റെ ആവിര്‍ഭാവകാലത്ത് കവിതയായിരുന്നു സാഹിത്യാവിഷ്‌ക്കാരത്തിന്റെ മുഖ്യ രൂപം. ഇസ്ലാമും ജാഹിലിയ്യത്തും തമ്മില്‍ കവിതകൊണ്ടുള്ളപോരാട്ടം പോലുമുണ്ടായി. ഹസ്സാനുബ്‌നു സാബിത്ത്, കഅ്ബ്ബിനു മാലിക്ക്, അബ്ദുല്ലാഹിബ്‌നു റബാഹ, തുടങ്ങിയ സ്വഹാബികള്‍ നബിയുടെ പ്രിയപ്പെട്ട കവികളായിരുന്നു.

നബിതിരുമേനി കവിതകള്‍ കേള്‍ക്കുകയും ആസ്വദിക്കുകയും അതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിരുന്നു. കഅബുബ്‌നു സുഹൈറിന്റെ ബാനത്ത് സുആദ് എന്നാരംഭിക്കുന്ന ഖസീദ മുസ്ലിംകള്‍ക്കിടയില്‍ ഇന്നും ഏറെ പ്രചാരം ഉള്ള ഒന്നാണ്. ഇസ്ലാമിന്റെ ശത്രുപക്ഷത്തായിരുന്ന കഅബ് മക്കാ വിമോചനത്തിന് ശേഷം ഒളിവില്‍ പോയി. പിന്നീട് നബിയുടെ മുന്നില്‍ ഹാജരായി ബാനത്ത് സുആദ് പാടിയപ്പോള്‍ നബി അദ്ദേഹത്തിന് മാപ്പു കൊടുക്കുകയും മാത്രമല്ല ധരിച്ചിരുന്ന പുതപ്പെടുത്ത് സമ്മാനിക്കുകയും ചെയ്തു. തന്റെ ആസ്ഥാന കവിയായ ഹസ്സാനുബ്‌നു സാബിത്തിനെ പ്രശംസിച്ചു കൊണ്ട് നബി പറഞ്ഞത് ഹസ്സാന്‍ സംസാരിക്കുന്നത് ജിബ്രീലിന്റെ നാവു കൊണ്ടാണെന്നാണ്. ( നബിക്കുള്ള വിശുദ്ധ ഖുര്‍ആന്‍ കേള്‍പ്പിച്ച മാലാഖയാണ് ജിബ്രീല്‍) നബിയുടെ അവസാന കാലത്ത് അറേബ്യയുടെ നാനാഭാഗങ്ങളില്‍ നിന്ന് വിവിധ ഗോത്രങ്ങളുടെ പ്രതിനിധികള്‍ തിരുമേനിയെ സന്ദര്‍ശിക്കാനും അനുസരണ പ്രതിജ്ഞ ചെയ്യാനുമായി മദീനയില്‍ വന്നിരുന്നു. ഓരോ ഗോത്രത്തോടുമൊപ്പം അവരുടെ കവികള്‍ കൂടി ഉണ്ടാവും. ഇവരുടെ കാവ്യാലാപനങ്ങള്‍ക്ക് മദീനയിലെ സ്വന്തം പള്ളി തന്നെ നബി വേദിയാക്കി കൊടുത്തു.

