ആയത്തുല്‍ ഖുര്‍സി
(ഖുര്‍സി എന്നാല്‍ സിംഹാസനം എന്നാണ് അര്‍ഥം. പ്രപഞ്ചമാകെ വേരാഴ്ത്തിനില്‍ക്കുന്ന സര്‍വശക്തനായ രാജാധിരാജന്റെ അധികാരപ്രഖ്യാപനമെന്ന് ഈ ആയത്തിനെ (സൂക്തത്തെ) വിശേഷിപ്പിക്കാം.)
അല്ലാഹു; അവനല്ലാതെ ദൈവമില്ല.
അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍;
എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍;
മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല.
ആകാശഭൂമികളിലുള്ളതൊക്കെയും അവന്റേതാണ്.
അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്?
അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവനറിയുന്നു.
അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്കൊന്നും
അറിയാന്‍ സാധ്യവുമല്ല.
അവന്റെ ആധിപത്യം ആകാശഭൂമികളെയാകെ ഉള്‍ക്കൊണ്ടിരിക്കുന്നു.
അവയുടെ സംരക്ഷണം അവന്നൊട്ടും ഭാരമാവുന്നില്ല.
അവന്‍ അത്യുന്നതനും മഹാനുമാണ്.
(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ ബഖറ, സൂക്തം: 255)
വിശ്വാസികളുടെ പ്രഖ്യാപനം
ദൈവദൂതന്‍ തന്റെ നാഥനില്‍ നിന്ന് തനിക്ക് ഇറക്കിക്കിട്ടിയതില്‍ വിശ്വസിച്ചിരിക്കുന്നു.
അതുപോലെ സത്യവിശ്വാസികളും.
അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദപുസ്തകങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു.
‘ദൈവദൂതന്മാരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ലെ’ന്ന് അവര്‍ സമ്മതിക്കുന്നു.
അവരിങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു:
”ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു.
ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ മാപ്പേകണമേ. നിന്നിലേക്കാണല്ലോ മടക്കം.”
(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ ബഖറ, സൂക്തം: 285)
വിസ്മയപ്രപഞ്ചം
ആകാശഭൂമികളുടെ സൃഷ്ടിയിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുന്നവരാണവര്‍;
ആകാശഭൂമികളുടെ സൃഷ്ടിയെപ്പറ്റി ചിന്തിക്കുന്നവരും.
അവര്‍ സ്വയം പറയും: ”ഞങ്ങളുടെ നാഥാ! നീ ഇതൊന്നും വെറുതെ സൃഷ്ടിച്ചതല്ല.
നീയെത്ര പരിശുദ്ധന്‍! അതിനാല്‍ നീ ഞങ്ങളെ നരകത്തീയില്‍നിന്ന് കാത്തുരക്ഷിക്കേണമേ.
”ഞങ്ങളുടെ നാഥാ, നീ ആരെയെങ്കിലും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നീ നിന്ദിച്ചതു തന്നെ. അക്രമികള്‍ക്ക് സഹായികളായി ആരുമുണ്ടാവുകയില്ല.
”ഞങ്ങളുടെ നാഥാ! സത്യവിശ്വാസത്തിലേക്കു ക്ഷണിക്കുന്ന ഒരു വിളിയാളന്‍ ‘നിങ്ങള്‍ നിങ്ങളുടെ നാഥനില്‍ വിശ്വസിക്കുവിന്‍’ എന്നു വിളംബരംചെയ്യുന്നത് ഞങ്ങള്‍ കേട്ടു.
അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചു. ഞങ്ങളുടെ നാഥാ! അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ നീ പൊറുത്തുതരേണമേ.
ഞങ്ങളുടെ തിന്മകളെ മായ്ച്ചുകളയുകയും സല്‍ക്കര്‍മികളോടൊപ്പം ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ!
”ഞങ്ങളുടെ നാഥാ; നിന്റെ ദൂതന്മാരിലൂടെ നീ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതൊക്കെയും
ഞങ്ങള്‍ക്കു നല്‍കേണമേ. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ ഞങ്ങളെ നീ നിന്ദിക്കരുതേ.
നിശ്ചയമായും നീ വാഗ്ദാനംലംഘിക്കുകയില്ല.”
അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്കുത്തരമേകി: ”പുരുഷനായാലും സ്ത്രീയായാലും
നിങ്ങളിലാരുടെയും പ്രവര്‍ത്തനത്തെ ഞാന്‍ പാഴാക്കുകയില്ല.
