Question: “സ്ത്രീക്ക് പുരുഷന്റെ പാതിസ്വത്തല്ലേ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ഇത് കടുത്ത അനീതിയും കൊടിയ വിവേചനവുമല്ലേ?“
Answer: ഇസ്‌ലാമിക നിയമമനുസരിച്ച് ഏതവസരത്തിലും സ്ത്രീക്ക് ഒരു വിധ സാമ്പത്തിക ബാധ്യതകളുമില്ല. അവകാശങ്ങളേയുള്ളൂ. എല്ലാ ബാധ്യതകളും ഏതു സാഹചര്യത്തിലും പുരുഷനു മാത്രമാണ്. വിവാഹവേളയിൽ വരന്റേയും വധുവിന്റെയും വസ്ത്രങ്ങളുൾപ്പെടെ എല്ലാ വിധ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ്. അതോടൊപ്പം വധുവിന് നിർബന്ധമായും മഹ്ർ നൽകുകയും വേണം. തുടർന്ന് സ്ത്രീയുടെയും കുട്ടികളുടെയും സംരക്ഷണോത്തരവാദിത്വം പൂർണമായും പുരുഷന്നാണ്. രണ്ടുപേരും ഒരേ പോലെ വരുമാനമുള്ള ഡോക്ടർമാരോ അധ്യാപകരോ ആരായിരുന്നാലും ശരി, സ്ത്രീ താൻ ഉൾപ്പെടെ ആരുടെയും സാമ്പത്തിക ചെലവുകൾ വഹിക്കേണ്ടതില്ല. ഉദ്യോഗസ്ഥയായ ഭാര്യയുടെ പോലും ഭക്ഷണവും വസ്ത്രവും ചികിത്സയുമുൾപ്പെടെയുള്ള ചെലവുകളൊക്കെ നിർവഹിക്കേണ്ടത് ഭർത്താവാണ്. അഥവാ ഭർത്താവ് മരണപ്പെട്ടാൽ അയാൾക്ക് സ്വത്തില്ലെങ്കിൽ അയാളുടെ അനാഥക്കുട്ടികളെ സംരക്ഷിക്കേണ്ടത് പിതാവ്, സഹോദരന്മാർ, സഹോദരമക്കൾ, പിതൃവ്യർ തുടങ്ങി മരിച്ചയാൾക്ക് മക്കളില്ലെങ്കിൽ അയാളുടെ സ്വത്തിന്റെ ശിഷ്ടാവകാശികളാകാനിടയുള്ളവരാണ്. സ്ത്രീ വിവാഹിതയാണെങ്കിൽ ഭർത്താവും അവിവാഹിതയെങ്കിൽ പിതാവും പിതാവില്ലെങ്കിൽ സഹോദരന്മാരുമാണ് അവളെ സംരക്ഷിക്കേണ്ടത്. മാതാവിന്റെ സംരക്ഷണച്ചുമതല മക്കൾക്കാണ്. അതിനാൽ ഏതവസ്ഥയിലും നിയമപരമായി സ്ത്രീക്ക് ഒരുവിധ സാമ്പത്തിക ബാധ്യതയുമില്ല. പരസ്പര ബന്ധത്തിന്റെയും സ്നേഹത്തിന്റെയും പേരിൽ ചെലവഴിക്കുന്നുവെങ്കിൽ അത് മറ്റൊരു കാര്യമാണ്. എന്നിട്ടും ഇസ്‌ലാം സ്ത്രീക്ക് സ്വത്തവകാശമനുവദിച്ചതും മഹ്ർ നിർബന്ധമാക്കിയതും അവരുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്താനാണ്. സ്വന്തം സ്വത്ത് സൂക്ഷിക്കാനും സംരക്ഷിക്കാനും വർധിപ്പിക്കാനും സ്ത്രീക്ക് സ്വാതന്ത്ര്യവും അവകാശവുമുണ്ട്. മാതാവ്, മകൾ, ഭാര്യ, സഹോദരി പോലുള്ള ഏതവസ്ഥയിലും സംരക്ഷണം പൂർണമായും ഉറപ്പുവരുത്തപ്പെട്ട ശേഷവും ഭൗതിക മാനദണ്ഡമനുസരിച്ച് സ്വത്ത് ആവശ്യമില്ലാതിരുന്നിട്ടും ഇസ്‌ലാം അത് അനുവദിച്ചത് സ്ത്രീത്വത്തിന്റെ മഹത്ത്വത്തിനും ആദരവിനും ഒരുവിധ പോറലുമേൽക്കാതിരിക്കാനാണ്.