ഇപ്പോഴും ഗ്രാമീണ ഭംഗിയും വിശുദ്ധിയും നിലനിൽക്കുന്നു, ഭൂമിയുടെ ഹൃദയം പോലെയുള്ള ഗ്രാമമെന്ന് ഞാൻ വിശേഷിപ്പിക്കുന്ന എന്റെ ഗ്രാമത്തിന് ഞാൻ കാണുന്നൊരു പോരായ്മയുണ്ട്; അവിടെ 10 മൈൽ ചുറ്റളവിനുള്ളിൽ ഒറ്റമുസ് ലിം ഭവനം പോലുമില്ല. കുട്ടിക്കാലത്ത് ഇസ്ലാം എന്താണെന്ന് എനിക്ക് അറിഞ്ഞു കൂടായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി’ ന്റെപ്പുപ്പാക്കെ വരാനേണ്ടാർന്ന്, ടി മുഹമ്മദ് യൂസഫിന്റെ ‘കണ്ടം ബെച്ച കോട്ട് ‘എന്നിവയൊക്കെ വായിച്ചതിലൂടെയാണ് ഇസ് ലാമിക ജീവിതത്തിന്റെ അകം പുറങ്ങൾ കാണുന്നതും ധാർമിക ലാവണ്യം അനുഭവിച്ചറിയുന്നതും. സി.എൻ അഹമ്മദ് മൗലവിയുടെ ഖുർആൻ പരിഭാഷ വായിച്ചതോടെ ഇസ്ലാമികതയുടെ ധാർമിക ജീവിത ദർശനം എന്നെ വല്ലാതെ ആകർഷിച്ചു. പിൽക്കാലത്ത് റമദാനെ അടുത്തറിഞ്ഞതോടൊ, മനുഷ്യ സ്നേഹത്തിന്റെ മഹാമിദൂരതകൾ എന്റെ ദൃഷ്ടിയിൽ തെളിഞ്ഞു വന്നു.അന്നു മുതൽ റമദാൻ എനിക്കും പുണ്യമാസമാണ്. ആത്മശുദ്ധിയും ആത്മ സമീകരണത്തിനും വേണ്ടി മനുഷ്യസമൂഹങ്ങൾ അനുഷ്ഠിക്കുന്ന ചില ആചാരങ്ങളുണ്ട്. വ്യക്തി ജീവിതത്തെയും സാമൂഹിക ജീവിതത്തെയും സ്നേഹസാന്ദ്രമായ അനഭവമാക്കിത്തീർക്കുന്നതിന് അത്തരം ആചാരങ്ങളും വിശ്വാസങ്ങളും എളുപ്പവഴിയാണ്. അത്തരം ഒരു അനുഷ്ഠാനമാണ് റമദാൻ. ഉപവാസവും ധ്യാനവുമാണ് അതിന്റെ ആന്തരിക തസത്. പ്രാർഥനയുടെയും ഉപവാസത്തിന്റെയും മാസമെന്ന നിലയിൽ അതിന് സവിശേഷമായ പ്രാധാന്യമുണ്ട്. മനുഷ്യവംശത്തിന്റെ ധാർമികവും വിശുദ്ധവുമായ ജീവിത സങ്കൽപങ്ങൾക്ക് റമദാൻ ആധാരമായിത്തീരുന്നു. പകൽ ഉപവാസം ആചരിക്കുന്നതിലൂടെ ലോകത്തിന്റെ ദാരിദ്യദുഃഖത്തെ കുറിച്ച് ഇസ്ലാം ഓർമക്കുന്നു.