നിങ്ങളിലൊരു വിഭാഗം മറുവിഭാഗത്തില്‍ നിന്നുണ്ടായവരാണ്.
അതിനാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ നാട് വെടിഞ്ഞവര്‍;
സ്വന്തം വീടുകളില്‍നിന്ന് പുറന്തള്ളപ്പെട്ടവര്‍;
എന്റെ മാര്‍ഗത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍;
യുദ്ധത്തിലേര്‍പ്പെടുകയും വധിക്കപ്പെടുകയും ചെയ്തവര്‍- എല്ലാവരുടെയും തിന്മകളെ നാം
മായ്ച്ചില്ലാതാക്കും; തീര്‍ച്ച.
താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നാമവരെ പ്രവേശിപ്പിക്കും.
ഇതൊക്കെയും അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമാണ്.
അല്ലാഹുവിന്റെയടുത്ത് മാത്രമാണ് ഉത്തമമായ പ്രതിഫലമുള്ളത്.”
(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: ആലു ഇംറാന്‍, സൂക്തം: 190-195)
പരമകാരുണികന്റെ ദാസന്മാര്‍
പരമകാരുണികനായ അല്ലാഹുവിന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്.
അവിവേകികള്‍ വാദകോലാഹലത്തിനുവന്നാല്‍ ‘നിങ്ങള്‍ക്കു സമാധാനം’ എന്നുമാത്രം
പറഞ്ഞൊഴിയുന്നവരാണവര്‍;
സാഷ്ടാംഗം പ്രണമിച്ചും നിന്ന് പ്രാര്‍ഥിച്ചും തങ്ങളുടെ നാഥന്റെ മുമ്പില്‍ രാത്രി
കഴിച്ചുകൂട്ടുന്നവരും.
അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: ”ഞങ്ങളുടെ നാഥാ, ഞങ്ങളില്‍നിന്ന് നീ നരകശിക്ഷയെ
തട്ടിനീക്കേണമേ തീര്‍ച്ചയായും അതിന്റെ ശിക്ഷ വിട്ടൊഴിയാത്തതുതന്നെ.”
അത് ഏറ്റം ചീത്തയായ താവളവും മോശമായ പാര്‍പ്പിടവുമത്രെ.
ചെലവഴിക്കുമ്പോള്‍ അവര്‍ പരിധിവിടുകയില്ല. പിശുക്കുകാട്ടുകയുമില്ല.
രണ്ടിനുമിടയ്ക്ക് മിതമാര്‍ഗം സ്വീകരിക്കുന്നവരാണവര്‍.
അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചുപ്രാര്‍ഥിക്കാത്തവരുമാണവര്‍.
അല്ലാഹു ആദരണീയമാക്കിയ ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിക്കാത്തവരും.
വ്യഭിചരിക്കാത്തവരുമാണ്.
ഇക്കാര്യങ്ങള്‍ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ അവന്‍ അതിന്റെ പാപഫലം
അനുഭവിക്കുകതന്നെ ചെയ്യും.
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന് ഇരട്ടി ശിക്ഷ കിട്ടും.
അവനതില്‍ നിന്ദിതനായി എന്നെന്നും കഴിയേണ്ടിവരും.
പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും
ചെയ്തവരൊഴികെ.
അത്തരക്കാരുടെ തിന്മകള്‍ അല്ലാഹു നന്മകളാക്കി മാറ്റും.
അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
ആരെങ്കിലും പശ്ചാത്തപിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ അവന്‍
അല്ലാഹുവിങ്കലേക്ക് യഥാവിധി മടങ്ങിച്ചെല്ലുകയാണ് ചെയ്യുന്നത്.
കള്ളസാക്ഷ്യം പറയാത്തവരാണവര്‍. അനാവശ്യം നടക്കുന്നിടത്തൂടെ പോകേണ്ടിവന്നാല്‍
അതിലിടപെടാതെ മാന്യമായി കടന്നുപോകുന്നവരും.
തങ്ങളുടെ നാഥന്റെ വചനങ്ങളിലൂടെ ഉദ്‌ബോധനം നല്‍കിയാല്‍ ബധിരരും അന്ധരുമായി
അതിന്മേല്‍ വീഴാത്തവരും.
അവരിങ്ങനെ പ്രാര്‍ഥിക്കുന്നവരുമാണ്: ”ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍നിന്നും
സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്‍കേണമേ. ഭക്തിപുലര്‍ത്തുന്നവര്‍ക്ക്
ഞങ്ങളെ നീ മാതൃകയാക്കേണമേ.”
അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ സ്വര്‍ഗത്തിലെ ഉന്നതസ്ഥാനങ്ങള്‍ പ്രതിഫലമായി നല്‍കും.
അഭിവാദ്യത്തോടെയും സമാധാനാശംസകളോടെയുമാണ് അവരെയവിടെ സ്വീകരിക്കുക.
അവരവിടെ നിത്യവാസികളായിരിക്കും. എത്ര നല്ല താവളം! എത്ര നല്ല വാസസ്ഥലം!
പറയുക: നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ നാഥന്‍ നിങ്ങളെ ഒട്ടും പരിഗണിക്കുകയില്ല.
നിങ്ങള്‍ അവനെ നിഷേധിച്ചുതള്ളിയിരിക്കയാണല്ലോ.
അതിനാല്‍ അതിനുള്ള ശിക്ഷ അടുത്തുതന്നെ അനിവാര്യമായും ഉണ്ടാകും.
(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ ഫുര്‍ഖാന്‍, സൂക്തം: 63-77)
നാഥന്റെ കല്‍പ്പന
നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു:
നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്.
മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക.
അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് ‘ഛെ’ എന്നുപോലും പറയരുത്.
പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക.
കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക.
അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക: ”എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ
പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.”
നിങ്ങളുടെ നാഥന്‍ നിങ്ങളുടെ മനസ്സിലുള്ളത് നന്നായറിയുന്നവനാണ്.
നിങ്ങള്‍ സല്‍ക്കര്‍മികളാവുകയാണെങ്കില്‍ നിശ്ചയമായും ഖേദിച്ച് സത്യത്തിലേക്ക്
തിരിച്ചുവരുന്നവര്‍ക്ക് അവന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനാണ്.
അടുത്ത കുടുംബക്കാരന്ന് അവന്റെ അവകാശം കൊടുക്കുക.
അഗതിക്കും വഴിപോക്കന്നുമുള്ളത് അവര്‍ക്കും. എന്നാല്‍ ധൂര്‍ത്തടിക്കരുത്. നിശ്ചയം
ധൂര്‍ത്തന്മാര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു.
പിശാചോ തന്റെ നാഥനോട് നന്ദികെട്ടവനും. നിന്റെ നാഥനില്‍ നിന്ന് നീയാഗ്രഹിക്കുന്ന
അനുഗ്രഹം പ്രതീക്ഷിച്ച് നിനക്ക് അവരുടെ ആവശ്യം അവഗണിക്കേണ്ടിവന്നാല്‍ നീ അവരോട്
സൗമ്യമായി ആശ്വാസവാക്കു പറയണം.
നിന്റെ കൈ നീ പിരടിയില്‍ കെട്ടിവെക്കരുത്.
അതിനെ മുഴുവനായി നിവര്‍ത്തിയിടുകയുമരുത്.
അങ്ങനെ ചെയ്താല്‍ നീ ആക്ഷേപിക്കപ്പെട്ടവനും നഷ്ടപ്പെട്ടവനുമായിത്തീരും.
നിന്റെ നാഥന്‍ അവനിച്ഛിക്കുന്നവര്‍ക്ക് ജീവിതവിഭവം ധാരാളമായി നല്‍കുന്നു.
മറ്റു ചിലര്‍ക്ക് അതില്‍ കുറവ് വരുത്തുകയും ചെയ്യുന്നു.
അവന്‍ തന്റെ ദാസന്മാരെ നന്നായറിയുന്നവനും കാണുന്നവനുമാണ്.
പട്ടിണി പേടിച്ച് നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്.
അവര്‍ക്കും നിങ്ങള്‍ക്കും അന്നം നല്‍കുന്നത് നാമാണ്.
അവരെ കൊല്ലുന്നത് കൊടിയകുറ്റം തന്നെ.
നിങ്ങള്‍ വ്യഭിചാരത്തോടടുക്കുകപോലുമരുത്. അത് നീചമാണ്.
ഹീനമായ മാര്‍ഗവും.
അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്.
ആരെങ്കിലും അന്യായമായി വധിക്കപ്പെട്ടാല്‍ അവന്റെ അവകാശികള്‍ക്കു നാം പ്രതിക്രിയക്ക്
അധികാരം നല്‍കിയിരിക്കുന്നു.
