അറേബ്യയിലെ മക്കയില്‍ ഖുറൈശ് ഗോത്രത്തില്‍ പ്രസിദ്ധമായ ഹാശിം കുടുംബത്തില്‍ ക്രിസ്തുവര്‍ഷം 571ലാണ് മുഹമ്മദ് നബി ജനിക്കുന്നത്. പിതാവായ അബ്ദുല്ല മുഹമ്മദ് നബിയുടെ ജനനത്തിനു മുമ്പുതന്നെ മരണപ്പെട്ടിരുന്നു. മുഹമ്മദ് നബിക്ക് ആറു വയസ്സായപ്പോള്‍ മാതാവ് ആമിനയും മരണപ്പെട്ടു. അതോടെ പൂര്‍ണമായും അനാഥനായിത്തീര്‍ന്ന മുഹമ്മദ് നബിയെ വളര്‍ത്തിയത് വല്യുപ്പയായ അബ്ദുല്‍മുത്ത്വലിബ് ആണ്. പക്ഷേ, രണ്ടു വര്‍ഷത്തിനു ശേഷം അബ്ദുല്‍മുത്ത്വലിബ് മരണപ്പെട്ടു. പിതാവിന്‍റെ സഹോദരനായ അബൂത്വാലിബിന്‍റെ സംരക്ഷണത്തിലാണ് പിന്നീടുള്ള കാലം ആ അനാഥബാലന്‍ വളര്‍ന്നത്.
ബാലനായ മുഹമ്മദ് നബി സത്യസന്ധനും വിശ്വസ്തനുമായിരുന്നു. അതിനാല്‍ മക്കാനിവാസികള്‍ എല്ലാവരും ഒരുപോലെ മുഹമ്മദ് നബിയെ ഇഷ്ടപ്പെട്ടു; സ്‌നേഹിച്ചു. വിശ്വസ്തന്‍ എന്നര്‍ഥമുള്ള അല്‍-അമീന്‍ എന്നാണ് നാട്ടുകാര്‍ മുഹമ്മദ് നബിയെ വിശേഷിപ്പിച്ചിരുന്നത്. ബാലനായിരിക്കേ ആട്ടിടയനായിരുന്ന അദ്ദേഹം യുവാവായപ്പോള്‍ കച്ചവടത്തിലേര്‍പ്പെട്ടു. മക്കയിലെ കച്ചവട പ്രമുഖയായിരുന്ന ഖദീജാബീവിയെ തന്‍റെ ഇരുപത്തഞ്ചാം വയസ്സില്‍ മുഹമ്മദ് നബിയെ വിവാഹം ചെയ്തു. ഖദീജക്ക് അപ്പോള്‍ നാല്‍പത് വയസ്സായിരുന്നു.
അറേബ്യ അക്കാലത്ത് അന്ധവിശ്വാസത്തിന്‍റെയും അനാചാരങ്ങളുടെയും കേന്ദ്രമായിരുന്നു. പെണ്‍കുട്ടികള്‍ ജനിക്കുന്നത് ദുശ്ശകുനമായി കണ്ട അറേബ്യന്‍ നിവാസികള്‍ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുമായിരുന്നു. മദ്യത്തിന്‍റെ അടിമകളായിരുന്ന ആ പ്രദേശത്തുകാര്‍ക്കിടയില്‍ എല്ലാ തിന്മകളും വ്യാപകമായി. യുവാവായ മുഹമ്മദ് നബിക്ക് ഈ തിന്മകളോട് യോജിക്കാന്‍ കഴിഞ്ഞില്ല. തന്‍റെ നാട്ടുകാരുടെ ജീവിതാവസ്ഥയില്‍ അദ്ദേഹം വേദനിച്ചു. പലപ്പോഴും അവരില്‍നിന്നകന്ന് ദൂരെയുള്ള ഹിറാഗുഹയില്‍ പോയി ധ്യാനമിരിക്കുമായിരുന്നു. ഇങ്ങനെ ധ്യാനത്തില്‍ മുഴുകിയിരിക്കുന്നതിനിടയിലാണ് മുഹമ്മദ് നബിയുടെയും ലോകത്തിന്‍റെ തന്നെയും ചരിത്രം മാറ്റിമറിച്ച ആ സംഭവം ഉണ്ടാകുന്നത്; പ്രവാചകത്വം!
നബി ചരിതം
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം ആലുഇംറാന്‍ സൂക്തം 144
144. മുഹമ്മദ് ദൈവദൂതനല്ലാതാരുമല്ല. അദ്ദേഹത്തിനുമുമ്പും ദൈവദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്‍തിരിഞ്ഞുപോവുകയോ? ആരെങ്കിലും പിന്‍തിരിഞ്ഞുപോകുന്നുവെങ്കില്‍ അറിയുക: അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും വരുത്തുകയില്ല. അതോടൊപ്പം, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കും.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍അഹ്‌സാബ് സൂക്തം 40
40. മുഹമ്മദ് നിങ്ങളിലെ പുരുഷന്മാരിലാരുടെയും പിതാവല്ല. മറിച്ച്, അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. ദൈവദൂതന്മാരില്‍ അവസാനത്തെയാളും. എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായറിയുന്നവനാണ് അല്ലാഹു.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം മുഹമ്മദ് സൂക്തം 2
2. എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും മുഹമ്മദിന് അവതീര്‍ണമായതില്‍- തങ്ങളുടെ നാഥനില്‍നിന്നുള്ള പരമസത്യമാണത്- വിശ്വസിക്കുകയും ചെയ്തവരുടെ തിന്മകളെ അല്ലാഹു തേച്ചുമായിച്ചു കളഞ്ഞിരിക്കുന്നു. അവരുടെ സ്ഥിതി മെച്ചപ്പെടുത്തിയിരിക്കുന്നു.