മുഹമ്മദ്‌നബിയുടെ നാല്പതാമത്തെ വയസ്സില്‍ (എ.ഡി 609 ഡിസംബര്‍ 22) ഒരു ദിവസം ഹിറാ ഗുഹയില്‍ ഇരിക്കുമ്പോള്‍ കേട്ട് അഞ്ചു വാചകങ്ങളാണ് ഖുര്‍ആനില്‍നിന്നും നബിക്ക് ആദ്യമായി അവതരിച്ചുകിട്ടിയ വാക്യങ്ങള്‍. പിന്നീട് നബിയുടെ 23 കൊല്ലത്തെ ജീവിതകാലത്ത് പലപ്പോഴായി സന്ദര്‍ഭാനുസരണം അല്പാല്പമായി ഖുര്‍ആന്‍ മുഴുവനും അവതരിക്കുകയാണുണ്ടായത്. മക്കാ ജീവിതകാലത്ത് അവതരിച്ച ഖുര്‍ആന്‍ അധ്യായങ്ങള്‍ക്ക് ‘മക്കി’ എന്നും മദീനയിലേക്കുള്ള പലായനാനന്തരം അവതരിച്ച അധ്യായങ്ങള്‍ക്ക് ‘മദനി’ എന്നും പേര്‍ പറയുന്നു.
അവതരണം
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ബഖറ സൂക്തം 97
97. പറയുക: ആരെങ്കിലും ശത്രുത പുലര്‍ത്തുന്നത് ജിബ്രീലിനോടാണെങ്കില്‍ അവരറിയണം; ജിബ്രീല്‍ നിന്റെ മനസ്സില്‍ വേദമിറക്കിയത് ദൈവനിര്‍ദേശപ്രകാരം മാത്രമാണ്. അത് മുന്‍ വേദങ്ങളെ സത്യപ്പെടുത്തുന്നതാണ്. സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് നേര്‍വഴി നിര്‍ദേശിക്കുന്നതും സുവാര്‍ത്ത അറിയിക്കുന്നതുമാണ്.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അലഖ് സൂക്തം 1-5
1. വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍.
2. ഒട്ടിപ്പിടിക്കുന്നതില്‍ നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
3. വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്.
4. പേനകൊണ്ടു പഠിപ്പിച്ചവന്‍.
5. മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു.