[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”ഉള്ളടക്കം” titleclr=”#000000″][/vc_headings]

കാലദേശവര്‍ഗഭേദമില്ലാതെ എല്ലാ മനുഷ്യരോടുമാണ് ഖുര്‍ആന്റെ അഭിസംബോധന. ആത്മീയം, ഭൗതികം, വ്യക്തിപരം, സാമൂഹികം -ഇങ്ങനെ എല്ലാ തുറകളിലും അത് മനുഷ്യന് മാര്‍ഗനിര്‍ദ്ദേശംനല്‍കുന്നു.  വ്യക്തിത്വവികാസമാണ് ഖുര്‍ആന് ഒന്നാമതായി ഉന്നം വെക്കുന്നത്. ഓരോ മനുഷ്യനും വ്യക്തിപരമായി അവന്റെ സൃഷ്ടാവിനോട് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. ഈ ഉദ്ദേശ്യത്തിനുവേണ്ടി ഖുര്‍ആന്‍ ആജ്ഞ നല്‍കുക മാത്രമല്ല, മനുഷ്യനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകകൂടി ചെയ്യുന്നു.

സാമൂഹികജീവിതം, വ്യാപാരം, വിവാഹം, അനന്തരാവകാശം, ക്രിമിനല്‍ നിയമം, അന്താരാഷ്ട്രനിയമം തുടങ്ങിയ രംഗങ്ങളില്‍ ഏറ്റവും മികച്ച തത്ത്വങ്ങളാണ് ഖുര്‍ആന്‍ നല്കുന്നത്. പക്ഷേ, സാധാരണ അര്‍ഥത്തിലുള്ള ഒരു ഗ്രന്ഥമല്ല ഖുര്‍ആന്‍. ദൈവം തന്റെ സന്ദേശവാഹകനായ മനുഷ്യന് 23 വര്‍ഷത്തിനിടയില്‍ പലപ്പോഴായി നല്കിയ വചനങ്ങളുടെ സമാഹാരമാണത്. രാജാവ്, തന്റെ ദൂതന് നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. അവയില്‍ ചിലത് എളുപ്പത്തില്‍ ഗ്രഹിക്കാന് കഴിയും. ചിലത് സൂചിപ്പിക്കുകയേ ചെയ്യൂ. ആവര്‍ത്തനങ്ങളുണ്ടതില്‍. ചിലപ്പോള്‍ അഭിസംബോധനാരീതികള്‍തന്നെ മാറുന്നതും കാണാം. ദൈവം ഞാന്‍ എന്നും നാം എന്നും അവന്‍ എന്നും സ്വയം വിശേഷിപ്പിക്കും. പല സന്ദര്‍ഭങ്ങളിലായി അവതരിച്ചതുകൊണ്ട് അതിന്റെ ആശയം നന്നായി മനസ്സിലാകണമെങ്കില്‍ പല തവണ വായിക്കണം. എല്ലാ ദേശത്തും കാലത്തുമുള്ള എല്ലാവര്‍ക്കും അതില്‍ നിര്‍ദ്ദേശമുണ്ട്.

ഉള്ളടക്കം

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അന്നഹ്ല്‍ സൂക്തം 36

36. നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: ”നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക; വ്യാജ ദൈവങ്ങളെ വര്‍ജിക്കുക.” അങ്ങനെ അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. മറ്റു ചിലരെ ദുര്‍മാര്‍ഗം കീഴ്പ്പെടുത്തുകയും ചെയ്തു. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യത്തെ നിഷേധിച്ചുതള്ളിയവരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുക.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അശ്ശൂറാ സൂക്തം 13

13. നൂഹിനോടു കല്‍പിച്ചതും നിനക്കു നാം ദിവ്യബോധനമായി നല്‍കിയതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചതുമായ കാര്യം തന്നെ അവന്‍ നിങ്ങള്‍ക്കു നിയമമായി നിശ്ചയിച്ചു തന്നിരിക്കുന്നു. ‘നിങ്ങള്‍ ഈ ജീവിതവ്യവസ്ഥ സ്ഥാപിക്കുക; അതില്‍ ഭിന്നിക്കാതിരിക്കുക’യെന്നതാണത്. നിങ്ങള്‍ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സന്ദേശം ബഹുദൈവവിശ്വാസികള്‍ക്ക് വളരെ വലിയ ഭാരമായിത്തോന്നുന്നു. അല്ലാഹു താനിച്ഛിക്കുന്നവരെ തനിക്കുവേണ്ടി പ്രത്യേകം തെരഞ്ഞെടുക്കുന്നു. പശ്ചാത്തപിച്ചു തന്നിലേക്കു മടങ്ങുന്നവരെ, അല്ലാഹു നേര്‍വഴിയില്‍ നയിക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ബഖറ സൂക്തം 285

285. ദൈവദൂതന്‍ തന്റെ നാഥനില്‍ നിന്ന് തനിക്ക് ഇറക്കിക്കിട്ടിയതില്‍ വിശ്വസിച്ചിരിക്കുന്നു. അതുപോലെ സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദപുസ്തകങ്ങളിലും ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. ‘ദൈവദൂതന്മാരില്‍ ആരോടും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ലെ’ന്ന് അവര്‍ സമ്മതിക്കുന്നു. അവരിങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു: ”ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്കു നീ മാപ്പേകണമേ. നിന്നിലേക്കാണല്ലോ മടക്കം.”