ചണ്ഡിഗഢ്: ഹിജാബ് വിവാദത്തിൽ വീണ്ടും പ്രതികരണവുമായി വിശ്വസുന്ദരി ഹർനാസ് കൗർ സന്ധു. ഒരു പെൺകുട്ടി ഹിജാബ് ധരിക്കുന്നുണ്ടെങ്കിൽ അത് അവരുടെ തിരഞ്ഞെടുപ്പും ഇഷ്ടവുമാണ്. ഇഷ്ടമുള്ള പോലെ ജീവിക്കാൻ അവരെ അനുവദിക്കണമെന്നും വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നവർക്കാണ് പിഴച്ചതെന്നും ഹർനാസ് പറഞ്ഞു.
ചണ്ഡീഗഢിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ സന്ദർശിക്കാനെത്തിയതായിരുന്നു ഹർനാസ്. നേരത്തെ ജന്മനാട്ടിൽ നടന്ന സ്വീകരണചടങ്ങിൽ ഹർനാസ് ഹിജാബ് വിഷയത്തിൽ നടത്തിയ അഭിപ്രായ പ്രകടനം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയായിരുന്നു അവർ കൂടുതൽ വിശദമായി നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് ജീവിക്കുന്ന ഒരു യുവതിയെന്ന നിലയ്ക്ക് ചുറ്റും സംഭവിക്കുന്നതിനെക്കുറിച്ചെല്ലാം സ്വന്തമായൊരു കാഴ്ചപ്പാടുണ്ടാകൽ വളരെ പ്രധാനമാണ്. അത്തരമൊരു കാഴ്ചപ്പാടാണ് താനന്ന് വ്യക്തമാക്കിയതെന്നും ഹർനാസ് പ്രതികരിച്ചു.
‘മറ്റൊരാളെ ഭരിക്കാൻ നിങ്ങൾ പോകുന്നതെന്തിന്?’
എന്തുതന്നെയായാലും ആ പെൺകുട്ടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കു കീഴിലാണുള്ളത്. അവർ ഹിജാബ് ധരിക്കുകയാണെങ്കിൽ അതവരുടെ ഇഷ്ടമാണ്. അവരെ ആരെങ്കിലും ഭരിക്കുകയാണെങ്കിൽ തന്നെ അവർ മുന്നോട്ടുവന്നു സംസാരിക്കട്ടെ. അതവരുടെ തിരഞ്ഞെടുപ്പാണെങ്കിൽ പിന്നെ വേറൊരു അഭിപ്രായമില്ല. അവൾ ഇഷ്ടപ്പെടുന്നതു പോലെ ജീവിക്കാൻ അവരെ അനുവദിക്കൂ. വ്യത്യസ്ത നിറക്കാരും വിവിധ സംസ്‌കാരങ്ങളിൽനിന്നു വരുന്നവരുമാണ് നമ്മൾ സ്ത്രീകളെല്ലാം. നമ്മൾ പരസ്പരം മാനിക്കേണ്ടതുണ്ട്. എല്ലാവരുടെയും ജീവിതം വ്യത്യസ്തമാണ്. അപ്പോൾ പിന്നെ എന്തിനാണ് മറ്റൊരാളെ നിർബന്ധിക്കാനും ഭരിക്കാനും നിങ്ങൾ പോകുന്നത്?-ഹർനാസ് ചോദിച്ചു.
എപ്പോഴും എന്തിനാണ് പെൺകുട്ടികളെ വേട്ടയാടുന്നതെന്നാണ് നേരത്തെ ജന്മനാടായ ചണ്ഡീഗഢിൽ നടന്ന സ്വീകരണ ചടങ്ങിൽ ഹർനാസ് ചോദിച്ചത്. ഹിജാബിന്റെ പേരിലും പെൺകുട്ടികളെ വേട്ടയാടുന്നു. അവർക്കിഷ്ടപ്പെട്ട വഴിയിലൂടെ നടക്കാൻ അവരെ അനുവദിക്കൂ. അവരുടെ ലക്ഷ്യസ്ഥാനത്തെത്താൻ അവരെ അനുവദിക്കൂ. അവരെ പറക്കാൻ വിടൂ. അവരുടെ ചിറകരിയരുത്. നിർബന്ധമാണെങ്കിൽ സ്വന്തം ചിറകരിയൂവെന്നും ഈ മാസം 17ന് നടന്ന ചടങ്ങിൽ ഹർനാസ് പറഞ്ഞു.