ദരിദ്രരെയും അഗതികളെയും പ്രത്യേകം പരിഗണിക്കാന്‍ ഇസ്‌ലാം വിശ്വാസികളോട് ആവശ്യപ്പെടുന്നു. ദാനധര്‍മങ്ങള്‍ ചെയ്യുന്നത് ഏറെ പുണ്യകരമായാണ് ഇസ്‌ലാം കാണുന്നത്. സ്വര്‍ഗപ്രവേശനത്തിനുള്ള ഏറ്റവും വലിയ കടമ്പ സാമ്പത്തികമോഹമാണെന്ന് ഖുര്‍ആന്‍ പറയുന്നു:
”തെളിഞ്ഞ രണ്ടു വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ?
എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല.
മലമ്പാത എന്തെന്ന് നിനക്കെന്തറിയാം?
അത് അടിമയുടെ മോചനമാണ്.
അല്ലെങ്കില്‍ കൊടും വറുതി നാളിലെ അന്നദാനം.
അടുത്ത ബന്ധുവായ അനാഥക്ക്.
അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണുപുരണ്ട അഗതിക്ക്.
പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും
ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടലുമാണ്.”
(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ ബലദ്, സൂക്തം: 11-16.)
പല തെറ്റുകള്‍ക്കും പ്രായശ്ചിത്തമായി അഗതികള്‍ക്കും അനാഥകള്‍ക്കും ഭക്ഷണം കൊടുക്കലും ദാനധര്‍മങ്ങള്‍ ചെയ്യലും നിശ്ചയിച്ചിരിക്കുന്നു. ശിക്ഷ, നിയമത്തില്‍ ഇളവ്, അപാകത പരിഹരിക്കല്‍ എന്നീ കാര്യങ്ങളില്‍ ഇസ്‌ലാം ഇങ്ങനെയുള്ള പരിഹാരനിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്. ഒരു കാര്യം സത്യം ചെയ്താല്‍ അതില്‍നിന്ന് പിന്തിരിയുന്ന പക്ഷം പത്ത് അഗതികള്‍ക്ക് ഒരുദിവസത്തെ ആഹാരം കൊടുക്കല്‍ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ വസ്ത്രം നല്‍കണം. രോഗംകൊണ്ടോ വാര്‍ധക്യംകൊണ്ടോ റമദാന്‍മാസത്തില്‍ വ്രതം ആചരിക്കാന്‍ സാധിക്കാതെവന്നാല്‍ പകരം ഓരോ ദിവസത്തിനും ഓരോ അഗതിക്ക് ഭക്ഷണം കൊടുക്കണമെന്നാണ് വ്യവസ്ഥ.
അഗതികള്‍
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബക്കറ സൂക്തം 177
നിങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ മുഖംതിരിക്കുന്നതല്ല പുണ്യം. പിന്നെയോ, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുക; സമ്പത്തിനോട് ഏറെ പ്രിയമുണ്ടായിരിക്കെ അത് അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമ മോചനത്തിനും നല്‍കുക; നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുക; കരാറുകളിലേര്‍പ്പെട്ടാലവ പാലിക്കുക; പ്രതിസന്ധികളിലും വിപദ്ഘട്ടങ്ങളിലും യുദ്ധവേളയിലും ക്ഷമ പാലിക്കുക; ഇങ്ങനെ ചെയ്യുന്നവരാണ് പുണ്യവാന്മാര്‍. അവരാണ് സത്യം പാലിച്ചവര്‍. സൂക്ഷ്മത പുലര്‍ത്തുന്നവരും അവര്‍ തന്നെ.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബക്കറ സൂക്തം 215
അവര്‍ നിന്നോടു ചോദിക്കുന്നു: അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്? പറയുക: നിങ്ങള്‍ ചെലവഴിക്കുന്ന ധനമേതും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമാണ് നല്‍കേണ്ടത്. നിങ്ങള്‍ നല്ലതെന്തു ചെയ്താലും തീര്‍ച്ചയായും അല്ലാഹു അതെല്ലാമറിയും.
