[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”പരലോകം” titleclr=”#000000″][/vc_headings]

ഈ പ്രപഞ്ചം ഒരുനാള്‍ നശിക്കും. അല്ലാഹുവും അവനിച്ഛിക്കുന്നതും ഒഴികെ സകലതും നശിച്ചുപോകും. അതിനുശേഷം മനുഷ്യരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കും. എന്നിട്ട് അല്ലാഹുവിന്റെ സന്നിധിയില്‍ ഹാജരാക്കി ഓരോരുത്തരും ചെയ്തിട്ടുള്ള നന്മതിന്മകളെക്കുറിച്ച് വിചാരണ നടത്തും. നന്മ ചെയ്തവര്‍ക്ക് സ്വര്‍ഗം ലഭിക്കും. തിന്മ ചെയ്തവര്‍ക്ക് നരകം ലഭിക്കും. ഈ ദിവസത്തിനാണ് അന്ത്യദിനം എന്നു പറയുന്നത്.

മനുഷ്യരെല്ലാം മരണത്തിലൂടെ ഭൂമുഖത്തുനിന്ന് വിടവാങ്ങുന്നു. തങ്ങളുടെ കര്‍മഫലം മുഴുവന്‍ ഏറ്റുവാങ്ങിക്കൊണ്ടല്ല ആരും മരണമടയുന്നത്. നന്മയുടെ പ്രതിഫലമോ തിന്മയുടെ ശിക്ഷയോ പൂര്‍ണമായി ആര്‍ക്കും ഈ ഭൂമുഖത്തുനിന്നും ലഭിക്കുന്നില്ല. യഥാര്‍ഥ നീതി നല്കാന്‍ മറ്റൊരു ലോകം അനിവാര്യമായിത്തീരുന്നു. മരണം എല്ലാറ്റിന്റെയും അന്ത്യമല്ല. അതൊരു മാറ്റം മാത്രം. ജീവിതം അവിരാമം തുടരുകതന്നെ ചെയ്യും. മരണശേഷം മറുലോകത്തുവെച്ചാണ് മനുഷ്യന്‍ അവന്റെ കര്‍മഫലം അനുഭവിക്കേണ്ടി വരിക. ഓരോ മനുഷ്യനും അവന്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ലഭിക്കുക.

മനുഷ്യന്റെ കര്‍മങ്ങളൊക്കെയും വളരെ സൂക്ഷ്മമായും കണിശമായും ഭൂമിയിലെ ജീവിതകാലത്ത് രേഖപ്പെടുത്തുന്നുണ്ട്. എല്ലാം അവന് അനുകൂലമായോ പ്രതികൂലമായോ മരണശേഷം പരലോകത്ത് സാക്ഷ്യമായിത്തീരുന്നു. അങ്ങനെ, മനുഷ്യന്‍ തന്റെ കര്‍മങ്ങള്‍ക്കനുസരിച്ച് സ്വര്‍ഗമോ നരകമോ ഏറ്റുവാങ്ങുന്നു. ഇപ്രകാരം കര്‍മഫലമനുഭവിക്കാനുള്ള ശാശ്വതമായ ഇടമാണ് മരണാനന്തരലോകം അഥവാ പരലോകം.

മരണശേഷമുള്ള ജീവിതത്തിന് രണ്ട് ഘട്ടമുണ്ട്. ഒന്നാമത്തേത് മരണത്തെത്തുടര്‍ന്ന് ഖബറിടത്തില്‍ പ്രവേശിക്കുന്നതുമുതല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പുവരെയുള്ള കാലം. ഈ ജീവിതഘട്ടത്തിന് ബര്‍സഖിയായ ജീവിതം എന്നാണ് പറയുക. തുടര്‍ന്നാണ് പരലോകജീവിതം ആരംഭിക്കുന്നത്.

പരലോകം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അബസ സൂക്തം 33-38

33.  എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍.

34.  അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും.

35.  മാതാവിനെയും പിതാവിനെയും.

36.  ഭാര്യയെയും മക്കളെയും.

37.  അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.

