[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”ശാസ്ത്രം” titleclr=”#000000″][/vc_headings]

ആധുനിക ശാസ്ത്രം പൂര്‍ണ്ണമായും അടിത്തറ കെട്ടിപ്പടുത്തത് മുസ്ലിം ശാസ്ത്രകാരന്മാരില്‍ നിന്നായിരുന്നു. എന്നാല്‍ ഈ പൗരസ്ത്യ പങ്കാളിത്തത്തെ പരമാവധി മറച്ചു വെച്ച് എല്ലാത്തിന്റെയും പിതാക്കന്മാരും സൈദ്ധാന്തികരുമായി യൂറോപ്പ് സ്വയം പ്രത്യക്ഷപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ബോധപൂര്‍വം തന്നെ സത്യത്തെ അവര്‍ തമസ്‌കരിക്കുകയായിരുന്നു.

ഈ തമസ്‌കരണം തുടരുന്നതിനിടക്കാണ് അടുത്ത കാലങ്ങളിലായി പൗരസ്ത്യ മുസ്‌ലിം നാടുകളിലെ മധ്യകാലയുഗത്തിലെ സംഭാവനകള്‍ മുഖ്യധാരയില്‍ സജീവ ചര്‍ച്ചയായി വരുന്നത്. 2015 ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര പ്രകാശ വര്‍ഷമായി പ്രഖ്യാപിച്ചപ്പോള്‍ ആധുനിക പ്രകാശ ശാസ്ത്രത്തിന്റെ പിതാവായ ഇബ്‌നുല്‍ ഹൈഥമിനെ അനുസ്മരിച്ചാണ് ആരംഭിച്ചത്. അദ്ദേഹംത്തിന്റെ ബുക് ഓഫ് ഒപറ്റിക്‌സ് എന്ന കൃതിയുടെ 1000 വര്‍ഷാഘോഷം കൂടിയായിരുന്നു പ്രസ്തുത വര്‍ഷം. നാഷണല്‍ ജ്യോഗ്രഫി, ബിബിസി മുതലായ അന്താരാഷ്ട്ര മീഡിയാ ശൃംഖലകളും യുനെസ്‌കോ മുതലായ അന്താരാഷ്ട്ര സംഘടനകളും വിഷയം ഗൗരവത്തില്‍ ഏറ്റെടുത്തതോടെ ലോകം ആ മറഞ്ഞ ചരിത്രത്തിന് മുന്നില്‍ അത്ഭുതം കൂറി നിന്നു. ഈ ദൗത്യം യുനെസ്‌കോ അന്താരാഷ്ട്ര പ്രകാശ വര്‍ഷാഘോഷത്തിന്റെ ഭാഗമായി ഏറ്റെടുത്തതോടെ ലോക ശ്രദ്ധയും അതിലേക്ക് തിരിഞ്ഞു. ഇബ്‌നുഹൈഥമിനെ കുറിച്ച് ലോകത്തെമ്പാടും ചര്‍ച്ചകളും സെമിനാറുകളും സിമ്പോസിയങ്ങളും എക്‌സിബിഷനുകളും മത്സരങ്ങളും ഇതിന്റെ ഭാഗമായി അരങ്ങേറി” ഇത് ഇബ്‌നു ഹൈഥമില്‍ അവസാനിക്കുന്നില്ല ഇന്ന് അറിയപ്പെടുന്ന മിക്ക ശാസ്ത്ര ശാഖയുടെയും ആരംഭ ചരിത്രത്തെ കുറിച്ച് പരിശോധിച്ചാല്‍ അത് ചെന്നെത്തുന്നത് മുസ്ലിം ശാസ്ത്രകാരന്മാരിലായിരിക്കും എന്നത് ഒരു സത്യമാണ്.

ചിന്തയില്‍ പുത്തനൂര്‍ജ്ജങ്ങള്‍ നിറച്ച് മുസ്‌ലിം ലോകം യൂറോപ്പില്‍ നവോത്ഥാനത്തിനും ജ്ഞാനോദയത്തിനും വഴിതെളിയിച്ച ഒരു കാലം.

