Question: “ഹിന്ദുക്കൾ ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം ചെയ്യുന്നപോലെത്തന്നെയല്ലേ മുസ്‌ലിംകൾ കഅ്ബക്കു ചുറ്റും കറങ്ങുന്നത്?
Answer: ഇബ്റാഹീം പ്രവാചകനാണ് വിശുദ്ധ കഅ്ബ പുനർനിർമിച്ചത്. ഹജ്ജിന് വിളംബരം ചെയ്തതും അദ്ദേഹം തന്നെ. അദ്ദേഹം പണിത കഅബയിൽ പ്രതിമകളോ പ്രതിഷ്ഠകളോ വിഗ്രഹങ്ങളോ ചിത്രങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. എന്നല്ല, ഏകദൈവാരാധനയ്ക്കായാണ് ഇബ്റാഹീം നബിയും പുത്രൻ ഇസ്മാഈൽ പ്രവാചകനും കൂടി അത് പണിതത്. ഹജ്ജിന്റെ ഭാഗമായി അതിനു ചുറ്റും കറങ്ങുന്ന സമ്പ്രദായം അന്നുമുതൽ തന്നെ നിലനിന്നുപോന്നിരുന്നു. എന്നാൽ പിൽക്കാലത്ത് ജനം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അടിപ്പെടുകയും അതേ പ്രവാചകന്മാരുടെ പോലും ചിത്രങ്ങൾ അതിൽ കോറിയിട്ട് അവയെ ആരാധിക്കുകയും ചെയ്തു. കഅ്ബയിലും അതിനു ചുറ്റും നിരവധി വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് അവയെ ആരാധിക്കാൻ തുടങ്ങി. അങ്ങനെ ഏകദൈവാരാധനയുടെ പ്രകാശനമായി നടന്നുവന്നിരുന്ന കഅബക്കു ചുറ്റുമുള്ള കറക്കം വിഗ്രഹാരാധനയായി പരിണമിച്ചു. ഈ ഘട്ടത്തിലാണ് പ്രവാചകനായ മുഹമ്മദ്നബി നിയോഗിതനായി വമ്പിച്ച വിശ്വാസവിപ്ലവത്തിലൂടെ അവരുടെ മനംമാറ്റി അവരെക്കൊണ്ടുതന്നെ കഅ്ബയിലെ വിഗ്രഹങ്ങൾ എടുത്തു മാറ്റി അതിനെ ശുദ്ധീകരിച്ചത്. അങ്ങനെ കഅ്ബക്കു ചുറ്റും കറങ്ങുന്ന ആരാധനാസമ്പ്രദായം ഇസ്‌ലാം തുടർന്നും നിലനിർത്തി. എന്നാൽ അത് വിഗ്രഹാരാധനയ്ക്കു പകരം ഏകദൈവാരാധനയ്ക്കാക്കി മാറ്റി. നഗ്നരായി നിർവഹിച്ചിരുന്ന പ്രസ്തുത കർമം മാന്യമായി വസ്ത്രം ധരിച്ചു മാത്രമേ നിർവഹിക്കാവൂ എന്ന് നിഷ്കർഷിച്ചു. അപ്രകാരം അതിലെ എല്ലാ തിന്മകളും മ്ലേഛതകളും അവസാനിപ്പിച്ച് അതിനെ ശുദ്ധീകരിച്ചു.
മതങ്ങളുടെയെല്ലാം സ്രോതസ്സ് മൗലികമായി ഒന്നും അത് ദൈവത്തിൽനിന്നുമായതിനാൽ ആരാധനകളിലും അനുഷ്ഠാനങ്ങളിലുമെല്ലാം സമാനത കണ്ടെത്തുക സ്വാഭാവികമാണ്. ഇന്ത്യയിലേക്ക് കുടിയേറിപ്പാർത്ത ആര്യന്മാർ ഇബ്റാഹീം പ്രവാചകന്റെ അനുയായികളും പിൻമുറക്കാരുമായിരുന്നുവെന്ന ചില ചരിത്രഗവേഷകരുടെ നിഗമനം ഇവിടെ പ്രത്യേക പരിഗണന അർഹിക്കുന്നു. അതിനാൽ ഇബ്റാഹീം നബിയിലൂടെ നടപ്പാക്കപ്പെട്ട ആരാധനാകർമത്തിന്റെ രൂപപരിണാമത്തിനിടയായ അനുഷ്ഠാനമായിരിക്കാം ഇവിടെ നിലനിന്നുവരുന്ന ക്ഷേത്രപ്രദക്ഷിണം. ഏതായാലും ദൈവത്തെ പ്രതിനിധീകരിക്കാൻ പ്രതിമകളും പ്രതിഷ്ഠകളും വിഗ്രഹങ്ങളും സ്ഥാപിക്കുന്നതിനെയും അവയെ ആരാധിക്കുന്നതിനെയും അതിന്റെ ഭാഗമായി അവ സ്ഥാപിച്ച ഭവനങ്ങളെ ചുറ്റുന്നതിനെയും ഇസ്‌ലാം അനുകൂലിക്കുന്നില്ലെന്നു മാത്രമല്ല; ശക്തമായി വിലക്കുകയും ചെയ്യുന്നു.
ആരാധനാനുഷ്ഠാനങ്ങളിലെ സമാനത മതങ്ങളുടെ സ്രോതസ്സിനെ സംബന്ധിച്ച് സത്യസന്ധവും വസ്തുനിഷ്ഠവുമായ അന്വേഷണത്തിനും അതുവഴി മതപരമായ ഏകത കണ്ടെത്താനും കൈവരിക്കാനും കഴിഞ്ഞാൽ അത് അതിമഹത്തായ നേട്ടമായിരിക്കും. അത്തരമൊരന്വേഷണത്തിനും പഠനത്തിനും ഈ ചർച്ച പ്രചോദകമായെങ്കിൽ!