20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മുസ്ലിം രാജ്യങ്ങളൊക്കെ യൂറോപ്യന്‍ ശക്തികളുടെ കോളണികളായി തീര്‍ന്നിരുന്നു. ആധുനികതയുടെ പരിഷ്കാരങ്ങള്‍ മുസ്ലിംകളെയും ജീര്ണതയിലെത്തിച്ചു. ഒരുഭാഗത്ത് അന്ധവിശ്വാസികളായി ജനം മാറിയപ്പോള്‍ മറുഭാഗത്ത് ഇസ്ലാമിനെ പാടേ മറന്ന് സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്യുന്നവരായി മുസ്ലിം ഭരണാധികാരികള്‍. ഈജിപ്തിലും തുര്‍ക്കിയിലുമെല്ലാം ഈ അവസ്ഥ സംജാതമായി.
ഒന്നാം ലോകയുദ്ധകാലത്താണ് ഇസ്ലാമിനെ പുനരൂജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ലോകത്ത് ഉയര്‍ന്നുവന്നത്. 19-ാം നൂറ്റാണ്ടില്‍ മുഹമ്മദ് അബ്ദു, ജമാലുദ്ദീന്‍ അഫ്ഗാനി തുടങ്ങിയ പണ്ഡിതന്മാരും ചിന്തകന്മാരും മുന്നോട്ടു വെച്ച ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരുന്നു ഇത്. ഈജിപ്തില്‍ ശഹീദ് ഹസനുല്‍ ബന്ന, സയ്യിദ് ഖുത്ബ് എന്നിവരും ഇന്ത്യയില്‍ അബുല്‍ അഅ്ലാ മൗദൂദി, തുര്‍ക്കിയില്‍ ബദീഉസ്സമാന് സഈദ് നൂര്‍സി തുടങ്ങിയ പണ്ഡിതന്മാര് അതിന് നേതൃത്വം നല്കി. തീര്‍ത്തും മതേതരമായിപ്പോയ ഈജിപ്തിനെ ഹസനുല്‍ ബന്ന സ്ഥാപിച്ച ഇഖ്വാനുല്‍ മുസ്ലിമൂനിന്റെ പ്രവര്‍ത്തനങ്ങളാണ് ഒരു പരിധി വരെയെങ്കിലും ഇസ്ലാമിന്റെ പഴയ ഓജസ്സിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
തുര്‍ക്കിയില്‍ സഈദ് നൂര്‍സിയുടെ ചിന്തകളും എഴുത്തുകളും അത്താത്തുര്‍ക്കിന്റെ വികല ആശയങ്ങളില്‍ നിന്ന് തുര്‍ക്കിയെ മോചിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും നജ്മുദ്ദീന് അര്‍ബകാനെ പോലുള്ള ഇസ്ലാമിസ്റ്റുകള്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിക്കുകയും അത് ആധുനിക തുര്‍ക്കിയുടെ അധികാരത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്തു. ഇന്ത്യയിലാകട്ടെ അബുല്‍ അഅ്ലാ മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ജനതക്ക് മുന്നില്‍ ഇസ്ലാമിന്റെ സമഗ്ര സ്വഭാവം വിളിച്ചോതി ക്രിയാത്മകമായ കര്‍മപരിപാടികളോടെ പ്രവര്‍ത്തിച്ചുവരുന്നു. ആദ്യകാലം മുതല്‍ തന്നെ ഇസ്ലാമിന്റെ ആത്മീയവും രാഷ്ട്രീയവുമായ വശങ്ങളെ സന്തുലിതമായി കൊണ്ടുപോയ ബ്രദര്‍ഹുഡ് ആധുനിക കാലത്ത് അധികാര സ്ഥാനം വരെയെത്തിയെങ്കിലും ഈജിപ്തില്‍ തുടരുന്ന സൈനിക ഭരണത്തിന് കീഴില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് ഭരണകൂടമര്ദ്ദനങ്ങള് നേരിട്ടുകൊണ്ടിരിക്കുകയാണ്.