നബിക്കു ശേഷം അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി തുടങ്ങിയ ഖലീഫമാരും നബിയുടെ മാതൃക പിന്‍തുടര്‍ന്നു. അബൂബക്കര്‍ പ്രഗല്‍ഭനായ കവികൂടിയായിരുന്നു. അലിയാകട്ടെ കവി, തത്വജ്ഞാനി,ഭാഷാ പണ്ഡിതന്‍  എന്നീ നിലകളിലെല്ലാം ഏറെ പ്രശസ്തനാണ്. കവിതയുടെ അധാര്‍മികവും വഴിവിട്ടതുമായ രീതികളെ വിമര്‍ശിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു വഴിപിഴച്ച ജനമാണ് കവികളെ അനുധാവനം ചെയ്യുന്നത് കവികല്‍ സകല താഴ്‌വരകളിലും അലഞ്ഞ്തിരിയുന്നത് താങ്കള്‍ കാണുന്നില്ലേ അവര്‍ പ്രവര്‍ത്തിക്കാത്തത് പറയുന്നവരാണ്.( അധ്യായം അശ്ശൂറാ ) കവിതയെ തള്ളിപ്പറയുകയല്ല അതിന്റെ ധാര്‍മികതയില്‍ ഊന്നുകയാണ് ഖുര്‍ആന്‍ ഈ സൂക്തങ്ങളിലൂടെ. ഉയര്‍ന്ന തത്വദര്‍ശനങ്ങളും മാനവിക മൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന കവിതകളെ അവ മുസ്ലിം രചനകള്‍ അല്ലെങ്കില്‍ പൊലും പ്രവാചകന്‍ പ്രോല്‍സാഹിപ്പിച്ചു. ഇസ്ലാം സ്വീകരിച്ചിട്ടില്ലാത്ത ഉമയ്യത്തിബ്‌നു അബിസ്സ്വല്‍അ എന്ന ജാഹിലി കവിയുടെ നൂറോളം വരികള്‍ ചോല്ലിക്കേട്ടപ്പോള്‍ അവയിലടങ്ങിയ ജിവിതദര്‍ശനത്തെ നബി പ്രശംസിച്ചു.

ഇസ്‌ലാമിക സാഹിത്യം

ഇസ്‌ലാമിന്റെ പ്രപഞ്ചവീക്ഷണത്തിലൂന്നിയ സര്‍ഗ്ഗസാഹിത്യരചനകളെ ഇസ്‌ലാമിക സാഹിത്യം എന്ന് പറയാറുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളുടെ സംഭാവനയാണ് ഈ പ്രയോഗം.ഈജിപ്തിലെ ശഹിദ് ഹസനുല്‍ബന്നയുടെ സഹോദരന്‍ അബ്ദുറഹ്മാന്‍ സഅത്തിയുടെ നേതൃത്വത്തില്‍ ഇഖ്‌വാനുൽ  മുസ്‌ലിമൂൻ പ്രവര്‍ത്തര്‍ ഒരു നാടക സംഘം രൂപീകരിക്കുകയും ഇസ്‌ലാമിക ചരിത്രത്തിലെ ഒട്ടേറെ സംഭവങ്ങള്‍ക്ക് നാടക രൂപം നല്‍കി അവതരിപ്പിക്കുകയും ചെയ്തു.പിന്നീട് ശഹീദ് സയ്യിദ് ഖുതുബ് കഥാകൃത്ത്, നോവലിസ്റ്റ്, സാഹിത്യ വിമര്‍ശകന്‍ എന്നീ നിലകളില്‍ ഈജിപ്ഷ്യന്‍ സാഹിത്യ മണ്ഡലത്തില്‍ നിറഞ്ഞു നിന്നു. ഖുര്‍ആന്‍റെ തണലില്‍, ഖുര്‍ആന്‍റെ കലാ ചിത്രീകരണം തുടങ്ങിയ കൃതികളിലൂടെ വിശുദ്ധഖുര്‍ആന്‍റെ സാഹിത്യഭംഗിയിലേക്ക് പുതിയൊരു ഉല്‍ക്കാഴ്ച അദ്ദേഹം നല്‍കി . സയ്യിദ് ഖുത്ബിന്‍റെ സഹോദരന്‍ മുഹമ്മദ് ഖുതുബ് വിശ്വപ്രശസ്തനായ ഇസ്‌ലാമിക  പണ്ഡിതന്‍ എന്നതിന് പുറമെ കവിയും സാഹിത്യ വിമര്‍ശകനും ആയിരുന്നു. ഇസ്‌ലാമിലെ കലാസരണി എന്ന കൃതി ശ്രദ്ധേയമായ ഒന്നാണ്.

