ഇസ്‌ലാമിലെ ഏറ്റവും പ്രധാനവും നിര്‍ബന്ധവുമായ കര്‍മമാണ് നമസ്‌കാരം. ശരീരംകൊണ്ട് നിര്‍വഹിക്കപ്പെടുന്ന ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണിത്. വിശ്വാസിയുടെ മനസ്സും ശരീരവും സദാ ദൈവാഭിമുഖ്യമുള്ളതാവാനുള്ള ഉപാധിയാകുന്നു നമസ്‌കാരം. ദൈവത്തിനു മുന്നില്‍ ചെന്നുനിന്ന് ചില ചലനങ്ങളിലൂടെ അവനോടുള്ള ദാസ്യവും വണക്കവും പ്രകടിപ്പിക്കുകയും അവനെ സ്തുതിക്കുകയും സന്മാര്‍ഗലബ്ധിക്കും ദുര്‍മാര്‍ഗമുക്തിക്കും വേണ്ടി പ്രാര്‍ഥിക്കുകയും ഒടുവില്‍ തന്റെ ചുറ്റുമുള്ള ലോകത്തിന് ശാന്തി നേര്‍ന്നുകൊണ്ട് പ്രാര്‍ഥനയില്‍നിന്ന് വിരമിക്കുകയാണ് വിശ്വാസി ചെയ്യുന്നത്.
നിര്‍ണിതമായ അഞ്ചു നേരങ്ങളിലാണ് നമസ്‌കാരം നിര്‍വഹിക്കേണ്ടത്. ശരീരവും വസ്ത്രവും ആരാധനാസ്ഥലവും ശുദ്ധിയായിരിക്കണമെന്നത് ഈ ആരാധനയുടെ നിബന്ധനയാണ്. നിശ്ചിതമായ ആരാധനാസ്ഥലത്ത്, കൃത്യമായ നേതൃത്വത്തിന് കീഴില്‍, സംഘടിതവും സാമൂഹികവുമായാണ് നിര്‍ബന്ധിതനമസ്‌കാരങ്ങള്‍ നിര്‍വഹിക്കേണ്ടത്. പള്ളിയില്‍ ഹാജരാകാന്‍ തടസ്സമുള്ളവര്‍ക്ക് വീട്ടിലോ തൊഴിലിടങ്ങളിലോ വഴിയിലോ മറ്റോ വെച്ച് നമസ്‌കാരം അനുഷ്ഠിക്കാവുന്നതാണ്. ഓരോ നമസ്‌കാരത്തിന്റെയും സമയമായാല്‍ പള്ളിയില്‍നിന്ന് ഒരാള്‍ അത് വിളിച്ചറിയിക്കുന്നു. ഈ അറിയിപ്പ് ബാങ്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. മക്കയിലെ കഅബയാണ് ലോകത്തെങ്ങുമുള്ള മനുഷ്യര്‍ക്ക് നമസ്‌കാരത്തിന്റെ ദിശ.
നിര്‍ബന്ധനമസ്‌കാരങ്ങള്‍ അഞ്ചുനേരങ്ങളിലാണുള്ളത്. സുബ്ഹ് (പ്രഭാതനമസ്‌കാരം), ദുഹര്‍ (മധ്യാഹ്നനമസ്‌കാരം), അസ്വ്ര്‍ (സായാഹ്നനമസ്‌കാരം), മഗ്‌രിബ് (സന്ധ്യാനമസ്‌കാരം), ഇശാഅ് (നിശാനമസ്‌കാരം) എന്നിവയാണവ. നമസ്‌കാരത്തില്‍ ഉരുവിടേണ്ട പ്രാര്‍ഥനകള്‍ അറബിഭാഷയില്‍ത്തന്നെ ചൊല്ലേണ്ടതാണ്. നമസ്‌കാരസമയത്ത് മറ്റു കാര്യങ്ങളില്‍ ഇടപെടുകയോ ശ്രദ്ധിക്കുകയോ ചെയ്യാവതല്ല.
നിര്‍ബന്ധനമസ്‌കാരങ്ങള്‍ക്ക് പുറമേയുള്ള നമസ്‌കാരങ്ങളുണ്ട്. ഇവയ്ക്ക് സുന്നത്തു നമസ്‌കാരങ്ങള്‍ (ഐച്ഛികനമസ്‌കാരങ്ങള്‍) എന്നു പറയുന്നു. ഇവയില്‍ ചിലത് നിര്‍ബന്ധനമസ്‌കാരങ്ങള്‍ക്ക് അനുബന്ധമായി നമസ്‌കരിക്കുന്നവയാണ്. മറ്റു ചിലത് വേറെ സന്ദര്‍ഭങ്ങളില്‍ നിര്‍വഹിക്കുന്നവയാണ്. പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള അഭിവാദ്യനമസ്‌കാരം, പെരുന്നാള്‍ നമസ്‌കാരം, നന്ദിസൂചകമായ നമസ്‌കാരം, രാത്രിയുടെ അന്ത്യവേളയില്‍ നിര്‍വഹിക്കുന്ന പ്രത്യേകനമസ്‌കാരം തുടങ്ങിയവ സുന്നത്തുനമസ്‌കാരങ്ങളില്‍ പെടുന്ന ചിലതാണ്.
