ടി മുഹമ്മദ് വേളം
ജെൻഡർ ന്യൂട്രാലിറ്റി എന്നത് ജെൻഡർ ഇക്വാലിറ്റി അഥവാ ലിംഗസമത്വം എന്ന ആശയം ഉണ്ടാക്കാനുള്ള പ്രയോഗ വഴിയാണ്. ലിംഗപരമായ പ്രകടനങ്ങളെല്ലാം ഏകീകരിച്ചാൽ ലിംഗസമത്വം ഉണ്ടാകുമോ എന്നത് തന്നെ സംവാദ സാധ്യതയുള്ള വിഷയമാണ്. ലിംഗവ്യത്യാസം പ്രകൃതിപരമായതുകൊണ്ടുതന്നെ ബാഹ്യനടപടികളിലൂടെ അതിനെ സമ്പൂർണമായി ഇല്ലാതാക്കാനാവില്ല. ഇല്ലാതാക്കേണ്ടതില്ല എന്നത് നൈതിക താൽപര്യം കൂടിയാണ്. ആത്മാവിന്റെ തലത്തിൽ ആണും പെണ്ണും തുല്യരാണ്. ഭൗതിക ജീവിതത്തിൽ തുല്യത ഉണ്ടാവേണ്ട കാര്യങ്ങളും ഉണ്ടാവേണ്ടതില്ലാത്ത കാര്യങ്ങളുമുണ്ട്. തുല്യത നടപ്പിലാക്കിയാൽ അത് സ്ത്രീയെ പ്രതികൂലമായി ബാധിക്കുന്ന മേഖലകളും കാണാൻ കഴിയും.
അടിസ്ഥാനപരമായി വ്യത്യസ്തതയുള്ളവർക്കിടയിൽ സാക്ഷാത്കരിക്കപ്പെടേണ്ടത് തുല്യതയല്ല നീതിയാണ്. മനുഷ്യജീവിതത്തിലെ ഏറ്റവും പരമപ്രധാനമായ തത്ത്വം നീതിയാണ്. അതേസമയം സമത്വത്തെ സമ്പൂർണമായി നിരാകരിക്കുന്നത് അബദ്ധവുമായിരിക്കും. സമത്വം നീതിയുടെ കീഴിൽ വരേണ്ട മൂല്യമാണ്. മൂല്യങ്ങളുടെ നായകപദവി കൈയാളേണ്ടത്, അധ്യക്ഷപദവി ഏറ്റെടുക്കേണ്ടത് സമത്വമല്ല നീതിയാണ്. നീതി കൈവരിക്കാൻ സമത്വം ഉണ്ടാവണമെങ്കിൽ സമത്വം നടപ്പിലാക്കണം. സമത്വം നടപ്പിലാക്കിയാൽ അനീതിയാണ് സംഭവിക്കുക. എങ്കിൽ സമത്വം നടപ്പിലാക്കരുത്. സമത്വം എപ്പോഴും നീതി പ്രദാനം ചെയ്തു കൊള്ളണമെന്നില്ല.
അതിനുദാഹരണമാണ് ഇന്ത്യയിലെ സംവരണ സംവിധാനം. സംവരണത്തിലുള്ളത് സമത്വമല്ല, നീതിയാണ്. എന്നല്ല 1990-ൽ വി.പി സിംഗ് ഗവൺമെന്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ശിപാർശ ചെയ്യുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയപ്പോൾ അതിനെതിരെ ഉയർന്നുവന്ന പ്രസ്ഥാനത്തിന്റെ പേര് സാമൂഹിക സമത്വ പ്രസ്ഥാനം (Movement for Social Equality) എന്നായിരുന്നു. സംവരണത്തിലുള്ളത് സമത്വമല്ല. സാമൂഹിക നീതിയാണ്. സമത്വം താൽപര്യപ്പെടുന്നത് മുഴുവൻ സീറ്റുകളും തുറന്ന മത്സരത്തിന് വെക്കുക എന്നതാണ്. ബസ്സിൽ സ്ത്രീകൾക്ക് സീറ്റ് സംവരണമുണ്ട്. നമ്മുടെ ബസ്സിലെ കുറച്ചു സീറ്റുകളെങ്കിലും ജൻഡർ ന്യൂട്രൽ അല്ല. അങ്ങനെ ന്യൂട്രൽ ആയിരുന്നെങ്കിൽ തിരക്കുള്ള ഒരു ബസിൽ അതിലെ സീറ്റുകൾ ഭൂരിഭാഗവും കൈക്കരുത്തുള്ള പുരുഷന്മാർക്ക് ലഭിക്കാനായിരുന്നു സാധ്യത. ഇനി ബസ്സിലെ സ്ത്രീ സംവരണത്തിനകത്തുതന്നെ ഉപസംവരണമുണ്ട്. അമ്മയും കുഞ്ഞും എന്ന സംവരണ സീറ്റ് ഈ ഉപസംവരണത്തിന്റെ ഭാഗമാണ്. ഈ ഉപസംവരണമില്ലെങ്കിൽ സ്ത്രീകൾക്ക് സംവരണം ചെയ്യപ്പെട്ട മുഴുവൻ സീറ്റുകളും കൈകുഞ്ഞില്ലാത്ത സ്ത്രീകളിലെ കരുത്തുള്ളവർക്ക് ലഭിക്കാനാണ് സാധ്യത. സമത്വം എപ്പോഴും നീതി കൊണ്ടുവരുന്നില്ല എന്നത് ഇനിയും ഒരുപാടു ജീവിതസന്ദർഭ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാൻ കഴിയും. എന്നാൽ നീതി സ്ഥാപിക്കാൻ സമത്വം അനിവാര്യമായ സന്ദർഭങ്ങളും ജീവിതത്തിൽ കാണാൻ കഴിയും. മക്കളെ വളർത്തുമ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ വിവേചനം കൽപ്പിക്കാതെ വളർത്താൻ പ്രവാചകൻ പഠിപ്പിക്കുന്നുണ്ട്. ഒരാൾക്ക് ഒരു പെൺകുട്ടി ഉണ്ടായിരിക്കുകയും അവനവളെ കുഴിച്ചുമൂടുകയോ നിന്ദിക്കുകയോ അവളേക്കാൾ തന്റെ ആൺസന്താനത്തിന് പ്രാമുഖ്യം നൽകുകയോ ചെയ്യാതിരുന്നാൽ അവനെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കും’ (അബൂ ദാവൂദ്). വിദ്യാഭ്യാസത്തിൽ പൊതുവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ തുല്യ അവസരം നൽകിയാൽ മാത്രമേ നീതി സ്ഥാപിക്കാൻ കഴിയുകയുള്ളൂ.
സ്ത്രൈണ ഗുണങ്ങളെല്ലാം ഗാർഹികവൽക്കരിക്കപ്പെടേണ്ടതും പൗരുഷ ഗുണങ്ങളെല്ലാം സാമൂഹിക ജീവിതത്തിനു വേണ്ടിയുള്ളതുമാണെന്ന ദ്വന്ദ്വയുക്തിയും ഇസ്‌ലാം അംഗീക രിക്കുന്നില്ല. കുടുംബജീവിതത്തിന്റെ നായകനായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നത് പുരുഷനെയാണ്. പലതരം സാമൂഹികോത്തരവാദിത്തങ്ങൾ ചിലപ്പോൾ നിർബന്ധമായും ചിലപ്പോൾ ഐഛികമായും ഇസ്‌ലാം സ്ത്രീകളെയും ഏൽപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ കാര്യത്തിൽ കേവലമായ ജീവശാസ്ത്ര നിർണ്ണയ വാദമല്ല ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. സ്ത്രീകളുടെ ജൈവികമായ ചുമതലകളെ നിഷേധിക്കാതെയും ചെറുതായി കാണിക്കാതെയുമാണ് ഇത് ചെയ്യുന്നത് എന്നു മാത്രം. അത് പ്രകൃതിയോടും മനുഷ്യവംശത്തോടും ഇസ്‌ലാം പുലർത്തുന്ന നീതിയുടെ ഭാഗമാണ്.
തൊഴിലും രാഷ്ട്രീയരംഗവും കായികശക്തിപ്രധാനമായ കാലത്തിന്, കാലം മൗലികമായിത്തന്നെ മാറ്റം വരുത്തിയിരിക്കുന്നു എന്നതും ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്. എന്നാൽ തീർത്തും ജൈവപരമായ ഉത്തരവാദിത്തങ്ങളെ യന്ത്രം പകരം വെക്കുകയില്ല. സ്ത്രീകളുടെ ജൈവപരം തന്നെയായ പല ഗുണങ്ങളെയും ഇനിയും സാമൂഹികവൽക്കരിക്കേണ്ടതുണ്ട്. ഒരേ കാര്യത്തിൽ സ്ഥിരചിത്തതയോടെ ദീർഘനാൾ ഉറച്ചുനിൽക്കാനുള്ള കഴിവ് പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണുള്ളത്. പരീക്ഷാ വിജയങ്ങളിൽ ഇപ്പോൾ പെൺകുട്ടികൾ നടത്തുന്ന മുന്നേറ്റത്തിന്റെ കാരണം അതാണ്.
സ്ത്രീക്ക് ലഭ്യമാവേണ്ട നീതി എന്നത് നീതിയെക്കുറിച്ച് ചർച്ചയിൽ പരമപ്രധാനമാണ്. കാരണം പുരുഷന്റെ കൈക്കരുത്തിൽ നീതി നിഷേധിക്കപ്പെടാൻ ഏറെ സാധ്യതയുള്ളവളാണ് സ്ത്രീ. ശക്തിയെ ധാർമികതകൊണ്ട് നിയന്ത്രിക്കുന്നിടത്താണ് നീതി പൂക്കുക. അതുകൊണ്ടാണ് പ്രവാചകൻ പറഞ്ഞത്, സൻഅയിൽനിന്ന് ഹളറമൗത്തിലേക്ക് ഒരാൾക്ക് അവന്റെ ഒപ്പമുള്ള ആടിനെ ചെന്നായ പിടിക്കുമോ എന്നല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതെ സഞ്ചരിക്കാൻ കഴിയുന്ന കാലം വരുമെന്ന്. ഹീറയിൽ നിന്ന് ഒരു സ്ത്രീ ഒറ്റക്ക് ഹജ്ജിനു വന്നു തിരിച്ചു പോകുന്ന കാലം വരുമെന്നും പ്രവാചകൻ പറയുന്നുണ്ട്. ഇസ്‌ലാമിന്റെ സാമൂഹികപ്പുലർച്ച നീതിയുടെ സാമൂഹികപ്പുലർച്ചയാണ്. നീതി പുലരുന്നതിന്റെ അടയാളം ഒരു സമൂഹത്തിൽ നീതി നിഷേധിക്കപ്പെട്ടവർക്ക് ലഭിക്കുന്ന സ്വാതന്ത്ര്യമാണ്. കേവല സമത്വം നീതി ആയിരിക്കുകയില്ല എന്ന് മാത്രമല്ല ശക്തന്റെ അധികാര പ്രയോഗത്തിനുള്ള പശ്ചാത്തല സൗകര്യമൊരുക്കൽ കൂടിയായിരിക്കും. ജെൻഡർ ന്യൂട്രൽ ബാത്ത്റൂമുകളും ഹോസ്റ്റലുകളും ആത്യന്തികമായി പുരുഷന് സ്ത്രീശരീരത്തെ ചൂഷണം ചെയ്യാനുള്ള പശ്ചാത്തല സൗകര്യമൊരുക്കുകയാണ് ചെയ്യുക. അത് മനുഷ്യൻ ആർജിച്ച സംസ്കാരത്തിൽനിന്ന് കേവലപ്രകൃതിയിലേക്കുള്ള തിരിഞ്ഞുനടത്തമാണ്. മനുഷ്യവിതാനത്തിൽ നിന്ന് മൃഗവിതാനത്തിലേക്കുള്ള പതനം. ആ പതനത്തിന് എത്ര നല്ല പുത്തൻ പേരുകൾ നൽകിയാലും പതിക്കുന്നത് മൃഗാവസ്ഥയിലേക്കാണ്.
മുതലാളിത്ത അജണ്ട
മുതലാളിത്തം നിരന്തരമായി പുതുമയെത്തേടുന്ന (Innovative) ഒരാശയവും പ്രയോഗ പദ്ധതിയുമാണ്. നടന്നുകൊണ്ടിരിക്കുന്ന കച്ചവടം എങ്ങനെ കൂടുതൽ നന്നായി നടത്താം എന്നുമാത്രമല്ല, നിലവിൽ കച്ചവടത്തിന്റെ മേഖലയല്ലാത്ത കാര്യങ്ങളെ എങ്ങനെ കച്ചവടത്തിലേക്ക് കൊണ്ടുവരാം എന്നു കൂടിയാണ് മുതലാളിത്തം ചിന്തിക്കുക. ഇന്ന് സാർവത്രികമായ കുപ്പിവെള്ളം ഇതിന്റെ ചെറിയ ഉദാഹരണമാണ്. പച്ചവെള്ളം കച്ചവടം ചെയ്യാൻ കഴിയും എന്നത് അതിനുമുമ്പ് അത്ര ചിന്തിക്കാനാവുന്ന കാര്യമായിരുന്നില്ല. കുപ്പിവെള്ളത്തിനുമുമ്പും യാത്രകളിൽ ആളുകൾക്ക് വെള്ളം ലഭിച്ചിരുന്നു. കുപ്പിവെള്ളം തീർത്തും തെറ്റായ ഒരു കാര്യമാണെന്ന് ഇതിനർഥമില്ല.
