കണ്ണൂർ: ഡയലോഗ് സെന്റർ കേരളയുടെ ‘രചനാ പുരസ്കാരം’ പ്രമുഖ എഴുത്തുകാരനും വാഗ് മിയുമായ വാണിദാസ് എളയാവൂരിന് സമർപ്പിച്ചു. കണ്ണൂർ ചേമ്പർ ഹാളിൽ ഡയലോഗ് സെന്റർ കേരള ഡയറക്ടർ ശൈഖ് മുഹമ്മദ് കാരകുന്നിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.സുധാകരൻ എം.പി പുരസ്കാരം കൈമാറി. അരലക്ഷം രൂപയും ശിൽപവുമാണ് പുരസ്കാരം. ചടങ്ങിൽ കണ്ണൂർ മേയർ അഡ്വ. ടി.ഒ മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പുരസ്കാര സമിതി ചെയർമാൻ യു.പി. സിദ്ധീഖ് മാസ്റ്റർ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡൻറ് സി.പി ഹാരിസ്, ടി.കെ.ഡി മുഴപ്പിലങ്ങാട്, കോളമിസ്റ്റുകളായ ശ്രീദേവി, സി.കെ.എ ജബ്ബാർ, ജില്ലാ കൺവീനർ കളത്തിൽ ബഷീർ എന്നിവർ സംസാരിച്ചു. സി.കെ.എ ജബ്ബാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ഡയലോഗ് സെൻറർ കേരള നൽകുന്ന പ്രഥമ രചനാപുരസ്‌കാരമാണിത്.
അധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സാംസ്കാരിക നായകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വാണിദാസ് വിശിഷ്ടമായ ഗ്രന്ഥങ്ങൾ രചിച്ച് വൈജ്ഞാനിക മേഖലക്ക് നൽകിയ സേവനത്തെ ആദരിച്ചു കൊണ്ടുള്ളതാണീ പുരസ്കാരമെന്ന് പുരസ്കാര പരിചയം നടത്തിയ സി.കെ.എ ജബ്ബാർ പറഞ്ഞു. ചെറുതും വലുതുമായ അമ്പതിലേറെ ഗ്രന്ഥങ്ങൾ വാണിദാസ് എളയാവൂർ മലയാള സാഹിത്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഇവയിൽ പതിനഞ്ചിലേറെ ഇസ്ലാമിക സാഹിത്യങ്ങളാണ്. ഐതിഹ്യങ്ങളും വിജ്ഞാനപരവുമായ 35 ഓളം ഗ്രന്ഥങ്ങൾ വേറെയുണ്ട്.
മതവിശ്വാസ രംഗത്ത് പാരസ്പര്യത്തിന്റെയും മാനവിക ഐക്യത്തിന്റെയും സത്യപ്രബോധന ദൗത്യത്തിന്റെയും ശിഖിരങ്ങളെ പച്ചയണിയിക്കാനുപകരിച്ച ഇസ്ലാമിക രചനാ പൈതൃകത്തെ ആദരിച്ചാണ് ഈ പുരസ്കാരം നൽകിയത്.
വിശുദ്ധ ഖുർആനും മുഹമ്മദ് നബിയുടെ ജീവിതവും ഏറെ ചർച്ച ചെയ്യപ്പെടുകയും ഇസ്ലാമിലെ വിശുദ്ധമായ സാങ്കേതിക പ്രയോഗങ്ങൾ പോലും പ്രശ്നവൽകരിക്കുകയും ചെയ്യുന്ന ഈ കാലത്ത് വാണിദാസിനെപ്പോലുള്ള സ്വതന്ത്ര ചിന്തയുടെ രചനാ സവിശേഷത സമൂഹം അറിയേണ്ടതും ഏറ്റെടുക്കേണ്ടതുമുണ്ട്. .
ഖുർആന്റെ മുന്നിൽ വിനയാന്വിതം
വാണിദാസിന്റെ ഇസ്ലാമിക രചനകളിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന കൃതിയാണ് ഖുർആന്റെ മുന്നിൽ വിനയാന്വിതം.