വെള്ളിയാഴ്ചദിവസത്തെ മധ്യാഹ്നനമസ്‌കാരത്തിന് പ്രത്യേകതയും ശ്രേഷ്ഠതയുമുണ്ട്. അന്ന് എല്ലാ വിശ്വാസികളും പള്ളിയില്‍ ഒരുമിച്ച് ചേരണം. നമസ്‌കാരത്തിനുമുമ്പായി ഇമാം (വിശ്വാസികളുടെ നേതാവ്) വിശ്വാസികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കിക്കൊണ്ട് ലഘുപ്രഭാഷണം നടത്തുന്നു. തുടര്‍ന്ന് എല്ലാവരും ഇമാമിനു പിന്നില്‍ അണിനിരന്ന് നമസ്‌കരിക്കുന്നു. വെള്ളിയാഴ്ചകളിലെ ഈ മധ്യാഹ്നപ്രാര്‍ഥനയാണ് ‘ജുമുഅ’ എന്നു പറയുന്നത്.
മാനുഷികൈക്യത്തിന്റെയും സാമൂഹികസമത്വത്തിന്റെയും അച്ചടക്കത്തിന്റെയും പ്രായോഗികപരിശീലനം കൂടിയാണ് നമസ്‌കാരം. ഭരണാധികാരിയും ഭരണീയനും ധനികനും ദരിദ്രനും തോളോടു തോള്‍ ചേര്‍ന്ന് നമസ്‌കാരം അനുഷ്ഠിക്കുന്നതിലൂടെ മനുഷ്യരെല്ലാം തുല്യരാണെന്ന സന്ദേശമാണ് നമസ്‌കാരം നല്‍കുന്നത്.
നമസ്കാരം
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 101-103
101. നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുമ്പോള്‍ സത്യനിഷേധികള്‍ നിങ്ങളെ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ നമസ്‌കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റമില്ല. സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കള്‍ തന്നെ; തീര്‍ച്ച.
102. നീ അവര്‍ക്കിടയിലുണ്ടാവുകയും അവര്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയുമാണെങ്കില്‍ അവരിലൊരുകൂട്ടര്‍ നിന്നോടൊപ്പം നില്‍ക്കട്ടെ. അവര്‍ തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അവര്‍ സാഷ്ടാംഗം ചെയ്തുകഴിഞ്ഞാല്‍ പിറകോട്ട് മാറിനില്‍ക്കുകയും നമസ്‌കരിച്ചിട്ടില്ലാത്ത വിഭാഗം വന്ന് നിന്റെ കൂടെ നമസ്‌കരിക്കുകയും വേണം. അവരും ജാഗ്രത പുലര്‍ത്തുകയും ആയുധമണിയുകയും ചെയ്യട്ടെ. നിങ്ങള്‍ ആയുധങ്ങളുടെയും സാധനസാമഗ്രികളുടെയും കാര്യത്തില്‍ അല്‍പം അശ്രദ്ധരായാല്‍ നിങ്ങളുടെ മേല്‍ ചാടിവീണ് ഒരൊറ്റ ആഞ്ഞടി നടത്താന്‍ തക്കം പാര്‍ത്തിരിക്കുകയാണ് സത്യനിഷേധികള്‍. മഴ കാരണം ക്ലേശമുണ്ടാവുകയോ രോഗികളാവുകയോ ചെയ്താല്‍ ആയുധം താഴെ വെക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റമില്ല. അപ്പോഴും നിങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. സംശയമില്ല; അല്ലാഹു സത്യനിഷേധികള്‍ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
103. അങ്ങനെ നിങ്ങള്‍ നമസ്‌കാരം നിര്‍വഹിച്ചുകഴിഞ്ഞാല്‍ പിന്നെ, നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ ഓര്‍ത്തുകൊണ്ടിരിക്കുക. നിങ്ങള്‍ നിര്‍ഭയാവസ്ഥയിലായാല്‍ നമസ്‌കാരം തികവോടെ നിര്‍വഹിക്കുക. നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയബന്ധിതമായി നിശ്ചയിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതയാണ്.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ത്വാഹാ സൂക്തം 14
14. ”തീര്‍ച്ചയായും ഞാന്‍ തന്നെ അല്ലാഹു. ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എനിക്കു വഴിപ്പെടുക. എന്നെ ഓര്‍ക്കാനായി നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ബഖറ സൂക്തം 45
45. സഹനത്തിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക. നമസ്‌കാരം വലിയ ഭാരം തന്നെ; ഭക്തന്മാര്‍ക്കൊഴികെ.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അന്‍കബുത്ത് സൂക്തം 45
45. ഈ വേദപുസ്തകത്തില്‍ നിനക്കു ബോധനമായി ലഭിച്ചവ നീ ഓതിക്കേള്‍പ്പിക്കുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിശ്ചയമായും നമസ്‌കാരം നീചകൃത്യങ്ങളെയും നിഷിദ്ധകര്‍മങ്ങളെയും തടഞ്ഞുനിര്‍ത്തുന്നു. ദൈവസ്മരണയാണ് ഏറ്റവും മഹത്തരം. ഓര്‍ക്കുക: നിങ്ങള്‍ ചെയ്യുന്നതെന്തും അല്ലാഹു നന്നായി അറിയുന്നുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍കൗസര്‍ സൂക്തം 1-3
1. നിനക്കു നാം ധാരാളം നന്മ നല്‍കിയിരിക്കുന്നു.
2. അതിനാല്‍ നീ നിന്റെ നാഥന്ന് നമസ്‌കരിക്കുക. അവന്ന് ബലിയര്‍പ്പിക്കുക.
3. നിശ്ചയം നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ തന്നെയാണ് വാലറ്റവന്‍.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ബഖറ സൂക്തം 153
153. വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമയിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഹജ്ജ് സൂക്തം 77-78
77. വിശ്വസിച്ചവരേ, നിങ്ങള്‍ നമിക്കുക. സാഷ്ടാംഗം പ്രണമിക്കുക. നിങ്ങളുടെ നാഥന്ന് വഴിപ്പെടുക. നന്മ ചെയ്യുക. നിങ്ങള്‍ വിജയംവരിച്ചേക്കാം.
78. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ടവിധം സമരം ചെയ്യുക. അവന്‍ നിങ്ങളെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ ഒരു മാര്‍ഗതടസ്സവും അവന്‍ നിങ്ങള്‍ക്കുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ പാത പിന്തുടരുക. പണ്ടേതന്നെ അല്ലാഹു നിങ്ങളെ മുസ്‌ലിംകളെന്ന് വിളിച്ചിരിക്കുന്നു. ഈ ഖുര്‍ആനിലും അതുതന്നെയാണ് വിളിപ്പേര്. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനാണിത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകാനും. അതിനാല്‍ നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിനെ മുറുകെ പിടിക്കുക. അവനാണ് നിങ്ങളുടെ രക്ഷകന്‍. എത്ര നല്ല രക്ഷകന്‍! എത്ര നല്ല സഹായി!
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ഹൂദ് സൂക്തം 114
114. പകലിന്റെ രണ്ടറ്റങ്ങളിലും രാവ് അല്‍പം ചെല്ലുമ്പോഴും നീ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. തീര്‍ച്ചയായും, സദ്‌വൃത്തികള്‍ ദുര്‍വൃത്തികളെ ദൂരീകരിക്കും. ആലോചിച്ചറിയുന്നവര്‍ക്കുള്ള ഉദ്‌ബോധനമാണിത്.
നമസ്‌കാരം
1. ഒരാളുടെയും സത്യനിഷേധം, ശിര്‍ക്ക് (ദൈവശക്തിയില്‍ പങ്കുചേര്‍ക്കല്‍) എന്നിവയുടെയും ഇടയ്ക്കുള്ള കാര്യം നിസ്‌കാരം ഉപേക്ഷിക്കലാണ്.
(സ്വഹീഹു മുസ്‌ലിം)
2. വല്ലവനും കരുതിക്കൂട്ടി നമസ്‌കാരം ഒഴിവാക്കിയാല്‍ അവനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ബാധ്യത ഒഴിവായിരിക്കുന്നു,
(സുനനു അഹ്മദ്, മശ്കൂത്ത്)
3. കാര്യത്തിന്റെ ശിരസ്സ് ഇസ്‌ലാമാണ്. അതിന്റെ നെടുംതൂണ്‍ നമസ്‌കാരമാണ്.
(തിര്‍മിദി)
4. മനുഷ്യന്‍ അന്ത്യനാളില്‍ വിചാരണയ്ക്ക് വിധേയനാവുന്ന ആദ്യകാര്യം നമസ്‌കാരമായിരിക്കും.
(ത്വബ്‌റാനി)