മുതലാളിത്തത്തെ സംബന്ധിച്ചേടത്തോളം ലൈംഗികത വലിയ വിപണി സാധ്യതയുള്ള മനുഷ്യന്റെ ജൈവാവശ്യമാണ്. ഒരു പുതിയ കച്ചവട മേഖലയുടെ സാധ്യതയെക്കുറിച്ച് ചിന്തിക്കുമ്പോൾ അതിനെ കച്ചവടവൽക്കരിക്കുന്നതിനു മുന്നിലുള്ള തടസ്സങ്ങളെകുറിച്ചും ആ തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും മുതലാളിത്തം ചിന്തിക്കും. ലൈംഗികതയെ കച്ചവടവൽക്കരിക്കുന്നതിനു മുമ്പിലുള്ള തടസ്സം സ്ത്രീ-പുരുഷ ബന്ധങ്ങളിൽ മതവും സദാചാരവും സൃഷ്ടിച്ച് അതിരുകളും വിലക്കുകളുമാണ്. ഇതിനെ സമനിരപ്പാക്കി മാത്രമേ ലൈംഗികതയെ വിപണിവൽക്കരിക്കാൻ കഴിയുകയുള്ളൂ. സ്ത്രീ പുരുഷ ബന്ധങ്ങളിലെ ഈ നിരപ്പാക്കൽ പ്രക്രിയയാണ് ജെൻഡർ ന്യൂട്രാലിറ്റി പ്രോജക്ട്. ഇത് സ്ത്രീ പുരുഷന്മാർ തമ്മിലുള്ള അന്തരവും വിവേചനവും ഇല്ലാതാക്കാൻ വേണ്ടിയുള്ളതാണ് എന്ന മുതലാളിത്തത്തിന്റെ വാദം തികഞ്ഞ കാപട്യമാണ്. ലോകത്തെ മൊത്തം ജെൻഡർ ന്യൂട്രൽ ആക്കിയാലും ശാരീരികമായി ആണും പെണ്ണും വ്യത്യസ്തമായി നിലനിൽക്കുമെന്ന് മുതലാളിത്തത്തിനും അറിയാം. എന്നുമാത്രമല്ല ആണിന്റെയും പെണ്ണിന്റെയും ലൈംഗിക ആവശ്യങ്ങൾ മുഖ്യമായും എതിർലിംഗങ്ങളിലൂടെയാണ് നിറവേറ്റപ്പെടുക എന്നും മുതലാളിത്തത്തിന്നറിയാം. എന്നാൽ സ്ത്രീപുരുഷന്മാർക്ക് ഇടയിലുള്ള സദാചാരത്തിന് അതിർവരമ്പുകൾ ഇല്ലാതാക്കിയാൽ ലൈംഗിക വിപണിക്ക് ധാരാളം ഉൽപാദകരെയും ഉപഭോക്താക്കളെയും ലഭിക്കുമെന്ന് അത് കരുതുന്നു. ലൈംഗിക സദാചാര വിലക്കുകളില്ലാത്ത ലോകമാണ് മുതലാളിത്തത്തിന്റെ സ്വപ്നം. അത് ലൈംഗിക വിപണിയുടെ അനന്ത വിസ്തൃത ഭൂമിയാണ്.
