[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”നാഗരികത” titleclr=”#000000″][/vc_headings]

സാംസ്‌ക്കാരിക സമുന്നതിക്ക് മനുഷ്യനെ സഹായിക്കുന്ന സാമൂഹിക വ്യവസ്ഥയെയാണ് നാഗരികത എന്ന് പറയുക.മനുഷ്യാരംഭം മുതല്‍ നാഗരികതയുടെ ചരിത്രം തുടങ്ങുന്നു. മാനവിക നാഗരികതയുടെ ശൃഖതയിലെ ഒരു കണ്ണിയാണ് ഇസ്‌ലാമിക നാഗരികതയും. ഇസ്‌ലാമിന്‍റെ സവിശേഷ ജീവിത വീക്ഷണത്തില്‍ നിന്നാണ് ഇസ്‌ലാമിന്‍റെ നാഗരികത രൂപപ്പെടുന്നത്.ഗതകാല മുസ്‌ലിം സമൂഹങ്ങളുടെ ചരിത്രശേഷിപ്പുകളിലൂടെ യാത്രചെയ്താല്‍ ഇസ്‌ലാമിക നാഗരികത ഇസ്‌ലാമിന്‍റെ ദര്‍ശനത്തിന്‍റെ സവിശേഷതകളെ ഉള്‍ചേര്‍ത്തുകൊണ്ട് വളര്‍ന്ന് വികസിച്ചത് കാണാം. ഇസ്‌ലാമിന്‍റെ വിശ്വാസവും സംസ്‌ക്കാരവും ആത്മീയ കേന്ദ്രങ്ങളിലും ആരാധനാകര്‍മ്മങ്ങളിലും മാത്രമല്ല, കച്ചവടത്തിവും കൃഷിയിലും കളിക്കളത്തിലും കുളിപ്പുരയിലും വഴികളിലും വീടുകളിലും കലയിലും സാഹിത്യത്തിലുമെല്ലാം പ്രതിഫലിച്ചിരുന്നു.

മുഹമ്മദ് നബി സ്ഥാപിച്ച മദീനയും , പിന്നീട് വളര്‍ന്നു വന്ന ബാഗ്ദാദ്, ദമസ്‌ക്കസ്, കൊര്‍ദോവ,സാമര്‍റ തുടങ്ങിയ നഗരങ്ങളും ഇതിന്‍റെ സാക്ഷ്യങ്ങളാണ്.ഏകദൈവ വിശ്വാസം എന്ന ഇസ്‌ലാമിന്‍റെ അടിസ്ഥാന ആദര്‍ശം തന്നെയാണ് ഇസ്‌ലാമിക നാഗരികതയുടെയും അടിസ്ഥാന തത്വം. മനുഷ്യരെല്ലാവരും ആ നാഗരികതയില്‍ തുല്യരാണ്. ജന്മം കൊണ്ട് ഒരാള്‍ക്ക് പ്രത്യേക പദവിയോ മഹത്വമോ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഇസ്‌ലാമിന്‍റെ നാഗരികതയില്‍ വികസിച്ചു വന്ന സംരംഭങ്ങളിലും എല്ലാവര്‍ക്കും തുല്യമായ അവസരസമത്വം ഉണ്ടാവും. മസ്ജിദുകളിലും വിജ്ഞാനകേന്ദ്രങ്ങളിലും റോഡുകളിലും എല്ലാവര്‍ക്കും ഒരേ പോലെ പ്രവേശനമുണ്ട്. അറിവും ആരാധനാലയ പ്രവേശവും ചില വരേണ്യര്‍ക്ക് മാത്രമായി ഇസ്‌ലാമിക നാഗരികതയില്‍ ചുരുങ്ങിട്ടിയില്ല. അധികാരം പോലും താഴെ തട്ടിവുള്ളവര്‍ക്ക് ലഭിച്ചു.

