ഖുര്‍ആനില്‍ നിന്ന് അവതരിച്ചുകിട്ടുന്ന ഭാഗങ്ങള്‍ അപ്പോള്‍ത്തന്നെ നബി അനുയായികള്‍ക്ക് ഓതിക്കേള്‍പ്പിച്ചുകൊടുക്കുകയും അവരില്‍ എഴുത്തറിയാവുന്നവരോട് അതു എഴുതിവെക്കുന്ന ഭാഗങ്ങള്‍ അതിനുമുമ്പ് എഴുതിവെച്ചിട്ടുള്ളഏതെങ്കിലും വാക്യത്തിന്റെ മേലെയോ താഴെയോ ആണ് ചേര്‍ക്കേണ്ടതെങ്കില്‍ അതും നബി എഴുത്തുകാരോട് നിര്‍ദ്ദേശിച്ചിരുന്നു.
പ്രവാചകന്‍ തന്റെ ജീവിതത്തിന്റെ അവസാനവര്‍ഷങ്ങളില്‍ പുതുതായി ലഭിച്ച ദിവ്യബോധനങ്ങള്‍ എഴുതിയെടുക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത് സൈദുബ്‌നു സാബിത്തിനെയായിരുന്നു. ഖുര്‍ആന്‍ മുഴുവന്‍ ഒറ്റ ഗ്രന്ഥത്തിലാക്കാന്‍ ഖലീഫ അബുബക്കര്‍ നിശ്ചയിച്ചതും ഇതേ വ്യക്തിയെത്തന്നെ. അക്കാലത്ത് മദീനയില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ നിരവധി പേരുണ്ടായിരുന്നു. സൈദും അക്കൂട്ടത്തില്‍ പെടും. ഖുര്‍ആന്റെ ഓരോ ഭാഗവും ഗ്രന്ഥത്തിലേക്ക് പകര്‍ത്തുന്നതിനു മുമ്പ് അവയുടെ ഓരോന്നിന്റെയും എഴുതിവെച്ച ഈരണ്ട് കോപ്പികള്‍ വീതം ഹാജരാക്കിയിരിക്കണമെന്ന് ഖലീഫ സൈദിന് നിര്‍ദ്ദേശം നല്കി. ഖലീഫയുടെ നിര്‍ദ്ദേശം മാനിച്ച് മദീനാവാസികള്‍ അവരുടെ പക്കല്‍ സൂക്ഷിച്ചിരുന്ന നിരവധി ഖുര്‍ആന്‍ ഏടുകള്‍ കൊണ്ടുവന്നു. ധനികര്‍ നേര്‍ത്ത തോല്‍കടലാസിലും തോല്‍ത്തുണ്ടുകളിലുമാണ് എഴുതിവെച്ചിരുന്നത്. പാവപ്പെട്ടവര്‍ മൃഗങ്ങളുടെ തോളെല്ലുകളും പരന്ന കല്ലുകളും ചിലപ്പോള്‍ പൊട്ടിയ മണ്‍പാത്രങ്ങളുമൊക്കെയാണ് എഴുതാനുപയോഗിച്ചിരുന്നത്. എല്ലാം ഹാജരാക്കിയപ്പോള്‍ വെറും രണ്ടു സൂക്തങ്ങള്‍ മാത്രമാണ് ലിഖിതരേഖ രണ്ടില്‍ കുറവായതെന്ന് ഒദ്യോഗികപ്രഖ്യാപനം വന്നു. മറ്റെല്ലാ സുക്തങ്ങള്‍ക്കും തെളിവായി എണ്ണമറ്റ ലിഖിതരേഖകളുണ്ടായിരുന്നു. ഇങ്ങനെ തയ്യാറാക്കിയ പതിപ്പിനാണ് മുസ്വഹ്ഫ് (തുന്നിച്ചേര്‍ത്ത താളുകള്‍) എന്നു പറയുന്നത്. ഖലീഫ അബൂബക്കറും പിന്‍ഗാമിയായ ഉമറും ഈ മുസ്വഹഫ് തങ്ങളുടെ പക്കല്‍ സൂക്ഷിച്ചു. പിഴവുകളും പാളിച്ചകളും വരാതിരിക്കാന്‍ ഉമര്‍ പ്രാമാണികമുസ്വ്ഹഫിന്റെ ഓരോ കോപ്പി വീതം പ്രവിശ്യാകേന്ദ്രങ്ങളിലേക്ക് അയക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ പ്രക്രിയയ്ക്ക് പൂര്‍ണത കൈവന്നത് പിന്‍ഗാമിയായ ഉസ്മാന്റെ കാലത്താണ്.
മുസ്വ്‌ഹഫ്
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഹിജ്ര്‍ സൂക്തം 9
9. തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആന്‍-ഉദ്‌ബോധനം- ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും.