തൊഴില്‍, കൃഷി, ഉല്‍പാദനം, കച്ചവടം, സേവനം തുടങ്ങി എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും മാനവിക മൂല്യങ്ങളില്‍ ഉറച്ച് നിന്ന് കാര്യക്ഷമത വര്‍ധിപ്പിക്കാനുതകുന്ന നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഓരോന്നിന്റെ മഹത്വവും സാമൂഹിക സാമ്പത്തിക പ്രസക്തിയും ഊന്നിപ്പറഞ്ഞ്, ഭൗതിക പാരത്രികവിജയത്തിന്റെ മാനദണ്ഡമായി കണ്ട് അവയില്‍ മുന്നേറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
സാമ്പത്തിക പ്രവര്‍ത്തനം
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ആലു ഇംറാന്‍ സൂക്തം 134
134. ധന്യതയിലും ദാരിദ്ര്യത്തിലും ധനം ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരുമാണവര്‍; ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരും. സല്‍സ്വഭാവികളെ അല്ലാഹു ഇഷ്ടപ്പെടുന്നു.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 8
8. ഓഹരിവെക്കുമ്പോള്‍ ബന്ധുക്കളും അനാഥരും ദരിദ്രരും അവിടെ വന്നിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് അവര്‍ക്കും എന്തെങ്കിലും കൊടുക്കുക. അവരോട് നല്ല വാക്ക് പറയുകയും ചെയ്യുക.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ഇസ്‌റാഅ് സൂക്തം 26
26. അടുത്ത കുടുംബക്കാരന്ന് അവന്റെ അവകാശം കൊടുക്കുക. അഗതിക്കും വഴിപോക്കന്നുമുള്ളത് അവര്‍ക്കും. എന്നാല്‍ ധൂര്‍ത്തടിക്കരുത്.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നഹല്‍ സൂക്തം 72
72. അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കിത്തന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ഇണകളിലൂടെ പുത്രന്മാരെയും നല്‍കി. പൗത്രന്മാരെയും. വിശിഷ്ട വസ്തുക്കള്‍ ആഹാരമായി തന്നു. എന്നിട്ടും ഇക്കൂട്ടര്‍ അസത്യത്തില്‍ വിശ്വസിക്കുകയാണോ? അല്ലാഹുവിന്റെ അനുഗ്രഹത്തെ അപ്പാടെ തള്ളിപ്പറയുകയും?
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അറൂം സൂക്തം 41
41. മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവര്‍ ചെയ്തുകൂട്ടിയതില്‍ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവര്‍ ഒരുവേള നന്മയിലേക്കു മടങ്ങിയെങ്കിലോ?
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അറൂം സൂക്തം 21
21. അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അഅ്‌റാഫ് സൂക്തം 199
199. നീ വിട്ടുവീഴ്ച കാണിക്കുക. നല്ലതു കല്‍പിക്കുക. അവിവേകികളെ അവഗണിക്കുക.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അല്‍ അന്‍ആം സൂക്തം 152
152. ഏറ്റം ഉത്തമമായ രീതിയിലല്ലാതെ നിങ്ങള്‍ അനാഥയുടെ ധനത്തോടടുക്കരുത്; അവനു കാര്യബോധമുണ്ടാകുംവരെ. അളവു- തൂക്കങ്ങളില്‍ നീതിപൂര്‍വം തികവു വരുത്തുക. നാം ആര്‍ക്കും അയാളുടെ കഴിവിന്നതീതമായ ബാധ്യത ചുമത്തുന്നില്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതിപാലിക്കുക; അത് അടുത്ത കുടുംബക്കാരന്റെ കാര്യത്തിലായാലും. അല്ലാഹുവോടുള്ള കരാര്‍ പൂര്‍ത്തീകരിക്കുക. നിങ്ങള്‍ കാര്യബോധമുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ മാഊന്‍ സൂക്തം 1-3
1. മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ?
2. അവന്‍ അനാഥയെ ആട്ടിയകറ്റുന്നവനാണ്.
3. അഗതിക്ക് അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അദ്ദുഹ സൂക്തം 9-11
9. അതിനാല്‍ അനാഥയോട് നീ കാഠിന്യം കാട്ടരുത്.
10. ചോദിച്ചു വരുന്നവനെ വിരട്ടിയോട്ടരുത്.
11. നിന്റെ നാഥന്റെ അനുഗ്രഹത്തെ കീര്‍ത്തിക്കുക.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഹാഖഃ സൂക്തം 33-35
33. അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.
34. അഗതികള്‍ക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല.
35. അതിനാല്‍ അവനിന്നിവിടെ ഒരു മിത്രവുമില്ല.
സാമ്പത്തികപ്രവര്‍ത്തനം
1. നബി പറഞ്ഞു: തനിക്ക് ആവശ്യമുള്ളതിലും വലിയ വീട് ഒരാള്‍ നിര്‍മിച്ചാല്‍ അന്ത്യദിനത്തില്‍ അയാള്‍ അത് ചുമലിലേറ്റേണ്ടിവരും.
(ത്വബ്‌റാനിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)
2. തിരുനബി പറഞ്ഞതായി അബ്ദുല്ലയുടെ മകന്‍ ജാബിര്‍ പറയുന്നു: അല്ലാഹു ഒരാള്‍ക്ക് നാശം ഉദ്ദേശിച്ചാല്‍ കളിമണ്ണിലും ഇഷ്ടികക്കട്ടകളിലും അയാള്‍ക്ക് കമ്പം ജനിക്കും. അങ്ങനെ അയാള്‍ വീടുനിര്‍മാണത്തില്‍ മുഴുകും.
3. മഅ്ദീകരീബിന്‍റെ മകന്‍ മിഖ്ദാദ് എന്ന അനുചരന്‍ പറയുന്നു: പ്രവാചകന്‍ പ്രഖ്യാപിച്ചിരിക്കുന്നു. ‘സ്വന്തം കൈകൊണ്ട് വേല ചെയ്ത് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ആഹാരം ആരും തന്നെകഴിക്കുന്നില്ല. അല്ലാഹുവിന്‍റെ പ്രവാചകന്‍ ദാവൂദ് തന്‍റെ കൈ അധ്വാനിച്ചതാണ് ആഹരിച്ചിരുന്നത്.”
(സ്വഹീഹുല്‍ ബുഖാരി)
4. നബി പറഞ്ഞു.’പൂഴ്ത്തിവെക്കുന്നവന്‍ ശപിക്കപ്പെട്ടവനാണ്.”
(ബൈഹഖിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)
5. തിരുദൂതര്‍ പറഞ്ഞതായി സുബൈറുബ്‌നുല്‍ അവാം എന്ന അനുചരന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു: നിങ്ങളിലൊരുവന്‍ കയറുമായി മല കയറി, മുതുകില്‍ ഒരു കെട്ട് വിറക് ചുമന്നുകൊണ്ടുവന്ന് അത് വില്‍ക്കുകയും അങ്ങനെ അല്ലാഹു അവന്‍റെ മുഖത്തെ സ്വതന്ത്രമാക്കുകയും ചെയ്യുന്നത് ജനങ്ങളോട് യാചിക്കുന്നതിനേക്കാള്‍ എത്രയോ ഉത്തമമാണ്. അവര്‍ ഭിക്ഷ കൊടുത്താലും ഇല്ലെങ്കിലും.
(സ്വഹീഹുല്‍ ബുഖാരി)
6. തിരുനബി പറയുന്നു. ‘സന്ധ്യയാകുമ്പോള്‍ കായികാധ്വാനംകൊണ്ട് ക്ഷീണിക്കുന്നവന്‍ പാപങ്ങള്‍ പൊറുക്കപ്പെട്ടവനായിത്തീരുന്നു.”