ഇത് ലോകത്ത് ഒരുപാട് രാജ്യങ്ങളിൽ കോർപറേറ്റുകൾ നടപ്പി ലാക്കി വിജയിപ്പിച്ച കാര്യമാണ്. തായ്‌ലാന്റിന്റെ ദേശീയ വ്യവസായങ്ങളിൽ പ്രധാനപ്പെട്ടതാണ് സെക്സ് ടൂറിസം. നെതർലൻഡിലെയും ദേശീയ വരുമാനത്തിൽ നല്ലൊരു ഭാഗം സെക്സ് ടൂറിസത്തിൽ നിന്നാണ്. ഫിലിപ്പൈൻസ്, കൊറിയ, ജപ്പാൻ, പടിഞ്ഞാറൻ യൂറോപ്പ്, മധ്യ യൂറോപ്പ് എന്നിവിടങ്ങളിൽ സെക്സ് ടൂറിസവും ലൈംഗിക വിപണിയും തഴച്ചുവളരുകയാണ്. അമേരിക്കയിൽ ഹോട്ടൽ വ്യവസായവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ലൈംഗികവിപണി പ്രവർത്തിക്കുന്നത്. ഇതിൽ വസ്ത്രാക്ഷേപ വ്യവസായമാണ് പ്രധാനപ്പെട്ട വരുമാനമാർഗം.
അമേരിക്കയിലെ നഗരങ്ങളിൽ മാത്രമല്ല ഉൾനാടുകളിൽ പോലും ഹുട്ടേഴ്സ് റസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നു. അമേരിക്കയിൽ മുലകൾക്ക് പറയുന്ന ഗ്രാമ്യമൊഴിയാണ് ഹുട്ടേഴ്സ് എന്നത്. യുവതികളായ പരിചാരികമാരാണ് അത്തരം റസ്റ്റോറന്റുകളിലെ ജീവനക്കാർ, ഇറക്കം കുറഞ്ഞ അര പാവാടയും മുറുകിക്കിടക്കുന്ന ടീഷർട്ടുമാണ് ഈ യുവതികളുടെ വേഷം. മാറിടത്തിൽ ഹുട്ടേഴ്സ് എന്ന് എഴുതിയിട്ടുണ്ടാവും. വസ്ത്രമുരിഞ്ഞു ശരീര ഭാഗങ്ങൾ പ്രദർശിപ്പിച്ചു കസ്റ്റമേഴ്സിനെ ഷോപ്പുകളിലേക്ക് ആകർഷിക്കുക എന്നതാണ് അവരുടെ പ്രധാനപ്പെട്ട തൊഴിൽ (Sherry Lee Short- Not For Sale, page 306). പല രാജ്യങ്ങളും അശ്ലീല രചനാ വ്യാപാരത്തിന് നിയമസാധുത്വം നൽകിയതിലൂടെ 500 കമ്പനികൾ മൂലധന നിക്ഷേപകരായി പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഒരുകാലത്ത് സോഷ്യലിസ്റ്റ് നാടായിരുന്ന ഹങ്കറിയാണ് ഇന്ന് നീലച്ചിത്ര നിർമാണത്തിന്റെ ഹോളിവുഡ് (Not For Sale, page 40). വിലക്കുകൾ എടുത്തുമാറ്റുന്നതിലൂടെ ശ്ലീലതയും അശ്ലീലതയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്നു (ഡോ. പി. സോമൻ മാർക്സിസം, ലൈംഗികത, സ്ത്രീപക്ഷം: പേജ് 225). ജെൻഡർ ന്യൂട്രാലിറ്റി അതിർവരമ്പുകളെ മായ്ച്ചുകളയാനാണ് ശ്രമിക്കുന്നത്. അത് കോർപറേറ്റുകൾക്കു വേണ്ടിയുള്ള വിടുപണിയാണ്.
ഇത് കേവല ഗൂഢാലോചനാസിദ്ധാന്തമല്ല. സമൂഹത്തിൽ കാര്യങ്ങൾ സംഭവിക്കുന്നത് ആരും എവിടെയും ഒരു ആസൂത്രണവും നടത്താതെയാണ് എന്ന് കരുതുന്നത് പരമനിഷ്കളങ്കതയായിരിക്കും. എന്നാൽ ജെൻഡർ ന്യൂട്രാലിറ്റിക്കുവേണ്ടി വാദിക്കുന്നവരെല്ലാം ഒരു മുതലാളിത്ത ഗൂഢാലോചനയിൽ പങ്കാളിയാവുകയാണെന്നല്ല ഇതിനർഥം. പല പരിപ്രേക്ഷ്യങ്ങളിൽ നിന്നുകൊണ്ട് ഈ വാദത്തിന്റെ ഭാഗമാകുന്നവരുണ്ടാവും. പക്ഷേ ഈ വാദത്തിന്റെ കോർപ്പറേറ്റ് താൽപര്യങ്ങളെ മനസ്സിലാക്കാതെ ഇതിനെ ഒരിക്കലും നമുക്ക് പൂർണ്ണമായും ശരിയായും മനസ്സിലാക്കാനാവില്ല.
