ആരാണ് ദൈവം…?
അയാള്‍ അരണ്ട വെളിച്ചത്തിലൂടെ മെല്ലെ നടന്നു. ആരുടെയും കാല്‍പെരുമാറ്റം കേള്‍ക്കുന്നില്ല, വഴി വ്യക്തവുമല്ല. പെട്ടെന്ന് കാല്‍ ഒരു കല്ലില്‍ തട്ടി ഒരു വലിയ ഗര്‍ത്തത്തിലേക്ക് അയാള്‍ വീഴാന്‍ പോകവേ ബുദ്ധി പ്രവര്‍ത്തിക്കും മുമ്പ് ആത്മാവ് നിലവിളിച്ചു. ‘ഓ മൈ ഗോഡ്’
നല്ല ഏകാഗ്രതയുള്ള ഒരു പ്രാര്‍ഥനയായിരുന്നു ആ നിലവിളി. ദൈവത്തിന്റെ ചിത്രമോ രൂപമോ അവിടെ ഇല്ലാതിരുന്നിട്ടും ആ പ്രാര്‍ഥനയില്‍ ഏകാഗ്രതക്കുറവ് ഉണ്ടായതേയില്ല! കാരണം?
കാരണം മറ്റൊന്നുമല്ല. ആ നിലവിളി ആത്മാവിന്റെ പ്രാര്‍ഥനയായിരുന്നു. പ്രാര്‍ഥനയില്‍ ഏകാഗ്രതക്ക് രൂപം വേണ്ടതില്ലെന്ന ഒന്നാം പാഠം അയാള്‍ മനസ്സില്‍ കുറിച്ചു വെച്ചു. എന്നാല്‍ അയാള്‍ വീണ്ടും ചിന്തിച്ചു: ജാതിയിലും മതങ്ങളിലുമൊന്നും വിശ്വസിക്കാത്ത താന്‍ ആ ഗര്‍ത്തത്തിലേക്ക് വീഴാന്‍ പോയപ്പോള്‍ വിളിച്ച ദൈവം ഏതാണ്? ജാതിയും മതവുമില്ലാത്ത ആ ദൈവം ആരാണ്? ആരാണ് ദൈവം എന്ന ചോദ്യത്തിനുത്തരം കണ്ടെത്തേണ്ടത് ആരായിരിക്കണം മനുഷ്യന്റെ ദൈവം എന്ന ചോദ്യത്തെ അഭിമുഖീകരിച്ചു കൊണ്ടാവണം.
ആരാധ്യനാവണം, സംരക്ഷകനാവണം ദൈവം എന്ന കാര്യം പൊതുഅംഗീകാരമുള്ളതാണ്. അതിനാല്‍ ദൈവം മനുഷ്യനേക്കാള്‍ ഉന്നതമായതും ശ്രേഷ്ഠമായതുമാകണം. മനുഷ്യന്റെ മുമ്പില്‍ തന്നേക്കാള്‍ ഉന്നതമായ, ശ്രേഷ്ഠമായ വേറെ ഏതു സൃഷ്ടിയാണുള്ളത്? മനുഷ്യനെപ്പോലെ ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ച മറ്റൊരു സൃഷ്ടിയുമില്ല. കടല്‍ ജീവികള്‍ക്ക് കരയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുകയില്ല. കരയിലെ ജീവികള്‍ക്ക് കടലിലും ആധിപത്യത്തിനു സാധ്യമല്ല. എന്നാല്‍ മനുഷ്യന്റെ കാര്യമോ? നാട്ടില്‍ മാത്രമല്ല, കാട്ടിലും കടലിലും ആകാശത്തുവരെ വെട്ടിപ്പിടുത്തം നടത്താന്‍ പോന്നവനാണ് മനുഷ്യന്‍ !
ആന മുതല്‍ തിമിംഗലം വരെയുള്ള വന്‍ജീവികളെ അടക്കി ഭരിക്കുന്ന, ആകാശത്തേക്ക് തല ഉയര്‍ത്തി നടക്കുന്ന ഭൂമിയിലെ ഉന്നത സൃഷ്ടി മനുഷ്യന്‍ തന്നെയെന്ന് വ്യക്തം. അപ്പോള്‍ പിന്നെ മനുഷ്യനേക്കാള്‍ ഉന്നതമായതെന്താണ്? ഏതൊന്നിനും മുകളിലൊന്നുണ്ടാവുമെന്നുറപ്പാണ്.
