അലിയുടെ മരണശേഷം താല്‍ക്കാലികമായി ഹസന് ഖലീഫ ആയിരുന്നുവെങ്കിലും മുആവിയയുടെ അവരോഹണത്തോടെ ഖിലാഫത്ത് ഉമവീ കുടുംബത്തിന്റെ കൈകളിലായി. മുആവിയക്ക് ശേഷം മകന് യസീദില്‍ തുടങ്ങി നിരവധി ഖലീഫമാര്‍ ഉമവീ കുടുംബത്തില്‍ ഉണ്ടായെങ്കിലും ഖുലഫാഉര്‍റാഷിദുകളുടെ ഭരണത്തെ അനുസ്മരിപ്പിക്കുന്ന ക്ഷേമഭരണം കാഴ്ചവെച്ചത് സുലൈമാനുബ്നു അബ്ദുല്‍ മലികിന് ശേഷം അധികാരത്തിലെത്തിയ ഉമറുബ്നു അബ്ദുല്‍ അസീസായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം ഇസ്ലാമിലെ ‘അഞ്ചാം ഖലീഫ’ എന്നും ‘രണ്ടാം ഉമര്‍’ എന്നും അറിയപ്പെടുന്നു. രാജഭരണത്തിലേക്ക് നീങ്ങിയ ഇസ്ലാമിക ഖിലാഫത്തിനെ അതിന്റെ ലാളിത്യത്തിലേക്കും തനിമയിലേക്കും തിരിച്ചുകൊണ്ടുവന്നത് ഉമറുബ്നു അബ്ദുല്‍ അസീസാണ്. ഉമവീ പരമ്പരയിലെ മുന്‍ഗാമികള്‍ നയിച്ച ആര്‍ഭാടജീവിതം അദ്ദേഹം ഉപേക്ഷിച്ചു. പ്രവാചകന്മാരും നാലു ഖലീഫമാരും ചെയ്തപോലെ ലളിതജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.
പൊതുഖജനാവിന്റെ വിനിയോഗവും സകാത്ത് സംവിധാനവുമൊക്കെ അദ്ദേഹത്തിന്റെ കീഴില്‍ വ്യവസ്ഥാപിതമാക്കപ്പെട്ടു.ഉമവീ ഖിലാഫത്തില്‍ ശ്രദ്ധേയമായ ഭരണം കാഴ്ചവെച്ച മറ്റ് ഭരണാധികാരികളായിരുന്നു അബ്ദുല്‍ മലിക്, വലീദുബ്നു അബ്ദുല്‍ മലിക്, ഹിശാമുബ്നു അബ്ദില്‍ മലിക് എന്നിവര്‍. അബ്ദുല്‍ മലിക് പണ്ഡിതനും വാഗ്മിയുമായ ഭരണാധികാരിയായിരുന്നു. ജനക്ഷേമതല്പരനായ അബ്ദുല്‍ മലികിന്റെ കീഴില്‍ ഇസ്ലാമിക രാഷ്ട്രം ഉത്തരാഫ്രിക്കയിലും ചെന്നെത്തി. ഭരണാധികാരികളുടെയും ഇസ്ലാമികസമൂഹത്തിന്റെയും ജീവിതരീതികളില്‍ ആകൃഷ്ടരായി മരുഭൂവാസികളായ ബര്‍ബരികള്‍ ധാരാളമായി ഇസ്ലാമിലേക്ക് കടന്നുവത് അതിന് സഹായകമായി. അബ്ദുല്‍ മലികിന്റെ പ്രധാന സംഭാവനകളില്‍ ഒന്നാണ് ഫലസ്തീനില്‍ സ്ഥിതിചെയ്യുന്ന ‘ഖുബ്ബത്തുസ്വഖ്റ’ എന്ന കുംഭഗോപുരം.
വലീദുബ്നു അബ്ദില്‍ മലികിന്റെ കാലത്താണ് സിന്ധ്, ഗുജറാത്ത് പോലുള്ള ഇന്ത്യന്‍ ഭൂഭാഗങ്ങള്‍ ഇസ്ലാമിക ഖിലാഫത്തിന്റെ ഭാഗമായിത്തീരുന്നത്. അന്തുലുസ് എന്ന് അറിയപ്പെട്ടിരുന്ന മുസ്ലിം സ്പെയിനിലേക്ക് മുസ്ലിംകള് മാര്‍ച്ച് ചെയ്തതും വലീദിന്റെ സൈനിക ജനറല്‍മാരായിരുന്ന മൂസബ്നു നുസൈറിന്റെയും താരിഖുബ്നു സിയാദിന്റെയും മികവിലായിരുന്നു.