ജെൻഡർ ന്യൂട്രാലിറ്റി വിവാദം ഉണ്ടാവുന്നതിന്റെ തൊട്ടുമുമ്പാണ് കേരളത്തിൽ ഹലാൽ വിവാദം ഉണ്ടായത്. ഇത് രണ്ടും തമ്മിൽ ഗൂഢാലോചനപരമായ ബന്ധമൊന്നുമില്ലെങ്കിലും മുതലാളിത്ത താൽപര്യങ്ങളുമായി ചേർന്നുകിടക്കുന്ന ബന്ധങ്ങളുണ്ട്. ഹലാൽ വിവാദം ഇസ്‌ലാമോഫോബിക് ആയ ഒരു പ്രചാരണം ആയിരിക്കെ തന്നെ മറ്റൊരർഥത്തിൽ പൊതുജീവിതത്തിൽ വിലക്കുകൾ ഉണ്ടാവുന്നതിനെതിരായ വിവാദം കൂടിയായിരുന്നു. ഭക്ഷണത്തിൽ മതപരമായ വിലക്കുകൾ ഉണ്ടാവാൻ പാടില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അത് പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരാൻ പാടില്ല, എന്നതായിരുന്നു ഹലാൽ വിവാദം മുന്നോട്ടുവെക്കാൻ ശ്രമിച്ച പ്രമേയം. രതിയും രുചിയുമൊക്കെ മതവിലക്കുകളിൽ നിന്ന് മുക്തമായിരിക്കണമെന്ന മുതലാളിത്ത ആശയമാണ് ഈ വിവാദത്തിന്റെ പ്രധാന മൂലധനം.
സംഘ്പരിവാറും സി.പി.എമ്മും ഈ വിവാദത്തിൽ ഇടപെട്ടതും മേൽ പറഞ്ഞ ലിബറൽ യുക്തി ഉയർത്തി പിടിച്ചുകൊണ്ടാണ്. ഭക്ഷണത്തിലെ മതവിലക്ക് പബ്ലിക്കിൽ കൊണ്ടുവരരുത് എന്നതായിരുന്നു ബി.ജെ.പിയുടെ ഒരു പ്രധാന വാദം. മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണം നടത്തുന്നതോടൊപ്പം തന്നെ. അതിൽ ഇടപെട്ടുകൊണ്ട് സി.പി.എം പറഞ്ഞത് ഭക്ഷണത്തിൽ മതം കലർത്തരുത് എന്നായിരുന്നു. ഈ രണ്ടു വാദങ്ങളും ഭക്ഷണത്തെക്കുറിച്ച് ലിബറൽ യുക്തിയാണ്. ഭക്ഷണത്തിൽ വംശീയ വ്യത്യാസങ്ങൾ കാത്തു സൂക്ഷിക്കുന്നവരാണ് സംഘ്പരിവാർ. വംശീയതക്ക് ലിബറലിസത്തിൽ എപ്പോഴും ഒരു ഇടം ഉണ്ടാവും. ഇസ്‌ലാമിന്റെ ഇതുപോലുള്ള മത വിലക്കുകൾ അങ്ങനെയല്ല. അത് ലിബറലിസത്തിനു പുറത്താണ്. മതവിലക്കുകളില്ലാത്ത പൊതുമണ്ഡലം എന്ന കോർപ്പറേറ്റ് അജണ്ടയാണ് ആ വിവാദത്തിൽ ബി.ജെ.പിയും സി.പി.എമ്മും ആശയപരമായി പ്രതിനിധീകരിക്കാൻ ശ്രമിച്ചത്. ഹലാൽ, കോർപ്പറേറ്റുകൾ സമനിരപ്പാക്കുന്ന ലോകത്തിനെതിരായ പ്രതിരോധം കൂടിയാണ്.
