ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലും ഇസ്ലാം ആദ്യകാലത്ത് തന്നെ എത്തിക്കപ്പെടുകയുണ്ടായി. ചൈനയിലെ ഇസ്ലാമിന് മുഹമ്മദ് നബിയുടെ കാലഘട്ടത്തോളം പഴക്കമുണ്ട്. കാരണം, സഞ്ചാരികളും കച്ചവടക്കാരുമായിരുന്ന ചൈനക്കാര്‍ അറബികളിലൂടെ ഇസ്ലാമിനെ പരിചയപ്പെട്ടിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളികള്‍ ചൈനയില്‍ കാണുന്നതും ചൈനയിലെ ഇസ്ലാമിന്റെ പാരമ്പര്യം വിളിച്ചോതുന്നതാണ്.
നാവികരും കച്ചവടക്കാരുമായ ചൈനീസ് മുസ്ലിംകളാണ് ഇന്തോനേഷ്യ, മലേഷ്യ പോലുള്ള ഇന്നത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇസ്ലാമിക പ്രബോധനം നടത്തിയതും. ഷെങ് ഹി എന്ന ചൈനീസ് മുസ്ലിം നാവികന്റെ പേര് കിഴക്കേഷ്യയിലെ ഇസ്ലാമിക പ്രബോധന രംഗത്ത് വിസ്മരിക്കാനാവാത്തതാണ്. അതുപോലെ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും കൊളംബസിന്റെ ആഗമനത്തിന് മുമ്പ് ഇസ്ലാം എത്തിപ്പെട്ടിരുന്നു. കൊളമ്പസ് തന്നെ തന്റെ ഡയറിക്കുറിപ്പുകളില്‍ മുസ്ലിം പള്ളികള്‍ യാത്രയില്‍ കണ്ടതായി രേഖപ്പെടുത്തുന്നുണ്ട്.
അറബി സ്വാധീനമുള്ള പല സ്ഥലനാമങ്ങളും ഇന്നും അമേരിക്കയില്‍ കാണാം. തോമസ് ജെഫേഴ്സണിനെ പോലുള്ള അമേരിക്കന്‍ ഭരണഘടനാ ശില്പികള് ഇസ്ലാമിക ശരീഅത്തിലെ പല ഭാഗങ്ങളും കടം കൊണ്ടതായും പാശ്ചാത്യചരിത്രകാരന്മാര് രേഖപ്പെടുത്തുന്നു.