[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”മാനവികത” titleclr=”#000000″][/vc_headings]

ലോകത്തുള്ള സകല മനുഷ്യരും ദൈവത്തിന്റെ സൃഷ്ടികളാണ്. ഒരേ സത്തയില്‍നിന്ന് രൂപംകൊണ്ടവരാണവര്‍. ഒരേ മാതാപിതാക്കളുടെ സന്തതികളാണ്. അതിനാല്‍ എല്ലാവരും തുല്യരാണ്. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ മനുഷ്യന്‍ ആദരണീയനാണ്. ദൈവത്തിന്റെ ശ്രേഷ്ഠനായ സൃഷ്ടി. ഈ ഭൂമിയിലുള്ളതൊക്കെയും അവനുപയോഗപ്പെടുത്താന്‍ കഴിയുന്നവിധമാണ് ദൈവം ക്രമീകരിച്ചിട്ടുള്ളത്. മനുഷ്യന്റെ ശ്രേഷ്ഠത കാരണം മനുഷ്യജീവന് ഇസ്‌ലാം വലിയ വില കല്പിക്കുന്നു.  അകാരണമായി ഒരാളെ കൊല്ലുന്നത് മുഴുവന്‍ മനുഷ്യരെയും കൊല്ലുന്നതിനുതുല്യമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

ജീവന്‍പോലെത്തന്നെ ആദരണീയമാണ് മനുഷ്യന്റെ അഭിമാനവും. ഇസ്‌ലാം അഭിമാനസംരക്ഷണത്തിന് വലിയ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. അഭിമാനം ക്ഷതപ്പെടുത്തുന്നത് കൊലക്കുറ്റത്തിനു തുല്യമായി ഇസ്‌ലാം  കാണുന്നു. ഏതൊരാള്‍ക്കും തനിക്കിഷ്ടമുള്ള ആദര്‍ശം അംഗീകരിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശം ഇസ്‌ലാം വകവെച്ചുകൊടുക്കുന്നു.

വീക്ഷണവ്യത്യാസങ്ങളും വിശ്വാസവൈജാത്യങ്ങളും മനുഷ്യപ്രകൃതത്തിന്റെ ഭാഗമാണെന്ന് ഇസ്‌ലാം കരുതുന്നു. അതിനാല്‍, ഭിന്നവിശ്വാസികള്‍ പരസ്പരം ആദരിക്കണമെന്ന് ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു. സാമൂഹ്യനീതിയെ ഇസ്‌ലാം മനുഷ്യന്റെ മൗലികാവകാശമായാണ് കാണുന്നത്. അതിനാല്‍, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ, വെള്ളം, വെളിച്ചം തുടങ്ങിയവയുടെ ലഭ്യത എല്ലാ മനുഷ്യരുടെയും അവകാശമാണ്.

ജാതിമതവര്‍ഗ, വര്‍ണ, ദേശ, ഭാഷ, കാല ഭേദങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരും നിയമത്തിന്റെ മുന്നില്‍ തുല്യരായിരിക്കണമെന്നതും നീതി എല്ലാവര്‍ക്കും ഒരുപോലെ കിട്ടിയിരിക്കണമെന്നതും ഇസ്‌ലാം മുന്നോട്ടു വെക്കുന്ന മനുഷ്യാവകാശങ്ങളില്‍പ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും സമഗ്രവും സമ്പൂര്‍ണവുമായ മനുഷ്യാവകാശപ്രഖ്യാപനമാണ് മുഹമ്മദ് നബിയുടെ അവസാനനാളുകളില്‍ അനുഷ്ഠിച്ച ഹജ്ജിനോടനുബന്ധിച്ച് അറഫാ മൈതാനത്തില്‍ നടത്തിയ പ്രസംഗം.

മാനവികത

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അന്‍ആം സൂക്തം 108

108. അല്ലാഹുവെവിട്ട് അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ തങ്ങളുടെ അറിവില്ലായ്മയാല്‍ അല്ലാഹുവെയും അന്യായമായി ശകാരിക്കും. അവ്വിധം ഓരോ വിഭാഗത്തിനും അവരുടെ ചെയ്തികളെ നാം ചേതോഹരങ്ങളായി തോന്നിപ്പിച്ചിരിക്കുന്നു. പിന്നീട് തങ്ങളുടെ നാഥന്റെ അടുത്തേക്കാണ് അവരുടെ മടക്കം. അപ്പോള്‍, അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അവന്‍ അവരെ വിവരമറിയിക്കും.