പെൺകുട്ടികളുടെ വിവാഹ പ്രായമുയർത്താനുള്ള കേന്ദ്രഗവൺമെന്റിന്റെ നീക്കത്തിൽ ബഹുവിധ താൽപര്യങ്ങളുണ്ട്. ഇത് വഴി മുസ്‌ലിം വിരുദ്ധതയെ ഊതിക്കത്തിക്കാമെന്ന് അവർ കണക്കുകൂട്ടുന്നുണ്ടാവും; ഇത് മുസ്‌ലിം സമുദായത്തെ മാത്രം ബാധിക്കുന്ന കാര്യമൊന്നുമല്ലെങ്കിലും, ജനസംഖ്യ നിയന്ത്രണ പദ്ധതികളുമായും ഇതിന് ബന്ധമുണ്ടാകാനിടയുണ്ട്. അതിനെല്ലാമൊപ്പം ജൻഡർ ന്യൂട്രാലിറ്റിയിലെ കോർപറേറ്റ് അജണ്ട ഇതിലും പ്രവർത്തിക്കുന്നുണ്ട്. ലൈംഗികബന്ധത്തിലേർപ്പെടാൻ നിയമസാധുതയുള്ള പ്രായം പതിനെട്ടാണ്. പക്ഷെ വിവാഹം കഴിക്കണമെങ്കിൽ 21 വയസ്സാവണം. സദാചാരവിലക്കുകളെ തകർക്കുക, വിവാഹബാഹ്യബന്ധങ്ങളുടെ സംസ്കാരം വളർത്തിയെടുക്കുക, ലൈംഗിക വിപണിയെ ത്വരിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളും ഇതിന്റെ പിന്നിലുണ്ട്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ കോർപറേറ്റുകൾക്കുവേണ്ടി ദല്ലാൾ പണി ചെയ്യുന്നതിന്റെ ഭാഗമാണ് കേരള ഗവൺമെന്റിന്റെ ജെൻഡർ ന്യൂട്രാലിറ്റി പ്രൊജക്ടും കേന്ദ്രഗവൺമെന്റിന്റെ പെൺകുട്ടികളുടെ വിവാഹപ്രായമുയർത്തൽ നയവും.
ജെൻഡർ ന്യൂട്രാലിറ്റി എന്നത് ഒരു അബദ്ധത്തിൽ നിന്ന് ഉത്ഭവിച്ച അബദ്ധപരമ്പരയുടെ പേരാണ്. പുരുഷ ശരീരവും സ്ത്രീ മനസ്സും ഉള്ളവരെയും സ്ത്രീ ശരീരവും പുരുഷ മനസ്സും ഉള്ളവരെയും കുറിക്കാനാണ് ട്രാൻസ്ജെൻഡർ എന്ന വാക്ക് ഉപയോഗിക്കുന്നത്. ഈ പ്രശ്നം എന്തുകൊണ്ട് ഉണ്ടാവുന്നു എന്നത് ഇനിയും വിശകലനങ്ങൾ നടക്കേണ്ട കാര്യമാണ്. അതിനു പരിഹാരം അവരുടെ ശരീരത്തെ പരിഗണിച്ചുകൊണ്ടുള്ള സമീപനം അവരോട് സ്വീകരിക്കുക എന്നതാണ്. ലഭ്യമാവുന്ന ചികിത്സകളിലൂടെയും ഭേദമാവാത്ത മാനസികമായ കാര്യങ്ങളിൽ അവർ നിയന്ത്രണവും ക്ഷമയും കൈക്കൊള്ളുകയാണ് ചെയ്യേണ്ടത്. അതിനുപകരം ഈ വ്യതിയാനത്തെ മൊത്തം മനുഷ്യരുടെ ലൈംഗിക സ്വത്വനിർണയത്തിന് അടിസ്ഥാനമാക്കുകയാണ് ലിബറലിസം ചെയ്തത്. അതുവഴി അവർ സെക്സിനെയും ജെൻഡറിനെയും കുട്ടിക്കുഴച്ചു. ഒടുവിൽ ഇതിൽ ഒരു നിർമ്മിത സ്വത്വത്തിനുവേണ്ടി മനുഷ്യനിലെ യഥാർത്ഥ ലിംഗ സ്വത്വപ്രകാശനങ്ങൾ അടിച്ചമർത്തുന്ന രീതികളിലേക്ക് അവർക്ക് എത്തേണ്ടിവന്നു. ഇത് ഒരു വലിയ വൈരുധ്യത്തിലാണ് ലിബറലിസത്തെ കൊണ്ടുചെന്നെത്തിച്ചത്. ഒരു ഭാഗത്ത് ഉത്തരാധുനിക ലിബറലിസം എല്ലാ സ്വത്വങ്ങളുടെയും പ്രകാശനത്തെ ആഘോഷിക്കുന്നു. മറുഭാഗത്ത് ജെൻഡർ ന്യൂട്രാലിറ്റിയിലൂടെ സ്ത്രീകളുടെ സ്വത്വപ്രകാശനത്തെ അടിച്ചമർത്തുകയും ചെയ്യുന്നു!
