നിയമത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യരാണെന്ന തത്ത്വം ഇസ്‌ലാമിന്റെ സാമൂഹികദര്‍ശനത്തിന്റെ അടിസ്ഥാനമാണ്. പൗരാവകാശങ്ങളുടെ കാര്യത്തില്‍ പണക്കാരും പാവങ്ങളും കറുത്തവരും വെളുത്തവരും ഭരണാധികാരികളും ഭരണീയരും എല്ലാം തുല്യരാണ്. പണത്തിന്റെയോ പദവിയുടെയോ പേരിലുള്ള പ്രത്യേക ആനുകൂല്യം ഇസ്‌ലാം ആര്‍ക്കും വകവെച്ചുകൊടുക്കുന്നില്ല. അവയുടെ അടിസ്ഥാനത്തിലുള്ള സകലവിധ വിവേചനങ്ങളെയും നിരാകരിക്കുന്നു. പ്രവാചകചര്യ പൂര്‍ണമായും പിന്തുടര്‍ന്ന് അവിടുത്തെ നാല് ഖലീഫമാരും സാധാരണപൗരന്‍മാര്‍ക്കില്ലാത്ത ഒരു പ്രത്യേകാവകാശവും അവര്‍ അനുഭവിച്ചിരുന്നില്ല. അധികാരം ലഭിച്ചശേഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ ലളിതമായ ജീവിതവും വിനീതമായ പെരുമാറ്റവുമായിരുന്നു അവരെല്ലാം സ്വീകരിച്ചിരുന്നത്. ഇസ്‌ലാം ഉയര്‍ത്തിക്കാണിക്കുന്ന ആദര്‍ശവിശ്വാസങ്ങളും മൂല്യങ്ങളും മുറുകെപ്പിടിക്കുന്ന സമൂഹത്തില്‍നിന്നും സമ്പൂര്‍ണമായ സമത്വവും നീതിയും സ്ഥാപിക്കാന്‍ കഴിയും.
അധ്വാനിക്കുന്നവരും അധഃസ്ഥിതരുമായ അടിസ്ഥാനവര്‍ഗത്തോട് ഒരു വിധത്തിലുള്ള വിവേചനവും ഇസ്‌ലാമിലില്ല. അധ്വാനിക്കുന്നവന് വിയര്‍പ്പു വറ്റുന്നതിനുമുമ്പ് പ്രതിഫലം നല്‍കണമെന്ന് ഇസ്‌ലാം കല്‍പിക്കുന്നു. ഏതെങ്കിലും പ്രത്യേകമായ ഒരു തൊഴില്‍ മോശമായി കാണുന്നില്ല. ഏതെങ്കിലും തൊഴില്‍സമൂഹത്തെ താഴ്ന്നപദവിയില്‍ കാണുന്നുമില്ല. വീട്ടില്‍ സ്ഥിരമായി വേല ചെയ്യുന്നവരെ ഉറ്റവരായി കാണുന്നതായിരുന്നു മുഹമ്മദ് നബിയുടെ മാതൃക.
സമഭാവന
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ബഖറ സൂക്തം 62
62. സത്യവിശ്വാസം സ്വീകരിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബിഉകളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല.
സമഭാവന
1. തിരുനബി അരുളി: ‘ദൈവത്തിന്‍റെ കുടുംബത്തിലെ അംഗങ്ങളാണ് എല്ലാ സൃഷ്ടികളും. ആ കുടുംബത്തിലെ ഏറ്റവും ദുര്‍ബലവിഭാഗത്തോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ് ദൈവത്തിന്‍റെ ഏറ്റവും അടുത്ത സ്‌നേഹഭാജനം.”
2 തിരുനബി അരുളി: ”മനുഷ്യന്‍ പട്ടിണി കിടക്കേണ്ടി വരുന്ന സമൂഹത്തിന്‍റെ സംരക്ഷണബാധ്യത ദൈവം കൈയൊഴിഞ്ഞിരിക്കുന്നു.”
3 തിരുനബി അരുളി: ‘നിങ്ങള്‍ക്കിടയിലെ ദുര്‍ബലവിഭാഗങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ദൈവം നിങ്ങള്‍ക്ക് അന്നവും സഹായവും നല്‍കുമെന്നു കരുതുന്നുണ്ടോ?”
4. തിരുനബി അരുളി: ” ദരിദ്രരെ ഒഴിവാക്കി ധനികരെ മാത്രം ക്ഷണിക്കുന്ന വിരുന്നിലെ ഭക്ഷണമാണ് ഏറ്റവും വൃത്തികെട്ട ഭക്ഷണം.”
5. അബു സഈദില്‍ ഖുദരി എന്ന അനുചരന്‍ ഉദ്ധരിക്കുന്നു. തിരുനബി അരുളി: ” വാഹനം മിച്ചമുള്ളവന്‍ വാഹനമില്ലാത്തവന് നല്‍കട്ടെ. ഭക്ഷണം മിച്ചമുള്ളവന്‍ ഭക്ഷണമില്ലാത്തവന് നല്‍കട്ടെ.” പ്രവാചകന്‍ ഇങ്ങനെ ഓരോ വസ്തുവും എണ്ണിപ്പറയാന്‍ തുടങ്ങിയപ്പോള്‍ മിച്ചമുള്ള ഒന്നിലും ഞങ്ങള്‍ക്ക് അവകാശമില്ലെന്നു തോന്നിപ്പോയി.
6. തന്റെ ഇഹലോകവാസം അവസാനിക്കുതിന്‍റെ തൊട്ടു മുമ്പായി നടത്തിയ ഹജ്ജിലെ പ്രസംഗത്തില്‍ (വിടവാങ്ങല്‍ പ്രഭാഷണം) തിരുനബി അരുളി: ”അറബിക്ക് അറബിയല്ലാത്തവനേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല. ദൈവഭക്തി ഉണ്ടെങ്കിലല്ലാതെ. നിങ്ങളെല്ലാം ആദമിന്റെ സന്തതിപരമ്പരയാണ്. ആദമാകട്ടെ മണ്ണില്‍നിന്നും. കഴിഞ്ഞകാലങ്ങളിലെ എല്ലാ വംശവിവേചനങ്ങളും ഞാനിതാ ചവിട്ടിത്തേച്ചുകളയുന്നു.”
7. വിടവാങ്ങല്‍ പ്രഭാഷണത്തില്‍ തിരുനബി അരുളി: ”മനുഷ്യരെല്ലാം ചീര്‍പ്പിന്‍റെ പല്ലുപോലെ സമന്മാരാണ്.”