Question: സ്ത്രീകളെ പൊതുജീവിതത്തിൽനിന്ന് മാറ്റിനിർത്തുകയും അടുക്കളയിൽ തളച്ചിടുകയുമല്ലേ ഇസ്‌ലാം ചെയ്യുന്നത്?
Answer: പ്രകൃതിപരമായ പ്രത്യേകതകൾ പരിഗണിക്കുമ്പോൾ സ്ത്രീയുടെ പ്രധാന പ്രവർത്തനരംഗം വീടുതന്നെയാണ്. മഹിതമായ കൃത്യം മാതൃത്വവും. എന്നാൽ സ്ത്രീ പൊതുജീവിതത്തിൽ ഇടപെടുന്നതിനെയോ സജീവപങ്കാളിത്തം വഹിക്കുന്നതിനെയോ ഇസ്‌ലാം വിലക്കുന്നില്ല. എന്നല്ല; അതനുവദിക്കുകയും അനിവാര്യ സന്ദർഭങ്ങളിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അധ്യയനത്തിലും അധ്യാപനത്തിലും പ്രവാചകന്റെ കാലംതൊട്ടുതന്നെ സ്ത്രീകളും പുരുഷന്മാരെപ്പോലെ സജീവമായി പങ്കെടുത്തു പോന്നിട്ടുണ്ട്. പ്രവാചകസന്നിധിയിൽ വന്ന് കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കുന്നതിലും അത് മറ്റുള്ളവരെ പഠിപ്പിക്കുന്നതിലും അവരൊട്ടും പിന്നിലായിരുന്നില്ല. പ്രവാചകചര്യയുടെ നിവേദകരിൽ പ്രമുഖരായ വനിതകൾ ഉണ്ടാവാനുള്ള കാരണവും അത്.
പ്രവാചക പത്നി ആഇശയുടെ പാണ്ഡിത്യം സുവിദിതമാണ്. ഇമാം സുഹ് രി പറയുന്നു: “ആഇശ ജനങ്ങളിൽ ഏറ്റവും അറിവുള്ള വ്യക്തിയായിരുന്നു. പ്രവാചകന്റെ അനുചരന്മാരിൽ പ്രമുഖർ പോലും അവരോട് ചോദിച്ച് പഠിക്കാറുണ്ടായിരുന്നു. സുബൈറിന്റെ മകൻ ഉർവ രേഖപ്പെടുത്തുന്നു: “ഖുർആൻ, അനന്തരാവകാശ നിയമങ്ങൾ, വിജ്ഞാനം, കവിത, കർമശാസ്ത്രം, അനുവദനീയം, നിഷിദ്ധം, വൈദ്യം, അറബികളുടെ പുരാതന വൃത്താന്തങ്ങൾ, ഗോത്രചരിത്രം എന്നിവയിൽ ആഇശയേക്കാൾ അറിവുള്ള ആരെയും ഞാൻ കണ്ടിട്ടില്ല.”
ലബീദിന്റെ മകൻ മഹ്മൂദ് പറയുന്നു: “പ്രവാചകപത്നിമാരെല്ലാം ഹദീസുകൾ മനഃപാഠമാക്കിയിരുന്നു. എന്നാൽ ആഇശയോടും ഉമ്മുസൽമയോടുമൊപ്പമെത്തിയിരുന്നില്ല. മറ്റുള്ളവർ.”
പ്രവാചകപത്നിമാരിൽ ആഇശ മാത്രം 2210 ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്. ഉമ്മുസൽമയും നിരവധി ഹദീസുകൾ നിവേദനം ചെയ്യുക യുണ്ടായി. സ്ത്രീകൾ മാത്രമല്ല, ധാരാളം പുരുഷന്മാരും അവരിൽ നിന്ന് അറിവ് നേടിയിരുന്നു. വൈജ്ഞാനികരംഗത്തെന്നപോലെ ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങളിലും സ്ത്രീകൾ സജീവ പങ്കുവഹിച്ചു. അതിനാൽ പുരുഷന്മാരെപ്പോലെത്തന്നെ അവരും കൊടിയ പീഡനങ്ങൾക്കിരയായി. ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷിപോലും സുമയ്യ എന്ന സ്ത്രീയാണ്. ജന്മനാട്ടിൽ ജീവിതം ദുസ്സഹമായി പലായനം അനിവാര്യമായപ്പോൾ സ്ത്രീകളുമതിൽ പങ്കാളികളായി.
