വിശുദ്ധ ഖുര്‍ആന്‍ മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമാണ്. അത് പൂര്ണാര്ഥത്തിലൊരു ശാസ്ത്രഗ്രന്ഥമോ ചരിത്രഗ്രന്ഥമോ അല്ല. അതേ സമയം അതില്‍ ശാസ്ത്രവും ചരിത്രവും സാഹിത്യവുമൊക്കെ ഉള്‍ച്ചേരുന്നു. അതോടൊപ്പം മനുഷ്യന്റെ ബുദ്ധിയെയും ചിന്തയെയും ഉണര്‍ത്താന്‍ ചുറ്റുപാടുകളിലുള്ള പ്രതിഭാസങ്ങളെ കുറിച്ചു ചിന്തിക്കാനാവശ്യപ്പെടുന്നു. പ്രാപഞ്ചികപ്രതിഭാസങ്ങളെ കുറിച്ചുള്ള അന്വേഷണവും പഠനവുമെല്ലാമാണ് ശാസ്ത്രമെങ്കില്‍ ആ ശാസ്ത്രാന്വേഷണം ഖുര്‍ആനിന്റെ ആഹ്വാനത്തിന്റെ ഭാഗം കൂടിയാണെന്ന് നമുക്ക് കാണാനാവും. ശാസ്ത്രവും ഖുര്‍ആനും ഒരിക്കലും വൈരുദ്ധ്യമായി സഞ്ചരിക്കുന്നില്ല. ഈ പ്രപഞ്ചസ്രഷ്ടാവ് ആരാണോ ആ സ്രഷ്ടാവുതന്നെയാണ് വിശുദ്ധ ഖുര്‍ആനും അവതരിപ്പിച്ചിരിക്കുന്നത്. രണ്ടിന്റെയും സ്രോതസ്സ് ഒന്നാണ്. ഖുര്‍ആനിലൂടെയും ശാസ്ത്രത്തിലൂടെയുമുള്ള നമ്മുടെ സഞ്ചാരം ഇക്കാര്യം നമ്മെ തീര്‍ച്ചയായും പഠിപ്പിക്കും.
ദൈവികദൃഷ്ടാന്തങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമായ രണ്ട് പുസ്തകങ്ങള്‍ ദൈവം മനുഷ്യനുമ്പില് സമര്‍പ്പിച്ചിരിക്കുന്നു. ഒന്ന് ഖുര്‍ആന്‍ ആണെങ്കില്‍ മറ്റൊന്ന് പ്രപഞ്ചമാകുന്ന പുസ്തകമാണ്. രണ്ടിനെ കുറിച്ചും ചിന്തിക്കാനും ദൈവത്തെ അതിലൂടെ കൂടുതല്‍ അറിയാനും ദൈവം ആവശ്യപ്പെടുന്നു. ഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക് അറബിയില്‍ ‘ആയത്ത്’എന്നാണ് ഉപയോഗിക്കുന്നത്. അതേ വാക്കുതന്നെയാണ് പ്രാപഞ്ചികദൃഷ്ടാന്തങ്ങളെ കുറിച്ച് സൂചിപ്പിക്കാനും ഉപയോഗിക്കുന്നത്. ദൃഷ്ടാന്തം, അടയാളം എന്നെല്ലാമാണ് ‘ആയത്ത്’ എന്ന വാക്കിനര്‍ഥം. അഥവാ വിശുദ്ധ ഖുര്‍ആന്‍ ദൈവത്തെ അറിയാനുള്ള ചൂണ്ടുപലകയാണെങ്കില്‍ അതേ ദൈവത്തിലേക്കുള്ള ചൂണ്ടുപലകകള്‍ തന്നെയാണ് നമുക്ക് ചുറ്റും കാണുന്ന മുഴുവന്‍ ദൃഷ്ടാന്തങ്ങളും.
പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെകുറിച്ചുള്ള അന്വേഷണത്തിനാണല്ലോ ശാസ്ത്രം (രെശലിരല) എന്നു പറയുന്നത്. ശാസ്ത്രം മനുഷ്യന്റെ അന്വേഷണയാത്രയാണ്. ലോകാവസാനം വരെയുള്ള മനുഷ്യന് തന്റെ ബുദ്ധിയും ചിന്തയും അനുഭവങ്ങളും നിഗമനങ്ങളും കണ്ടെത്തലുകളും ഉപയോഗിച്ച് വികസിപ്പിച്ചു കൊണ്ടിരിക്കുന്ന മേഖലയാണത്. അതുകൊണ്ട് അത്തരത്തിലുള്ള ഒരു ശാസ്ത്രഗ്രന്ഥമല്ല വിശുദ്ധ ഖുര്‍ആന്‍. പകരം അതിന് സൂചനാഗ്രന്ഥം എന്നു വിളിക്കാം.