ഇന്ത്യ, സ്‌പെയിന്‍ എന്നീ രണ്ട് രാജ്യങ്ങളില്‍നിന്ന് മാത്രം പുറത്തുവരുന്ന ശാസ്ത്രപഠനങ്ങള്‍ മുഴുവന്‍ മുസ്‌ലിം രാജ്യങ്ങളും ചേര്‍ന്ന് ഉല്‍പാദിപ്പിക്കുന്ന ശാസ്ത്രപഠനങ്ങളേയും കവച്ചുവെക്കുന്നു. ഇസ്‌ലാമിക നാഗരികതയുടെ പ്രശോഭിത കാലഘട്ടങ്ങളില്‍ മുസ്‌ലിങ്ങള്‍ ഇതിന് വലിയ സംഭാവനകളര്‍പ്പിച്ചിരുന്നു. ഫഖ്‌റുദ്ദീന്‍ റാസി, ഇബ്‌നു സീന, സഹ്‌റാവി, ഇബ്‌നു ഈസ അല്‍ കഹാല്‍ തുടങ്ങിയ പ്രഗല്‍ഭരായ പണ്ഡിതവര്യന്മാര്‍ ഇക്കാലത്ത് ഉടലെടുക്കുകയുണ്ടായി. ലോകം അവരുടെ സംഭാവനകള്‍ വളരെ ആവേശത്തോടെ സ്വീകരിക്കുകയും അവരെ ആദരവോടെ കണക്കാക്കുകയും ചെയ്തു.

മുസ്‌ലിങ്ങളുടെ നവോത്ഥാനത്തിന് മുമ്പുള്ള നാഗരികതകള്‍ സംഭാവന ചെയ്ത ധാരാളം ശാസ്ത്ര കണ്ടെത്തലുകളുണ്ട്. മുസ്‌ലിങ്ങള്‍ അവരുടെ നാഗരികതയുടെ ഉയര്‍ത്തെഴുന്നേല്‍പിന്റെ സമയത്ത് ഇത്തരം സംഭാവനകളെ പ്രയോജനപ്പെടുത്തുകയും അവ അഭിമാനപൂര്‍വ്വം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ സംഭാവനകള്‍ പകര്‍ത്തുക മാത്രമല്ല ചെയ്തത്. മറിച്ച് അവ വികസിപ്പിക്കുകയും അതിലേക്ക് നൂതനമായ പല ആവിഷ്‌കാരങ്ങളും കണ്ടുപിടുത്തങ്ങളും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. തദനുസൃതമായി അത്തരം സംഭാവനകളുടെ ആധിപത്യവും മുസ്‌ലിങ്ങളുടെ കൈകളിലൊതുങ്ങുകയുണ്ടായി.പുരാണ സംസ്‌കൃതികളുടെയും നാഗരികതകളുടെയും ഈറ്റില്ലവും പോറ്റില്ലവുമായിരുന്ന ചൈന, ഗ്രീസ്,ഈജിപ്ത്, ഭാരതം തുടങ്ങിയ ഭൂമികകളില്‍ നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞുവന്ന ധൈഷണിക, വൈജ്ഞാനിക അഭിവാഞ്ഛയുടെയും മേധാപോഷണത്തിന്റെയും ഘട്ടംഘട്ടമായുള്ള മുന്നേറ്റമാണ് ഇന്ന് നാം കാണുന്ന ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രാരംഭദശ. വ്യത്യസ്ത നാടുകളില്‍ വിവിധങ്ങളായ ഭാഷകളിലായി ചിന്നിച്ചിതറിക്കിടന്നിരുന്ന വിവിധ ശാസ്ത്രീയ കണ്ടെത്തലുകളെ ഒരേ ചരടില്‍ കോര്‍ത്തിണക്കിയത് ഏഴും എട്ടും നൂറ്റാണ്ടുകളില്‍ ഭരണം നടത്തിയ അബ്ബാസീ ഖലീഫമാരായിരുന്നു. വ്യത്യസ്ത കോണുകളിലൂടെ ഒഴുകിക്കൊണ്ടിരുന്ന വൈജ്ഞാനിക അരുവികള്‍ ചേര്‍ത്തുപിടിച്ച് ബഗ്ദാദിലൂടെ ഒഴുക്കുകവഴി ഒരു നൂതനജ്ഞാന സരണിക്ക് വഴിയൊരുക്കുകയായിരുന്നു അവരവിടെ.

