സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഭൂമിയുടെയും പ്രകൃതിയുടെയും പ്രാധാന്യം ഊന്നിപ്പറയുകയും അടുത്ത തലമുറകള്‍ക്കും പ്രയോജനപ്പെടുമാറ് അവ സംരക്ഷിച്ച് കൊണ്ട് ഉപയോഗപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. പ്രകൃതിവിഭവങ്ങള്‍, സവിശേഷ ജീവി വര്‍ഗങ്ങള്‍, വനം, വന്യജീവികള്‍, ജലസ്രോതസുകള്‍ തുടങ്ങിയവയുടെ ആവാസപ്രദേശങ്ങള്‍ കയ്യേറ്റം ചെയ്യപ്പെടാതിരിക്കാനും, അവ സംരക്ഷിക്കപ്പെടാനും ഹിമ, ഹറം എന്നീ പേരുകളിലറിയപ്പെട്ട സംരക്ഷിത മേഖലകള്‍ സ്ഥാപിക്കുന്നതില്‍ പ്രവാചകന്‍ പ്രാധാന്യം നല്‍കി.
കടല്‍, വയല്‍, നദികള്‍, കുന്നുകള്‍, വായു, വെള്ളം, വെയില്‍, വെളിച്ചം മറ്റു ജീവജാലങ്ങള്‍ തുടങ്ങിയവയുടെ സാമ്പത്തിക പ്രക്രിയയിലെ പ്രാധാന്യം ബോധ്യപ്പെടുത്തി, അവയൊക്കെയും ദൈവിക ദൃഷ്ടാന്തങ്ങളും അനുഗ്രഹങ്ങളുമൊക്കെ പഠിപ്പിച്ച് സാമ്പത്തിക പ്രവര്‍ത്തനത്തെ ആത്മീയവല്‍കരിക്കുന്നു.
പരിസ്ഥിതി
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നാസിആത് സൂക്തം 27-33
27. നിങ്ങളെ സൃഷ്ടിക്കുന്നതോ ആകാശത്തെ സൃഷ്ടിക്കുന്നതോ ഏതാണ് കൂടുതല്‍ പ്രയാസകരം? അവന്‍ അതുണ്ടാക്കി.
28. അതിന്റെ വിതാനം ഉയര്‍ത്തുകയും അങ്ങനെ അതിനെ കുറ്റമറ്റതാക്കുകയും ചെയ്തു.
29. അതിലെ രാവിനെ അവന്‍ ഇരുളുള്ളതാക്കി. പകലിനെ ഇരുളില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തു.
30. അതിനുശേഷം ഭൂമിയെ വിസ്തൃതമാക്കി.
31. ഭൂമിയില്‍നിന്ന് അതിന്റെ വെള്ളവും സസ്യങ്ങളും പുറത്തുകൊണ്ടുവന്നു.
32. മലകളെ ഉറപ്പിച്ചു നിര്‍ത്തി.
33. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും വിഭവമായി.