[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”തഫ്‌സീര്‍” titleclr=”#000000″][/vc_headings]

ഖുര്‍ആന്‍ വ്യാഖ്യാനത്തിനാണ് തഫ്‌സീര്‍ എന്നു പറയുന്നത്. ഖുര്‍ആനിന്റെ ആശയം, പൊരുള്‍, വിധികള്‍, അവയിലടങ്ങിയിരിക്കുന്ന യുക്തികള്‍, തത്ത്വങ്ങള്‍, ഗുണപാഠങ്ങള്‍ തുടങ്ങിയവ പ്രതിപാദിക്കുന്ന വിജ്ഞാനശാഖയാണിത്.

ഖുര്‍ആന്റെ വാച്യാര്‍ഥങ്ങളും പൊതുവെ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും മനസ്സിലാക്കാന്‍ മുഹമ്മദ് നബിയുടെ കാലത്തെ അറബികള്‍ക്ക് പ്രയാസമുണ്ടായിരുന്നില്ല. പിന്നീട് ഇസ്‌ലാം അറബികളല്ലാത്ത ഭാഷണസമൂഹത്തിലേക്ക് വ്യാപകമായതോടെ പരിഭാഷയും വ്യാഖ്യാനങ്ങളും അനിവാര്യമായിത്തീര്‍ന്നു.  ഖുര്‍ആനിലെ പല ഭാഗങ്ങളെക്കുറിച്ചും മുഹമ്മദ് നബി വിശദീകരിച്ചുതന്നിട്ടുണ്ട്. നബി വചനങ്ങളെല്ലാം ശേഖരിക്കപ്പെട്ടതിലൂടെ ഇത്തരം വ്യാഖ്യാനങ്ങളും ശേഖരിക്കപ്പെട്ടു. ഒരു ഖുര്‍ആന്‍ സൂക്തത്തിന് മുഹമ്മദ് നബിയുടെ വ്യാഖ്യാനം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആ സൂക്തത്തെപ്പറ്റി സ്വഹാബികള്‍ (നബിയുടെ അനുചരന്മാര്‍) നല്‍കിയ വ്യാഖ്യാനം കണ്ടെത്താന്‍ ശ്രമിക്കുകയാണ് പണ്ഡിതന്മാര്‍ ചെയ്തിരുന്നത്. ഇബ്‌നു മസ്ഊദ്, ഇബ്‌നു അബ്ബാസ് തുടങ്ങിയ സ്വഹാബിമാര്‍ ഇത്തരത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാനം നിര്‍വഹിച്ചിരുന്ന പ്രമുഖരായിരുന്നു. നബിയുടെ അനുചരന്മാരുടെ തൊട്ടുപിന്നിലായി വന്ന തലമുറയുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളാണ് പിന്നീട് കൂടുതല്‍ സ്വീകാര്യം. ഇവരില്‍ ഏറ്റവും പ്രധാനിയാണ് മുജാഹിദ്. ഇബ്‌നു അബ്ബാസില്‍നിന്നാണ് ഇദ്ദേഹം ഖുര്‍ആന്‍ വ്യാഖ്യാനം പഠിച്ചത്. സഈദുബ്‌നു ജുബൈര്‍, ഇക്‌രിമ, അത്വാഅ്, ഹസനുല്‍ ബസ്വ്‌രി, റബീഅ്, ഖതാദ, അബുല്‍ ആലിയ തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ പ്രശസ്തരാണ്.

ഇവര്‍ക്കുശേഷമുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കളാണ് ബൃഹത്തായ തഫ്‌സീര്‍ ഗ്രന്ഥങ്ങളിലൂടെ ഈ വിജ്ഞാനശാഖയെ ശക്തിപ്പെടുത്തിയവര്‍. മുസ്‌ലിംസമൂഹം പണ്ടുമുതല്‍ക്കേ അവലംബിച്ചുപോരുന്ന തഫ്‌സീര്‍ ഗ്രന്ഥമാണ് തഫ്‌സീറുത്ത്വബരി. ഇമാം ത്വബരിയുടേതാണീ ഗ്രന്ഥം. ഇമാം ഇബ്‌നു കഥീര്‍ രചിച്ച തഫ്‌സീറുല്‍ ഖുര്‍ആനുല്‍ അളീം എന്ന വ്യാഖ്യാന ഗ്രന്ഥമാണ് ആധികാരികമായ മറ്റൊരു വ്യാഖ്യാനഗ്രന്ഥം.

സ്വാതന്ത്ര്യസമരനേതാവും പണ്ഡിതനുമായിരുന്ന മൗലാനാ അബുല്‍ കലാം ആസാദ് രചിച്ച ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമാണ് തര്‍ജ്ജുമാനുല്‍ ഖുര്‍ആന്‍. സര്‍ സയ്യിദ് അഹ്മദ് ഖാന്‍, ഉബൈദുല്ലാസിന്ധി എന്നിവരും ഇതേപോലെ ചിന്താരംഗത്ത് തരംഗങ്ങള്‍ സൃഷ്ടിച്ച വ്യാഖ്യാതാക്കളാണ്. ഇരുപതാംനൂറ്റാണ്ടിലെ ശ്രദ്ധേയമായ രണ്ട് തഫ്‌സീറുകളാണ് അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹിയുടെ തദബ്ബുറെ ഖുര്‍ആനും മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഹ്ഫീമുല്‍ ഖുര്‍ആനും.

മലയാളഭാഷയിലെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് 1953 ല്‍ സി.എന്‍ അഹ്മദ് മൗലവിയുടെ ‘പരിശുദ്ധ ഖുര്‍ആന്‍: പരിഭാഷയും വ്യാഖ്യാനവും’ എന്ന ഗ്രന്ഥത്തിലൂടെയാണ്. 1960 കളില്‍ പുറത്തിറങ്ങിയ വിശുദ്ധ ഖുര്‍ആന്‍ വിവരണം എന്ന മുഹമ്മദ് അമാനീ മൗലവിയുടെ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമാണ് മറ്റൊന്ന്. മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്റെ മലയാള പരിഭാഷയാണ് മറ്റൊരു സംരംഭം. മൗലാനാ മൗദൂദി മൂലകൃതി ഉറുദുവില്‍ എഴുതി പൂര്‍ത്തിയാക്കിയ 1972 ല്‍ത്തന്നെ ഇതിന്റെ ഒന്നാം വോള്യത്തിന്റെ പരിഭാഷ കോഴിക്കോടുനിന്നും പുറത്തിറങ്ങി.

ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമികചിന്തകനായിരുന്ന ഈജിപ്തിലെ സയ്യിദ് ഖുതുബ് രചിച്ച ഫീ ളിലാലില്‍ ഖുര്‍ആന്‍ എന്ന അറബിയിലുള്ള ഖുര്‍ആന്‍വ്യാഖ്യാനഗ്രന്ഥത്തിന്റെ മലയാള പരിഭാഷ 2010 ല്‍ പുറത്തിറങ്ങി.

തഫ്‌സീര്‍

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ഖമര്‍ സൂക്തം 17

17. ഈ ഖുര്‍ആനിനെ നാം ചിന്തിച്ചറിയാനായി ലളിതമാക്കിയിരിക്കുന്നു. അതിനാല്‍ ആലോചിച്ചറിയുന്ന ആരെങ്കിലുമുണ്ടോ?