എന്നാല്‍, അവന്‍ കൊലയില്‍ അതിരുകവിയരുത്.
തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു.
അനാഥന്റെ ധനത്തോട് നിങ്ങളടുക്കാതിരിക്കുക; ഏറ്റം നല്ല നിലയിലല്ലാതെ.
അവന്‍ കാര്യവിവരമുള്ളവനാകും വരെ.
നിങ്ങള്‍ കരാര്‍ പാലിക്കുക.
കരാറിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടും; തീര്‍ച്ച.
നിങ്ങള്‍ അളന്നുകൊടുക്കുമ്പോള്‍ അളവില്‍ തികവ് വരുത്തുക.
കൃത്യതയുള്ള തുലാസ്സുകൊണ്ട് തൂക്കിക്കൊടുക്കുക.
അതാണ് ഏറ്റം നല്ലത്.
അന്ത്യഫലം ഏറ്റം മികച്ചതാകാനുള്ള വഴിയും അതു തന്നെ.
നിനക്കറിയാത്തവയെ നീ പിന്‍പറ്റരുത്.
കാതും കണ്ണും മനസ്സുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നവതന്നെ.
നീ ഭൂമിയില്‍ അഹങ്കരിച്ചുനടക്കരുത്.
ഭൂമിയെ പിളര്‍ക്കാനൊന്നും നിനക്കാവില്ല.
പര്‍വതങ്ങളോളം പൊക്കംവെക്കാനും നിനക്കാവില്ല; ഉറപ്പ്.
ഇവയിലെ മോശമായവയെല്ലാം നിന്റെ നാഥന്‍ വെറുത്തകറ്റിയവയാണ്.
(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ ഇസ്‌റാഅ്, സൂക്തം: 23-38)
ഭയപ്പെടേണ്ട, വ്യസനിക്കേണ്ട
‘ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെ’ന്ന് പ്രഖ്യാപിക്കുകയും പിന്നെ അതിലടിയുറച്ചു
നില്‍ക്കുകയും ചെയ്തവരുടെ
അടുത്ത് തീര്‍ച്ചയായും മലക്കുകളിറങ്ങിവന്ന് ഇങ്ങനെ പറയും:
”നിങ്ങള്‍ ഭയപ്പെടേണ്ട. ദുഃഖിക്കേണ്ട.
നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത
സ്വര്‍ഗത്തെ സംബന്ധിച്ച ശുഭവാര്‍ത്തയില്‍ സന്തുഷ്ടരാവുക. ”
ഈ ലോകത്തും പരലോകത്തും ഞങ്ങള്‍ നിങ്ങളുടെ ഉറ്റമിത്രങ്ങളാകുന്നു.
നിങ്ങള്‍ക്ക് അവിടെ നിങ്ങളുടെ മനം മോഹിക്കുന്നതൊക്കെ കിട്ടും.
നിങ്ങള്‍ക്ക് അവിടെ നിങ്ങളാവശ്യപ്പെടുന്നതെന്തും ലഭിക്കും.
”ഏറെ പൊറുക്കുന്നവനും പരമദയാലുവുമായ
ദൈവത്തിങ്കല്‍നിന്നുള്ള സല്‍ക്കാരമാണത്.”
അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും
‘ഞാന്‍ മുസ്‌ലിംകളില്‍പെട്ടവനാണെ’ന്ന്
പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ നല്ല വചനം മൊഴിഞ്ഞ ആരുണ്ട്?
നന്മയും തിന്മയും തുല്യമാവുകയില്ല.
തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക.
അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും.
ക്ഷമ പാലിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താനാവില്ല.
മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല.
പിശാചില്‍ നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ
ബാധിച്ചാല്‍ നീ അല്ലാഹുവില്‍ ശരണംതേടുക.
അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: ഫുസ്സ്വിലത്, സൂക്തം: 30-36)
നിങ്ങള്‍ ദുര്‍ബലരോ ദുഃഖിതരോ ആവരുത്.
നിങ്ങള്‍ തന്നെയാണ് അത്യുന്നതര്‍; നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!
(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: ആലുഇംറാന്‍, സൂക്തം: 139)
ദൈവികദൃഷ്ടാന്തങ്ങള്‍
നിങ്ങളെ അവന്‍ മണ്ണില്‍നിന്ന് സൃഷ്ടിച്ചു.
എന്നിട്ട് നിങ്ങളിതാ മനുഷ്യരായി ലോകത്ത് വ്യാപരിച്ചുകൊണ്ടിരിക്കുന്നു.
