Question: ജീവിക്കാനാവശ്യമായ സമ്പാദ്യമോ വരുമാനമോ ഉള്ള മുസ്‌ലിം കൂടുതൽ സമ്പാദിക്കാനായി തൊഴിലിലോ ബിസിനസ്സിലോ ഏർപ്പെടുകയാണോ, അതല്ല ദീനീമാർഗത്തിൽ സേവനം ചെയ്യുകയാണോ വേണ്ടത്?
ഉ: മനുഷ്യന്റെ ധനതൃഷ്ണക്കും മോഹങ്ങൾക്കും പരിധികളില്ല. ‘മണ്ണല്ലാതെ ആദമിന്റെ പുത്രന്റെ വായ നിറക്കില്ല’ എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അതിനാൽ ധനസമ്പാദനം വിഹിത മാർഗേണയാണെങ്കിൽ പോലും പരിധി ആവശ്യമാണ്. ഇബാദത്തുകളിൽ നിന്നും ഇസ്‌ലാമിക പ്രബോധന സംസ്കരണ ചുമതലകളിൽനിന്നും വിശ്വാസിയെ പിന്തിരിപ്പിക്കുന്ന ധനസമ്പാദനം കുറ്റകരം തന്നെയായിത്തീരും. ‘ദാരിദ്ര്യത്തെയല്ല, ദുൻയാവ് നിങ്ങളുടെ മീതെ ആധിപത്യം നേടി മുൻഗാമികളെ എന്നപോലെ നിങ്ങളെയും ഇത് നശിപ്പിക്കുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്’ എന്നും നബി(സ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘നീ ഒരു വഴിപോക്കനെയോ നാളെ മരിക്കാൻ പോകുന്നവനെയോ പോലെ വേണം ഈ ലോകത്ത് ജീവിക്കാൻ’ എന്നും തിരുമേനി ഉപദേശിച്ചിട്ടുള്ളതാണ്.
അതേസമയം ജിഹാദിന്റെ, അഥവാ ഇസ്‌ലാമിന്റെ മാർഗത്തിലുള്ള ധർമസമരത്തിന്റെ ഏറ്റവും ഫലപ്രദമായ ഉപാധി തന്നെയാണ് സമ്പത്തും. അതു കൊണ്ടാണ് തങ്ങളുടെ ശരീരങ്ങൾകൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹുവിന്റെ മാർഗത്തിൽ പൊരുതുന്നവരെ ഖുർആൻ മുക്തകണ്ഠം പ്രശംസിച്ചിരിക്കുന്നത്. പ്രവാചകശിഷ്യരിൽ ധാരാളം ധനം സമ്പാദിക്കുകയും സമ്പാദ്യം പരമാവധി ദൈവമാർഗത്തിൽ വ്യയം ചെയ്യുകയും ചെയ്തവരായിരുന്നു ഉസ്മാൻ(റ), അബ്ദുർറഹ്‌മാനിബ്നു ഔഫ്(റ) മുതൽ പേർ. അവർക്ക് അല്ലാഹു സ്വർഗവും വാഗ്ദാനം ചെയ്തതായി ഹദീസുകളിലുണ്ട്. മറിച്ച് സഅലബ എന്നയാൾ കടുത്ത ദാരിദ്ര്യം അനുഭവിച്ചപ്പോൾ പ്രവാചകനെ സമീപിച്ച് തന്റെ ദാരിദ്ര്യം അകറ്റാൻ പ്രാർഥിക്കണമെന്ന് അപേക്ഷിച്ചു. നീ ക്ഷമിക്കുകയാണ് നല്ലത് എന്ന് നബി(സ) അയാളെ ഉപദേശിച്ചു. അയാളുടെ ബലഹീനത തിരുമേനിക്ക് അറിയാമായിരുന്നു എന്നതാവാം കാരണം. തൽക്കാലം സഅലബ മടങ്ങിപ്പോയെങ്കിലും വീണ്ടും തിരിച്ചുവന്ന് ആവശ്യം ആവർത്തിച്ചു. ശാഠ്യം തുടർന്നപ്പോൾ നബി(സ) അയാൾക്കു വേണ്ടി പ്രാർഥിച്ചു. പ്രാർഥന സഫലമായി. കന്നുകാലി വളർത്തൽ തൊഴിലാക്കിയ സഅലബ മഹാ സമ്പത്തിന്റെ ഉടമയായി. അതോടെ കൃത്യമായി നമസ്കരിക്കാനോ പള്ളിയിൽ വരാനോ അയാൾക്ക് സമയം കിട്ടാതെയുമായി. പിന്നെ പിന്നെ ജുമുഅക്ക് ഹാജരാവുന്നതിൽ പോലും അലംഭാവം കാട്ടി. എല്ലാം നിരീക്ഷിച്ച പ്രവാചകൻ അയാളുടെ സകാത്ത് പൊതുഖജനാവിൽ സ്വീകരിക്കാൻ പോലും വിസമ്മതിച്ചു. നിർഭാഗ്യകരമായിരുന്നു സഅലബയുടെ അന്ത്യം
ചുരുക്കത്തിൽ, വിഹിതമാർഗേണ ധനസമ്പാദനം നിഷിദ്ധമല്ല. നല്ല മാർഗത്തിൽ ചെലവഴിക്കുകയാണ് ലക്ഷ്യമെങ്കിൽ മഹത്തായ പുണ്യകർമം തന്നെ യാണത്. പടച്ചവനെ മറപ്പിക്കുന്ന ധനതൃഷ്ണ തീർത്തും ഹാനികരവുമാണ്. ഉസ്മാൻ ആവാം, ഖാറൂൻ ആയിക്കൂടാ.