ഹിജ്റ പത്താം വര്‍ഷം നബി ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നതായി പ്രഖ്യാപിച്ചു. ഈ വാര്‍ത്ത അറേബ്യ മുഴുവന്‍ പ്രചരിച്ചു. നബിയുടെ കൂടെ ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിക്കാനായി ഏതാണ്ടെല്ലാ അറബികളും പുറപ്പെട്ടു. ഹജ്ജിന്റെ ഭാഗമായഅറഫയില് വച്ച് മുഹമ്മദ് നബി നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. ലോകചരിത്രത്തിലെ ആദ്യത്തെ മനുഷ്യാവകാശപ്രഖ്യാപനമാണ് അത്.
വംശത്തിന്റെയോ നിറത്തിന്റെയോ രാജ്യത്തിന്റെയോ ജാതിയുടെയോ വര്‍ഗത്തിന്റെയോ പേരില്‍ ആരും മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠരല്ലെന്നും ശ്രേഷ്ഠത ദൈവഭക്തിയില്‍ മാത്രമാണെന്നും ആ പ്രസംഗത്തില്‍ നബി സൂചിപ്പിച്ചു. സ്ത്രീകളുടെ പദവിയെ ആദരിക്കണമെന്നും സ്ത്രീകളോട് പുരുഷന്മാര്ക്കും പുരുഷന്മാരോട് സ്ത്രീകള്‍ക്കും പരസ്പരം കടപ്പാടുകളുണ്ടെന്നും അവ പാലിക്കണമെന്നും നബി ഉണര്‍ത്തി. അന്യായമായി ഒരാളുടെയും രക്തം ചിന്താന്‍ മനുഷ്യര്‍ക്ക് അവകാശമില്ലെന്ന് നബി പ്രഖ്യാപിച്ചു.
ഹജ്ജിനു ശേഷം വളരെ കുറച്ചു കാലമേ മുഹമ്മദ് നബി ജീവിച്ചിരുന്നുള്ളൂ. ഹിജ്റ പതിനൊന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ മാസത്തില്‍ ലോകത്തിന്റെ വിമോചകനായ മുഹമ്മദ് നബി വിടപറഞ്ഞു.
ഹജ്ജും വിടവാങ്ങലും
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍മാഇദ സൂക്തം 3
3. ശവം, രക്തം, പന്നിയിറച്ചി, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടിച്ചത്തത്, തല്ലിക്കൊന്നത്, വീണുചത്തത്, തമ്മില്‍കുത്തിച്ചത്തത്, വന്യമൃഗം കടിച്ചു തിന്നിട്ടത്- ചാവും മുമ്പെ നിങ്ങള്‍ അറുത്തത് ഒഴികെ- പ്രതിഷ്ഠകള്‍ക്ക് ബലിയറുത്തത്; ഇതൊക്കെയും നിങ്ങള്‍ക്ക് നിഷിദ്ധമാണ്. അമ്പുകള്‍കൊണ്ട് ഭാഗ്യപരീക്ഷണം നടത്തലും നിഷിദ്ധം തന്നെ. ഇതെല്ലാം മ്ലേഛമാണ്. സത്യനിഷേധികള്‍ നിങ്ങളുടെ ദീനിനെ നേരിടുന്നതില്‍ ഇന്ന് നിരാശരായിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കേണ്ടതില്ല. എന്നെ മാത്രം ഭയപ്പെടുക. ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്കു തികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും പട്ടിണി കാരണം നിഷിദ്ധം തിന്നാന്‍ നിര്‍ബന്ധിതനായാല്‍, അവന് തെറ്റുചെയ്യാന്‍ തല്‍പരനല്ലെങ്കില്‍, അറിയുക: ഉറപ്പായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.