പ്രപഞ്ചദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒട്ടേറെ സൂക്തങ്ങള്‍ ഖുര്‍ആനില്‍ കാണാം. അതാവട്ടെ ഒരു സമയം ആധുനിക ശാസ്ത്രത്തിലെ സ്ഥിരപ്പെട്ട സത്യങ്ങളോട് വൈരുദ്ധ്യമായിത്തീരുന്നില്ല. പരസ്പരം യോജിച്ചു പോവുകയും ചെയ്യുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ് മുതല്‍ മനുഷ്യന്റെ ഭ്രൂണാവസ്ഥയിലുള്ള വളര്‍ച്ചയുടെ സൂക്ഷ്മമായ ഘട്ടങ്ങള്‍വരെ കൃത്യമായി ഖുര്‍ആനിലൂടെ സൂചിപ്പിക്കുന്നുണ്ട്. ആകാശത്തെപ്പറ്റിയുംും ഭൂമിയെപ്പറ്റിയും പര്‍വതങ്ങളെപ്പറ്റിയും ഒട്ടകങ്ങളെപ്പറ്റിയും അല്ലാഹു ഖുര്‍ആനിലൂടെ ചിന്തിക്കാനാവശ്യപ്പെടുന്നു. കൃത്യമായി സഞ്ചരിക്കൂന്ന ഈ ബൃഹത് പ്രപഞ്ചത്തിലെ ഗോളങ്ങളുടെ സഞ്ചാരപഥം മുതല്‍ മനുഷ്യര്‍ക്ക് അറിയാവുന്നതും അറിയാത്തതുമായ സകല പദാര്‍ഥങ്ങളെയും വരെ വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു.
ആധൂനിക ശാസ്ത്രം വികസിച്ചു വരാത്ത ഒരു കാലഘട്ടത്തില്‍ നിന്നു കൊണ്ടാണ് ഖുര്‍ആന്‍ ഇക്കാര്യം സംസാരിക്കുന്നുവെന്നത് അത്ഭുതകരമാണ്. ഒട്ടേറെ അബദ്ധധാരണകളും അന്ധവിശ്വാസങ്ങളും നിലനിന്നിരുന്ന, ആറാം നൂറ്റാണ്ടിലെ ഒരു മരൂഭൂമിയില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി വളര്‍ന്ന ആട്ടിടയനും കച്ചവടക്കാരനുമായിരുന്ന ഒരു വ്യക്തിക്ക് എങ്ങനെ ഇതിനെ കുറിച്ച് ആധികാരികമായി സംസാരിക്കനാവും എന്നത് ആരെയും അത്ഭുതപ്പെടുന്ന കാര്യമല്ലേ. സ്ഥിരപ്പെട്ട ഒരു ശാസ്ത്രതത്ത്വവും ഖുര്‍ആനുമായി ഇടഞ്ഞു നില്ക്കുന്നില്ല. മാത്രമല്ല പല ശാസ്ത്രസത്യങ്ങളെയും ഖുര്‍ആന്‍ അംഗീകരിക്കുകയും ചെയ്യുന്നു. ഇനിയും ശാസ്ത്രലോകത്ത് സ്ഥിരീകണം ആവശ്യമുള്ള കാര്യങ്ങളിലേക്കുകൂടി ഖുര്‍ആന്‍ മനുഷ്യനെ ചിന്തിപ്പിച്ചുകൊണ്ടിക്കുന്നു.
ശാസ്ത്രസൂചനകള്കൊണ്ട് ഖുര്‍ആന്‍ ലക്ഷ്യം വെച്ചത് എന്താണ്? പ്രാപഞ്ചികദൃഷ്ടാന്തങ്ങളെ കുറിച്ച് ഖുര്‍ആനില്‍ ഇത്രക്കും വിശദമായി സംസാരിക്കുന്നത് എന്തിനാണ്? മൂന്ന് ലക്ഷ്യങ്ങള്‍ അതിനു പിന്നില്‍ കാണാവുന്നതാണ്.
1. സ്രഷ്ടാവിനെ കണ്ടെത്താന്‍
ഈ അനന്തവിശാലമായ പ്രപഞ്ചം വെറുതെ ഉണ്ടായിവന്നതല്ലെന്നും അതിന് പിന്നിലെല്ലാം കൃത്യമായ ആസൂത്രണവും ആലോചനയും ലക്ഷ്യനിര്‍ണയവും നടന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അതിന് പിന്നില്‍ ഒരു അസ്തിത്വം ഉണ്ടെന്നും അവ നിരന്തരം നമ്മെ ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കുന്നു.
2. ഖുര്‍ആനിന്റെ ദൈവികത.
