[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”പരിസ്ഥിതി” titleclr=”#000000″][/vc_headings]

കൃഷിയും ചെടിയും മരവും പ്രകൃതിയിലെ പച്ചപ്പും സൃഷ്ടികള്‍ക്ക് അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹങ്ങളാണ്. ഒരു മുസ്‌ലിം ചെടി നട്ടാല്‍ അതില്‍നിന്ന് ആഹരിക്കപ്പെടുന്നത് അയാള്‍ക്ക് പുണ്യം ലഭിക്കുന്ന കാര്യമാണ്. അതില്‍നിന്ന് വല്ലവരും മോഷ്ടിച്ചാല്‍ പോലും അയാള്‍ക്ക് പുണ്യം ലഭിക്കും. പക്ഷികളോ മൃഗങ്ങളോ ഭക്ഷിച്ചാലും അത് അയാള്‍ക്ക് പുണ്യകരമാണ്. കൃഷി ചെയ്തത് ഉദ്ദേശ്യത്തോടെയാവണമെന്നൊന്നുമില്ല. അതിനു താല്‍പര്യം കാണിക്കുകയും പക്ഷിമൃഗാദികള്‍ക്കും മനുഷ്യര്‍ക്കും അത് പ്രയോജനപ്പെടുകയും ചെയ്താല്‍ത്തന്നെ അയാള്‍ പ്രതിഫലാര്‍ഹനായിത്തീരുന്നു.

നടാനായി ഒരു തൈ കൈയിലിരിക്കുമ്പോഴാണ് ലോകം അവസാനിക്കുന്നതെങ്കില്‍പ്പോലും അയാള്‍ ആ ചെടി നടണമെന്നാണ് മുഹമ്മദ് നബിയുടെ ഉപദേശം. മുസ്‌ലിമിന്റെ ഉല്‍പ്പാദനപ്രകൃതിയെയും അനുഭവപരിചയത്തെയുമാണ് ഈ നബിവചനം എടുത്തുകാണിക്കുന്നത്. വൃക്ഷലതാദികള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ ഫലവര്‍ഗങ്ങളും തണുപ്പും കുളിര്‍മയും ലഭ്യമാക്കുന്നതോടൊപ്പം പരിസ്ഥിതിസന്തുലിതത്വം കാത്തുസൂക്ഷിക്കാനും ശബ്ദമാലിന്യത്തെ നിര്‍വീര്യമാക്കാനും വ്യാവസായികമലിനീകരണത്തെ പ്രതിരോധിക്കാനും നന്നെ ചുരുങ്ങിയത് അത് ലഘൂകരിരക്കാനെങ്കിലും ഇതുവഴി കഴിയുന്നു.

പ്രകൃതിയെ സുന്ദരമായി നിലനിര്‍ത്താനുള്ള ഇസ്‌ലാമിന്റെ താല്‍പര്യമാണ് നബിയുടെ ഈ നിര്‍ദ്ദേശങ്ങളില്‍ കാണാന്‍ കഴിയുന്നത്. പരിസ്ഥിതി പരിപാലനസംബന്ധമായി ഇസ്‌ലാം ഊന്നല്‍ കൊടുക്കുന്ന മറ്റൊരു പ്രധാവശമാണ് ഭൂമിയെ പരിപാലിച്ച് സജീവമാക്കലും പ്രകൃതിവിഭവങ്ങളുടെയും വരുമാനങ്ങളുടെയും ഉല്‍പ്പാദനവും. മനുഷ്യനെ സൃഷ്ടിച്ചതിന്റെ ലക്ഷ്യങ്ങളിലൊന്ന് ഇതാണ്. പ്രവാചകന്മാരുടെ നിയോഗത്തിന്റെ ലക്ഷ്യങ്ങളിലൊന്നും ഇതായിരുന്നു. സൃഷ്ടികര്‍ത്താവായ അല്ലാഹുവിന്റെ ഭൂമിയിലെ പ്രതിനിധി എന്ന സ്ഥാനം മനുഷ്യന് നല്‍കിയതിലൂടെ അല്ലാഹു മനുഷ്യനില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിലൊന്നും ഈ പ്രകൃതിപരിപാലനവും സംരക്ഷണവും തന്നെ.

ഇസ്‌ലാമിക ശരീഅത്തുപ്രകാരം ഏറെ പുണ്യവും പ്രാധാന്യവുമുള്ളകാര്യമാണ് തരിശുഭൂമി കൃഷിയോഗ്യമാക്കല്‍. പരിസ്ഥിതി പരിപാലനത്തിന്റെ മുഖ്യ ഇനങ്ങളിലൊന്നാണല്ലോ അത്. പരിസരശുചിത്വവും ഇസ്‌ലാം ഏറെ പ്രാധാന്യത്തോടെ കാണുന്നു. ഇസ്‌ലാമികശരീഅത്തിനെക്കുറിച്ച് പ്രതിപാദിക്കുന്ന എല്ലാ കൃതികളും വൃത്തിയും ശുചിത്വവുമായി ബന്ധപ്പെട്ട ഇസ്‌ലാമികവിധികള്‍ വിശദീകരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ഏതൊരു മുസ്‌ലിം പുരുഷനും സത്രീയും ആദ്യം പഠിച്ചുതുടങ്ങുന്നതും അതുതന്നെ. മനുഷ്യര്‍ ഉപയോഗിക്കുന്ന വഴികള്‍ വൃത്തികേടാക്കുന്നവര്‍ ശപിക്കപ്പെട്ടവരാണെന്ന് നബി പറഞ്ഞിട്ടുണ്ട്.

