മാലാഖമാര്‍ എന്നത് പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ട പ്രത്യേകതരം ദൈവകസൃഷ്ടികളാണ്. മനുഷ്യന് ഇവയെ കാണാന്‍ കഴിയില്ല. മാലാഖമാര്‍ക്ക് മലക്കുകള്‍ എന്ന് അറബിയില്‍ പറയുന്നു. അവരെപ്പോഴും അല്ലാഹുവിന് സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുന്നു. മലക്കുകള്‍ക്ക് ഇച്ഛകളില്ല. സ്വയം തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തനമണ്ഡലങ്ങളുമില്ല. അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിക്കാന്‍ മാത്രം കഴിയുന്നവിധമാണ് മലക്കുകളെ സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍തന്നെ ശിക്ഷയോ പ്രതിഫലമോ അവര്‍ക്കുണ്ടാകില്ല.
ലിംഗഭേദം, അലസത, ക്ഷീണം. ഉറക്കം. വിശപ്പ്, ദാമ്പത്യം, മാതൃത്വം, പിതൃത്വം മുതലായവ മലക്കുകള്‍ക്ക് അന്യമാണ്. ജൈവികമായ വികാരവിചാരങ്ങളില്‍നിന്ന് അവര്‍ മുക്തരാണ്. മാനസികമായ ചാഞ്ചല്യങ്ങളില്‍നിന്നും പാപങ്ങളില്‍നിന്നും പിഴവുകളില്‍നിന്നും സുരക്ഷിതമായ പ്രകൃതിയാണ് അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇഹപരലോകങ്ങളുടെ ജോലികള്‍ക്കായി അല്ലാഹു നിയോഗിച്ചിട്ടുള്ളത് മലക്കുകളെയാണ്.
അവയില്‍ പ്രധാനികള്‍
ജിബ്‌രീല്‍ (ഗബ്രിയേല്‍), മീഖാഈല്‍ (മൈക്കിള്‍), ഇസ്‌റാഫീല്‍, അസ്‌റാഈല്‍, മുന്‍കര്‍, നകീര്‍, മാലിക്, റിദ്‌വാന്‍, റകീബ്, അതീദ് എന്നിവരാകുന്നു. എല്ലാ പ്രവാചകന്മാര്‍ക്കും അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള സന്ദേശങ്ങള്‍ സുരക്ഷിതമായി എത്തിച്ചുകൊടുക്കാനുള്ള ചുമതല മലക്കുകള്‍ക്കാണ്.
”നിന്റെ നാഥന്റെ അടുത്തുള്ളവര്‍ അവനെ വണങ്ങുന്ന കാര്യത്തില്‍ ഒരിക്കലും അഹങ്കരിക്കാറില്ല. അവര്‍ അവന്റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവന് സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നു.”
(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ അഅ്‌റാഫ്, സൂക്തം: 206)
മാലാഖ
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ബഖറ സൂക്തം 30
30. നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ”ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്.” അവരന്വേഷിച്ചു: ”ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയോ നീ നിയോഗിക്കുന്നത്? ഞങ്ങളോ നിന്റെ മഹത്വം കീര്‍ത്തിക്കുന്നു. നിന്റെ വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നു.” അല്ലാഹു പറഞ്ഞു: ”നിങ്ങളറിയാത്തത് ഞാനറിയുന്നു.”
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നഹല്‍ സൂക്തം 2
2. അല്ലാഹു തന്റെ ദാസന്മാരില്‍ നിന്ന് താനിച്ഛിക്കുന്നവരുടെ മേല്‍ തന്റെ തീരുമാനപ്രകാരം ദിവ്യചൈതന്യവു1 മായി മലക്കുകളെ ഇറക്കുന്നു. ”നിങ്ങള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക: ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ എന്നെ സൂക്ഷിച്ചു ജീവിക്കുക.”
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അസ്സുമര്‍ സൂക്തം 75
75. മലക്കുകള്‍ തങ്ങളുടെ നാഥനെ വാഴ്ത്തിയും കീര്‍ത്തനം ചെയ്തും സിംഹാസനത്തിനു ചുറ്റും അണിനിരന്നതായി നിനക്കു കാണാം. അപ്പോള്‍ ജനത്തിനിടയില്‍ നീതിപൂര്‍വമായ വിധിത്തീര്‍പ്പുണ്ടാകും. ‘പ്രപഞ്ച നാഥനായ അല്ലാഹുവിന് സ്തുതി’യെന്ന് പറയപ്പെടുകയും ചെയ്യും.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ഖദര്‍ സൂക്തം 4
4. ആ രാവില്‍ മലക്കുകളും ജിബ്‌രീലും ഇറങ്ങി വരുന്നു. സമസ്ത കാര്യങ്ങളെയും സംബന്ധിച്ച തങ്ങളുടെ നാഥന്റെ ഉത്തരവുമായി.
മാലാഖ
ഉമറുബ്‌നുല്‍ ഖത്വാബില്‍നിന്ന് നിവേദനം: നബിയോട് ജിബ്രീല്‍ ചോദിച്ചു: ഈമാന്‍ എന്നാല്‍ എന്താെണെന്ന് പറഞ്ഞുതന്നാലും!
തിരുദൂതര്‍ പറഞ്ഞു: അല്ലാഹുവിലും അവന്റെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലും പരലോകത്തിലും വിശ്വസിക്കുക; ഗുണദോഷങ്ങളായ സകല കാര്യങ്ങളും അല്ലാഹുവിന്റെ നിശ്ചയപ്രകാരമാണെന്നും വിശ്വസിക്കുക.
-സ്വഹീഹു മുസ്‌ലിം