സ്രഷ്ടാവായ ദൈവത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഭൂമിയില്‍ പാലിക്കപ്പെടുകയെന്നത് എല്ലാ വിശ്വാസികളുടെയും ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം ജനങ്ങള്‍ ചേര്‍ന്ന് ഒരാളില്‍ ഭരമേല്‍ക്കുകയാണ്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ഇതാണ് ഭരണാധികാരിയുടെ സ്ഥാനം. ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതിന് ഒരു നിശ്ചിതരീതി ഇസ്‌ലാം നിശ്ചയിച്ചിട്ടില്ല.
സ്ഥലകാല സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏതുരീതിയും സ്വീകരിക്കാനുള്ള വിപുലമായ സാധ്യത തുറന്നിടുകയാണ് ഇസ്‌ലാം ചെയ്തിരിക്കുന്നത്. ഭരണാധികാരിക്ക് ജനപിന്തുണ വേണം എന്ന തത്ത്വം അംഗീകരിച്ച് ഏതു രീതിയും ഭരണാധികാരികളെ തെരഞ്ഞെടുക്കാന്‍ സ്വീകരിക്കാം. എന്നാല്‍ അധികാരമോഹം ഭരണാധികാരിക്കുള്ള അയോഗ്യതയായാണ് ഇസ്‌ലാം കാണുന്നത്.
ഭരണാധികാരി
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നിസാഅ് സൂക്തം 59
വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍ ഇതാണ് ഏറ്റം നല്ലത്. മെച്ചപ്പെട്ട ഫലത്തിനും ഇതാണ് ഉത്തമം.
ഭരണാധികാരി
1. തിരുനബി അരുളി: മൂന്നു പേര്‍ ഒരു യാത്രയിലാണെങ്കില്‍ അവര്‍ തങ്ങളില്‍ ഒരാളെ നേതാവാകട്ടെ.
(അബൂദാവൂദ്)
2. അംറിന്റെ മകന്‍ അബ്ദുല്ല എന്ന അനുചരന്റെ വാക്കുകള്‍: നബി അരുളി. ”മൂന്നു പേര്‍. അവര്‍ ഒരു വിജനപ്രേദേശത്തത്താണെങ്കിലും തങ്ങളില്‍നിന്ന് ഒരാളെ അമീറാക്കാതിരിക്കാന്‍ അവര്‍ക്ക് പാടില്ല.”
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)
3. തിരുനബി അരുളി. ”പിശാച് മനുഷ്യരെ വേട്ടയാടുന്ന ചെന്നായയാണ്. കൂട്ടംെതറ്റി ഒറ്റപ്പെട്ട ആടിനെ ചെന്നായ പിടിക്കുന്നതുപോലെ പിശാച് മനുഷ്യനെ വേട്ടയാടുന്നു. അതിനാല്‍ നിങ്ങള്‍ ഒറ്റപ്പെടുന്നത് സൂക്ഷിക്കുക. നിങ്ങള്‍ സംഘടനയുടെയും ബഹുജനങ്ങളുടെയും കൂടെയാവുക.”
(മശ്കൂത്ത്)
4. തിരുനബി അരുളി. ”അറിയുക. നിങ്ങളോരോരുത്തരും മേല്‍നോട്ടക്കാരാണ്. തങ്ങളുടെ മേല്‍നോട്ടത്തിലുള്ളവരെക്കുറിച്ചു നിങ്ങള്‍ ചോദിക്കപ്പെടും. പുരുഷന്‍ തന്റെ കുടുംബത്തിന്റെ മേല്‍നോട്ടക്കാരനാണ്. തന്റെ മേല്‍നോട്ടത്തിലുള്ളവരെക്കുറിച്ച് അവന്‍ ചോദിക്കപ്പെടും. സ്ത്രീ അവളുടെ ഭര്‍തൃഗൃഹത്തിന്റെയും സന്താനങ്ങളുടെയും മേല്‍നോട്ടക്കാരാണ്. തന്റെ മേല്‍നോട്ടത്തിലുള്ളവരെക്കുറിച്ച് അവളും ചോദിക്കപ്പെടും.”