ഗ്രന്ഥത്തിനൊരു ഗ്രന്ഥകര്‍ത്താവ്, മേശക്കൊരു ആശാരി, കുടത്തിനൊരു കുശവന്‍, ശില്പത്തിനൊരു ശില്പി. അതിനാല്‍ സൃഷ്ടികള്‍ക്കൊരു സ്രഷ്ടാവ് സ്വാഭാവികമാണ്. അപ്പോള്‍ സൃഷ്ടികളുടെ മുകളിലുള്ളത്, മനുഷ്യനേക്കാള്‍ ഉന്നതമായത് സ്രഷ്ടാവാണെന്ന് വ്യക്തം. അതിനാല്‍ സ്രഷ്ടാവാണ് ദൈവം. ചുരുക്കത്തില്‍ സൃഷ്ടികള്‍ക്ക് കാരണമായ സ്രഷ്ടാവായ ശക്തിയേതോ അതാകുന്നു ദൈവം എന്നര്‍ഥം. ദൈവികം എന്ന് പൊതുവില്‍ വിശ്വസിച്ചുപോരുന്ന വേദങ്ങള്‍ അതിങ്ങനെ സാക്ഷ്യപ്പെടുത്തുന്നു. ‘സൃഷ്ടിക്ക് മുമ്പ് ഹിരണ്യഗര്‍ഭനായ ഈശ്വരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂമി മുതല്‍ പ്രകാശലോകം വരെയുള്ള എല്ലാം അവന്‍ സൃഷ്ടിച്ചു. സുഖസ്വരൂപനായ അവനെ ഞങ്ങള്‍ ഉപാസിക്കുന്നു. അവനെ മാത്രമേ ഞങ്ങള്‍ ഉപാസിക്കുന്നുള്ളൂ. ‘(ഋഗ്വേദം മണ്ഡലം 10,സൂക്തം 121 ഋക്ക് 1)
‘ആകാശത്തെ സൃഷ്ടിച്ച യഹോവ അരുളിചെയ്യുന്നു. അവന്‍ തന്നെ ദൈവം, അവന്‍ ഭൂമിയെ നിര്‍മിച്ചുണ്ടാക്കി. അതിന ഉറപ്പിച്ചു. വൃഥാ അല്ല അതിനെ നിര്‍മിച്ചത്. പാര്‍പ്പിന്നത്രെ അത് നിര്‍മിച്ചത്’ (ബൈബിള്‍, യശയ്യാവ് പുസ്തകം 45:18)
‘സത്യസമേതം ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനാകുന്നു അവന്‍ (അല്ലാഹു).'(ഖുര്‍ആന്‍ 6:73)
ഋഗ്വേദത്തില്‍ പറയുന്ന ഹിരണ്യഗര്‍ഭനായ ഈശ്വരനും ബൈബിളില്‍ പറയുന്ന യഹോവയാം ദൈവവും ഖുര്‍ആനില്‍ പറയുന്ന അല്ലാഹുവും വേറെ വേറെ ദൈവങ്ങളല്ല. ഒരേ ദൈവത്തെ സംബന്ധിച്ച് വിവിധ ഭാഷകളില്‍ പറഞ്ഞതാണെന്ന് ചുരുക്കം. സൃഷ്ടികള്‍ക്ക് ഒരു സ്രഷ്ടാവേ ഉണ്ടാവൂ എന്നതിനാല്‍ അവന്‍ ഏകനാണെന്നതും വ്യക്തം.
അപ്പോള്‍ പിന്നെ മതങ്ങളില്‍ കാണുന്ന ദൈവങ്ങളോ? അവ മനുഷ്യന്റെ സൃഷ്ടികളാണ്. മനുഷ്യനെ സൃഷ്ടിച്ച ദൈവവും മനുഷ്യന്‍ സൃഷ്ടിക്കുന്ന ദൈവസങ്കല്‍പ്പങ്ങളുമുണ്ട്. മനുഷ്യനെയടക്കം സകല ചരാചരങ്ങളുടെയും സ്രഷ്ടാവായ ദൈവത്തിന് ഒരു സൃഷ്ടിയെയും ആശ്രയിക്കേണ്ടതില്ല. മനുഷ്യന്‍ സൃഷ്ടിച്ച ദൈവങ്ങള്‍ക്ക് പക്ഷേ ആരാധകരും വരുമാനവുമില്ലെങ്കില്‍ നിലനില്‍പ്പില്ല. ഒരു സുനാമിയോ ഭൂകമ്പമോ എങ്ങനെ മനുഷ്യനെ നശിപ്പിക്കുന്നുവോ അപ്രകാരം ദൈവങ്ങളെയും നശിപ്പിക്കുന്നു. അതുകൊണ്ടത്രെ പുരാവസ്തു ഗവേഷകര്‍ നശിച്ചുപോയ ജനസമൂഹങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് അവരുടെ ‘ദൈവാവശിഷ്ടങ്ങളും’ കണ്ടെടുക്കുന്നത്. അവയുടെ നിസ്സഹായാവസ്ഥയെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “അല്ലയോ ജനങ്ങളേ, ഒരുദാഹരണം അവതരിപ്പിക്കുന്നു.