അഗതികള്‍
1. തിരുനബി അരുളി: ‘ വിധവയ്ക്കും അഗതിക്കും വേണ്ടി അധ്വാനിക്കുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നവനെപ്പോലെയാണ്.”
(സ്വഹീഹുല്‍ ബുഖാരി)
2. നബി അരുളി:. അന്ത്യദിനത്തില്‍ അല്ലാഹു പറയും.’മനുഷ്യപുത്രാ, ഞാന്‍ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടു. നീയെനിക്ക് ഭക്ഷണം നല്‍കിയില്ല.” മനുഷ്യന്‍ പറയും. ‘എന്റെ നാഥാ, ഞാന്‍ എങ്ങനെയാണ് നിനക്ക് ഭക്ഷണം തരിക, നീ സര്‍വലോക രക്ഷിതാവല്ലേ?” അല്ലാഹു ചോദിക്കും.’ എന്റെ ഇന്ന അടിമ നിന്നോട് ഭക്ഷണം ചോദിച്ചു. നീ അവന് ഭക്ഷണം നല്‍കിയില്ല. നീ അവനത് നല്‍കിയിരുന്നെങ്കില്‍ അത് നീ എന്‍റെയടുക്കല്‍ കാണുമായിരുന്നുവെന്ന് നിനക്കറിയില്ലേ. മനുഷ്യപൂത്രാ, ഞാന്‍ നിന്നോട് കുടിക്കാന്‍ വെളളം ആവശ്യപ്പെട്ടു. നീയെനിക്ക് അത് തന്നില്ല.” അപ്പോള്‍ മനുഷ്യന്‍ പറയും. ‘എന്റെ നാഥാ, ഞാനെങ്ങനെയാണ് നി കുടിപ്പിക്കുന്നത്, നീ ലോകരക്ഷിതാവല്ലേ?’ അല്ലാഹു പറയും.’എന്റെ ഇന്ന അടിമ എന്നോട് കുടിക്കാന്‍ ചോദിച്ചിരുന്നു. നീ അവന് കുടിക്കാന്‍ കൊടുത്തില്ല. അ് നീ അവനത് കൊടുത്തിരുന്നുവെങ്കില്‍ അത് എന്റെ അടുക്കല്‍ കാണുമായിരുന്നു.”
(സ്വഹീഹു മുസ്‌ലിം)
3. നബി അരുളി.’വിശന്ന ജീവന് വയറു നിറയെ ആഹാരം നല്‍കുന്നതാണ് ഏറ്റവും ഉത്തമമായ ധര്‍മം.”
(മശ്കൂത്ത്)
4. നബി പറഞ്ഞു.’ചോദിക്കുന്നവന് ഒരു കരിഞ്ഞ ആട്ടിന്‍കുളമ്പെങ്കിലും നല്‍കി തിരിച്ചയക്കുക.”
(മശ്കൂത്ത്)
5. നബി പറഞ്ഞു.’ആളുകളുടെ വാതില്‍ക്കല്‍ ചുറ്റിക്കറങ്ങുകയും ഒന്നോ-രണ്ടോ ഉരുളകളോ ഒന്നോ-രണ്ടോ കാരക്കയോ വാങ്ങിക്കുകയും ചെയ്യുന്നവനല്ല അഗതി. മറിച്ച്, ആവശ്യത്തിനുമാത്രം ധനമില്ലാത്തവനും തങ്ങളുടെ ദാരിദ്ര്യം മറ്റുള്ളവരുടെ ശ്രദ്ധയില്‍പെട്ട്,ധര്‍മം ലഭിക്കാത്തവനും ജനങ്ങളുടെ മുമ്പില്‍ എഴുന്നേറ്റുനിന്നു ചോദിക്കാത്തവനുമാണ് യഥാര്‍ഥ അഗതി.”
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുമുസ്‌ലിം)