ഹിജ്റ നടന്ന് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂവെങ്കിലും വ്യത്യസ്തമായ ഒട്ടേറെ പരീക്ഷണങ്ങളിലൂടെ മുസ്ലിം സമൂഹം കടന്നുപോയി. ആത്മാര്‍പ്പണത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു അല്ലാഹു ഈ പരീക്ഷണങ്ങളിലൂടെ. ഹുദൈബിയ സന്ധിക്കു ശേഷം ശത്രുക്കളുടെ ആക്രമണങ്ങള്‍ അല്പം കുറഞ്ഞുവെങ്കിലും പിന്നീട് പുനരാരംഭിച്ചു. ഇതിനിടെ അല്ലാഹു ഹുദൈബിയസന്ധിക്കുമുമ്പ് മുഹമ്മദ് നബിക്ക് കാണിച്ചുകൊടുത്ത സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനും ചരിത്രം സാക്ഷിയായി. മക്കാവിജയം – പിറന്ന മണ്ണിലേക്കുള്ള നബിയുടെയും മുഹാജിറുകളായ സ്വഹാബികളുടെയും മടക്കയാത്ര കൂടിയായിരുന്നു അത്.
ഹിജ്റ എട്ടാംവര്‍ഷം റമദാന് മാസത്തില്‍ മുഹമ്മദ് നബി അനുയായികളോടുകൂടി മക്കയിലേക്കു പുറപ്പെട്ടു. പതിനായിരം പേരടങ്ങുന്ന ആ വലിയ സംഘത്തെ അച്ചടക്കത്തിന്റെ ഇസ്ലാമികമര്യാദകള് പരിശീലിപ്പിച്ചുകൊണ്ടാണ് നബി നയിച്ചത്. മക്കാനിവാസികള്‍ ഒരെതിര്‍പ്പുമില്ലാതെ കീഴടങ്ങി. നേതാക്കളില്‍ മിക്കവരും ഇസ്ലാം സ്വീകരിച്ചു. മക്കയില്‍ പ്രവേശിച്ച നബി നേരിട്ടെതിര്‍ക്കുന്നവരല്ലാതെ അന്യായമായി ഒരാളുടെയും മേല്‍ ആയുധം പ്രയോഗിക്കരുതെന്ന് സൈനത്തിനു നിര്‍ദേശം നല്കി. മക്കക്കാരുടെ സമ്പത്തുകളിലും സ്വത്തുവകകളിലും കൈകടത്തുന്നതിനെ തടഞ്ഞു. ഒരു വീടിനും പോറലേല്‍പ്പിക്കരുതെന്ന് മൊഴിഞ്ഞു. സ്വന്തം വീടിന്റെ വാതിലടച്ചു കഴിയുന്നവര്‍ സുരക്ഷിതരായിരിക്കുമെന്നു പ്രഖ്യാപിച്ചു.
നബി കഅ്ബാമന്ദിരത്തിനടുത്ത് ഇറങ്ങി. കഅ്ബ ത്വവാഫ് ചെയ്തു. കഅ്ബ ശുദ്ധീകരിക്കാന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്കി. മക്കാനിവാസികള്‍ പേടിച്ചുവിറച്ചിരുന്നു. ഒരു കാലത്ത് മക്കക്കാരുടെ മര്‍ദനം സഹിക്കവയ്യാതെ പലായനം ചെയ്തവരാണ് വിജയികളായി തിരിച്ചെത്തിയിരിക്കുന്നത്.
ചത്ത ഒട്ടകത്തിന്റെ കുടല്‍മാല നബിയുടെ കഴുത്തിലിട്ടിട്ടുണ്ട് അവര്‍. നബി നടക്കുന്ന വഴിയില്‍ മുള്ളും ചപ്പുചവറുകളുമിട്ടിട്ടുണ്ട്. നബിയുടെ അനുചരന്മാരെ ചുട്ടുപഴുത്ത മണലില്‍ കിടത്തി കരിങ്കല്ല് നെഞ്ചത്തിട്ട് വലിച്ചുകൊണ്ടുപോയിട്ടുണ്ട്, കല്ലെറിഞ്ഞോടിച്ചിട്ടുണ്ട്, വിവസ്ത്രരാക്കി ഗുഹ്യാവയവത്തില്‍ കുന്തം കയറ്റിയിട്ടുണ്ട്, കുരിശിലേറ്റിയിട്ടുണ്ട്. പ്രതികാരത്തിന്റെ സുവര്‍ണാവസരമാണ് നബിക്കും കൂട്ടര്‍ക്കും അല്ലാഹു നല്‍കിയിരിക്കുന്നത് .
നബി എല്ലാവരെയും വിളിച്ചുകൂട്ടി. ”ഞാന്‍ ഏതു നിലയില്‍ നിങ്ങളോട് വര്‍ത്തിക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹം” എന്ന് അവരോട് ചോദിച്ചു. നല്ലതു മാത്രം പ്രതീക്ഷിക്കുന്നു എന്ന് അവര്‍ മറുപടി പറഞ്ഞു. അവര്‍ക്കങ്ങനെയേ മറുപടി പറയാനാവുമായിരുന്നുള്ളൂ. കാരണം, അത്ര മാത്രം ക്രൂരതകളാണ് അവര്‍ നബിയോടും സംഘത്തോടും ചെയ്തിട്ടുള്ളത്.
വിറച്ചുനിന്നിരുന്നു അവരെ നോക്കി കാരുണ്യത്തിന്റെ നബി പ്രഖ്യാപിച്ചു: ”നിങ്ങളുടെ മേല്‍ യാതൊരു പ്രതികാര നടപടിയുമില്ല. പൊയ്ക്കൊള്ളുക. നിങ്ങള്‍ സ്വതന്ത്രരാണ്.” അവിശ്വസനീയമായ പ്രഖ്യാപനം. ജനങ്ങള്‍ ഇളകി മറിഞ്ഞു. ആളുകള്‍ കൂട്ടംകൂട്ടമായി ഇസ്ലാമിലേക്കൊഴുകി. ഖുറൈശികളുടെ വരവോടെ മറ്റു അറബികളും ഇസ്ലാമിന്റെ തീരത്തേക്കണഞ്ഞു. കാരണം, മക്കാവിജയത്തില്‍ നടന്നത് മക്കയെന്ന നാട് പിടിച്ചടക്കലായിരുന്നില്ല, മക്കക്കാരുടെ ഹൃദയം കീഴടക്കലായിരുന്നു. ഹിജ്റവര്‍ഷം എട്ടിലാണ് മഹത്തായ ഈ വിജയം നടന്നത്.
മക്കാവിജയം
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഫത്ഹ് സൂക്തം 1
1. നിശ്ചയമായും നിനക്കു നാം വ്യക്തമായ വിജയം നല്കിയിരിക്കുന്നു.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നസ്വ്ര് സൂക്തം 1-3
1. അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍;
2. ജനം കൂട്ടംകൂട്ടമായി ദൈവിക മതത്തില്‍ കടന്നുവരുന്നത് നീ കാണുകയും ചെയ്താല്‍;
3. നിന്റെ നാഥനെ നീ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന് പശ്ചാത്താപം സ്വീകരിക്കുന്നവനാണ്.
മക്കാവിജയം
പ്രവാചകന് മക്കാവിജയദിവസം എഴുന്നേറ്റുനിന്നു പറഞ്ഞു ആകാശഭൂമികള്‍ സൃഷ്ടിച്ച അന്നു തന്നെ അല്ലാഹു മക്കയെ പവിത്രമാക്കിയിരിക്കുന്നു. അല്ലാഹു പവിത്രമാക്കിയതു കാരണം അത് അന്ത്യനാള്‍ വരെ പവിത്രമായിരിക്കും. എന്റെ മുമ്പോ ശേഷമോ ഉള്ള ആര്‍ക്കും അവിടെ യുദ്ധം അനുവദനീയമല്ല. കാലത്തില്‍ നിന്നുള്ള ഒരു നാഴികയല്ലാതെ അതില്‍ യുദ്ധം എനിക്ക് അനുവദിക്കപെട്ടിട്ടില്ല. അവിടുത്തെ വേട്ടമൃഗങ്ങളെ തുരത്തിഓടിക്കരുത്, മരങ്ങള്‍ മുറിക്കരുത്, പുല്ല് അരിയരുത്, അവിടെ വീണുകിട്ടിയ വസ്തു നഷ്ടപെട്ടവര്‍ക്കു വിവരം നല്കുന്നവനല്ലാതെ എടുക്കരുത്
( സഹീഹുല്‍ ബുഖാരി )