38.  അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും;

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ആലു ഇംറാന്‍ സൂക്തം 30

30.  ഓര്‍ക്കുക: ഓരോ മനുഷ്യനും താന്‍ ചെയ്ത നന്മയുടെയും തിന്മയുടെയും ഫലം നേരില്‍ കണ്ടറിയും ദിനം വരാനിരിക്കുന്നു. ആ ദിനം തന്നില്‍ നിന്ന് ഏറെ ദൂരെയായിരുന്നെങ്കിലെന്ന്  ഓരോ മനുഷ്യനും അന്ന് ആഗ്രഹിച്ചുപോകും. അല്ലാഹു തന്റെ ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹു തന്റെ അടിമകളോട് പരമദയാലുവാകുന്നു.

.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ആലു ഇംറാന്‍ സൂക്തം 30

28.  നാം അവരെയെല്ലാം ഒരുമിച്ചുകൂട്ടുന്ന ദിനം. അന്ന് നാം ബഹുദൈവവിശ്വാസികളോടു പറയും: ”നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിവെച്ചവരും അവിടെത്തന്നെ നില്‍ക്കുക.” പിന്നീട് നാം അവരെ പരസ്പരം വേര്‍പ്പെടുത്തും. അവര്‍ പങ്കുചേര്‍ത്തിരുന്നവര്‍ പറയും: ”നിങ്ങള്‍ ഞങ്ങളെ ആരാധിച്ചിരുന്നില്ല.

29.  ”അതിനാല്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. നിങ്ങളുടെ ആരാധനയെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും അശ്രദ്ധരായിരുന്നു.”

30.  അന്ന് അവിടെവെച്ചു ഓരോ മനുഷ്യനും താന്‍ നേരത്തെ ചെയ്തുകൂട്ടിയതിന്റെ രുചി അനുഭവിച്ചറിയും. എല്ലാവരും തങ്ങളുടെ യഥാര്‍ഥ രക്ഷകനായ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടും. അവര്‍ കെട്ടിയുണ്ടാക്കിയ കള്ളത്തരങ്ങളൊക്കെയും അവരില്‍നിന്ന് തെന്നിമാറിപ്പോകും.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അശ്ശുഅരാഅ് സൂക്തം 88-93

88.  ”സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണത്.

89.  ”കുറ്റമറ്റ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ.”

90.  സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് അന്ന് സ്വര്‍ഗം വളരെ അടുത്തായിരിക്കും.

91. വഴിപിഴച്ചവരുടെ മുന്നില്‍ നരകം വെളിപ്പെടുത്തുകയും ചെയ്യും.

92,93. അന്ന്   അവരോടു  ചോദിക്കും: ”അല്ലാഹുവെവിട്ട്   നിങ്ങള്‍ പൂജിച്ചിരുന്നവയെല്ലാം എവിടെപ്പോയി? അവ നിങ്ങളെ സഹായിക്കുന്നുണ്ടോ? എന്നല്ല; അവയ്ക്ക് സ്വയം രക്ഷപ്പെടാനെങ്കിലും കഴിയുന്നുണ്ടോ?”

.വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അമ്പിയാഅ് സൂക്തം 101-104

101.  എന്നാല്‍ നേരത്തെ തന്നെ നമ്മില്‍ നിന്ന് നന്മ ലഭിച്ചവര്‍ അതില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടും.

102.  അവരതിന്റെ നേരിയ ശബ്ദംപോലും കേള്‍ക്കുകയില്ല. അവര്‍ എന്നെന്നും തങ്ങളുടെ മനസ്സിഷ്ടപ്പെടുന്ന സുഖാസ്വാദ്യതകളിലായിരിക്കും.

103.  ആ മഹാ സംഭ്രമം അവരെ ഒട്ടും ആകുലരാക്കുകയില്ല. മലക്കുകള്‍ അവരെ സ്വീകരിച്ച് എതിരേല്‍ക്കും. മലക്കുകള്‍ അവര്‍ക്കിങ്ങനെ സ്വാഗതമോതുകയും ചെയ്യും:”നിങ്ങളോടു വാഗ്ദാനം ചെയ്ത ആ മോഹന ദിനമാണിത്.”

104.  പുസ്തകത്താളുകള്‍ ചുരുട്ടുംപോലെ ആകാശത്തെ നാം ചുരുട്ടിക്കൂട്ടുന്ന ദിനമാണത്. നാം സൃഷ്ടി ആദ്യമാരംഭിച്ചപോലെ തന്നെ അതാവര്‍ത്തിക്കും. വാഗ്ദാനം വഴി ഇത് നമ്മുടെ ബാധ്യതയായിരിക്കുന്നു. നാമത് നടപ്പാക്കുകതന്നെ ചെയ്യും.