പരിസ്ഥിതി

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഹിജ്ര്‍ സൂക്തം 19-22

19. ഭൂമിയെ നാം വിശാലമാക്കി. അതില്‍ മലകളെ ഉറപ്പിച്ചുനിര്‍ത്തി. അതില്‍ നാം നാനാതരം വസ്തുക്കള്‍ കൃത്യമായ പരിമാണത്തോടെ മുളപ്പിച്ചു.

20. നാമതില്‍ നിങ്ങള്‍ക്ക് ജീവനോപാധികള്‍ ഉണ്ടാക്കിവെച്ചിരിക്കുന്നു. നിങ്ങള്‍ ആഹാരം കൊടുക്കാത്തവക്കും.

21. എല്ലാറ്റിന്റെയും ജീവിതോപാധികളുടെ പത്തായം നമ്മുടെ വശമാണ്. നീതിപൂര്‍വം നിശ്ചിത തോതില്‍ നാമതു ഇറക്കിക്കൊടുക്കുന്നു.

22. നാം മേഘവാഹിനികളായ കാറ്റിനെ അയക്കുന്നു. അങ്ങനെ മാനത്തുനിന്ന് വെള്ളമിറക്കുന്നു. നാം നിങ്ങളെയത് കുടിപ്പിക്കുന്നു. അതൊന്നും ശേഖരിച്ചുവെക്കുന്നത് നിങ്ങളല്ലല്ലോ.

പരിസ്ഥിതി

1. റസൂല്‍ പ്രസ്താവിച്ചതായി അനസ് എന്ന അനുചരന്‍ പറയുന്നു. ‘ഒരു മുസ്‌ലിം ചെടി നടുകയോ കൃഷിയിറക്കുകയോ ചെയ്യുക. അങ്ങനെ ഏതെങ്കിലും പക്ഷിയോ മനുഷ്യനോ മൃഗമോ അതില്‍നിന്ന് ഭക്ഷിക്കുക. എങ്കില്‍ അതത്രയും അയാളുടെ ദാനമായി പരിഗണിക്കപ്പെടും.”

(സ്വഹീഹു മുസ്‌ലിം)

2. തിരുനബി അരുളി: ‘ ആരെങ്കിലും ഒരു ചെറുകിളിയെ വെറുതെ കൊന്നാല്‍ അത് അന്ത്യനാളില്‍ ഇങ്ങനെ പരാതിപ്പെടും. ‘എന്റെ രക്ഷിതാവേ, ഇയാള്‍ എന്നെവെറുതെ കൊന്നു. ഒരു പ്രയോജനവുമില്ലാതെയാണ് അയാള്‍ എന്നെ കൊന്നത്. ഒരു പൈങ്കിളിയെയോ അതിനേക്കാള്‍ വലുതിനേയോ ഒരു മുസ്‌ലിം അന്യായമായി കൊന്നാല്‍ അല്ലാഹു അയാളോട് അതേപറ്റി ചോദിക്കും. അപ്പോള്‍ ഒരാള്‍ ചോദിച്ചു.’അല്ലാഹുവിന്റെ ദൂതരേ, കൊല്ലുതിന്റെ ന്യായമെന്തായിരിക്കും?’ നബി പറഞ്ഞു.’അറുത്തുതിന്നുക. (തിന്നാന്‍ വേണ്ടിയായിരിക്കണം അറുക്കുന്നത്.) തലയറുത്ത് എറിയാനായിരിക്കരുത്.”

3.ഒരിക്കല്‍ ആടിനെ അറുത്ത് തന്നെ സല്‍ക്കരിക്കാന്‍ തയ്യാറായ അനുചരനോട് തിരുനബി അരുളി.’ കറവുള്ളതിനെ അറുക്കാതെ നോക്കണം.”

4. നബി അരുളി .’ഒരാള്‍ ഒരു മരം നട്ടു. കായ്ക്കുന്നതുവരെ അതിനെ ക്ഷമാപൂര്‍വം സംരക്ഷിച്ചു. എങ്കില്‍ അതിന്റെ ഫലം ലഭിക്കുന്ന എല്ലാ വസ്തുക്കളുടെയും പേരില്‍ അയാള്‍ക്ക് അല്ലാഹുവിങ്കല്‍ പുണ്യമുണ്ടായിര്ക്കും., തീര്‍ച്ച.”

5. നബി പറഞ്ഞതായി അനുചരന്‍ അനസ് ഉദ്ധരിക്കുന്നു.’നടാനായി ഒരു തൈ നിങ്ങളുടെ കൈവശം ഇരിക്കുമ്പോഴാണ് ലോകം അവസാനിക്കുതെങ്കില്‍ നിങ്ങള്‍ അത് നട്ടുതീരുന്നതിനുമുമ്പ് ലോകം അവസാനിച്ചില്ലെങ്കില്‍ അയാള്‍ അത് നടട്ടെ.”

(മുസ്‌നദ്, സ്വഹീഹുല്‍ ബുഖാരി എന്നീ ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ നബിവചനം.)

6. നബി അരുളി: ‘ചത്ത (തരിശായ) ഭൂമിയെ ജീവിപ്പിക്കുന്നത് (കൃഷിയോഗ്യമാക്കുന്നത്) ആരോ, ആ ഭൂമി അയാള്‍ക്കുള്ളതാണ്.”

(അബൂദാവൂദ്, തിര്‍മിദി എന്നിവരുടെ ഹദീസ് ശേഖരത്തിലും മുസ്‌നദ് എന്ന ഹദീസ് ഗ്രന്ഥത്തിലും രേഖപ്പെടുത്തിയ നബിവചനം.)