ഈ വേദ ഗ്രന്ഥവുമായി കടന്നു വന്ന മുഹമ്മദ് തന്റെ എന്തെങ്കിലും താല്പര്യത്തിന് വേണ്ടി സ്വന്തം ഇഷ്ടപ്രകാം എഴുതിയ ഒന്നല്ല ഖുര്‍ആന്‍ എന്ന് ബോധ്യമാക്കാന്‍. ഖുര്‍ആന്‍ ഒരു മാനുഷിക സൃഷ്ടിയായിരുന്നുവെങ്കിലും സ്വാഭാവികമായും അത് പ്രസിദ്ധീകരിച്ച കാലത്തെ അബന്ധ സങ്കല്പങ്ങള് അതില്‍ തീര്‍ച്ചയായും കാണണമായിരുന്നു പക്ഷെ അങ്ങിനെയൊന്നു കണ്ടെത്താനായില്ല എന്ന്ത് തന്നെ ഈ സന്ദേശം കൊണ്ടു വന്ന മുഹമ്മദ് പ്രവാചകനാണെന്നും ഈ ഗ്രന്ഥം ദൈവികമാണെന്നും നമ്മെ വീണ്ടും വീണ്ടും ഉണര്‍ത്തുന്നു.
3. അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കാന്‍
ദൈവം മനുഷ്യര്‍ക്ക് നല്കിയ അനേകം കോടി അനുഗ്രഹങ്ങളെ കുറിച്ച് ഖുര്‍ആന്‍ അനുസ്മരിക്കുന്നുണ്ട്. അവയെല്ലാം നിങ്ങള്‍ ഏതേത് സാങ്കേതിക വിദ്യ ഉപയോഗിച്ചു തന്നെയായാലും നിങ്ങള്‍ക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുകയില്ലെന്നും ഖുര്‍ആന്‍ പറയുന്നു. ഭൂമി, ആകാശം, മഴ, കാറ്റ് , മിന്നല്‍, സസ്യങ്ങള്‍, ജീവജാലങ്ങള്‍, പര്‍വ്വതങ്ങള്‍, സമുദ്രങ്ങള്‍, അന്തരീക്ഷം എന്ന് തുടങ്ങി അനേകം മേഖലകളെ കുറിച്ച് കുറിച്ച് ചിന്തിക്കുവാന്‍ കൂടി ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അതിലൂടെ സ്രഷ്ടാവായ ദൈവത്തിനെ സ്തുതിക്കുവാനും നന്ദിയുള്ളവരാവാനും വേണ്ടയാണ് ഇപ്രകാരം വിവരിക്കുന്നത്.
4. പരലോക ചിന്തയെ ഉണര്‍ത്താന്‍
ഇത്രയും കൃത്യമായി പ്രപഞ്ചത്തെയും അതിസൂഷ്മമായി മനുഷ്യനെയും മനുഷ്യന്രെ വിരലടയാളം വരെ കണിശമായും സൃഷ്ടിക്കുവാന്‍ ദൈവത്തിന് സാധിക്കുമെങ്കില്‍ എന്തു കൊണ്ട് മരിച്ചു മണ്മറഞ്ഞാലും ദൈവത്തിന് പുനസൃഷ്ടി സാധ്യമാകില്ല? വറ്റി വരണ്ടുണങ്ങിയ ഭൂമിയില്‍ തെളിനീരിറങ്ങുന്നതോടെ മൃതമായി കിടക്കുന്ന ഭൂമി സജീവമാകുന്നതിനെ ഉദാഹരിച്ചു കൊണ്ട് ഖുര്‍ആന്‍ ചിന്തിക്കാന്‍ ആവശ്യപ്പെടുന്നത് എന്തു കൊണ്ട് ദൈവത്തിന് പുന സൃഷ്ടി സാധ്യമല്ലെന്നതാണ്. നിങ്ങളെ സൃഷ്ടിക്കുന്നതാണോ അതല്ല ഈ അണ്ഡകടാഹം സൃഷ്ടിക്കുന്നതാണോ കൂടുതല്‍ പ്രയാസം എന്ന ഖുര്‍ആനിന്റെ ചോദ്യം ഇവിടെയാണ് പ്രസക്തമാവുന്നത്. അതെ ഖുര്‍ആനിലെ പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലൂടെ മനുഷ്യന്രെ പരലോകത്തെ കുറിച്ചു പുനസൃഷ്ടിയെ കുറിച്ചു കൂടി ചിന്തിപ്പിക്കാന്‍ അത് പ്രേരണ നല്കുന്നു.
