മദ്ധ്യേഷ്യയില്‍ നിന്ന് പേര്‍ഷ്യ വഴി പടിഞ്ഞാറു ഭാഗത്തേക്ക് കുടിയേറിയ തുര്‍ക്ക് വംശജര്‍ കെട്ടിപ്പടുത്ത ഭരണകൂടമാണ് തുര്‍ക്കി ഖിലാഫത്ത്. ഇന്നത്തെ തുര്‍ക്കിയാണ് അവര്‍ തങ്ങളുടെ ഭരണത്തിന്റെ കേന്ദ്രമായി തെരെഞ്ഞെടുത്തത്. നിരവധി ഗോത്രവിഭാഗങ്ങള്‍ അക്കാലത്ത് അനറ്റോളിയയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്നുവെങ്കിലും ഉഥ്മാന് എന്ന തുര്‍ക്ക് വംശജന്റെ പിന്മുറക്കാരായ ഉഥ്മാനികള്‍ 1326-ഓടു കൂടി അനറ്റോളിയയുടെ വലിയൊരു ഭാഗം കീഴടക്കി . 1357-ല്‍ മെഡിറ്ററേനിയന്കടലിന് പടിഞ്ഞാറുള്ള ബാള്‍ക്കണ്‍ പ്രദേശങ്ങള്‍ കീഴ്പ്പെടുത്തിക്കൊണ്ടാണ് ഉഥ്മാനികള്‍ തങ്ങളുടെ ജൈത്രയാത്ര തുടങ്ങിയത്. ഉഥ്മാനികളുടെ ഭരണകൂടം ഉസ്മാനിയാ ഖിലാഫത്ത് എന്നു പറയുന്നു.
നിരവധി പ്രഗത്ഭരായ ഭരണാധികാരികള്‍ ഉഥ്മാനിയ്യാ ഖിലാഫത്തിന് കീഴില്‍ ഉണ്ടായി. ബായസീദും മുഹമ്മദ് രണ്ടാമനും സലീമും സുലൈമാന്‍ അല്‍-ഖാനൂനിയുമൊക്കെ ഉഥ്മാനിയ്യാ ഖിലാഫത്തിനെ യൂറോപ്പിലെ പകരം വെക്കാനാവാത്ത ശക്തിയാക്കി മാറ്റിയ ഭരണാധികാരികളായിരുന്നു. റോമും പേര്‍ഷ്യയും മുസ്ലിംകള് ജയിച്ചടക്കുമെന്നത് നബിയുടെ പ്രവചനമായിരുന്നു. ഖലീഫാ ഉമറിന്റെ കാലത്തുതന്നെ പേര്‍ഷ്യ ഇസ്ലാമിക ഖിലാഫത്തിന് കീഴിലായെങ്കിലും റോമിന്റെ ആധിപത്യം അവസാനിപ്പിച്ച് പ്രവാചകന്റെ വാക്കുകള്‍ സത്യപ്പെടുത്താനുള്ള ഭാഗ്യം ലഭിച്ചത് മുഹമ്മദ് രണ്ടാമനായിരുന്നു.
