Question: ഹലാൽ ഭക്ഷണത്തെക്കുറിച്ച് പല വിവാദങ്ങളും ഇപ്പോൾ കേൾക്കുന്നുണ്ടല്ലോ. തുപ്പിയ ഭക്ഷണമാണ് കൊടുക്കുന്നത് എന്നുവരെ പറയുന്നുണ്ട്. ടി ജി മോഹൻദാസ് എന്ന സംഘപരിവാർ സൈദ്ധാന്തികൻ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിന് എന്തെങ്കിലും മറുപടി ഉണ്ടോ ?
Answer: ഹലാൽ എന്നാൽ അനുവദനീയം എന്നും ഹറാം എന്നാൽ നിഷിദ്ധം എന്നുമാണ് അർത്ഥം. സാങ്കേതിക ഭാഷയിൽ വിശ്വാസികൾക്ക് അനുവദനീയമായത് ഹലാൽ ആണ്. നിഷിദ്ധമായത് ഹറാമും. ഇത് ഭക്ഷ്യവസ്തുക്കളുമായി മാത്രം ബന്ധപ്പെട്ടതല്ല. മുഴുജീവിതവുമായും ബന്ധപ്പെട്ടതാണ്. ഉദാഹരണമായി പലിശ ഹറാമാണ് നിഷിദ്ധമാണ് ശവരതി ഹറാമാണ് നിഷിദ്ധമാണ്. അഴിമതി നിഷിദ്ധമാണ്. കൈക്കൂലി വാങ്ങല്‍ നിഷിദ്ധമാണ്. കച്ചവടത്തില്‍ കൃതൃമം കാണിക്കല്‍ നിഷിദ്ധമാണ്. അതേ സമയം കച്ചവടം അനുവദനീയമാണ്. തൊഴിൽ അനുവദനീയവും പുണ്യകരവും ആണ്. ഇതാണ് യഥാർത്ഥത്തിൽ ഹലാൽ ഹറാം എന്ന് പറയുന്നതിന്റെ വിവക്ഷ.
ഭക്ഷ്യവസ്തുക്കളുമായി അവ ബന്ധപ്പെടുത്തുമ്പോൾ കഴിക്കാൻ അനുവദനീയമായത് എല്ലാം ഹലാലാണ്. മയക്കു മരുന്നോ മദ്യമോ അതുപോലുള്ളവയോ ചേർന്ന ഭക്ഷ്യവസ്തുക്കൾ നിഷിദ്ധമാണ്. അതുകൊണ്ടുതന്നെ മാംസഭക്ഷണം അല്ലാത്തവയിലും ഹലാൽ എന്ന് എഴുതി വെക്കാൻ ഒരു കാരണം ഉണ്ട്. അതിൽ ചിലപ്പോൾ മയക്കു മരുന്നോ മദ്യമോ ചേർന്നിട്ടുണ്ടാവാം. അതല്ലെങ്കിൽ ശവത്തിന്റെ കൊഴുപ്പോ പന്നിമാംസത്തിന്റെ അംശമോ രക്തമോ ചേർന്നിട്ടുണ്ടാവാം. അഥവാ നിഷിദ്ധമായ വസ്തുക്കൾ ചേർന്ന ഭക്ഷ്യവസ്തുക്കൾ എല്ലാം തന്നെ ഹറാമാണ് നിഷിദ്ധമാണ്. അതല്ലാത്തത് ആണ് ഹലാൽ എന്നത്. ഈ പദമോ പ്രയോഗമോ ഒന്നും ഇപ്പോൾ ഉണ്ടായതോ പുതുതായി കണ്ടുപിടിച്ചതോ അല്ല. നേരത്തെ തന്നെ അമേരിക്കയിലും യൂറോപ്പിലും ഒക്കെ ഹലാൽ റെസ്റ്റോറന്റകൾ ഉണ്ട്. മുസ്ലിംങ്ങൾ ന്യൂനപക്ഷമായ രാജ്യങ്ങളിലെല്ലാം തന്നെ അഥവാ ഇസ്‌ലാമിക കാഴ്ചപ്പാടിൽ നിഷിദ്ധമായ ഭക്ഷ്യവസ്തുക്കൾ ധാരാളമായി ഉണ്ടാകാൻ സാധ്യതയുള്ളിടത്ത് ഹലാൽ റസ്റ്റോറന്റ്കളും ഹലാൽ കടകളും ഉണ്ട്. അറബ് നാടുകളിലേക്ക് യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും കയറ്റി അയക്കുന്ന ഭക്ഷ്യവസ്തുക്കളുടെ കവറിനു പുറത്ത് ഹലാൽ എന്ന് എഴുതാറുണ്ട്. ശബരിമലയിലെ ഇപ്പോൾ വിവാദമായ ശർക്കര ഹലാൽ എന്നാണ് രേഖപെടുത്തിയത്. അത് യഥാർത്ഥത്തിൽ മുസ്ലിങ്ങൾ പാക്ക് ചെയ്തതോ മുസ്ലിങ്ങൾ നിർമ്മിച്ചതോ അല്ല. ഇന്ത്യയിലെ അറിയപ്പെടുന്ന ശിവസേനക്കാരനായ ഒരാൾ അയാളുടെ കമ്പനിയിൽ നിർമ്മിച്ചതാണ്. അതിന്മേൽ ഹലാൽ എന്ന് എഴുതിയത് അദ്ദേഹത്തിന്റെ തന്നെ മേൽനോട്ടത്തിലാണ്. കാരണം ആ കവറുകൾ എല്ലാം തന്നെ അറബ് നാടുകളിലേക്ക് കയറ്റി അയക്കാൻ കൂടി ഉപയോഗിക്കുന്നതാണ്. അതിനാലാണ് അതിന്മേൽ ഹലാൽ എന്ന് എഴുതിയത്.
