പുറപിള്ളിക്കാവ് രക്തേശ്വരി ക്ഷേത്രത്തിന്റെ ഹാളില്‍ ഇത്തവണയും ബലിപെരുന്നാള്‍ നമസ്‌കാരം നടന്നു. കമ്മിറ്റി പ്രസിഡന്റ് പി.കെ സാബുവും കമ്മിറ്റിയംഗങ്ങളുമാണ് കൊച്ചുകടവ് പ്രദേശത്തെ വെള്ളക്കെട്ടിലകപ്പെട്ട മുസ്‌ലിം സഹോദരങ്ങള്‍ക്ക് പെരുന്നാള്‍ നമസ്‌കാരത്തിന് വീണ്ടുമൊരിക്കല്‍ കൂടി ക്ഷേത്രഹാള്‍ തുറന്നു കൊടുത്തത്. കൊച്ചുകടവ് ജുമാ മസ്ജിദ് ഇമാം അബൂബക്കര്‍ അസ്ഹരിയുടെ നേതൃത്വത്തിലായിരുന്നു നമസ്‌കാരവും ഖുത്വ്ബയും.
കുഴൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ പ്രളയകാലത്തും സമാന സ്വഭാവത്തില്‍ സൗഹൃദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ നിവാസികള്‍ക്ക് കഴിഞ്ഞിരുന്നു. ക്ഷേത്ര പരിസരത്ത് അഹിന്ദുക്കള്‍ സാധാരണ പ്രവേശിക്കാറില്ല. എന്നാല്‍ പ്രളയം തീര്‍ത്ത ദുരിതത്തില്‍ ആ രീതിയെ മറികടക്കുകയായിരുന്നു പ്രദേശവാസികള്‍. എരവത്തൂര്‍ എല്‍.പി സ്‌കൂളിലെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന മുസ്‌ലിം സഹോദരങ്ങളാണ് ക്ഷേത്ര ഹാളില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്.
ഈ വര്‍ഷം ചാലക്കുടി പുഴ കരകവിഞ്ഞ് തീരത്തെ കൊച്ചുകടവ് ജുമാ മസ്ജിദിലേക്ക് എത്താനാകാത്ത വിധം വെള്ളം ഉയര്‍ന്നു. അങ്ങനെയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പുറപിള്ളിക്കാവ് രക്തേശ്വരി ഹാളില്‍ നമസ്‌കാരത്തിന് സൗകര്യം ഒരുങ്ങിയത്.
ആഗസ്റ്റ് മാസത്തിലെ ആ ദിനങ്ങള്‍ വീണ്ടും എത്തിയപ്പോള്‍ മുന്‍ ഇമാം ജസീര്‍ ദാരിമിയും സ്ഥലത്ത് എത്തിയിരുന്നു. ക്ഷേത്രം പ്രസിഡന്റ് സാബു ആലിംഗനം ചെയ്താണ് ഇമാമിനെ സ്വീകരിച്ചത്. പ്രളയ കാലത്തെ ഓര്‍മകള്‍ പങ്കുവെച്ച ഇവര്‍ അന്നും ഇന്നും ഉണ്ടായ മാറ്റങ്ങള്‍ വിലയിരുത്തി. അന്യം നിന്നുപോകുന്ന മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ കൂട്ടായ ശ്രമം നടത്തേണ്ടതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടതോടെ നാട് അവരവരുടെ മതവിശ്വാസങ്ങള്‍ക്കുമപ്പുറം ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്ന കാഴ്ചപ്പാടിലേക്ക് മടങ്ങിയതായി ക്ഷേത്രം ഭാരവാഹി സാബു അഭിപ്രായപ്പെട്ടു. ഇരുനൂറോളം വരുന്ന ഹൈന്ദവ വിശ്വാസികളുടെ ക്ഷേത്രമുറ്റവും പ്രാര്‍ഥനാ ഹാളും ഇതര സമുദായങ്ങളുടേതു കൂടിയായി മാറിയത് കാലം തേടിയ നിമിത്തമാണെന്നും അഭിപ്രായപ്പെട്ടു.
അബ്ബാസ് മാള