വിശാലമായ അർഥത്തിൽ ഇതൊരു പൈശാചിക പ്രവണതയാണ്. അല്ലാഹു പറയുന്നു: “അല്ലാഹുവിൽ പങ്കാളികളെ കൽപ്പിക്കുന്നവർ ദുർമാർഗത്തിൽ ഏറെ ദൂരം പിന്നിട്ടവരാണ്. അവർ അല്ലാഹുവിനെ വെടിഞ്ഞ് ദേവതകളെ ആരാധ്യരാക്കുന്നു. ധിക്കാരിയായ സാത്താനെ ആരാധ്യനാക്കുന്നു. അല്ലാഹുവാകട്ടെ ഒരു അവനെ ശപിച്ചിരിക്കുന്നു. അവൻ അല്ലാഹുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു നിന്റെ അടിമകളിൽ ഒരു നിശ്ചിതമാളുകളെ ഞാൻ പിടിച്ചെടുക്കുക തന്നെ ചെയ്യും. ഞാൻ അവരെ വഴിതെറ്റിക്കും, വ്യാമോഹങ്ങളിൽ അകപ്പെടുത്തും….. ഞാനവരോട് ആജ്ഞാപിക്കും. എന്റെ ആജ്ഞയനുസരിച്ച് അവർ അല്ലാഹുവിന്റെ സൃഷ്ടിയെ അലങ്കോലപ്പെടുത്തും. അല്ലാഹുവിനെ കൂടാതെ സാത്താനെ മിത്രവും രക്ഷകനും ആക്കുന്നവൻ സ്പഷ്ടമായ നഷ്ടത്തിൽ അകപ്പെട്ടതുതന്നെ. അവൻ അവരോട് വാഗ്ദാനങ്ങൾ ചെയ്യുന്നു. അവരിൽ വ്യാമോഹങ്ങൾ ജനിപ്പിക്കുന്നു. പക്ഷേ സാത്താന്റെ വാഗ്ദാനങ്ങൾ വെറും വഞ്ചനയല്ലാതെ മറ്റൊന്നുമല്ല’ (അന്നിസാഅ് 116 – 120).
ഇവിടെ പിശാചിനെ വിളിച്ചു പ്രാർത്ഥിക്കുക അല്ലെങ്കിൽ ആരാധിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പിശാചാരാധനയല്ല. അതു വളരെ നാമമാത്രമായ അളവിലുള്ള ഒരു സമീപ കാല പ്രതിഭാസമാണ്. മറിച്ച് ഇവിടെ അർത്ഥമാക്കുന്നത് പിശാചിന്റെ ആജ്ഞ അനുസരിച്ച് ജീവിത കാര്യങ്ങൾ ചിട്ടപ്പെടുത്തുക എന്നതാണ്. അല്ലാഹുവിന്റെ സൃഷ്ടികളിൽ മാറ്റം വരുത്താൻ പിശാച് പ്രേരിപ്പിക്കുകയും അതിന്റെ സാധ്യതകളെക്കുറിച്ച് വ്യാമോഹിക്കുകയും ചെയ്യുമെന്ന് അല്ലാഹു പറയുന്നു. ജെൻഡർ ഫ്ലൂയിഡിറ്റിയും, ന്യൂട്രാലിറ്റിയുമൊക്കെ അല്ലാഹുവിന്റെ സൃഷ്ടിഘടനയിൽ മാറ്റം വരുത്താനുള്ള പൈശാചിക പ്രേരണയുടെ ഭാഗമാണ്. പിശാച് ഇത് ചെയ്യുന്നത് മനുഷ്യനെ അല്ലാഹു ആദരിച്ചതിനുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ്. അതുകൊണ്ടുതന്നെ ജെൻഡർ ഫ്ലൂയിഡിറ്റി, ന്യൂട്രാലിറ്റി വാദങ്ങൾ മൗലികമായി മനുഷ്യവിരുദ്ധ വാദങ്ങളാണ്.