ഈ രംഗത്തെ മറ്റൊരു പ്രമുഖന്‍ ഡോക്ടര്‍ നജീബ് കീലീനിയീണ്. കഥ, കവിത, നോവല്‍, നാടകം എന്നീ മേഖലകളില്‍ മുപ്പതോളം കൃതികള്‍ അദ്ദേഹം രചിച്ചു. ഇസ്‌ലാമിക സാഹിത്യ പ്രവേശിക (1980)എന്നൊരു സൈദ്ധാന്തിക രചനയുണ്ട്. സാഹിത്യ നിരൂപണത്തിന്‍റെ ഇസ്‌ലാമിക രീതിശാസ്രത്രം വിവരിക്കുന്ന മികച്ച രചന നിര്‍വഹിച്ച പ്രമുഖനാണ് ഡോക്ടര്‍ ഇമാമുദ്ദീന്‍ ഖലീല്‍.

ഇന്ത്യന്‍ പണ്ഡിതനായ മൗലാനാ അബുല്‍ ഹസ്ന്‍ അലി നദ്‌വി അറബിയില്‍ സാഹിത്യ പരിപോഷണത്തിന് മികച്ച സംഭാവന നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്‍കയ്യില്‍ രൂപീകരിക്കപ്പെട്ട “റാബിത്തത്തുല്‍ അറബിയ്യ  ഇസ്‌ലാമി” എന്ന അന്താരാഷ്ട്ര വേദിയുടെ ആഭി മുഖ്യത്തില്‍ വിവിധ രാജ്യങ്ങളിലായി അര ഡസനിലേറെ ഇസ്‌ലാമിക സാഹിത്യ സെമിനാറുകള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യാ പാക്ക് ഉപഭൂഖണ്ഡത്തില്‍ സാഹിത്യത്തിന്‍റെ ഇസ്‌ലാമികമാനങ്ങളെ പറ്റി ചിന്തിച്ച പ്രമുഖനാണ് മഹാകവി അല്ലാമാ ഇഖ്ബാല്‍. അദ്ദേഹത്തിന്‍റെ കവിതകള്‍ ഇസ്‌ലാമിക സാഹിത്യത്തിന്‍റെ മികച്ച മാതൃകകള്‍ ആണ്. ആധുനിക  കാലഘട്ടം ഉറുദു ഭാഷക്ക് നല്‍കിയ ഏറ്റവും പ്രഗല്‍ഭനായ ഗദ്യകാരനാണ് അബുല്‍ അഅ്‌ലാ മൗദൂദി, ധാരാളം സാഹിത്യ നിരൂപണങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

അറബിമലയാള സാഹിത്യമെന്നും മാപ്പിളസാഹിത്യമെന്നുമൊക്കെ വ്യവഹരിക്കപ്പെടുന്ന തനതായ സാഹിത്യ പാരമ്പര്യം കേരള മുസ്ലിം സമൂഹത്തിനുണ്ട്. ഇസ്‌ലാമിക മൂല്യങ്ങളും സംസ്‌ക്കാരവും പ്രതിഫലിപ്പിക്കുന്നവയാണ് ഇവയില്‍ മിക്കതും ഖാദി മുഹമ്മദിന്‍റെ മുഹിയുദ്ദീന്‍മാലയാണ് മാപ്പിളസാഹിത്യത്തിന് കണ്ടു കിട്ടിയ ആദ്യ കൃതി. കൊണ്ടോട്ടിക്കാരനായ മോയിന്‍കുട്ടി വൈദ്യരാണ് മാപ്പിളപ്പാട്ടിലെ എക്കാലത്തെയും മികച്ച പ്രതിഭയായി കണക്കാക്കപ്പെടുന്നത് . ബദ്‌റ് ,ഉഹ്ദ്, ഹിജ്‌റ തുടങ്ങിയ ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളെ മനോഹരങ്ങളായ മാപ്പിളപ്പാട്ടുകളില്‍ അദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്.