മത താരതമ്യ വിലയിരുത്തലിൽ സത്യം തുറന്നു പറയുന്ന രചനയാണത്. സംസ്കാരത്തിലും സാക്ഷരതയിലും മുന്നിട്ടു നിൽക്കുന്ന കേരളത്തിൽ വിഭാഗീയതയുടെ വിത്തുകൾ പാകാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഖുർആനിൻ്റെ മാനവീക സർഗഭാവം ഉയർത്തിക്കാട്ടുന്ന വാണിദാസിൻ്റെ ഈ കൃതി ഏറെ പ്രാധാന്യമുള്ളതാവുന്നു. ചുറ്റും കാണുന്നതും കേൾക്കുന്നതുമല്ല ഇസ്‌ലാമും ഖുർആനും എന്ന് വാണിദാസ് ഈ രചനയിൽ സമർഥിക്കുന്നുണ്ട്. പരേതനായ പ്രൊഫ കെ.എ. സിദ്ദീഖ് ഹസ്സൻ സാഹിബ് ജമാഅത്തെ ഇസ്‌ലാമിയുടെ ദേശീയ ഉപാധ്യക്ഷനായിരിക്കെ മുൻകൈ എടുത്ത് ഇതിൻ്റെ ഇംഗ്ലീഷ് പതിപ്പ് ഡൽഹിയിൽ നിന്ന് പുറത്തിറക്കുകയുണ്ടായി. അങ്ങനെ ദേശാന്തരീയമായി വായിക്കപ്പെടുന്ന വാണിദാസിന്റെ മാസ്റ്റർ പീസ് രചനയാണിത്.
ജിഹാദ് സത്യവേദത്തിന്റെ ആത്മഭാവം
ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന ഇസ്‌ലാമിലെ ജിഹാദിനെ ഏറ്റവും സത്യസന്ധമായി സമർഥിക്കുന്ന ഉജ്ജ്വലവും പഠനാർഹവുമായ ഗ്രന്ഥമാണ് ജിഹാദ് സത്യവേദത്തിന്റെ ആത്മഭാവം. ഈ തലക്കെട്ട് സൂചിപ്പിക്കുന്ന വിധം ജിഹാദിന്റെ ആത്മീയതലത്തെ കണിശവും വ്യക്തവൂം സൂക്ഷ്മവുമായ വാക്കുകളിലൂടെ വാണിദാസ് ഈ ഗ്രന്ഥത്തിൽ പരിചയപ്പെടുത്തി. ജിഹാദിനെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരു നിഷ്പക്ഷ നിരീക്ഷകന്റെ അകക്കണ്ണിന്റെ കാഴ്ചയുടെ പ്രകാശത്താൽ ഈ ഗ്രന്ഥം വഴി കാണിക്കാതിരിക്കില്ല.
ഇസ്‌ലാം സംസ്കൃതി ചില സൗമ്യവിചാരങ്ങൾ
പ്രവാചക ജീവിതത്തിന്റെ പ്രകാശധാരയിൽ മദീനയിൽ രൂപം കൊണ്ട മാതൃകാസമൂഹവും രാഷ്ട്രവും കേന്ദ്രീകൃതമാക്കിയുള്ള ഗ്രന്ഥമാണ് ഇസ്‌ലാം സംസ്കൃതി ചില സൗമ്യവിചാരങ്ങൾ. മദീനയിലെ മാതൃകാ സമൂഹത്തിന്റെ ജീവിത ചിത്രത്തിലൂടെ ഇസ്‌ലാം സംസ്കൃതിയെ സമൂഹസമക്ഷം പ്രാമാണികമായും യുക്തിഭദ്രമായും അതിലേറെ ഭാഷാ ചാരുതയാലും ഈ ഗ്രന്ഥത്തിലൂടെ വാണിദാസ് സമർപ്പിച്ചു.
ഖുർആൻ ലളിതസാരം
പണ്ഡിതനും ഒട്ടനവധി ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ കര്‍ത്താവും ഈ യോഗത്തിന്റെ അധ്യക്ഷനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് തയ്യാറാക്കിയ ഖുർആൻ ലളിതസാരത്തിന് വാണിദാസ് എളയാവൂർ ഭാഷാപരമായ അലങ്കാരം ചേർത്ത് വെച്ചു. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും എളുപ്പത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ ആശയം ഗ്രഹിക്കാന്‍ സാധ്യമാകുന്ന വിധം ആകർഷകമായ ഭാഷാ അകമ്പടി ചേർത്ത് വായനക്കാരന്റെ ഹൃദയത്തിലേക്ക് പ്രസരിപ്പിക്കുന്നതിൽ വാണിദാസ് നിർവഹിച്ച ദൗത്യം വലുതാണ്.
