ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിന്റെ പ്രമാണം ഹദീസ് ആണ്. പ്രവാചകചര്യയുടെ റിപ്പോര്‍ട്ടുകളാണ് ഹദീസ് എന്നു പറയുന്നത്. ഇസ്‌ലാമിക ജീവിതത്തിന്റെ മാതൃകയും ഖുര്‍ആന്റെ വിശദീകരണവുമാണ് മുഹമ്മദ് നബിയുടെ ജീവിതം. അതിനാല്‍ അനുയായികള്‍ നബിയുടെ ജീവിതം സൂക്ഷ്മമായി രേഖപ്പെടുത്തിവെക്കുകയും പിന്തുടരുകയും ചെയ്തു. നബിയുടെ വാക്കുകളുടെയും പ്രവൃത്തികളുടെയും ആകെത്തുകയാണ് ഹദീസ് എന്നു പറയാം. നബിയുടെ അരുതുകളും അനുവാദങ്ങളും മാത്രമല്ല, മൗനങ്ങള്‍ പോലും ഇപ്രകാരം പ്രമാണങ്ങളായി വരുന്നതിനാല്‍ ഹദീസുകളായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
നബിയുടെ കാലത്ത് നബിവചനങ്ങള്‍ വാമൊഴിയായി പ്രചരിക്കുകയായിരുന്നു. നബിയുടെ മരണശേഷം ഹദീസുകള്‍ ഗ്രന്ഥരൂപത്തില്‍ ആദ്യമായി സമാഹരിച്ചത് ഇമാം മാലിക് ആണ്. ഹദീസ് കൈവശമുള്ളവരുടെ ജീവിതരീതികള്‍, വിശ്വാസാചാരങ്ങള്‍, ബുദ്ധിശക്തി, ഓര്‍മശക്തി, ധാര്‍മികനിലവാരം, സത്യസന്ധത എന്നിവയൊക്കെ സൂക്ഷ്മമായി പഠിച്ച് സ്വീകാര്യത ബോധ്യമായ നിവേദകരില്‍നിന്നു മാത്രമാണ് പണ്ഡിതന്മാര്‍ ഹദീസ് ശേഖരിച്ചിരുന്നത്. ഈ രൂപത്തില്‍ ശേഖരിച്ച ഹദീസ് സമാഹാരങ്ങളാണ് ‘സ്വീകാര്യമായ ഹദീസുകളടങ്ങിയ ആറു ഗ്രന്ഥങ്ങള്‍ (സ്വിഹാഹുസ്സിത്ത) എന്നറിയപ്പെടുന്നത്. സ്വിഹാഹുസ്സിത്തയില്‍ ഏറ്റവും പ്രമാണികയോഗ്യമായത് സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹുമുസ്‌ലിമുമാണ്. ചരിത്രത്തില്‍ തുല്യതയില്ലാത്ത ത്യാഗപരിശ്രമങ്ങളിലൂടെ ശേഖരിച്ച ലക്ഷക്കണക്കിന് ഹദീസുകളില്‍നിന്ന് വിശ്വാസയോഗ്യമായവ തിരഞ്ഞെടുത്തുവെന്നതാണ് ഈ രണ്ടു ഹദീസ് ഗ്രന്ഥങ്ങളെയും മഹത്തരമാക്കിയത്. ഉസ്‌ബെക്കിസ്താനിലെ ബുഖാറ എന്ന നഗരത്തിലാണ് ഇമാം ബുഖാരി ജനിച്ചത്. ഇറാനിലെ നൈസാബൂരിലാണ് ഇമാം മുസ്‌ലിം ജനിച്ചത്. സ്വിഹാഹുസ്സിത്തയിലെ മറ്റു നാലു ഹദീസ് സമാഹാരങ്ങളുടെ കര്‍ത്താക്കള്‍ ഇമാം അബൂദാവൂദ്, ഇമാം തിര്‍മിദി, ഇമാം നസാഈ, ഇമാം ഇബ്‌നു മാജ എന്നിവരാണ്. ഈ നാലു ഗ്രന്ഥങ്ങള്‍ക്ക് സുനനുല്‍ അര്‍ബഅ (നാല് ഹദീസ് സമാഹാരങ്ങള്‍) എന്നു പറയുന്നു.
ഹദീസുകളിലൂടെ രൂപപ്പെടുന്ന നബിയുടെ ജീവിതചര്യയുടെ സാകല്യമാണ് സുന്നത്ത് എന്നു പറയുന്നത്. ഖുര്‍ആനിലൂടെയല്ലാതെ ചില കാര്യങ്ങളില്‍ അല്ലാഹു മുഹമ്മദ് നബിയിലൂടെ അറിയിക്കാറുണ്ട്. ”അല്ലാഹു പറഞ്ഞിരിക്കുന്നു……” എന്ന ആമുഖത്തോടെയായിരിക്കും ഇത്തരം വാക്യങ്ങള്‍ മുഹമ്മദ് നബി പറയുക. ഇവയും ഹദീസുകളിലാണ് ഉള്‍പ്പെടുന്നതെങ്കിലും പ്രത്യേകപരിഗണന ഇവയ്ക്ക് കല്പിച്ചുപോരുന്നു. ‘ഖുദ്‌സിയായ ഹദീസ്’ എന്ന പേരിലാണ് ഇത്തരം ഹദീസുകള്‍ അറിയപ്പെടുന്നത്.
ഹദീസ്
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം മുഹമ്മദ് സൂക്തം 33
33. വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. ദൈവദൂതനെയും അനുസരിക്കുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിങ്ങള്‍ പാഴാക്കരുത്.