അറബി മലയാള ലിപിയിലാണ് മാപ്പിളപ്പാട്ടുകള്‍ എഴുതപ്പെട്ടിരുന്നത്. മലയാളസാഹിത്യത്തിന്‍റെ ഭാഗമായി ആദ്യകാലത്ത് ഇത് പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ മനോഭാവത്തില്‍ മാറ്റമുണ്ടാക്കിയത് ടി.ഉബൈദാണ്. പാട്ടെഴുത്തുകാരന്‍ മാത്രമല്ല പ്രഗല്‍ഭനായ കവികൂടിയായിരുന്നു അദ്ദേഹം. പി.ടി.അബ്ദുറഹ്മാന്‍ മാപ്പിളപ്പാട്ട് എഴുത്തുകാരന്‍ എന്നതിന് പുറമെ മികച്ച കവികൂടിയാണ്.

യു.കെ അബൂസഹല എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട യു.കെ ഇബ്‌റാഹിം മൗലവിയാണ് ഇസ്‌ലാമിക ചിന്തയെ ശക്തമായും ഉദ്ദ്യേശ്യപൂര്‍വ്വവും മാപ്പിളപ്പാട്ടിലൂടെ ആവിഷ്‌ക്കരിച്ച പാട്ടെഴുത്തുകാരന്‍. നൂഹ് നബിയും സമുദായവൂം ,മൂസാ നബിയും ഫിര്‍ഔനും എന്നിവ ഏറെ ജനപ്രീതി നേടിയവയാണ്

കേരളത്തിലെ മുസ്‌ലിം ജീവിതത്തെ പശ്ചാത്തലമാക്കി എണ്ണമറ്റ നോവലുകളും ,കഥകളും,നാടകങ്ങളും മലയാളത്തിലുണ്ട്. ഇതില്‍ എടുത്തുപറയേണ്ട വ്യക്തിത്വമാണ് വൈക്കം മുഹമ്മദ് ബഷീര്‍. ഇസ്‌ലാമിന്‍റെ പ്രപഞ്ച സങ്കല്‍പ്പങ്ങളും മൂല്യങ്ങളും ഒളിമിന്നുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന രചനകളില്‍ പലതും. ഓര്‍മ്മകളുടെ അറകളില്‍ അദ്ദേഹത്തിന്‍റെ ജീവിതവീക്ഷണം അനാവരണം ചെയ്യുന്നുണ്ട്.

മലയാളത്തിലെ ഇസ്‌ലാമിക സാഹിത്യങ്ങളില്‍ എണ്ണം കൊണ്ടും മേന്മ കൊണ്ടും മുന്തി നില്‍ക്കുന്ന വിവര്‍ത്തന കൃതികളുണ്ട്. അറബിയിലെയും ഉറുദുവിലെയും പ്രശസ്ത ഇസ്‌ലാമിക സാഹിത്യകാരന്‍മാരുടെ രചനകള്‍ക്ക് മലയാളത്തില്‍ വിവര്‍ത്തനം ഉണ്ടായിട്ടുണ്ട്. അഹമ്മദ് ബഹജത്തിന്‍റെ ഖുര്‍ആനിലെ ജന്തു കഥകള്‍, പ്രവാചകന്‍മാര്‍, എം.എ ജീലാനിയുടെ ബിലെയാം, നജീബ് കീലാനിയുടെ ജക്കാര്‍ത്തയിലെ കന്യക, തുര്‍ക്കിസ്ഥാനിലെ രാവുകള്‍ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടവയാണ്.

ലോകപ്രശസ്ത സാഹിത്യകാരിയായ കമലാ സുരയ്യ ‘കമലാ ദാസ്’ എന്ന പേരില്‍ ഇംഗ്ലീഷിലും ‘മാധവിക്കുട്ടി’ എന്നപേരില്‍ മലയാളത്തിലും ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 1999 ലാണ് അവര്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നത്. തുടര്‍ന്ന് പുറത്തുവന്ന യാ അല്ലാഹ്, സസ്‌നേഹം,സുരയ്യ പാടുമ്പോള്‍, ഈ ജീവിതം കൊണ്ട് ഇത്രമാത്രം എന്നീ കൃതികള്‍ ഭക്തിസാന്ദ്രതയാര്‍ന്ന ഉള്‍ച്ചൂട് പകരുന്നവയാണ്. ഇതില്‍ യാ അല്ലാഹ് എന്ന കൃതി കെ. മൊയ്തു മൗലവി അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി.