[vc_headings style=”theme3″ linewidth=”100%” borderwidth=”1px” borderclr=”#c89200″ align=”left” title=”മാതാപിതാക്കള്‍” titleclr=”#000000″][/vc_headings]

ഭൂമിയില്‍ ഏറ്റവും മഹത്തരം മനുഷ്യര്‍ക്ക് ജന്മമേകുന്ന മാതൃത്വമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഭൂമിയില്‍ ഏറ്റവുമധികം ഇഷ്ടപ്പെടേണ്ടതും മാതാവിനെത്തന്നെ. ഒരാള്‍ പ്രവാചകസന്നിധിയില്‍ വന്ന് ഞാന്‍ ഏറ്റവും നന്നായി പെരുമാറേണ്ടത് ആരോടാണെന്നു ചോദിച്ചു. അപ്പോള്‍ ‘നിന്റെ മാതാവിനോട്’ എന്ന് നബി മറുപടി പറഞ്ഞു. ചോദ്യം രണ്ടു തവണ ആവര്‍ത്തിച്ചപ്പോഴും നബി ഇതേ മറുപടി യാണ് നല്‍കിയത്. നാലാമതും ചോദിച്ചപ്പോഴാണ് നബി ‘നിന്റെ പിതാവ്’ എന്ന് മറുപടി പറഞ്ഞത്.

വിശുദ്ധ ഖുര്‍ആന്റെ വിവരണത്തിലും മാതൃത്വത്തിനാണ് മുന്‍ഗണന. അതിനാല്‍ മനുഷ്യന്‍ ഭൂമിയില്‍ ഏറ്റവുമധികം ആദരിക്കേണ്ടത് തന്റെ മാതാവിനെയാണ്. മാതാപിതാക്കള്‍ക്കു നന്മ പ്രവര്‍ത്തിക്കുന്നതിനെ ഇബാദത്ത് ആയും അവരോട് നന്ദി കാണിക്കുന്നതിനെ അല്ലാഹുവിനോട് നന്ദി കാണിക്കുന്നതുമായും ഖുര്‍ആന്‍ ബന്ധപ്പെടുത്തുന്നു. മനുഷ്യന്‍ പ്രവര്‍ത്തിക്കുന്ന വന്‍കുറ്റം ദൈവത്തില്‍ പങ്കു ചേര്‍ക്കലും (ബഹുദൈവത്വം) മാതാപിതാക്കളുടെ വെറുപ്പു സമ്പാദിക്കലുമാണെന്ന് നബി ഉണര്‍ത്തുന്നു. ഉത്തമമായ പെരുമാറ്റരീതി സ്വീകരിക്കുന്നതിനുപുറമേ മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണ്ടത് സന്താനങ്ങളുടെ കടമയായി ഖുര്‍ആന്‍ വിവരിക്കുന്നു:

”മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു.

ക്ലേശത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്.

അവനെ പ്രസവിച്ചതും പ്രയാസം സഹിച്ചുതന്നെ.

ഗര്‍ഭകാലവും മുലകുടിയും കൂടി മുപ്പതു മാസം.

അവനങ്ങനെ കരുത്തനാവുകയും നാല്‍പത് വയസ്സാവുകയും ചെയ്താല്‍ ഇങ്ങനെ പ്രാര്‍ഥിക്കും:

‘എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീയേകിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനും

നിനക്കു ഹിതകരമായ സുകൃതം പ്രവര്‍ത്തിക്കാനും

നീയെന്നെ തുണയ്‌ക്കേണമേ!

എന്റെ മക്കളുടെ കാര്യത്തിലും നീ എനിക്കു നന്മ വരുത്തേണമേ.

ഞാനിതാ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു.

ഉറപ്പായും ഞാന്‍ അനുസരണമുള്ളവരില്‍ പെട്ടവനാണ്.’

(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ അഹ്ഖാഫ്, സൂക്തം: 15)

മാതാപിതാക്കള്‍

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ ഇസ്‌റാഅ് സൂക്തം 23-24

23.  നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് ‘ഛെ’ എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക.

24.  കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക: ”എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.”

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അന്‍കബൂത്ത് സൂക്തം 8

8.  മാതാപിതാക്കളോട് നന്മ ചെയ്യണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. നിനക്കറിയാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ അവര്‍ നിന്നെ നിര്‍ബന്ധിക്കുകയാണെങ്കില്‍ നീ അവരെ അനുസരിക്കരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റിയെല്ലാം നിങ്ങളെ നാം വിശദമായി വിവരമറിയിക്കും.

വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ അല്‍ അഹ്ഖാഫ് സൂക്തം 15

15.  മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. ക്ലേശത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവനെ പ്രസവിച്ചതും പ്രയാസം സഹിച്ചുതന്നെ. ഗര്‍ഭകാലവും മുലകുടിയും കൂടി മുപ്പതു മാസം. അവനങ്ങനെ കരുത്തനാവുകയും നാല്‍പത് വയസ്സാവുകയും ചെയ്താല്‍ ഇങ്ങനെ പ്രാര്‍ഥിക്കും: ”എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീയേകിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ നീയെന്നെ തുണയ്‌ക്കേണമേ; നിനക്കു ഹിതകരമായ സുകൃതം പ്രവര്‍ത്തിക്കാനും. എന്റെ മക്കളുടെ കാര്യത്തിലും നീ എനിക്കു നന്മ വരുത്തേണമേ. ഞാനിതാ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. ഉറപ്പായും ഞാന്‍ അനുസരണമുള്ളവരില്‍ പെട്ടവനാണ്.”

