സമ്പത്തിന്റെ വിതരണം നീതിയുക്തമാവണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. അധ്വാനമാണ് അതിന്റെ മാനദണ്ഡം. വ്യക്തികളുടെ ശേഷി, അധ്വാനം, ഉല്പാദനക്ഷമത, ദൈവിക സൗഭാഗ്യപരീക്ഷണങ്ങള് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ അതില്‍ നിമ്നോന്നതകള്‍ ഉണ്ടാകും. അനുവദനീയ മാര്‍ഗത്തില്‍ വിവിധ സാമ്പത്തിക അധ്വാനപരിശ്രമങ്ങളില്‍ ഏര്‍പ്പെടാനും തന്റെ തോത് കരസ്ഥമാക്കാനും സമ്പാദിക്കാനും പ്രേരിപ്പിക്കുകയും സ്വകാര്യ ഉടമസ്ഥത അംഗീകരിക്കുയും ചെയ്യുന്നു.
സാമ്പത്തിക പരിശ്രമങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്ത വയോധികര്‍, രോഗികള്‍, അംഗപരിമിതര്‍ അശരണര്‍ തുടങ്ങിയവര്‍ക്ക് സകാത്ത്, ഐഛിക ദാനം തുടങ്ങിയവയിലൂടെ അവരുടെ സാമ്പത്തിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. ഇത്തരത്തില്‍ സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും നീതിയുക്ത വിതരണം യാഥാര്‍ത്ഥ്യമാവുന്നു.അനന്തര സ്വത്ത് വിതരണത്തിന് അന്യൂനമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കുക വഴി സമ്പത്ത് നീതിയുക്തമായി അടുത്ത തലമുറകളിലേക്ക് വിതരണം ചെയ്യപ്പെടുന്നത് ഉറപ്പ് വരുത്തുന്നു.
സാമ്പത്തിക വിതരണം
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അത്ത്വലാഖ് സൂക്തം 7
7.സമ്പന്നന് തന്റെ കഴിവിനനുസരിച്ചു ചെലവു ചെയ്യണം. തന്റെ ഉപജീവനത്തിന് ഇടുക്കമനുഭവിക്കുന്നവന്‍ അല്ലാഹു അവന് നല്‍കിയതില്‍ നിന്ന് ചെലവിനു നല്കട്ടെ. അല്ലാഹു ആരെയും അയാള്‍ക്കേകിയ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല. പ്രയാസത്തിനു ശേഷം അല്ലാഹു എളുപ്പം ഉണ്ടാക്കിക്കൊടുക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഇസ്റാഅ് സൂക്തം 26-27
26. അടുത്ത കുടുംബക്കാരന്ന് അവന്റെ അവകാശം കൊടുക്കുക. അഗതിക്കും വഴിപോക്കന്നുമുള്ളത് അവര്‍ക്കും. എന്നാല്‍ ധൂര്‍ത്തടിക്കരുത്.
27. നിശ്ചയം ധൂര്ത്തന്മാര് പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാചോ തന്റെ നാഥനോട് നന്ദികെട്ടവനും.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അത്തൗബ സൂക്തം 60
60.സകാത്ത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ ജോലിക്കാര്‍ക്കും മനസ്സിണങ്ങിയവര്ക്കും അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവര്ക്കും ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്‍ക്കും മാത്രമുള്ളതാണ്. അല്ലാഹു നിര്‍ണയിച്ച കടമയാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
സാമ്പത്തിക വിതരണം
1. നബി പറഞ്ഞു. ” പൂഴ്ത്തവെക്കുന്നവന് പാപിയാണ്.”
(സ്വഹീഹു മുസ്ലിം)
2. നബി പറഞ്ഞു. ‘നിങ്ങള്‍ സമ്പത്ത് കുന്നുകൂട്ടിവെക്കുകയും അങ്ങനെ ദുനിയാവില് ആസക്തരാവുകയും ചെയ്യരുത്.”
3. നബി പറഞ്ഞു. ‘വസ്വിയ്യത്ത് ചെയ്യാന്‍ മുതലുകള്‍ വല്ലതുമുണ്ടായിട്ട് തന്റെ വസ്വിയ്യത്ത് എഴുതിവെക്കാതെ രണ്ട് രാത്രിപോലും കഴിച്ചുകൂട്ടാന്‍ ഒരു മുസ്ലിമിന് അവകാശമില്ല.”
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്ലിം)
4. തന്റെ സമ്പത്ത് മുഴുവനായി ദാനം ചെയ്യാന്‍ ഒരു അനുചരന് തിരുനബിയോട് അനുവാദം ചോദിച്ചു. അപ്പോള്‍ തിരുനബി അയാളോട് പറഞ്ഞു. ‘മൂന്നിലൊന്നു മാത്രം ദാനം ചെയ്യുക. അതുതന്നെ ധാരാളമാണ്. തന്റെ അനന്തരാവകാശികളെ ആളുകള്‍ക്കു മുമ്പില്‍ കൈനീട്ടുന്നവരായി ഉപേക്ഷിക്കുന്നതിനേക്കാള്‍ നിനക്ക് നല്ലത് അവരെ സ്വയം പര്യാപ്തരാക്കി വിട്ടേച്ചുപോകുന്നതാണ്.’