ശാസ്ത്രകൃതികളോട് അദ്വിതീയ സാമീപ്യം പ്രകടിപ്പിച്ച ഈ ഖലീഫമാര്‍ ഖജനാവില്‍ നിന്ന് ഭ്ീമമായ തുകയിറക്കിയായിരുന്നു അന്യനാടുകളില്‍ നിന്ന് ഗ്രന്ഥങ്ങള്‍ എത്തിച്ചുകൊണ്ടിരുന്നത്. അനുയായികളിലും അതേ ഔത്സുക്യം നിലനിറുത്താന്‍ അവര്‍ക്ക് പ്രതിഫലം നിശ്ചയിക്കപ്പെട്ടു. വിജ്ഞാനദാഹിയായിരുന്ന ഹാറൂന്‍ റശീദിന്റെ കാലം ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികളുടെ തൂക്കത്തിനനുസരിച്ച് അവര്‍ക്ക് സ്വര്‍ണം പ്രതിഫലമായി ലഭിച്ചു. ധനം മോഹിച്ച് ക്രൈസ്തവര്‍ വരെ അന്ന് തങ്ങളുടെ രാഷ്ട്രങ്ങളില്‍ അലക്ഷ്യമായി ചിതറിത്തുരുമ്പിയ ശാസ്ത്ര സൂചനകള്‍ നിറഞ്ഞ ഗ്രന്ഥങ്ങള്‍ അറബികള്‍ക്ക് കൈമാറി സമ്പാദ്യമുണ്ടാക്കി. ശാസ്ത്രീയ കണ്ടെത്തലുകള്‍ക്കുവേണ്ടി അവര്‍ ജീവന്‍ പോലും ഉഴിഞ്ഞുവെച്ചു. ഇഹപരമോക്ഷത്തിന് നിമിത്തമായിത്തീരുമെന്നുറപ്പുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്വയം ചെയ്യുകയും മറ്റുള്ളവരെ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു

ഇസ്ലാമിനോടുള്ള തികഞ്ഞ പ്രതിപത്തിയായിരുന്നു ഇവരെ ശാസ്ത്രകാരന്മാരാക്കിയത്. ഇസ്ലാമിക രാഷ്ട്ര വികസനത്തിനു ശേഷം മുസ്ലിം ലോകം തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുകയായിരുന്നു. തിരുനബിയുടെയും വിശുദ്ധ ഖുര്‍ആനിന്റെയും ചൂടു മാറാത്ത പ്രഘോഷണങ്ങള്‍ അവര്‍ ഏറ്റുപിടിച്ചു. വിജ്ഞാനം തങ്ങളില്‍ നിന്നും കൈവിട്ടുപോയ അമൂല്യസമ്പത്താണെന്നും അതെവിടെ വെച്ചും വീണ്ടെടുത്തേ തീരൂവെന്നും അവര്‍ ശപഥം ചെയ്തു. പിന്നീടുള്ള കാലങ്ങള്‍ ശാസ്ത്ര ജ്ഞാന ശേഖരണത്തിലായി മാത്രം അവര്‍ ചെലവഴിച്ചു. ഇന്ന് ശാസ്ത്രത്തിന്റെ പോറ്റില്ലമെന്ന് ഖ്യാതി പറഞ്ഞുകൊണ്ടിരിക്കുന്ന യൂറോപ്പിനു പോലും വെളിച്ചം പകര്‍ന്നത് അറബികളായിരുന്നു.

വിജ്ഞാനങ്ങളില്‍ വെച്ചേറ്റവും ഉത്തമം സമകാലിക വിജ്ഞാനമാണെന്ന പ്രവാചകവചനം നെഞ്ചിലേറ്റിയ മുസ്‌ലിംകളാണ് ഇന്ന് വ്യാപകമായിട്ടുള്ള സകല വിജ്ഞാനങ്ങള്‍ക്കും മുന്‍കാലങ്ങളില്‍ അടിത്തറ പാകിയത്. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണെന്ന ബോധത്തോടെ അതെവിടെ കണ്ടാലും തിരിച്ചു പിടിക്കുകതന്നെ ചെയ്യുമെന്ന ശപഥം ചെയ്ത മധ്യകാല മുസ്‌ലിം ലോകത്തിന്റെ പണ്ഡിതപ്രഭുക്കള്‍ വൈജ്ഞാനിക മണ്ഡലങ്ങളില്‍ അന്നേക്കു വരെ ആരും കാണാത്തൊരു വിപ്ലവത്തിനു തന്നെ നേതൃത്വം നല്‍കി.

