റമദാൻ ചിന്തകൾക്ക് കാലം ചെല്ലും തോറും ആഴവും പ്രസക്തിയും വർധിക്കുന്നതായാണ് കണ്ടുവരുന്നത്. കൂടുതൽ പ്രദേശങ്ങളിലേക്ക്, സമൂഹങ്ങളിലേക്ക് അത് വ്യാപിക്കപ്പെടുകയാണ്. മനുഷ്യരാശിയുടെ ശുദ്ധീകരണമാണ് റമദാൻ ചിന്തകൾ. മനുഷ്യൻറെ മനസ്സും ശരീരവും ഒരുപോലെ ശുദ്ധീകരിക്കപ്പെടുന്നുണ്ട് റമദാൻ കാലത്ത്. മനുഷ്യമനസ്സിലെ സഹജമായ വൈകാരിക ഭാവങ്ങൾ, അവൻറെ ബൗദ്ധികതലങ്ങൾ ഇവയിലൊക്കെ തന്നെ ഉന്മേഷം ഉണ്ടാവുകയും നവീന ചിന്തകളിലേക്കുള്ള അടിത്തറ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു ഇക്കാലത്ത്. ശരീരത്തിൻറെ ഭൗതിക പ്രവർത്തനങ്ങളിലും ഉന്മേഷം സൃഷ്ടിക്കപ്പെടുന്നു. മനസ്സിനെ മാത്രമല്ല, ശരീരത്തിന്റെയും ആരോഗ്യം പരിപാലിക്കപ്പെടാൻ വൃതാനുഷ്ഠാനം വളരെ നല്ലതാണ്. റമദാൻ ആഗതമാകുന്നതോടെ മുസ്ലിം ഭവനങ്ങളും പരിസരങ്ങളും വൃത്തിയാക്കുന്നത് കാണാറുണ്ട്. വ്യക്തിശുചിത്വത്തോടൊപ്പം തന്നെ പരിസരവൃത്തിയും പാലിക്കപ്പെടുന്നുണ്ട് ഈ നാളുകളിൽ. പകൽ മുഴുവൻ നിരാഹാരം എന്നത് ശുദ്ധീകരണത്തിന്റെ പൊതുതലങ്ങളിലേക്ക് നമ്മെ എത്തിക്കുന്നത്. ഗാന്ധിജി മനസ്സിനെയും ശരീരത്തെയും ബലപ്പെടുത്താനും ശുദ്ധീകരിക്കാനും ഉപവാസം അനുഷ്ഠിക്കാറുണ്ടായിരുന്നു. നിരാഹാരം ഇസ്ലാമിക് സംസ്കാരത്തിൽ മാത്രമല്ല ഭാരതീയ സംസ്കാരം പരിശോധിച്ചാൽ അതിലും കാണാം. എന്തെങ്കിലും ലക്ഷ്യം നേടാൻ തപസ്സ് അനുഷ്ഠിച്ചിരുന്ന ഋഷിവര്യന്മാർ അതിൻറെ മൂർധന്യാവസ്ഥയിൽ ആഹാരം പോലും വെടിഞ്ഞിരുന്നതായി വായിച്ചറിവുണ്ട്.
ഒരു നേരം പോലും ഭക്ഷണം ലഭിക്കാതെ ലക്ഷങ്ങളുണ്ട് ലോകത്ത്. പകൽ കോടാനുകോടി മുസ്ലിം സഹോദരന്മാർ ഭക്ഷണം ഉപേക്ഷിക്കുമ്പോൾ അത്രയും ഭക്ഷണം ലാഭിക്കപെടുകയാണ്. അത് മറ്റുള്ളവർക്ക് പ്രയോജനമാവുകയും ചെയ്യും. ഭാവി പ്രതീക്ഷയുടെ ദീപമാണ് റമദാൻ കാലം തെളിയിക്കുന്നത്. ഭാവിയിലെ മെച്ചപ്പെട്ട മനുഷ്യ ജീവിതത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആണ് ഈ നാളുകളിൽ രൂപംകൊള്ളുന്നത്. ഉറച്ച, വിള്ളലില്ലാത്ത വിശ്വാസമാണ് മറ്റൊരു പ്രത്യേകത. മനുഷ്യനിലും മാനവരാശിയിലും പ്രപഞ്ചത്തിലും പ്രപഞ്ച സംവിധായകനിലുമുള്ള അചഞ്ചലമായ വിശ്വാസം മനസ്സിലുറക്കുന്ന കാലമാണിത്. സാമൂഹികനീതിയും റമദാനിൽ ഉദ്ഘോഷിക്കപ്പെടുന്നു. കൂട്ടായ്മയുടെ സന്ദേശമാണ് റമദാൻ വിളിച്ചോതുന്നത്. പ്രാർത്ഥനയായാലും ഭക്ഷണം കഴിക്കലായാലും കൂട്ടായ്മയിലൂടെയാണ് നിർവഹിക്കപ്പെടുന്നത്. ഇതിനു തുല്യമായ സാർവ്വദേശീയ സംഭവം ഇല്ലെന്നുതന്നെ പറയാം. റമദാൻ കൂട്ടായ്മകളിൽ എല്ലാ മതസ്ഥരും ഒത്തുചേരാറുണ്ട്. മാനവരാശിക്ക് അമൂല്യമായ ആശയങ്ങളും അനുഭവങ്ങളും നൽകുന്ന റമദാനിന്റെ സന്ദേശം എന്നെന്നും നിലനിൽക്കട്ടെയെന്നും അത് ഉൾക്കൊള്ളാൻ ലോകജനതക്ക് കഴിയട്ടെയെന്നും ആശംസിക്കുന്നു.