നോമ്പിനെക്കുറിച്ച് ഓർക്കുമ്പോൾ അയൽ വീടുകളിൽ നോമ്പുതുറക്കാൻ പോവുന്ന കുട്ടിക്കാലമാണ് മനസ്സിൽ വരുക. വീടിന് ചുറ്റും മുസ്ലിം സഹോദരങ്ങളുടെ വീടുകളായിരുന്നു. നമ്മൾക്ക് നോമ്പില്ലെങ്കിലും അവരെല്ലാം ഇടക്കിടെ നോമ്പുതുറക്ക് വിളിക്കും. എല്ലാവരും ചേർന്ന് വലിയ തളികയിൽനിന്ന് കൈയിട്ടെടുത്ത് കഴിക്കുന്നതാണ് അന്നത്തെ അനുഭവങ്ങളിൽ ഒളിമങ്ങാതെയുള്ളത്. നെയ്ച്ചോറും ഇറച്ചിക്‌കറിയും ഒക്കെയായിരിക്കും വിഭവം. അവിടെ മത വേദങ്ങളോ പ്രായ ഭേദങ്ങൾ ഒന്നുമുണ്ടാവില്ല. പെരുന്നാളും ഇതുപോലെ എല്ലാവരും ഒത്തുചേർന്ന് ആഘോഷിക്കുന്ന ദിവസമാണ്. നക്സൽ പ്രവർത്തനങ്ങളെ തുടർന്ന് ജയിലിലായപ്പോൾ പെരുന്നാൾ ദിനം സ്പെഷ്യൽ വിഭവം കിട്ടിയത് ഓർക്കുന്നുണ്ട്. പോരാട്ടങ്ങളിൽ സഹപ്രവർത്തകനായ ടിപി.യാക്കൂബിനെ വിവാഹം ചെയ്ത ശേഷമുണ്ടായ നോമ്പുകാലങ്ങളാണ് പിന്നീടുള്ളത്. കോഴിക്കോട് പുരാതന മുസ്ലിം
കുടുംബമായിരുന്നു അവരുടെത്. വിപ്ലവവിവാഹത്തോട് തുടക്കത്തിൽ വീട്ടുകാർക്ക് എതിർപ്പായിരുന്നു. മോൾ പിറന്ന ശേഷം പതിയെ വിളിക്കാനും വീട്ടിലേക്ക് ക്ഷണിക്കാൻ തുടങ്ങി അങ്ങനെ നോമ്പുതുറക്കും പെരുന്നാളിനുമൊക്കെ തറവാട്ടുവീട്ടിൽ ഇടയ്ക്കിടെ പോവുമായിരുന്നു. ഞാൻ നോമ്പെടുക്കില്ലങ്കിലും എല്ലാവരും ഒരുമിച്ചു തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും മെല്ലാം. ഇന്നുവരെ നോമ്പുടുക്കാതിരികാൻ കാരണം ഒരു മതത്തിന്റെയും ഒരാചാരവും ‘ജീവിതത്തിൽ പാലിച്ചുപോന്നിട്ടില്ലെന്നതുകൊണ്ടാണ്. എന്നാലും എനിക്കറിയാം നോമ്പ് മതസാഹോദര്യത്തിന്റയും കൂട്ടായ്മയുടെയും പ്രതിഫലനമാണ്. പ്രത്യേകിച്ച് ഇഫ്താർ സംഗമങ്ങൾ. മറ്റുള്ളവരുടെ ആഘോഷങ്ങളിൽ. നമ്മുടേതെന്ന പോൽ പങ്കുചേരുമ്പോഴാണ് അവയെല്ലാം കൂടുതൽ മധുരിതമാവുന്നത്. അങ്ങനെയുള്ള കൂട്ടായ്മയുടെയും പങ്കുചേരലിന്റെയും ധന്യമുഹൂർത്തങ്ങളാവട്ടെ ഒരോ നോമ്പുകാലം