പരലോകം

1. റസൂല്‍ പറഞ്ഞു.’നിങ്ങളില്‍ ഓരോരുത്തരുമായും ദ്വിഭാഷിയും മറയുമില്ലാതെ അ്‌ലാഹു നേരിട്ട് സംഭാഷണം നടത്തുന്നതാണ്. മനുഷ്യന്‍ തന്റെ വലതു ഭാഗത്തേക്ക് നോക്കുന്നു. (വല്ല സഹായിയുമുണ്ടോയെന്ന്) അവന്റൈ കര്‍മങ്ങളല്ലാതെ മറ്റൊന്നും അവന്‍ കാണുകയില്ല. അനന്തരം ഇടതുഭാഗത്തേക്ക് അവന്‍ നോക്കുന്നു. അവന്‍ തന്റെ കര്‍മങ്ങള്‍ മാത്രമേ കാണുന്നുള്ളൂ. പിന്നീട് തന്റെ മുന്‍ഭാഗത്തേക്ക് നോക്കുന്നു. അവിടെ കണ്‍മുമ്പില്‍ നരകമല്ലാതെ മറ്റൊും അവന്‍ കാണുന്നില്ല. അതുകൊണ്ട് ഒരു കാരക്കയുടെ ചീളുകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക. ”

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

2. നബി അരുളി,’ഇഹലോകവാസകളില്‍ ഏറ്റവും സമ്പനായ ഒരു നരകാവകാശിയെ അന്ത്യനാളില്‍ കൊണ്ടുവന്ന് നരകത്തില്‍ മുക്കിയെടുത്ത് മനുഷ്യാ നീ വല്ല നന്മയും കണ്ടിട്ടുണ്ടോ, വല്ല അനുഗ്രഹവും അനുഭവിച്ചിട്ടുണ്ടോ എന്ന് അവനോടു ചോദിക്കപ്പെടുന്നു. ‘അല്ലാഹുവാണ, നാഥാ, ഇല്ല’ എന്നവന്‍ പറയും. ഇഹലോകത്ത് വെച്ച് ഏറ്റവും ദുരിതമനുഭവിച്ച് ഒരു സ്വര്‍ഗാവകാശിയെ കൊണ്ടുവ് സ്വര്‍ഗത്തിലൊന്ന് മുക്കിയെടുത്ത് അവനോട് ചോദിക്കപ്പെടും. ‘മനുഷ്യാ, നീ വല്ല ദുരിതവും കണ്ടിട്ടുണ്ടോ? വല്ല ജീവിതക്ലേശവും അനുഭവിച്ചിട്ടുണ്ടോ?’ ‘അല്ലാഹുവാണ, നാഥാ, യാതൊരു ദുരിതവും ഞാന്‍ അനുഭവിച്ചിട്ടില്ല, യാതൊരു ക്ലേശവും ഞാന്‍ കണ്ടിട്ടുല്ല എന്നവന്‍ പറയും.

(സ്വഹീഹു മുസ്‌ലിം)

3. നബി അരുളി.’ഞാന്‍ നരകാഗ്നിയേക്കാള്‍ ഭയാനകമായ മറ്റൊന്നും കണ്ടിട്ടില്ല. അതില്‍നിന്നും ഓടിയകലേണ്ടവന്‍ കിടന്നുറങ്ങുകയാണ്. സ്വര്‍ഗത്തേക്കാള്‍ ഉത്കൃഷ്ടമായ ഒന്നും ഞാന്‍ കണ്ടിട്ടില്ല. അതിനെ തേടുന്നവനും കിടന്നുറങ്ങുകയാണ്.

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

4. നരകം ഇച്ഛാഭിലാഷങ്ങളാല്‍ വലയിതമാണ്. സ്വര്‍ഗം അനിഷ്ടകരമായ കാര്യങ്ങളാലും

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)

5. ഇബ്‌നു ഉമര്‍ പറയുന്നു.’നബി എന്റെ ചുമലുകളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു.’ഈ ലോകത്ത് നീയൊരു അപരിചിതനെപ്പോലെയാവുക. അല്ലെങ്കില്‍ ഒരു വഴിപോക്കനെപ്പോലെ.” (സ്വഹീഹു ബുഖാരി)