സശ്രദ്ധം ശ്രവിക്കുവിന്‍, ദൈവത്തെക്കൂടാതെ നിങ്ങള്‍ വിളിച്ചുപ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവരുണ്ടല്ലോ. അവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന് അവരെല്ലാം ഒന്നായി ചേര്‍ന്നാലും എന്നല്ല, ഈച്ച അവരില്‍ നിന്ന് വല്ലതും തട്ടിയെടുക്കുന്നുണ്ടെങ്കില്‍ അതിങ്കല്‍ നിന്ന് അത് രക്ഷിച്ചെടുക്കാനും അവര്‍ക്ക് സാധിക്കുകയില്ല. സഹായം തേടുന്നവര്‍ ബലഹീനര്‍. ആരില്‍ നിന്ന് തോടുന്നുവോ അവരും ബലഹീനര്‍. ഈ ജനം ദൈവത്തിന്റെ സ്ഥാനം തന്നെ മനസ്സിലാക്കിയിട്ടില്ല, അത് മനസ്സിലാക്കേണ്ടവിധം. സത്യത്തില്‍ ശക്തനും അജയ്യനുമായവന്‍ ദൈവം മാത്രമാകുന്നു.’ (22:73,74)
ഖുര്‍ആന്‍ വീണ്ടും പറയുന്നു: ‘സകല വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചു. കൃത്യമായി അവയെ ക്രമീകരിക്കുകയും ചെയ്തു. എന്നിട്ടും ജനങ്ങള്‍ അവനെ വിട്ട് ഇതര ദൈവങ്ങളെ വരിച്ചു. അവയാകട്ടെ യാതൊന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവതന്നെ സൃഷ്ടിക്കപ്പെടുന്നവയുമാണ്. തങ്ങള്‍ക്കു തന്നെ ഗുണമോ ദോഷമോ ചെയ്യാനുള്ള അധികാരവും അവക്കില്ല. മരണമേകാനോ ജീവിതമേകാനോ മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനോ ഒന്നിനും കഴിവില്ല’ (25:2,3)
ചുരുക്കത്തില്‍ സൃഷ്ടിക്കപ്പെട്ടതും സൃഷ്ടിക്കാനും പരിപാലിക്കാനും സംഹരിക്കാനും കഴിയാത്തതൊന്നും ദൈവമല്ല. സ്രഷ്ടാവും, സൃഷ്ടി-സ്ഥിതി-സംഹാരത്തിന്റെ ഉടമസ്ഥനുമായവനാരോ അവന്‍ മാത്രമാണ് ദൈവം. അതിനാല്‍, ‘അല്ലയോ മനുഷ്യരേ, നിങ്ങളുടെയും നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയ സകലരുടെയും സ്രഷ്ടാവായ ദൈവത്തിന് നിങ്ങൾ വഴിപ്പെടുവിന്‍. അതുവഴി നിങ്ങള്‍ രക്ഷപ്പെട്ടേക്കാം’ (ഖുര്‍ആന്‍ 2:21)
പിന്‍കുറി : സൃഷ്ടി സ്ഥിതി സംഹാരത്തിന്റെ ഉടമസ്ഥനായ യഥാര്‍ഥ ദൈവത്തിന് അറബിയില്‍ അല്ലാഹു എന്ന് പറയുന്നു. യഥാര്‍ഥ ദൈവം എന്നര്‍ഥം വരുന്ന ‘അല്‍-ഇലാഹ്’ എന്നതില്‍ നിന്നത്രെ ‘അല്ലാഹു’ എന്ന നാമം വന്നത്. അതിന് സമാനമായ പദം ഇംഗ്ലീഷില്‍ THE GOD എന്നാണ്. GOD എന്ന പദത്തിലെ മൂന്ന് അക്ഷരങ്ങളും യഥാക്രമം സൃഷ്ടി-സ്ഥിതി-സംഹാരത്തെയാണത്രെ (Generator-Organiser-Destroyer) കുറിക്കുന്നത്.
ഖുർആൻ പറയുന്ന #അല്ലാഹു ബൈബിൾ പറയുന്ന #യഹോവ വേദം പറയുന്ന #ഈശ്വരൻ സത്യത്തിൽ ആരാണ്
ഖുർആൻ പറയുന്ന #അല്ലാഹുബൈബിൾ പറയുന്ന #യഹോവവേദം പറയുന്ന #ഈശ്വരൻ സത്യത്തിൽ ആരാണ്
Gepostet von Islam Malayalam am Montag, 10. Juni 2019