അറിവിന്റെ ജനാധിപത്യവല്‍ക്കരണം ആദ്യമായി നടന്നതും ഇസ്‌ലാമിക നാഗരികതക്കകത്താണ്. യൂറോപ്പില്‍ വായിക്കാനുള്ള ശേഷി പുരോഹിതന്‍മാര്‍ക്ക് മാത്രമായിരുന്നു. ഇന്ത്യയില്‍ ചില വിഭാഗങ്ങള്‍ക്ക് അറിവ് നിഷേധിക്കപ്പെട്ടിരുന്നു. എന്നാല്‍ മുസ്‌ലിംകള്‍ അറിവിന് ആര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. അറിവിന്റെ മേലുള്ള നിയന്ത്രണത്തില്‍ കുടികൊള്ളുന്നതാണ് പൗരോഹിത്യത്തിന്റെ അധികാരം.. ഇസ്‌ലാമില്‍ പൗരോഹിത്യം ഇല്ലാത്തതിനാല്‍ ഏവര്‍ക്കും വായിക്കാനും പഠിക്കാനും പറ്റിയ പാഠശാലകളും ഗ്രന്ഥശാലകളും വ്യാപകമായി. ബാഗ്ദാദ്, കൊര്‍ദോവ, കെയ്‌റോ, സ്‌പെയിന്‍ തുടങ്ങിയ ഇസ്ലാമിക നഗരങ്ങളില്‍ നിന്ന് അറിവിന്റെ വിജ്ഞാനത്തിന്റെ പ്രഭാകിരണങ്ങള്‍ ലോകത്തുടനീളം പ്രചരിച്ചു. യൂറോപ്യരടക്കം അറിവ് തേടി ഇസ്‌ലാമിക ലോകത്തേക്ക് ഒഴുകി. വൈദ്യം, ഗണിതം,രസതത്രം, ഭൂമിശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയവയിലെല്ലാം ഇസ്‌ലാമിക ലോകത്ത് പുതിയ കണ്ടുപിടുത്തങ്ങളുണ്ടായി.

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഇസ്‌ലാമിക നാഗരികത കാര്യമായ സംഭാവനകള്‍ നല്‍കി. അതത് കാലത്തെ ആവശ്യത്തിനനുസരിച്ച് വിശാലതയും അനുബന്ധസൗകര്യങ്ങളുമുള്ള റോഡുകള്‍ ഇസ്‌ലാമിക നഗരങ്ങളുടെ പ്രത്യേകതയായിരുന്നു.

റോഡുകളോട് ചേര്‍ന്ന കുടിവെള്ളം, കുളിപ്പുരകള്‍,വിശ്രമകേന്ദ്രങ്ങള്‍, വഴിവിളക്കുകള്‍, എന്നിവയും സംവിധാനിക്കപ്പെട്ടിരുന്നു. അഴുക്കുചാലുകള്‍ നിര്‍മ്മിച്ചും, ഇഷ്ടികകള്‍ പാകിയും റോഡുകള്‍ വൃത്തിയായി സൂക്ഷിച്ചിരുന്നു. മനുഷ്യര്‍ക്ക് മാത്രമല്ല ജീവജാലങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ഇസ്‌ലാമിക നാഗരികതയില്‍ ഇടം ലഭിച്ചിരുന്നു. മൃഗങ്ങള്‍ക്ക് മേയാന്‍ പ്രത്യേകം പുല്‍മേടുകള്‍ തന്നെ ഭരണകൂടം നിശ്ചയിച്ചിരുന്നു. രോഗം ബാധിച്ച മൃഗങ്ങളെ ചികിത്സിക്കാനും വാര്‍ധക്യവും അവശതയും ബാധിച്ചവയെ സംരക്ഷിക്കാനും പ്രത്യേകം സംവിധാനം തന്നെ ഉണ്ടായിരുന്നു.ദമസ്‌കസിലെ അല്‍ മറജുല്‍ അഖ്ദര്‍ ഇവ്വിധം സംവിധാനിച്ച പ്രദേശമാണ്. ഇതുപോലെ പൂച്ചകള്‍ക്ക് തിന്നാനും കുടിക്കാനുമുള്ള പ്രദേശങ്ങള്‍ വരെയുണ്ടായിരുന്നു. ഇതിനെല്ലാം വഖഫ് എന്ന ഇസ്‌ലാമിക വ്യവസ്ഥയുണ്ടാക്കിയ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനമാണ് സഹായിച്ചത്.