ഇത് അവന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണ്.
അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു.
നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍.
നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി.
ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്.
സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.
ആകാശഭൂമികളുടെ സൃഷ്ടി,
നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം;
ഇവയും അവന്റെ അടയാളങ്ങളില്‍പെട്ടവയാണ്.
ഇതിലൊക്കെയും അറിവുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
രാപ്പകലുകളിലെ നിങ്ങളുടെ ഉറക്കവും നിങ്ങള്‍ അവന്റെ അനുഗ്രഹം തേടലും
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്.
കേട്ടുമനസ്സിലാക്കുന്ന ജനത്തിന് ഇതിലും നിരവധി തെളിവുകളുണ്ട്.
നിങ്ങള്‍ക്ക് പേടിയും പ്രതീക്ഷയുമുണര്‍ത്തുന്ന മിന്നല്‍പ്പിണര്‍ കാണിച്ചുതരുന്നതും
മാനത്തുനിന്ന് വെള്ളമിറക്കിത്തന്ന്
അതിലൂടെ ഭൂമിയെ അതിന്റെ മൃതാവസ്ഥക്കുശേഷം
ജീവസ്സുറ്റതാക്കുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്.
ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ഒട്ടേറെ തെളിവുകളുണ്ട്.
ആകാശഭൂമികള്‍ അവന്റെ ഹിതാനുസാരം നിലനില്‍ക്കുന്നുവെന്നതും
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്.
ഖുര്‍ആന്‍
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 4
4. നിനക്ക് ഇറക്കിയതിലും നിന്റെ മുമ്പുള്ളവര്‍ക്ക് ഇറക്കിയവയിലും വിശ്വസിക്കുന്നവരുമാണവര്‍. പരലോകത്തില്‍ ദൃഢ ബോധ്യമുള്ളവരും.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ആലു ഇംറാന്‍ സൂക്തം 3
3. സത്യസന്ദേശവുമായി ഈ വേദം നിനക്ക് ഇറക്കിത്തന്നത് അവനാണ്. അത് മുന്‍വേദങ്ങളെ ശരിവെക്കുന്നു. ഇതിനു മുമ്പ്, തൗറാത്തും ഇഞ്ചീലും അവന്‍ ഇറക്കിക്കൊടുത്തു;
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 82
82. അവര്‍ ഖുര്‍ആനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത ആരില്‍ നിന്നെങ്കിലുമായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 44
44. വ്യക്തമായ പ്രമാണങ്ങളും വേദപുസ്തകങ്ങളുമായാണ് നാമവരെ നിയോഗിച്ചത്. ഇപ്പോള്‍ നിനക്കും നാമിതാ ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതീര്‍ണമായത് നീയവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍. അങ്ങനെ ജനം ചിന്തിച്ചുമനസ്സിലാക്കട്ടെ!
വിശുദ്ധ ഖുര്‍ആന്‍
നമ്മുടെ സുവ്യക്തമായ വചനങ്ങള്‍ അവരെ ഓതിക്കേള്‍പ്പിക്കുമ്പോള്‍ നാമുമായി കണ്ടുമുട്ടുമെന്ന് കരുതാത്തവര്‍ പറയും: ”നീ ഇതല്ലാത്ത മറ്റൊരു ഖുര്‍ആന്‍ കൊണ്ടുവരിക. അല്ലെങ്കില്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തുക.”
പറയുക: ”എന്റെ സ്വന്തം വകയായി അതില്‍ ഭേദഗതി വരുത്താന്‍ എനിക്കവകാശമില്ല. എനിക്ക് ബോധനമായി കിട്ടുന്നത് പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. എന്റെ നാഥനെ ഞാന്‍ ധിക്കരിക്കുകയാണെങ്കില്‍ അതിഭയങ്കരമായ ഒരു നാളിലെ ശിക്ഷ എന്നെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.’
ഖുർആൻ
മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സദുപദേശം വന്നെത്തിയിരിക്കുന്നു. അത് നിങ്ങളുടെ മനസ്സുകളുടെ രോഗത്തിനുള്ള ശമനമാണ്. ഒപ്പം സത്യവിശ്വാസികള്‍ക്ക് നേര്‍വഴി കാട്ടുന്നതും മഹത്തായ അനുഗ്രഹവും.
(വിശുദ്ധ ഖുര്‍ആന്‍, അധ്യായം:10 സൂക്തം 57)