7. തിരുനബി പറയുന്നു. ‘ചില പാപങ്ങളുണ്ട്. നമസ്‌കാരവും ദാനധര്‍മങ്ങളും ഹജ്ജും അവയ്ക്ക് പ്രായശ്ചിത്തമാവുകയില്ല. എന്നാല്‍ ഉപജീവനം തേടുന്നത് അവയ്ക്ക് പ്രായശ്ചിത്തമാകുന്നു.”
8. പ്രവാചകന്‍ പറയുന്നു. ‘അല്ലാഹു തൊഴിലാളിയായ ദാസനെ ഇഷ്ടപ്പെടുന്നു. തന്‍റെ കുടുംബത്തിനുവേണ്ടി ജോലി ചെയ്തു ക്ഷീണിച്ചവന്‍ പ്രതാപവാനും മഹാനുമായ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പട പൊരുതുന്നവനെപ്പോലെയാകുന്നു.”
9. പ്രവാചകന്‍ പറയുന്നു. ‘ നിങ്ങള്‍ പ്രഭാതപ്രാര്‍ഥന നിര്‍വഹിച്ചാല്‍ ആഹാരത്തിനായി അധ്വാനിക്കാതെ ഉറങ്ങരുത്.”
10. ഒരു ചെറുപ്പക്കാരന്‍ ജീവിതായോധനത്തിനായി പരക്കം പായുതുന്നകണ്ട് ജനം പറഞ്ഞു. ‘ഇയാളുടെ ഈ ബദ്ധപ്പാട് ദൈവമാര്‍ഗത്തിലായിരുന്നെങ്കില്‍!” അപ്പോള്‍ പ്രവാചകന്‍ അരുളി. ‘ അയാള്‍ തന്‍റെ കൊച്ചുങ്ങള്‍ക്കുവേണ്ടിയാണ് നെട്ടോട്ടമോടുന്നതെങ്കില്‍ അതും ദൈവത്തിന്‍റെ പ്രിയമാര്‍ഗത്തിലുള്ള ത്യാഗം തന്നെ, സ്വന്തം ഐശ്വര്യത്തിനുവേണ്ടിയാണെങ്കിലും അയാള്‍ ദൈവമാര്‍ഗത്തില്‍ത്തന്നെ, കുടുംബത്തിന്‍റെ നിലനില്‍പ്പിനുവേണ്ടിയാണെങ്കിലും ദൈവമാര്‍ഗത്തില്‍ത്തന്നെ എന്നാല്‍ വമ്പു കാട്ടാനും സ്വത്ത് കുന്നുകൂട്ടാനുമുള്ള ആസക്തിയാണ് അതിന്‍റെ പിന്നിലെങ്കില്‍ അയാള്‍ സാത്താന്‍റെ പാതയിലാണ്.”
11. ഖദീജിന്‍റെ മകന്‍ റാഫിഅ് പറയുന്നു: ഒരാള്‍ തിരുനബിയോട് ചോദിച്ചു. ‘ദൈവദൂതരേ, ഏറ്റവും ഉത്തമമായ സമ്പാദ്യം ഏതാണ്?’
അവിടുന്ന് മറുപടി പറഞ്ഞു. ‘മനുഷ്യന്‍ തന്‍റെ സ്വന്തം കൈകൊണ്ട് ചെയ്യുന്ന ജോലിയും സത്യസന്ധമായ എല്ലാ കച്ചവടവും.”
(മശ്കൂത്ത് എന്ന ഹദീസ്ഗ്രന്ഥത്തില്‍നിന്ന്)
12. നബി അരുളി: സത്യസന്ധനായ കച്ചവടക്കാരന്‍ അന്ത്യനാളില്‍ പ്രവാചകന്മാരുടെയും സച്ചരിതരുടെയും രക്തസാക്ഷികളുടെയും കൂടെയായിരിക്കും.
(തിര്‍മിദിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)
13. നബി അരുളി: വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും കടം ഈടാക്കുമ്പോഴും വിട്ടു വീഴ്ചയോടുകൂടി പെരുമാറുന്ന മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കുന്നു.
(സ്വഹീഹൂല്‍ ബുഖാരി).