പ്രവാചകന്റെയോ സച്ചരിതരായ ഖലീഫമാരുടെയോ കാലത്ത് പൊതു ജീവിതത്തിൽനിന്ന് സ്ത്രീകൾ മാറ്റിനിർത്തപ്പെട്ടിരുന്നില്ല. യുദ്ധരംഗത്ത് പോലും സ്ത്രീകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഉഹ്ദ് യുദ്ധത്തിൽ ഭടന്മാർക്ക് വെള്ളമെത്തിക്കാനും മുറിവേറ്റവരെ ശുശ്രൂഷിക്കാനും നേതൃത്വം നൽകിയത് പ്രവാചക പത്നി ആഇശയായിരുന്നു. ഉമ്മു സുലൈമും ഉമ്മ സലീത്തും ഈ സാഹസത്തിൽ പങ്കുചേരുകയുണ്ടായി.
ഖൈബർ യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാർക്ക് ആഹാരമൊരുക്കിക്കൊടുക്കുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്ത വനിതകൾക്ക് പ്രവാചകൻ സമരാർജിത സമ്പത്തിൽ നിന്ന് വിഹിതം നൽകുകയുണ്ടായി. ഉഹ്ദ് യുദ്ധത്തിൽ മുറിവേറ്റവരെയും രക്തസാക്ഷികളെയും മദീനയിലേക്കെത്തിക്കുന്ന ചുമതല നിർവഹിച്ചത് മുഅവ്വിദിന്റെ പുത്രി റുബയ്യഉം സഹപ്രവർത്തകരുമായിരുന്നു. ഉമ്മു അതിയ്യ ഏഴു യുദ്ധങ്ങളിൽ സംബന്ധിക്കുകയുണ്ടായി. അനസുബ്നു മാലിക്കിന്റെ മാതാവ് ഉമ്മു സുലൈമും നിരവധി യുദ്ധങ്ങളിൽ പ്രവാചകനെ അനുഗമിക്കുകയുണ്ടായി. ഖൻദഖ് യുദ്ധത്തിൽ സ്ത്രീകളെയും കുട്ടികളെയും അക്രമിക്കാനെത്തിയ ശത്രുവെ കൂർത്ത കമ്പെടുത്ത് കുത്തിക്കൊന്നത് സ്വഫിയ്യയാണ്. ഉഹ്ദ് യുദ്ധത്തിൽ പ്രവാചകന്റെ പരിരക്ഷയ്ക്കായി പൊരുതിയ പ്രമുഖരിലൊരാൾ ഉമ്മു അമ്മാറയാണ്. അവരുടെ ശരീരത്തിൽ നിരവധി മുറിവുകളേൽക്കുകയുണ്ടായി. ഒന്നാം ഖലീഫ അബൂബക്ർ സിദ്ദീഖിന്റെ കാലത്തു നടന്ന യമാമ യുദ്ധത്തിൽ പങ്കെടുത്ത അവരുടെ ശരീരത്തിൽ പന്ത്രണ്ടു മുറിവുകളുണ്ടായിരുന്നു. ഈവിധം രണാങ്കണത്തിൽ ധീരമായി പൊരുതിയ നിരവധി വനിതകളെ ഇസ്‌ലാമിക ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്.
ആധുനികലോകത്തും മുസ്‌ലിം സ്ത്രീകൾ സമരരംഗത്ത് സജീവമായി പങ്കെടുത്തതിന് നിരവധി ഉദാഹരണങ്ങളുണ്ട്. റിദാ ഷാ പഹ് ലവിയുടെ ഏകാധിപത്യ മർദക ഭരണത്തിനെതിരെ ഖുമൈനി നയിച്ച പോരാട്ടത്തിലും റഷ്യൻ അധിനിവേശത്തിനെതിരെ അഫ്ഗാൻ ജനത നടത്തിയ ചെറുത്തു നിൽപിലും സ്ത്രീകൾ ധീരോജ്ജ്വലമായ സേവനങ്ങളർപ്പിക്കുകയുണ്ടായി. ഇസ്‌ലാമിക സമരനിരയിലെ സ്ത്രീ സാന്നിധ്യം പാശ്ചാത്യ മാധ്യമങ്ങൾ പോലും എടുത്തുകാണിക്കാൻ നിർബന്ധിതമാകുംവിധം അവഗണിക്കാനാവാത്തതാണ്.