ധനാഢ്യരും ഭരണാധികാരികളും ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി തങ്ങളുടെ സമ്പത്ത് എഴുതി വെക്കുന്നതിനാണ് വഖഫ് എന്ന് പറയുക. ഇങ്ങനെയുള്ള സമ്പന്നമായ വഖഫ് സ്വത്തുക്കള്‍ ഉപയോഗിച്ചാണ് വിജ്ഞാനശാലകളും ,അഗതിഅനാഥ സംരക്ഷണ കേന്ദ്രങ്ങളും, വിശ്രമഭവനങ്ങളും, മൃഗപരിപാലനവുമെല്ലാം ഇസ്‌ലാമിക നഗരങ്ങളില്‍ ഭംഗിയായി നടന്നിരുന്നത്. ഏത് സമ്പത്തില്ലാത്തവനും ഈ വഖഫിന്റെ സഹായത്തില്‍ എത്ര കാലവും വിദ്യാഭ്യാസം നേടാന്‍ സംവിധാനങ്ങളുണ്ടായിരുന്നു.ചുരുക്കത്തില്‍ സമത്വവും നീതിയുമായിരുന്നു ഇസ്‌ലാമിക നാഗരികതയുടെ വളര്‍ച്ചയുടെ അടിസ്ഥാന തത്വങ്ങള്‍. സഹിഷ്ണുത മുഖമുദ്രയായി സ്വീകരിച്ചതിനാല്‍ മുസ്‌ലിംകള്‍ അല്ലാത്തവരും ഇസ്‌ലാമിക നാഗരികതക്കകത്ത് സുരക്ഷിതരായിരുന്നു. ആരാധനാസ്വാതന്ത്ര്യമടക്കം സകല അവകാശങ്ങളും അവര്‍ക്ക് ലഭിച്ചിരുന്നു. ആത്മീയ മൂല്യങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. അതിനാല്‍ ഇസ്‌ലാമിക നാഗരികതയില്‍ വികസിച്ച സാഹിത്യ-ചിത്രകലകളിലും അവ സ്വാധീനിച്ചിരുന്നു. അശ്ലീല സാഹിത്യങ്ങള്‍ക്കോ വരകള്‍ക്കോ അതില്‍ ഇടമുണ്ടായിരുന്നില്ല.

നാഗരികത

അവര്‍ കണ്ടിട്ടില്ലേ? അവര്‍ക്കുമുമ്പ് എത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്. നിങ്ങള്‍ക്കു നാം ചെയ്തുതന്നിട്ടില്ലാത്ത സൗകര്യം ഭൂമിയില്‍ നാമവര്‍ക്ക്  ചെയ്തുകൊടുത്തിരുന്നു. അവര്‍ക്കു നാം മാനത്തുനിന്ന് ധാരാളമായി മഴ വര്‍ഷിച്ചു. അവരുടെ താഴ്ഭാഗത്തൂടെ പുഴകളൊഴുക്കുകയും ചെയ്തു. പിന്നെ അവരുടെ പാപങ്ങളുടെ ഫലമായി നാമവരെ നശിപ്പിച്ചു. അവര്‍ക്കുപിറകെ മറ്റു തലമുറകളെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.

(വിശുദ്ധ ഖുര്‍ആന്‍ അധ്യായം അല്‍അന്‍ആം സൂക്തം 6)

നാഗരികത

നബിയുടെ അനുചരനായ അബൂഹുറൈറ നബിയില്‍നിന്ന് കേട്ടതായി പറയുന്നു: ”അല്ലാഹു നിങ്ങളില്‍ മൂന്നു കാര്യങ്ങള്‍ ഉണ്ടാകുന്നത് ഇഷ്ടപ്പെടുകയും മൂന്നു കാര്യങ്ങള്‍ ഉണ്ടാവുന്നത് വെറുക്കുകയും ചെയ്യുന്നു. അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, അവന്റെ ശക്തിയില്‍ മറ്റൊന്നിനെയും പങ്കാളിയാക്കാതിരിക്കുക, ഭിന്നിച്ചുനില്‍ക്കാതെ അല്ലാഹുവിന്റെ പാശം ഐക്യത്തോടെ മുറുകെപ്പിടിക്കുക എന്നിവയാണ് അവന്‍ നിങ്ങള്‍ക്കായി ഇഷ്ടപ്പെടുന്നവ. കണ്ടതും കേട്ടതും കൊണ്ടുനടക്കുക, ചോദ്യങ്ങള്‍ പെരുപ്പിക്കുക, ധനം പാഴാക്കുക എന്നിവയാണ് അവന്‍ വെറുക്കുന്ന കാര്യങ്ങള്‍.

(സ്വഹീഹു മുസ്‌ലിം)