അതിഥികള്ക്കൊപ്പമിരിക്കുമ്പോള് ആതിഥേയമര്യാദ പാലിക്കാനല്ലാതെ നബി ഒരിക്കലും വയര്‍ നിറച്ച് ഭക്ഷണം കഴിക്കുമായിരുന്നില്ല. നബിയുടെ ഭാര്യ ആഇശ പറയുന്നു.”നബിയുടെ കുടുംബം അവിടുന്ന് മരണപ്പെടുന്നതുവരെ തുടര്‍ച്ചയായി രണ്ടു നേരം ഗോതമ്പു റൊട്ടി കഴിച്ചിട്ടില്ല.”
മക്കയില്‍നിന്ന് മദീനയിലെത്തിയ ശേഷം നബിയുടെ കുടുംബം നബിയുടെ മരണം വരെ മൂന്ന് രാത്രികള്‍ തുടര്‍ച്ചയായി വയറുനിറയെ ആഹരിച്ചിട്ടില്ല. ചില ദിവസം കഴിക്കാനൊന്നുമില്ലാതെ നബി വിശപ്പോടെ ഉറങ്ങുമായിരുന്നു.
ഭക്ഷണം പാകം ചെയ്തുകൊണ്ടുവരുന്നയാളോട് നബി നന്ദി പറയും. അയാളെയും കൂടെയിരുത്തി കഴിപ്പിക്കും. പാചകത്തില്‍ പിശകു പറ്റിയാലും ഒരു കാരണവശാലും അവരെ ആക്ഷേപിക്കുമായിരുന്നില്ല. ആ വ്യക്തി തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ടാവുമല്ലോ. വിജയിച്ചില്ലെന്നു മാത്രം. നബി സ്വയം സമാധാനിക്കും. വിശാലമായ ആ മനസ്സ് ഇതെല്ലാം ഉള്ക്കൊള്ളാന്മാത്രം വിശാലമായിരുന്നു.
കിട്ടിയ ഭക്ഷണത്തെ നബി ഒരിക്കലും തള്ളിപ്പറഞ്ഞില്ല. കിട്ടാത്ത ഭക്ഷണം ഒരിക്കലും ചോദിച്ചുമില്ല. ഏതെങ്കിലും തരത്തിലുള്ള ഭക്ഷണം വേണമെന്ന് നിര്‍ബന്ധം പിടിച്ചിട്ടുമില്ല. നബി ഒരു ഭക്ഷണത്തെയും ഒരിക്കലും ആക്ഷേപിച്ചിട്ടില്ല. ഇഷ്ടപ്പെട്ടാല്‍ കഴിക്കും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് വേണ്ടെന്നു വെക്കും.