കേവലം ശാസ്ത്ര നിഗമനങ്ങളെയോ അബന്ധ ശാസ്ത്രങ്ങളെയോ ഖുര്‍ആന്‍ പിന്തുണക്കുന്നില്ല. കാരണം ശാസ്ത്രം കാലാധിവര്ത്തിയല്ല. കഴിഞ്ഞ നൂറ്റാണ്ടിലെ ശാസ്ത്രം ഇന്ന് തിരുത്തപ്പെടാം. ഇന്നത്തെ ശാസ്ത്രം നാളെ മാറ്റത്തിന് വിധേയമാകാം. എന്നാല്‍ ദൈവിക ഗ്രന്ഥം മാറ്റത്തിന് വിധേയമല്ല. അതു കൊണ്ട് ഏതെങ്കിലും ശാസ്ത്ര നിഗമനത്തിന്റെ പേരില്‍ ഖുര്‍ആന്‍ ചോദ്യം ചെയ്യപ്പെടുന്നതിലോ ഖുര്‍ആനിലെ ഏതെങ്കിലും വചനങ്ങള്‍ കൊണ്ട് ശാസ്ത്ര നിഗമനങ്ങെളെ വ്യാഖ്യാനിച്ചൊപ്പിക്കേണ്ടതോ ഇല്ല. അതു ശാസ്ത്രം കണ്ടു പിടിക്കുന്നതെല്ലാം ഖുര്‍ആനിലുണ്ടെന്ന് പറയുന്നതിനപ്പുറം പുതിയ ശാ്സ്ത്ര നിരീക്ഷണങ്ങള്‍ക്ക് ദിശാബോധം നല്കാന് ഖുര്‍ആനിലൂടെ സാധിക്കേണ്ടതുണ്ട്.
നൂറ്റാണ്ടുകളോളം ശാസ്ത്രലോകം ഖുര്‍ആനിന്റെ വക്താക്കളുടെ പൈതൃക സ്വത്തായിരുന്ന കാലത്ത് ഈ ദിശാബോധം ലഭിക്കാനായിരുന്നു. ആ ദിശാ ബോധം നഷ്ടപ്പെട്ടപ്പോഴാണ് മനുഷ്യവിരുദ്ധ ദൈവനിഷേധവും ഉള്‍ച്ചേര്‍ന്ന് പടിഞ്ഞാറന്‍ ശാസ്ത്രം വികസിച്ചു വന്നത്. അതു കൊണ്ട് ശാസ്ത്രവും സാങ്കേതികവിദ്യകളും മാനവിരുദ്ധമാവാതിരിക്കാന് നമുക്ക് സാധിക്കേണ്ടതുണ്ട്. ഖുര്ആനികാടിത്തറയിലുള്ള ശാസ്ത്രാവബോധത്തിലൂടെ മാത്രമേ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും പൂര്‍ണ്ണാര്‍ഥത്തില്‍ പ്രകതിയോടും മനുഷ്യനോടും ഇണങ്ങുന്ന സംവിധാനങ്ങളാക്കി മാറ്റാന്‍ സാധിക്കുകയുള്ളൂ.
ഖുര്‍ആനും ശാസ്ത്രവും
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്അമ്പിയാഅ്് സൂക്തം 30
30. ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. എന്നിട്ട് നാമവയെ വേര്‍പെടുത്തി. വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ? അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ?
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍മുഅ്മിനൂന്‍ സൂക്തം 13-14
13. പിന്നെ നാമവനെ ബീജകണമാക്കി ഭദ്രമായ ഒരിടത്ത് സ്ഥാപിച്ചു.
14. അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി. പിന്നീട് ഭ്രൂണത്തെ മാംസക്കട്ടയാക്കി. അതിനുശേഷം മാംസത്തെ എല്ലുകളാക്കി. എല്ലുകളെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു. ഏറ്റം നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നബഅ് സൂക്തം 6-7
6. ഭൂമിയെ നാം മെത്തയാക്കിയില്ലേ?
7. മലകളെ ആണികളും?
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അര്‍റഅ്ദ് സൂക്തം 3
3. അവനാണ് ഈ ഭൂമിയെ വിശാലമാക്കിയത്. അവനതില്‍ നീങ്ങിപ്പോകാത്ത പര്‍വതങ്ങളുണ്ടാക്കി; നദികളും. അവന് തന്നെ എല്ലാ പഴങ്ങളിലും ഈരണ്ട് ഇണകളെ സൃഷ്ടിച്ചു. അവന് രാവ് കൊണ്ട് പകലിനെ മൂടുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും അടയാളങ്ങളുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നഹ്ല്് സൂക്തം 66
66. നിശ്ചയമായും കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ വയറ്റിലുള്ളതില്‍ നിന്ന്, ചാണകത്തിനും ചോരക്കുമിടയില്‍നിന്ന് നിങ്ങളെ നാം ശുദ്ധമായ പാല് കുടിപ്പിക്കുന്നു. കുടിക്കുന്നവര്‍ക്കെല്ലാം ആനന്ദദായകമാണത്.