കിഴക്കന്‍ റോമാ സാമ്രാജ്യം എന്നറിയപ്പെട്ട ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍. ഉമവികളുടെ കാലത്തും അബ്ബാസികളുടെ കാലത്തും കോണ്‍സ്റ്റാന്റിനോപ്പിള്‍ അധീനപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും അവിടത്തെ ശക്തമായ കോട്ടമതിലുകളെ ഭേദിക്കുക സാധ്യമല്ലാത്തതിനാല്‍ വിജയിച്ചില്ല. എന്നാല്‍ വളരെ തന്ത്രപരമായി സൈനിക നീക്കങ്ങള്‍ മെനഞ്ഞ മുഹമ്മദ് രണ്ടാമന്റെ സേനക്ക് മുന്നില്‍ അജയ്യമായ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ കോട്ടമതിലുകള്‍ നിലംപതിച്ചു. അദ്ദേഹം കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരത്തിന്റെ പേര് ഇസ്തംബൂള്‍ എന്നാക്കി. കോണ്‍സ്റ്റാന്റിനോപ്പിള്‍ നിവാസികളോട് ‘മുഹമ്മദ് അല്‍-ഫാതിഹ്’ (അജയ്യനായ മുഹമ്മദ്) എന്നറിയപ്പെട്ട മുഹമ്മദ് രണ്ടാമന് സ്വീകരിച്ച നിലപാട് ചരിത്രത്തില്‍ രേഖപ്പെട്ട് കിടക്കുന്നു. വിജയശ്രീലാളിതന്റെ പരാക്രമങ്ങളോ അധിനിവേശകന്റെ ഗര്‍വോ അല്ല അദ്ദേഹം പ്രകടമാക്കിയത്. അധികാര കൈമാറ്റത്തിന്റെ കാരുണ്യം മാത്രമായിരുന്നു. മുഴുവന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ വാസികളോടും നഗരത്തില്‍ തന്നെ തുടരാനും തങ്ങളുടെ മതം അനുസരിച്ച് തന്നെ ജീവിക്കാനും അദ്ദേഹം അനുവാദം നല്കി. ആത്മീയ നേതൃത്വമില്ലാതിരുന്ന അര്‍മീനിയന്‍ ക്രിസ്ത്യാനികള്‍ക്ക് പാത്രിയാര്‍ക്കീസിനെ നിശ്ചയിച്ചു കൊടുക്കുക പോലും ചെയ്തു അദ്ദേഹം. ഇസ്ലാം കടന്നു ചെന്ന ഏതൊരു നഗരവും ലോകത്തിന്റെ നെറുകയില്‍ എത്തിച്ചേര്‍ന്നതുപോലെ ഇസ്തംബൂളും ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായി ഇന്നും നിലനില്ക്കുന്നു. യൂറോപ്പിലും ഏഷ്യയിലുമായി സ്ഥിതി ചെയ്യുന്ന ഇസ്തംബൂള്‍ ലോകത്തെ ഏറ്റവും മനോഹര നഗരങ്ങളില്‍ ഒന്നാണ്.
മുഹമ്മദ് രണ്ടാമന് ശേഷം ഭരിച്ച സുല്‍ത്താന്‍ സലീം സിറിയയും ഈജിപ്തും തുര്ക്കീഖിലാഫത്തിന്റെ ഭാഗമാക്കി. മക്കയിലും മദീനയിലും ഉഥ്മാനികളുടെ മേല്‍ക്കൈ അംഗീകരിച്ചിരുന്ന ഭരണാധികാരികളായിരുന്നു ഉണ്ടായിരുന്നത്. സുല്‍ത്താന്‍ സലീമിന്റെ മകന് സുലൈമാന്‍ അല്‍-ഖാനൂനി നീതിമാനും എന്നാല്‍ ശക്തനുമായ ഭരണാധികാരിയായിരുന്നു. ഇസ്ലാം മുമ്പെങ്ങും എത്തിപ്പെട്ടിട്ടില്ലാത്ത യൂറോപ്പ്യന്‍ ഭാഗങ്ങളിലേക്ക് ഉഥ്മാനീഭരണം വ്യാപിച്ചു. ആല്‍പ്സ് പര്‍വതനിരയും ഫ്രാന്‍സും ഹംഗറിയും റുമാനിയയും ബള്‍ഗേറിയയുമൊക്കെ ഉഥ്മാനികള്‍ക്ക് കീഴിലായി. ഉഥ്മാനികള്‍ വെച്ചുപുലര്‍ത്തിയ മതസൗഹാര്‍ദം ആര്‍ക്കും നിഷേധിക്കാനാവത്തതാണ്. ക്രിസ്ത്യാനികളും ജൂതന്മാരും ഉഥ്മാനികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. ലോകത്ത് എക്കാലത്തും നാടോടികളായി ജീവിക്കേണ്ടി വന്ന ജൂതന്മാരെ രാജ്യത്ത് സ്വീകരിച്ച് താമസിപ്പിച്ചത് ഉഥ്മാനികളായിരുന്നു.