വീടിന് പുറത്തുപോയി തൊഴിലിലേർപ്പെടുന്നതിനെയോ സേവനവൃത്തികളിൽ വ്യാപൃതമാവുന്നതിനെയോ പൊതു പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നതിനെയോ ഇസ്‌ലാം ഒരു നിലയ്ക്കും വിലക്കുന്നില്ലെന്ന് ഇതും ഇതുപോലുള്ളവയുമായ സംഭവങ്ങൾ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖിന്റെ ഭരണകാലത്ത് കടകമ്പോളങ്ങളുടെ മേൽനോട്ടത്തിന്റെ ഉത്തരവാദിത്വം ഏൽപിച്ചിരുന്നത് ശിഫാ ബിൻതു – അബ്ദില്ലാ എന്ന സ്ത്രീയെയായിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. നമ്മുടെ കാലത്തെ ഉപഭോക്തൃസംരക്ഷണ വകുപ്പിന്റെ ഡയറക്ടർ പദവിക്കു സമാനമായ സ്ഥാനമാണത്.
സമകാലീന സമൂഹത്തിലും മുസ്‌ലിം സ്ത്രീകൾ ഇസ്‌ലാമിക പ്രവർത്തനങ്ങളിലെന്നപോലെ സാമൂഹിക സേവനരംഗത്തും പൊതുജീവിതത്തിലും സജീവമായി പങ്കുവഹിച്ചുവരുന്നുണ്ട്. ശാസ്ത്ര സാങ്കേതിക-വിദ്യാഭ്യാസ മേഖലകളിലെല്ലാം ഇറാനിയൻ സ്ത്രീകൾ സ്തുത്യർഹമായ സേവനമാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. അവിടത്തെ യൂനിവേഴ്സിറ്റികളിലെ പ്രഫസർമാരിലും മറ്റു ജീവനക്കാരിലും നാൽപതു ശതമാനത്തോളം സ്ത്രീകളാണ്. നഴ്സറി സ്കൂൾ തൊട്ട് ഹൈസ്കൂളിലെ അവസാനവർഷം വരെ അധ്യാപനവൃത്തി പൂർണമായും നിർവഹിക്കുന്നത് സ്ത്രീകളാണ്. ഇറാനിലെ നല്ലൊരു വിഭാഗം സ്ത്രീകൾ സ്വന്തമായി കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവരാണ്. സ്വകാര്യസ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഉന്നത ജോലിയിലേർപ്പെട്ടവരും നിരവധിയാണ്. ധാരാളം വനിതാ അഡ്വക്കേറ്റുമാരും ഡോക്ടർമാരും എഞ്ചിനീയർമാരും അവിടെ ജോലി ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ ആരോഗ്യവകുപ്പുകളിലായി പതിനൊന്ന് ലക്ഷത്തിലേറെ സ്ത്രീകൾ സേവനമനുഷ്ഠിച്ചു വരുന്നു. മാധ്യമരംഗത്തും ഇറാനിൽ സ്ത്രീകൾക്ക് മെച്ചപ്പെട്ട പ്രാതിനിധ്യമുണ്ട്. ടെലിവിഷൻ മേഖലയിൽ മുപ്പത്തഞ്ചു ശതമാനം സ്ത്രീകളാണ്.
ഈജിപ്ത്, സുഡാൻ തുടങ്ങി ഇതര മുസ്‌ലിം നാടുകളിലും ഇസ്‌ലാമിക മര്യാദകൾ പൂർണമായും പാലിച്ചുകൊണ്ടു തന്നെ ലക്ഷക്കണക്കിന് സ്ത്രീകൾ പൊതുരംഗത്ത് പ്രവർത്തിച്ചുവരുന്നു. മതപണ്ഡിതന്മാരോ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോ ഇതിനെ എതിർക്കാറില്ലെന്നതും ശ്രദ്ധേയമത്രെ. ഈ വിധം പൊതു ജീവിതത്തിൽ സജീവമായി പങ്കുവഹിക്കാൻ അനുവദിക്കുമ്പോഴും സ്ത്രീയുടെ പ്രഥമവും പ്രധാനവുമായ ചുമതല ഗൃഹഭരണവും കുട്ടികളുടെ സംരക്ഷണവുമാണെന്ന കാര്യം ഇസ്‌ലാം ഊന്നിപ്പറയുന്നു. അതവഗണിക്കുന്നത് അത്യന്തം അപകടകരവും ദൂരവ്യാപകമായ വിപത്തുകൾക്ക് നിമിത്തവുമാണെന്ന് ഉണർത്തുകയും ചെയ്യുന്നു.