മാതാപിതാക്കള്‍

1. നബി പറഞ്ഞു. ‘റബ്ബിന്‍റെ (നാഥന്‍റെ) തൃപ്തിയിലാണ്. റബ്ബിന്‍റെ കോപം അവരുടെ കോപത്തിലും

(ഹാകിം ശേഖരിച്ച ഹദീസ്)

2. അബൂഹുറൈറ ഉദ്ധരിക്കുന്നു. നബി പറഞ്ഞു.’പ്രായാധിക്യമുള്ള മാതാപിതാക്കളെയോ അല്ലെങ്കില്‍ അവരിലൊരാളെയോ കൂടെ കിട്ടിയിട്ടും സ്വര്‍ഗം സമ്പാദിക്കാന്‍ സാധിക്കാത്തവന് നാശം! അവന് പരാജയം! അവന്‍ തുലഞ്ഞവന്‍!’

(മുസ്‌ലിം)

3. തിരുനബി പറഞ്ഞതായി ഇബ്‌നു അബ്ബാസ് എന്ന അനുചരന്‍ ഉദ്ധരിക്കുന്നു.’ആരെങ്കിലും അല്ലാഹുവിന്‍റെ തൃപ്തി ആഗ്രഹിച്ച് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാനും അവരെ സേവിക്കാനും വേണ്ടി സമയം ചെലവഴിച്ചാല്‍ അവനുവേണ്ടി സ്വര്‍ഗത്തിന്‍റെ രണ്ടു കവാടങ്ങള്‍ തുറക്കപ്പെടും. മാതാപിതാക്കള്‍ക്ക് എതിരു നില്‍ക്കുകയോ അവരെ ധിക്കരിക്കുകയോ ചെയ്താല്‍ നരകത്തിന്‍റെ രണ്ടു വാതിലുകള്‍ അവനുവേണ്ടി തുറക്കപ്പെടും.” അപ്പോള്‍ അനുചരന്മാരിലൊരാള്‍ ചോദിച്ചു.’മാതാപിതാക്കള്‍ ക്രൂരത കാണിക്കുവരാണെങ്കിലോ?’  അപ്പോള്‍ നബി മറുപടി പറഞ്ഞു. ‘അതെ, അവര്‍ നിന്നോട് ക്രൂരത ചെയ്താലും നീ അവരോട് ഛെ എന്നുപോലും പറയരുത്.”

4, അബൂഹുറൈറ പറയുന്നു: ഒരാള്‍ പ്രവാചകസിധിയില്‍ വന്നു ചോദിച്ചു. ‘അല്ലാഹുവിന്‍റെ ദൂതരേ, എന്‍റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അര്‍ഹന്‍ ആരാണ്?’ തിരുനബി അരുള്‍ ചെയ്തു. ‘നിന്‍റെ മാതാവ്.”

അയാള്‍ ചോദിച്ചു.’പിന്നെ ആരാണ്?’  പ്രവാചകന്‍ വീണ്ടും പറഞ്ഞു. ‘നിന്‍റെ മാതാവ്.”

‘പിന്നെ ആരാണ്?’ അയാള്‍ വീണ്ടും ചോദിച്ചു. അപ്പോഴും നബി അതേ മറുപടിതന്നെയാണ് നല്‍കിയത്. ‘നിന്‍റെ മാതാവുതന്നെ.

നാലാമതും അതേ ചോദ്യം ആവര്‍ത്തിച്ച അയാളോട് നബി മറുപടി പറഞ്ഞു.’നിന്‍റെ പിതാവ്”

(സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്നീ ഹദീസ്ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ നബിവചനം)

5. അബൂ ഉസൈദിസ്സാഇദി പറയുന്നു: ഞങ്ങള്‍ നബിയുടെ അരികത്തു നില്‍ക്കേ, ബലൂസലമക്കാരനായ ഒരാള്‍ അവിടെ വന്നു ചോദിച്ചു. ‘അല്ലാഹുവിന്‍റെ ദൂതരേ, മാതാപിതാക്കളുടെ മരണശേഷം അവര്‍ക്കു പുണ്യം ചെയ്യേണ്ട വല്ല ബാധ്യതയും എന്‍റെ മേല്‍ ബാക്കി നില്‍ക്കുമോ?” തിരുനബി പറഞ്ഞു.’അതേ, അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. അവരുടെ പാപമോചനത്തിനു വേണ്ടി പ്രാര്‍ഥിക്കുക. അവരുടെ കരാറുകള്‍ പുര്‍ത്തിയാക്കുക. അവര്‍ നിലനിര്‍ത്തിയിരുന്ന കുടുംബബന്ധങ്ങള്‍ തുടരുക. അവരുടെ സുഹൃത്തുക്കളെ ആദരിക്കുകയും ചെയ്യുക.”

(അബൂദാവൂദിന്‍റെ ഹദീസ് ശേഖരത്തില്‍നിന്ന്)