Question: യാചന ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്. എന്നാൽ നിങ്ങളുടെ മുമ്പിൽ ആവശ്യങ്ങളുമായി എത്തുന്നവരെ നിങ്ങൾ വെറും കൈയോടെ തിരിച്ചയക്കരുതെന്നും ഉപദേശിക്കുന്നു. പരിശുദ്ധ റമദാനിലും അല്ലാത്തപ്പോഴും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ മുക്കിലും മൂലയിലുമുള്ള കച്ചവടസ്ഥാപനങ്ങളിലും വീടുകളിലും കയറിയിറങ്ങുന്ന യാചകസംഘാംഗങ്ങളെയും അഗതി-അനാഥസംരക്ഷണസ്ഥാപനങ്ങൾക്കുവേണ്ടി പണം പിരിച്ചെടുക്കുന്ന കമീഷൻ ഏജന്റുമാരെയും കണ്ടുവരുന്നു.
വീടുകളും കടകളും കയറിയിറങ്ങുന്ന യാചകരിൽ ഭൂരിഭാഗവും അന്യ സംസ്ഥാനങ്ങളിൽനിന്നും വന്നെത്തുന്ന മുസ്‌ലിം വസ്ത്രധാരണരീതികൾ അനുകരിക്കുന്ന മുസ്‌ലിം നാമധാരികളാണ്. സാധാരണക്കാരായ മുസ്‌ലിംകൾക്കിടയിൽ മുമ്പുണ്ടായിരുന്ന റമദാനിലെ യാചനാശീലം ഒരു പരിധിവരെ കുറക്കുവാൻ സാമുദായിക സംഘടനകൾക്ക് സാധിച്ചിട്ടുണ്ടെങ്കിലും അന്യസംസ്ഥാനങ്ങളിൽനിന്നും വന്നെത്തുന്ന യാചകരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ഇത്തരത്തിലുള്ള യാചനാസംസ്കാരം വളർന്നുവരുന്നതിനെ ചെറുക്കുവാൻ ഒരു മുസ്‌ലിം, ഇസ്‌ലാമികവീക്ഷണമനുസരിച്ച് എന്തു നിലപാട് സ്വീകരിക്കണം?
Answer: കഠിനരോഗം, പ്രകൃതികോപങ്ങൾ മൂലമുണ്ടായ സാമ്പത്തികതകർച്ച, കടുത്ത കടബാധ്യത പോലുള്ള നിർബന്ധിത സാഹചര്യങ്ങളിൽ ഒരു മുസ്‌ലിമിന് മാന്യമായി പരസഹായം നേടാൻ ഇസ്‌ലാം നൽകിയ അനുവാദം ഒരിക്കലും യാചനക്കുള്ള പ്രോത്സാഹനമല്ല. യാചകർ അന്ത്യനാളിൽ മുഖം മാന്തിക്കീറി വികൃതരായി വരുമെന്ന് പോലും നബി(സ)താക്കീത് ചെയ്തിട്ടുണ്ട്. ആരോഗ്യമുള്ള ഒരു യുവാവ് യാചിച്ചുവന്നപ്പോൾ പ്രവാചകൻ മഴുവും കയറുമെടുത്ത് കാട്ടിൽ പോയി വിറക് വെട്ടി ജീവിക്കാൻ അയാളെ ഉപദേശിച്ചുവിടുകയാണ് ചെയ്തത്. ദാനം ചെയ്യുമ്പോൾ ജനങ്ങളോട് യാചിക്കാൻ തയാറില്ലാത്ത അഭിമാനികളായ നിർധനരെയാണ് പരിഗണിക്കേണ്ടതെന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു.
എന്നാലും യാചന ശീലമാക്കിയവർ അത് മാറ്റില്ല. അവരെ ശകാരിച്ചോടിക്കരുത് എന്നല്ലാതെ പ്രോത്സാഹിപ്പിക്കണമെന്ന് ഖുർആൻ പഠിപ്പിച്ചിട്ടില്ല. അതിനാൽ, യാചന അവസാനിപ്പിച്ചു മാന്യമായി തൊഴിലെടുത്ത് ജീവിക്കാൻ അത്തരക്കാരെ ഉപദേശിച്ചു തിരിച്ചയക്കുകയാണ് ശരിയായ വഴി. ദരിദ്രർ അനാഥർ, വിധവകൾ തുടങ്ങിയ വിഭാഗങ്ങളെ സംരക്ഷിക്കാൻ സകാത്തും സ്വദഖകളും സാമൂഹികമായി സംഭരിച്ചു വ്യവസ്ഥാപിതമായി വിതരണം ചെയ്യാൻ മഹല്ലുകൾ തോറും സംവിധാനമേർപ്പെടുത്തണം. അത് പാടില്ലെന്ന് പറയുന്നവരെ ചെറുത്ത് തോൽപ്പിക്കുകയും വേണം. റിസീവർമാർ എന്ന പേരിൽ നാടാകെ നടക്കുന്ന പുത്തൻ യാചകവൃന്ദത്തിൽ, സത്യസന്ധരെയും കള്ളന്മാരെയും തിരിച്ചറിയാൻ മനസ്സിരുത്തിയേ മതിയാവൂ. പല അനാഥശാലകൾക്കും അസ്തിത്വം പോലുമില്ല. മൂന്നും നാലും കുട്ടികളെവച്ച് പിരിവ് വ്യവസായം നടത്തുന്ന സ്ഥാപനങ്ങളുമുണ്ട്. അത്തരക്കാരുടെ തനിനിറം പുറത്തുകൊണ്ടുവന്നു തട്ടിപ്പ് അവസാനിപ്പിച്ചേ പറ്റൂ.