ചോദ്യം: ‘മതവും സ്ത്രീയും പിന്നെ സ്വാതന്ത്ര്യവും’ എന്ന തലക്കെട്ടിൽ ഏഷ്യാനെറ്റിൽ പണ്ട് നടന്ന ‘അകത്തളം’ പരിപാടിയിൽ പൂർണവ്യക്തി എന്ന അർഥത്തിൽ സ്ത്രീക്ക് ഇസ്‌ലാമിൽ സ്വാതന്ത്ര്യമില്ല’ എന്ന് പറഞ്ഞ് യുക്തിവാദിസംഘം പ്രതിനിധി നിരത്തിയ ആരോപണങ്ങൾ താഴെ കൊടുക്കുന്നു.
1. മനുഷ്യ സൃഷ്ടിപ്പിലെ സ്ത്രീ-പുരുഷ വ്യത്യാസമെന്നത് സ്ത്രീകളോട് ദൈവം കാണിച്ച അസമത്വമാണ്.
2. അനന്തരാവകാശത്തിൽ ഒരു പിതാവിന് ഒരു പെൺകുട്ടി മാത്രമാണുള്ളതെങ്കിൽ എന്തുകൊണ്ട് അവൾക്ക് മുഴുവൻ സ്വത്തും കൊടുക്കു
3. സാക്ഷി പറയുന്ന രംഗങ്ങളിൽ പുരുഷനാണെങ്കിൽ ഒരാൾ മതിയാകുന്നിടത്ത് സ്ത്രീ ഒന്നിലധികം വേണം.
4. ഇസ്‌ലാമിന്റെ ഖിലാഫത്ത്, അമീർ പോലുള്ള നേതൃസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ എന്തുകൊണ്ട് സ്ത്രീക്ക് വോട്ടവകാശമില്ല?
ഉത്തരം: അസമത്വം കാട്ടുന്നയാൾ ദൈവമാകില്ല. നീതിയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരമമായ ശക്തിവിശേഷമാണ് ദൈവം. അതിനാൽ, ദൈവത്തിൽ വിശ്വസിക്കാത്തവർക്കേ ദൈവം അസമത്വം കാട്ടി എന്ന് പറയാൻ പറ്റൂ. അതേസമയം മനുഷ്യരിൽ സ്ത്രീയും പുരുഷനും ഉണ്ടെന്ന സത്യം നിഷേധിക്കാൻ നാസ്തികർക്കും ആവില്ല. സ്ത്രീ-പുരുഷന്മാർക്കിടയിലെ പ്രകൃതിപരമായ അന്തരവും ഒരു യാഥാർഥ്യമായി അംഗീകരിക്കാൻ അവർ നിർബന്ധിതരാണ്. സ്ത്രീ ഗർഭം ധരിക്കുകയും പ്രസവിക്കുകയും കുഞ്ഞിനെ മുലയൂട്ടുകയും ചെയ്യുമ്പോൾ പുരുഷൻ അനുഭവിക്കാത്ത പ്രയാസങ്ങൾ അവൾ സഹിക്കേണ്ടിവരുന്നു. സ്തനാർബുദം, ഗർഭാശയകാൻസർ പോലുള്ള മാരകരോഗങ്ങളും സ്ത്രീമാത്രം അനുഭവിക്കുന്നു. പുരുഷൻ ചെയ്യുന്ന എല്ലാ ജോലികളും സ്ത്രീക്ക് ചെയ്യാനാവുന്നില്ല. സ്ത്രീ ചെയ്യുന്നതൊക്കെ പുരുഷന്നും സാധിക്കുന്നില്ല. പ്രകൃതിപരമായ ഈ അന്തരങ്ങളെ യുക്തിവാദികൾ എങ്ങനെ വ്യാഖ്യാനിക്കുന്നു? വിശ്വാസികളുടെ ദൃഷ്ടിയിൽ യുക്തിമാനായ സഷ്ടാവ് പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും നിലനിൽപിനാണ് ഈ അന്തരങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. അവൻ കൃത്രിമ സമത്വം ഉദ്ദേശിച്ചില്ല. എന്നാൽ, തുല്യനീതി ഉദ്ദേശിക്കുകയും ചെയ്തു. തുല്യ നീതി ലഭ്യമാക്കിയാൽ സ്ത്രീയും പുരുഷനും സംതൃപ്തരാവും. കാരണം, അങ്ങനെയാണ് അവരുടെ മനസ്സുകളെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യരിലെ മഹാഭൂരിപക്ഷവും ഒരു കാലത്തും യുക്തിവാദികളാകാതിരുന്നത്. ദൈവം നൽകിയ പ്രകൃതിയും അവൻ അനുശാസിച്ച നീതിയും അവർ തിരിച്ചറിഞ്ഞതുകൊണ്ടാണ്.
സ്ത്രീയുടെ സംരക്ഷണം ഭർത്താവോ പിതാവോ സഹോദരന്മാരോ ബന്ധുക്കളായ പുരുഷന്മാരോ ഏറ്റെടുക്കും. അതിനാൽ, ഒരവകാശമെന്ന നിലയിലെ സ്ത്രീക്ക് സ്വത്ത് വേണ്ടതുള്ളൂ. അതാണ് ഇസ്‌ലാമികവ്യവസ്ഥ. അനിസ്‌ലാമിക വ്യവസ്ഥയിൽ സ്ത്രീക്ക് അവകാശം നിഷേധിക്കപ്പെടുന്നതുകൊണ്ടാണ് സ്വത്തിലെ സമാവകാശപ്രശ്നം ഉദിക്കുന്നത്. അനിസ്‌ലാമികവ്യവസ്ഥയിലെ അനീതി പരിഹരിക്കേണ്ടത് ഇസ്‌ലാമിക ശരീഅത്തല്ല, വ്യവസ്ഥിതി മാറ്റുകയാണാവശ്യം.
സ്ത്രീയെ ബാധിക്കുന്ന കാര്യങ്ങളിൽ സാക്ഷികളായി സ്ത്രീകൾ തന്നെ മതി; പുരുഷന്മാർ പങ്കാളികളായ ഇടപാടുകളിലാണ് ഒരു പുരുഷന് പകരം രണ്ടു സ്ത്രീകൾ എന്ന് നിഷ്കർഷിച്ചത്. പരിധികൾ പാലിക്കുന്ന സ്ത്രീ പുരുഷന്റെ ഇടപാടുകൾ പൂർണമായും സത്യസന്ധമായും കണ്ടിരിക്കാൻ ഇടയില്ലെന്നതുകൊണ്ടാണ് രണ്ടു പേർ വേണമെന്നു പറഞ്ഞത്. കോടതി വിധി പരമാവധി കുറ്റമറ്റതും സംശയാതീതവും ആയിരിക്കണമല്ലോ. ഭരണ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ത്രീക്ക് വോട്ടവകാശമുണ്ട്. മറിച്ചുള്ള അഭിപ്രായം ഒരുവിഭാഗം യാഥാസ്ഥിതിക പണ്ഡിതന്മാരുടേതാണ്. മുസ്‌ലിം ലോകത്ത് മഹാഭൂരിപക്ഷവും അത് അംഗീകരിക്കുന്നില്ല.