ശാസ്ത്രം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ബഖറ സൂക്തം 165

ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍; രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; മനുഷ്യര്‍ക്കുപകരിക്കുന്ന ചരക്കുകളുമായി സമുദ്രത്തില്‍ സഞ്ചരിക്കുന്ന കപ്പലില്‍; അല്ലാഹു മാനത്തുനിന്ന് വെള്ളമിറക്കി അതുവഴി, ജീവനറ്റ ഭൂമിക്ക് ജീവനേകിയതില്‍; ഭൂമിയില്‍ എല്ലായിനം ജീവികളെയും പരത്തിയതില്‍; കാറ്റിനെ തിരിച്ചുവിട്ടതില്‍; ആകാശഭൂമികള്‍ക്കിടയില്‍ അധീനപ്പെടുത്തി നിര്‍ത്തിയിട്ടുള്ള കാര്‍മേഘത്തില്‍- എല്ലാറ്റിലും, ചിന്തിക്കുന്ന ജനത്തിന് അനേകം തെളിവുകളുണ്ട്; സംശയമില്ല.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്‍ആം സൂക്തം 97-99

97.കരയിലെയും കടലിലെയും കൂരിരുളില്‍ നിങ്ങള്‍ക്ക് വഴി കാണാന്‍ നക്ഷത്രങ്ങളെ സൃഷ്ടിച്ചതും അവന്‍ തന്നെ. കാര്യമറിയാന്‍ കഴിയുന്നവര്‍ക്ക് നാമിതാ തെളിവുകള്‍ വിശദീകരിച്ചുതരുന്നു.
98. ഒരേയൊരു സത്തയില്‍ നിന്ന് നിങ്ങളെയൊക്കെ സൃഷ്ടിച്ചുണ്ടാക്കിയതും അവനാണ്. പിന്നെ നിങ്ങള്‍ക്കാവശ്യമായ വാസസ്ഥലവും ഏല്‍പിക്കപ്പെടുന്ന ഇടവുമുണ്ട്. ഈ തെളിവുകളൊക്കെയും നാം വിവരിച്ചുതരുന്നത് കാര്യം മനസ്സിലാക്കുന്ന ജനത്തിനുവേണ്ടിയാണ്.
99. അവന്‍ തന്നെയാണ് മാനത്തുനിന്ന് വെള്ളം ഇറക്കിയത്. അങ്ങനെ അതുവഴി നാം സകല വസ്തുക്കളുടെയും മുളകള്‍ കിളിര്‍പ്പിച്ചു. പിന്നെ നാം അവയില്‍ നിന്ന് പച്ചപ്പുള്ള ചെടികള്‍ വളര്‍ത്തി. അവയില്‍ നിന്ന് ഇടതൂര്‍ന്ന ധാന്യക്കതിരുകളും. നാം ഈന്തപ്പനയുടെ കൂമ്പോളകളില്‍ തൂങ്ങിക്കിടക്കുന്ന കുലകള്‍  ഉല്‍പാദിപ്പിച്ചു. മുന്തിരിത്തോട്ടങ്ങളും ഒലീവും റുമ്മാനും ഉണ്ടാക്കി.   ഒരു പോലെയുള്ളതും എന്നാല്‍ വ്യത്യസ്തങ്ങളുമായവ. അവ കായ്ക്കുമ്പോള്‍ അവയില്‍ കനികളുണ്ടാകുന്നതും അവ പാകമാകുന്നതും നന്നായി നിരീക്ഷിക്കുക. വിശ്വസിക്കുന്ന  ജനത്തിന് ഇതിലെല്ലാം തെളിവുകളുണ്ട്.