ഖുർആൻ സർവ്വാതിശായിയായ വേദഗ്രന്ഥം
ഖുർആനെ ആഴത്തിൽ മനസ്സിലാക്കാനുള്ള വാണിദാസിന്റെ ശ്രമം അറ്റമില്ലാതെ തുടരുകയാണെന്ന് ബോധിപ്പിക്കുന്ന ഒരു രചന കൂടി അടുത്ത കാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഖുർആൻ സർവ്വാതിശായിയായ വേദഗ്രന്ഥം എന്ന ഈ കൃതിയിൽ ഖുർആന്റെ പ്രകാശത്തിൽ പതിരൊന്നും ഞാൻ കണ്ടില്ല എന്ന് അദ്ദേഹം വിവരിക്കുമ്പോൾ അതിനിടയിലുള്ള എല്ലാ സന്ദേഹങ്ങളെയും നിരാകരിക്കുക കൂടിയായിരുന്നു.
പ്രവാചക കഥകൾ (ഡി.സി.ബുക്സ്)-
സഹജീവികളോടും സകല പ്രാണികളോടും സമഭാവനയോടെ പുലരാന്‍ മാനവസമൂഹത്തെപ്രവാചക പ്രേരിതമാക്കുന്ന മുഹമ്മദ് നബിയുടെ ജീവിത സാക്ഷ്യത്തിന്റെ ശ്രദ്ധേയമായ ഏടുകൾ കഥകൾ എന്ന ഗ്രന്ഥത്തിലൂടെ മനോഹരമായി വാണിദാസ് കോർത്തിണക്കി. മുഹമ്മദ് നബിയുടെയും ആദ്യകാല ഖലീഫമാരുടെയും ജീവിതത്തിലെ സംഭവശകലങ്ങളുടെ അനാര്‍ഭാടമായ അവതരണമാണീ പുസ്തകം.
മുഹമ്മദ് മാനുഷ്യകത്തിൻ്റെ മഹാചാര്യൻ, മരുഭൂമിയിൽ പിറന്ന മഹാ മനുഷ്യൻ, തെറ്റിദ്ധരിക്കപ്പെട്ട ജിഹാദ് തുടങ്ങി ധാരാളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചു.
രചനയുടെ തപസ്യയും നിർഭയത്വവും, നിശ്ചയദാർഡ്യവും അഭിപ്രായസുബദ്ധതയുമാണ് വാണിദാസിനെ ഇസ്ലാമിക സാഹിത്യ ശാഖയിൽ സമാദരണീയമായി വേറിട്ടു നിർത്തുന്നത്. ഇസ്‌ലമിക ദർശനത്തെ ചികഞ്ഞു പരിശോധിക്കുക എന്ന അസാധാരണമായ തപസ്യയാണ് അദ്ദേഹം കഴിഞ്ഞ പതിറ്റാണ്ടുകളിൽ നിർവഹിച്ചത്. ഇസ്‌ലാമിനെയും അതിന്റെ പ്രമാണങ്ങളെയും സംസ്കാരത്തെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന കാലത്തിന്റെ മറുസാക്ഷ്യമുദ്രയാണിത്. വാണിദാസിനെയും അദ്ദേഹത്തിന്റെ ഇസ്ലാമിക സർഗാവിഷ്കാരത്തെയും അത്ര മാത്രം ഉയർത്തി വെക്കപ്പെടേണ്ടതുണ്ട്.
1934 ജൂണ്‍ നാലിന് കണ്ണൂര്‍ ജില്ലയിലെ എളയാവൂര്‍ ഗ്രാമത്തില്‍ വി. കൃഷ്ണന്‍ നമ്പ്യാരുടെയും പടിഞ്ഞാറേ വീട്ടില്‍ അമ്മാളു അമ്മയുടേയും മകനായി ജനിച്ച വാണിദാസ് 36 വര്‍ഷത്തെ അദ്ധ്യാപനത്തിന് ശേഷം കൂടാളി ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ചു. 1985 ൽ രാഷ്ട്രപതിയുടെ ദേശീയ അധ്യാപക അവാർഡ് നേടിയ അദ്ദേഹത്തെ ഇന്നേവരെ തേടിയെത്തിയ സാഹിത്യ ബഹുമതികൾ രണ്ട് ഡസനിലേറെ വരും. ഏകബോധിനി എന്ന ഗ്രന്ഥത്തിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ അവാർഡ്, രചനയിൽ ഒരു അനുശീലനം എന്ന പ്രൊജക്ടിന് എൻ.സി.ഇ.ആർ.ടി. അവാർഡ്, പ്രവാചക കഥകൾക്ക് കുവൈത്ത് കേരള സാംസ്കാരിക വേദിയുടെയും മൈസൂർ കേരള സമാജത്തിന്റെയും അവാർഡുകൾ, ഖുർആന്റെ മുന്നിൽ വിനയാന്വിതം എന്ന ഗ്രന്ഥത്തിന് തിരുവനന്തപുരം എസ്.എം.എ. അവാർഡ്, സമഗ്ര രചനകൾക്ക് കെ.സി അബ്ദുല്ല മൗലവി ചാരിറ്റബിൾ ഫൗണ്ടേഷൻ അവാർഡ്, പത്മഭൂഷൺ യേശുദാസിൽ നിന്ന് മമ്പറം ഇന്ദിരാഗാന്ധി പ്രഥമ അവാർഡ് തുടങ്ങിയവ ഇതിൽ ചിലതാണ്.
സംസ്ഥാന ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗം
സിലബസ് ഇവാലുവേഷൻ കമ്മിറ്റി അംഗം, ആർക്കിയോളജി ഉപദേശകസമിതി അംഗം, ആൾ ഇന്ത്യ റേഡിയോ ഉപദേശക സമിതി അംഗം, നാഷനൽ കൗൺസിൽ ഫോർ ചൈൽഡ് എജുക്കേഷൻ ബോർഡ് അംഗം, ചിൽഡ്രൻസ് ലിറ്റററി ഇൻസ്റ്റിറ്റ്യൂട്ട് അംഗം, തുടങ്ങി ഔദ്യോഗികവും അല്ലാത്തതുമായ നിരവധി വേദികളിൽ വാണിദാസ് ഉത്തരവാദിത്വം നിർവഹിച്ചിട്ടുണ്ട്.
വാണിദാസിന്റെ എഴുത്തിനും വായനക്കും മറ്റാർക്കുമില്ലാത്ത ചില വ്യതിരിക്ത മുഖമുണ്ട്. പതിനയ്യായിരത്തോളം പുസ്തകങ്ങൾ അടുക്കി വെച്ച ഒരു വായനാ മുറി അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഇരിക്കാൻ മാത്രമുള്ള ഒരു കസേരക്കും മേശക്കും മാത്രം ഇടം ബാക്കി വെച്ച ആ മുറിയുടെ അക്ഷര പ്രൗഡി ഒരായുസ്സ് മുഴുവൻ പ്രകാശിച്ചു നിൽക്കുന്ന ജ്യോതിസ്സാണ്. തന്റെ പുസ്തകമുറിയിൽ അടുക്കി വെച്ച ശേഖരത്തിൽ ഏതെല്ലാം ഗ്രന്ഥങ്ങൾ ഏതൊക്കെ ഇടങ്ങളിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്ന് ഒരു ഇൻഡക്സിന്റെയും സഹായമില്ലാതെ മാഷ് നമുക്ക് തൊട്ടു കാണിച്ചു തരും. അത്രത്തോളമുണ്ട് ഗ്രന്ഥങ്ങളുമായുള്ള ആത്മബന്ധം.
കണ്ണൂരിൻറ പൈതൃക സംസ്കൃതിയായ കോലത്ത് നാട്ടിൻ്റെ കടലും കരയും മലയും ദേശങ്ങളും ചേർന്ന സകല ഐതിഹ്യങ്ങളെക്കുറിച്ചും വാണിദാസ് ഗ്രന്ഥം രചിച്ചിട്ടുണ്ട്. പ്രസംഗ കലയെക്കുറിച്ച വാണിദാസിന്റെ രചന മികച്ച അക്കാദമിക് തല സവിശേഷത ഉള്ളതായിരുന്നു. പി.വി.ഗംഗാധരൻ നമ്പ്യാർ വാണിദാസ് എളയാവൂർ എന്നായി മാറിയതിന്റെ പിന്നിലെ കഥ പോലും ക്രമാനുഗതമായി ഒരു ധിഷണാശാലിയെ മലയാളത്തിന് ലഭിച്ചതിന്റെ കൗതുകകരമായ അനുഭവം സാക്ഷ്യപ്പെടുത്തുന്ന ഒന്നാണ്. ചൊവ്വ ഹൈസ്കൂളിൽ വിദ്യാർഥിയായിരിക്കുമ്പോൾ ശ്രീനാരായണ ഗുരുജയന്തി ദിനത്തിൽ മാഷ് ട്രൗസർ വേഷത്തിൽ വിദ്യാർഥി പ്രതിനിധിയായി പ്രസംഗിച്ച് സദസ്സിനെ അൽഭുതപ്പെടുത്തിക്കളഞ്ഞു. ഇത് കണ്ട് വിദ്വാൻ കെ.കെ പണിക്കർ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് ‘എടോ ഗംഗാധരാ നീ വാണിദാസിനെപ്പോലെ സംസാരിച്ചു’ എന്ന് അഭിനന്ദിച്ചുവത്രെ. ഉത്തരമലബാറിന്റെ ഏറ്റവും പ്രശസ്തമായ ആ തൂലികാ നാമം അന്നാണ് മാഷിൻ്റെ ഹൃദയത്തിൽ തറച്ചത്.
1953 ഇൻ്റർ കോളജിയറ്റ് പ്രസംഗ മൽസരത്തിൽ 114 വിദ്യാർഥികളോട് മൽസരിച്ച് ഒന്നാം സ്ഥാനം നേടുമ്പോൾ പ്രഭാഷണ കലയുടെ പിന്നാമ്പുറത്ത് ഒരു രചയിതാവ് കൂടി ജനിക്കുകയായിരുന്നു. തൊട്ടടുത്ത വർഷം കോളജ് തലത്തിൽ സംസ്ഥാന തല കവിതാ മൽസരത്തിലാണ് ‘വാണിദാസ്’എന്ന തൂലികാ നാമം ഒന്നാം സ്ഥാനത്തോടെ സ്ഥിര പ്രതിഷ്ഠ നേടുന്നത്. ഒരു പക്ഷെ മലയാളിയുടെ ആദ്യത്തെയും എന്നത്തെയും അക്ഷര ഖ്യാതിയായി ആ തൂലിക വളർന്നു.
രചനയുടെ അതികഠിനമായ തപസ്യക്കിടയിലും ദാമ്പത്യത്തെയും കുടുംബത്തെയും അരിക് ചേർത്ത് വെച്ച മാതൃകാപരമായ ഒരു കടുംബനാഥനെ വാണിദാസിൽ നമുക്ക് കാണാം. പ്രണയ സമ്പൂർണ്ണമായിരുന്നു ദാമ്പത്യം. ഭാര്യ യശോദയുടെ വേർപാടിലുള്ള വ്യഥ മാഷിന്റെ മനസ്സിൽ ഇനിയും മാഞ്ഞിട്ടില്ല. മക്കൾ അമർനാഥ്, അജിത്കുമാർ, യശോധരൻ, ധർമേന്ദ്രൻ. മരുമക്കൾ: ശാന്തി, വിദ്യ, മായ, ആശ.
മലയാള സാഹിത്യത്തിനും ഇസ്‌ലാമിക സാഹിത്യലോകത്തിനും സർവോപരി മുഴുവൻ വായനക്കാർക്കും വേണ്ടിയാണ് ഈ ആദരവ് ഇവിടെ സമർപ്പിക്കുന്നത്. ഡയയോഗ് സെൻറർ ഉയർത്തിപ്പിടിക്കുന്ന മാനവിക മൂല്യങ്ങൾക്കും സംവാദാത്മകമായ ആശയ വിനിമയ സ്രോതസ്സുകൾക്കും അദ്ദേഹത്തിന്റെ രചനാ ലോകം ഇനിയുമേറെ വിടർന്ന് പൂത്തു നിൽക്കട്ടെ.