ഭക്ഷ്യവസ്തുക്കളെ പ്രത്യേകിച്ച് മൃഗങ്ങളിൽ ഒക്കെ തന്നെ പരമകാരുണ്യവാനും ദയാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ അറുത്തതേ ഭക്ഷിക്കാൻ പാടുള്ളൂ. ശവം പാടില്ല പന്നിമാംസം പാടില്ല രക്തം പാടില്ല (അറുത്താൽ രക്തംവാർന്ന് പോകേണ്ടതുണ്ട്) ഇതൊക്കെയാണ് നിഷിദ്ധമായത്. അത് അല്ലാത്തതെല്ലാം അനുവദനീയമാണ്. അത് വിശ്വാസികള്‍ക്ക് വേർതിരിച്ചു മനസ്സിലാവാനുള്ള ഉപാധി മാത്രമാണ് ഈ എഴുതി വെക്കുക എന്നുള്ളത്. നിഷിദ്ധം കഴിക്കാതിരിക്കാനുള്ള സൂക്ഷ്മതയുടെ ഭാഗമാണ് അത് എന്നര്‍ത്ഥം. അതേ സമയം ഭക്ഷ്യവസ്തുക്കളില്‍ തുപ്പുകയോ ഊതുകയോ ഒന്നും ചെയ്യാറില്ല. എന്നല്ല ഭക്ഷ്യവസ്തുക്കളില്‍ ഊതാന്‍ പാടില്ലെന്ന് പ്രവാചകന്‍ നിര്‍ദ്ദേശിച്ചതാണ്. അതിനാല്‍ ഊതിയത് തുപ്പിയത് എന്നെല്ലാമുള്ള പ്രചാരണങ്ങള്‍ നേരത്തെ ശബരിമലയിലെ കാണപ്പെട്ട ഹലാല്‍ ശര്‍ക്കരയെക്കുറിച്ച പ്രചാരണം പോലെതന്നെ തീര്‍ത്തും വ്യാജവും വെറുപ്പും അകല്‍ച്ചയും വിദ്വേഷവും വളര്‍ത്താനുള്ള മാര്‍ഗങ്ങൾ മാത്രമാണ്. അവയിലൊന്നും അല്‍പം പോലും യാഥാര്‍ത്ഥ്യമില്ല എന്നതാണ് വസ്തുത. ഹലാലിനോടൊപ്പം ത്വയ്യിബ് എന്ന് കൂടി ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുണ്ട്. ത്വയ്യിബ് എന്നതിന്റെ അര്‍ത്ഥം നല്ലത് എന്നതാണ്. തുപ്പല്‍ കലര്‍ന്ന ഭക്ഷണം നല്ലതല്ല. മാലിന്യം കലര്‍ന്ന ഭക്ഷണം നല്ലതല്ല. ചേറും ചെളിയും കലര്‍ന്ന ഭക്ഷണം നല്ലതല്ല. ഭക്ഷണം ശുദ്ധമായിരിക്കണം. അനുവദനീയം മാത്രമല്ല ശുദ്ധവും ആയിരിക്കണമെന്ന് ഖുര്‍ആന്‍ ശക്തമായി കല്‍പ്പിക്കുന്നുണ്ട്.
മുസ്‌ലിംകള്‍ കഴിക്കുന്ന ഭക്ഷണവും അവര്‍ വില്‍ക്കുന്ന ഭക്ഷണവും അവര്‍ മറ്റുള്ളവര്‍ക്ക് ദാനമായി നല്‍കുന്നതുമെല്ലാം തന്നെ അനുവദനീയം മാത്രമല്ല ശുദ്ധവും ആകേണ്ടതുണ്ട്. അറുക്കുന്നതിലും വൃത്തിയിലും ശുദ്ധിയിലും ഹലാലായത് തന്നെ തെറ്റായ മാര്‍ഗത്തിലാണ് സമ്പാദിച്ചതെങ്കില്‍ അതും ഹറാമാണ്. അതിനാല്‍ സഹോദരസമൂഹങ്ങള്‍ക്ക് ഏറ്റവും നല്ല ഭക്ഷണം രക്തം വാര്‍ന്നു പോയ (രക്തം കലര്‍പ്പില്ലാത്ത) ശവം കലരാത്ത മയക്ക് മരുന്ന് കലരാത്ത മദ്യം കലരാത്ത അനുവദനീയമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കുക എന്നതാണ് മുസ്‌ലിം കച്ചവട സ്ഥാപനങ്ങളുടെ ബാധ്യത. അതുതന്നെയാണ് ഹോട്ടലുകളുടെയും റസ്‌റ്റോറന്റുകളുടെയും ഉത്തരവാദിത്വവും. അതിനാലാണ് ഇക്കാര്യം പ്രത്യേകം സൂചിപ്പിക്കുന്നത് എന്നര്‍ത്ഥം. ഇവിടെ മുകളില്‍ പരാമര്‍ശിക്കപ്പെട്ടത് പോലെ അത് ഭക്ഷണത്തില്‍ തുപ്പുകയോ ഊതുകയോ മാലിന്യങ്ങള്‍ ചെയ്യില്ലെന്ന് മാത്രമല്ല ചെയ്യാന്‍ പാടില്ലെന്ന് ഇസ്‌ലാമിക ശാസ്ത്രം. അതിനാല്‍ ഈ സഹോദരന്റെ തെറ്റിദ്ധാരണ തിരുത്തണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തെ എല്ലാവരും അവരവരുടെ തെറ്റിദ്ധാരണകള്‍ തിരുത്തുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുകയും ചെയ്യുന്നു.