Question: “ഇസ്‌ലാം നല്ലതും ഫലപ്രദവുമാണെങ്കിൽ ലോകത്ത് നൂറുകോടിയോളം മുസ്‌ലിംകളും അമ്പതിലേറെ മുസ്‌ലിം രാഷ്ട്രങ്ങളുമുണ്ടായിട്ടും അതെന്തുകൊണ്ട് നടപ്പാക്കപ്പെടുന്നില്ല? അതിന്റെ സദ്ഫലങ്ങൾ എന്തുകൊണ്ട് കാണപ്പെടുന്നില്ല.?
Answer: വൈയക്തികവും സാമൂഹികവും രാഷ്ട്രീയവുമായ നേട്ടങ്ങളോടൊപ്പം മരണാനന്തര ജീവിതവിജയം ഉറപ്പുവരുത്തുന്ന ദൈവിക ജീവിതവ്യവസ്ഥയാണ് ഇസ്‌ലാം. വ്യക്തിജീവിതത്തിലെ കൊടും ചൂടിൽ തണലേകുന്ന കുടയായും കൂരിരുട്ടിൽ വെളിച്ചമേകുന്ന വിളക്കായും വീഴ്ചകളിൽ താങ്ങാവുന്ന തുണയായും വിജയവേളകളിൽ നിയന്ത്രണം നല്കുന്ന കടിഞ്ഞാണായും വിഷാദനിമിഷങ്ങളിൽ ആശ്വാസ സന്ദേശമായും വേദനകളിൽ സ്നേഹസ്പർശമായും അത് വർത്തിക്കുന്നു. ജീവിതത്തിൽ വ്യക്തമായ ദിശാബോധം നൽകുന്നു. അങ്ങനെ അലക്ഷ്യതയ്ക്ക് അറുതിവരുത്തുന്നു. അസ്വസ്ഥതകൾക്ക് വിരാമമിടുന്നു. കുടുംബജീവിതത്തിൽ സ്വൈരവും ഭദ്രതയും ഉറപ്പുവരുത്തുന്നു. ഈ വിധം വ്യക്തിജീവിതത്തിൽ ഇസ്‌ലാം പ്രയോഗവൽക്കരിച്ച് സദ്ഫലങ്ങൾ സ്വായത്തമാക്കുന്നതോടൊപ്പം അതിന്റെ ആത്മാർഥമായ ആചരണം മരണാനന്തരം നരകത്തിൽനിന്ന് രക്ഷയും സ്വർഗലബ്ധിയും പ്രദാനം ചെയ്യുന്നു. ഈ നിയോഗമൊക്കെയും കഴിഞ്ഞ പതിനാലു നൂറ്റാണ്ടിലേറെ കാലമായി ഇസ്‌ലാം അവിരാമം ഭംഗിയായും ഫലപ്രദമായും നിർവഹിച്ചുവരുന്നു. ഇന്നും ലോകമെങ്ങുമുള്ള ജനകോടികളിൽ ഈ വിധം സദ്ഫലങ്ങൾ സമ്മാനിക്കുന്ന ഇസ്‌ലാമിന്റെ സജീവ സാന്നിധ്യമുണ്ട്.
ഒരു കാര്യം വളരെ നല്ലതും ഗുണകരവും ഫലപ്രദവുമാണെന്നതുകൊണ്ടു മാത്രം സ്വീകരിക്കപ്പെടണമെന്നില്ല. പുകവലി ചീത്തയാണെന്നറിയാത്ത ആരും ലോകത്തുണ്ടാവുകയില്ലല്ലോ. എന്നിട്ടും അനേകകോടികൾ അതുപയോഗിച്ചുകൊണ്ടിരിക്കുന്നു. മദ്യപാനം ശരീരത്തിനും മസ്തിഷ്കത്തിനും കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ഹാനികരമാണെന്നറിഞ്ഞു കൊണ്ടുതന്നെ ജനം അതിനായി കോടികൾ തുലയ്ക്കുന്നു. അതിനാൽ ഒരു കാര്യം നല്ലതോ ചീത്തയോ ഗുണകരമോ ദോഷകരമോ ഫലപ്രദമോ ദ്രോഹകരമോ എന്നതിന്റെ മാനദണ്ഡം എത്ര പേർ അത് സ്വീകരിക്കുന്നു നിരാകരിക്കുന്നു എന്നതല്ല. മറിച്ച് അംഗീകരിച്ച് നടപ്പാക്കിയാൽ നൻമയും ഗുണവും സദ്ഫലങ്ങളുമാണുള്ളതെങ്കിൽ നല്ലതും ഉപേക്ഷിക്കുമ്പോഴാണ് അതൊക്കെ ലഭിക്കുന്നതെങ്കിൽ ചീത്തയുമെന്നതാണ് ശരിയായ മാനദണ്ഡം. ഈ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇസ്‌ലാമിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ഭരണവ്യവസ്ഥ നടപ്പാക്കപ്പെട്ടപ്പോഴൊക്കെ അത് മാനവരാശിക്ക് മഹത്തായ വിജയവും അതുല്യനേട്ടങ്ങളും സമ്മാനിച്ചിട്ടുണ്ട്; പ്രയോഗവത്കരണം ഭാഗികമാകുമ്പോൾ ഭാഗികമായും അതിനനുസരിച്ച് പൂർണമാകുമ്പോൾ പൂർണമായും.