അള്‍ജീരിയ മുതല്‍ വടക്കന്‍ ആഫ്രിക്കയുടെ ഇതരപ്രദേശങ്ങള്, സമീപ പൗരസ്ത്യ അറബ് നാടുകള്‍, അനറ്റോളിയ എന്നിവിടങ്ങളില്‍ നിന്നാരംഭിച്ചു ബാള്‍ക്കണ്‍ നാടുകള്‍ വരെ വ്യാപിച്ചു കിടന്ന ഈ ഖിലാഫത്ത് നൂറ്റാണ്ടുകളോളം നിലനിന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പ്യന്‍ ശക്തികളുടെ ശക്തമായ ആക്രമണമുണ്ടായിട്ടും ഒന്നാം ലോകയുദ്ധത്തിന് ശേഷം വരെ പിടിച്ചുനില്ക്കാന് ഉഥ്മാനികള്ക്കായി. വൈദേശികമായ ഗൂഢാലോചനകളും ആഭ്യന്തര ഭീഷണികളുമാണ് ഉഥ്മാനിയ്യാ ഖിലാഫത്ത് ശിഥിലമാവാന്‍ കാരണം. അവസാന ഭരണാധികാരിയായ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന് സാമ്രാജ്യത്തെ പിടിച്ചുനിര്‍ത്താന്‍ ആവത് ശ്രമിച്ചെങ്കിലും അതില്‍ പരാജിതനാവുകയാണുണ്ടായത്. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് ഇസ്ലാമിനോട് വളരെയധികം താല്പര്യവും കൂറും കാണിച്ച വ്യക്തിയായിരുന്നു. ഫലസ്തീന് വിഷയത്തിലടക്കം സാമ്രാജ്യത്വ വിരുദ്ധമായ ശക്തമായ നിലപാടുകള്‍ അദ്ദേഹം സ്വീകരിക്കുകയുണ്ടായി. 1921-ല്‍ കമാല്‍ പാഷയുടെ വിപ്ലവത്തോടെ ഉഥ്മാനിയ്യാ ഖിലാഫത്തിന് അന്ത്യമായി. എന്നാല്‍ ലോകമുസ്ലിംകളുടെ മനസ്സില്‍ ഇത് കനത്ത മുറിവാണ് തീര്‍ത്തത്. തങ്ങള്‍ക്ക് ലോകനേതാവിനെ നഷ്ടപ്പെട്ടത് പോലെ അവരൊക്കെ ഉഥ്മാനിയ്യാ ഖിലാഫത്തിന് വേണ്ടി തെരുവിലിറങ്ങി. ഇന്ത്യയില്‍ അലി സഹോദരന്മാര് ആരംഭിച്ച ഗാന്ധിജി പോലും പങ്കുചേര്‍ന്ന ഖിലാഫത്ത് പ്രസ്ഥാനം അതിന് തെളിവാണ്. നമ്മുടെ കേരളത്തിലും മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ നേതൃത്വത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം ശക്തമായിരുന്നു.
മൗലാനാ ജലാലുദ്ദീന്‍ റൂമിയെ പോലെ ആധുനികലോകം ആഘോഷിക്കുന്ന സൂഫി കവികള്‍ ഉഥ്മാനികളുടെ തണലില്‍ കഴിഞ്ഞവരാണ്. ഹഗിയ സോഫിയ, ടോപ്കാപി കൊട്ടാരം, മുഹമ്മദ് അല്‍-ഫാത്തിഹ് പാലം എന്നിങ്ങനെ ഉഥ്മാനികളുടെ കലാചാതുരി വെളിവാക്കുന്ന നിര്‍മിതികള്‍ ഇസ്തംബൂള്‍ നഗരത്തില്‍ എങ്ങും കാണാം.