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)
5. യസാറിന്റെ മകന്‍ മഅ്ഖില്‍ എന്ന അനുചരന്‍ പറയുന്നു: തിരുദൂതര്‍ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു. ”ഒരാള്‍ മുസ്‌ലിംകളുടെ കാര്യങ്ങളില്‍ ഉത്തരവാദിത്വം ഏല്‍ക്കുകയും എന്നിട്ട് അവരെ വഞ്ചിക്കുകയുമാണെങ്കില്‍ അല്ലാഹു അയാള്‍ക്ക് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്.”
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)
6. യസാറിന്റെ മകന്‍ മഅ്ഖില്‍ എന്ന അനുചരന്‍ പറയുന്നു: തിരുനബി അരുള്‍ ചെയ്തതായി ഞാന്‍ കേട്ടിട്ടുണ്ട്. ”ഒരാള്‍ മുസ്‌ലിംകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും എന്നിട്ട് അവരോട് ഗുണകാംക്ഷ കാണിക്കാതിരിക്കുകയും അവരുടെ കാര്യത്തിന് സ്വന്തം കാര്യത്തിന് അധ്വാനിക്കുന്നതുപോലെ അധ്വാനിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു അവനെ നരകത്തില്‍ മുഖം കുത്തിവീഴ്ത്തും.”
(ത്വബ്‌റാനിയുടെ ഹദീസ്‌ശേഖരത്തില്‍നിന്ന്)
7. തിരുനബി അരുളി: കുറ്റകരമായ കാര്യം കല്പിക്കപ്പെടാത്തേടത്തോളം കാലം ഭരണാധികാരികളുടെ വാക്കു കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യല്‍ മുസ്‌ലിമിന് നിര്‍ബന്ധമാണ്. അതവന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ഇനി കുറ്റകരമായ കാര്യങ്ങള്‍ ആജ്ഞാപിക്കപ്പെട്ടാല്‍ കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്യേണ്ടതില്ല.
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹുമുസ്‌ലിം)
8. ഇബ്‌നു ഉമറില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് വാക്യം: പ്രവാചകന്‍ പറഞ്ഞു. ” അമീറിനുള്ള അനുസരണം പിന്‍വലിക്കുന്നവന് അന്ത്യനാളില്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്ന അവസരത്തില്‍ തനിക്ക് അനുകൂലമായി യാതൊന്നുമുണ്ടാവില്ല. അനുസരണപ്രതിജ്ഞയുടെ ബാധ്യതയില്ലാതെ (‘തന്റെ കണ്ഠത്തില്‍ അനുസരണപ്രതിജ്ഞയില്ലാത്തവന്‍’ എന്ന് വാക്യാര്‍ഥം) മരിച്ചവന്‍ ജാഹിലിയ്യാമരണം (അജ്ഞാതകാലത്തെ അവസ്ഥയിലുള്ള മരണം) വരിച്ചു.”
(സ്വഹീഹു മുസ്‌ലിം)
9. തിരുനബി പറഞ്ഞതായി ഖലീഫ അലി ഉദ്ധരിക്കുന്നു. ”തെറ്റായ കാര്യങ്ങളില്‍ അനുസരണമില്ല. നന്മയില്‍ മാത്രമാണ് അനുസരണം.”
(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം)
10. അബൂസഈദില്‍ ഖുദ്‌രി എന്ന അനുചരന്‍ തിരുനബിയില്‍നിന്ന് ഉദ്ധരിക്കുന്നു. ”നേര്‍മാര്‍ഗത്തില്‍നിന്ന് തെറ്റിപ്പോകുന്ന ഭരണാധികാരിയുടെ മുമ്പില്‍ സത്യം തുറന്നുപറയലാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്.”
(സ്വഹീഹു മുസ്‌ലിം)