സമൂഹഘടനയുടെ ഏറ്റവും ചെറിയ ഘടകമായ കുടുംബസംവിധാനത്തിന്റെ ആധാരശിലയാണ് ദമ്പതിമാര്‍. രണ്ട് ജീവിതങ്ങള്‍ ചേര്‍ന്ന് ഒന്നായിത്തീരുന്ന വിസ്മയകരവും മാസ്മരികവുമായ പ്രക്രിയയാണ് ദാമ്പത്യം. രണ്ടുപേര്‍ ചേര്‍ന്നു നയിക്കുന്ന ഒരൊറ്റ ജീവിതമായി മാറുമ്പോഴാണ് ദാമ്പത്യം വിജയത്തിലെത്തുക. ദാമ്പത്യജീവിതത്തില്‍ പുരുഷന്‍ സ്ത്രീയോട് എങ്ങനെ പെരുമാറണമെന്നതിന് വ്യക്തമായ പെരുമാറ്റച്ചട്ടങ്ങള്‍ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു.
”അവരോട് മാന്യമായി സഹവസിക്കുക.”
(ഖുര്‍ആന്‍: അധ്യായം: നിസാഅ്, സൂക്തം: 19)
പുരുഷന്‍ അനുഭവിക്കുന്ന ജീവിതസൗകര്യങ്ങളും സുഖങ്ങളും സ്ത്രീക്കു നല്‍കണം. തുല്യതയോടെ വേണം സ്ത്രീയുമൊത്തുള്ള ജീവിതം നയിക്കാനെന്ന് അല്ലാഹു പുരുഷന്മാരോട് കല്പിക്കുന്നുണ്ട്.
തിരുനബിയുടെ ഒരു വചനത്തില്‍ ഇപ്രകാരം കാണാം: ”നീ കഴിക്കുന്ന അതേ ഭക്ഷണം അവള്‍ക്കും നല്കുക, നീ ധരിക്കുന്ന അതേ വസ്ത്രം അവളെയും ധരിപ്പിക്കുക.”
വെറുപ്പു ജനിപ്പിക്കുന്ന കാര്യങ്ങള്‍ ഭാര്യയില്‍ കണ്ടാല്‍, അവളില്‍ കുടികൊള്ളുന്ന നല്ല വശങ്ങളെ മാനിച്ച് ദോഷങ്ങള്‍ക്കു നേരെ കണ്ണുചിമ്മണമെന്ന് ഖുര്‍ആന്‍ ഉപദേശിക്കുന്നു:
അവരോട് മാന്യമായി സഹവസിക്കുക.
അഥവാ, നിങ്ങളവരെ വെറുക്കുന്നുവെങ്കില്‍ അറിയുക:
നിങ്ങള്‍ വെറുക്കുന്ന പലതിലും അല്ലാഹു ധാരാളം നന്മ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവാം.
(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: നിസാഅ്, സൂക്തം: 19)
ഭാര്യാസന്താനങ്ങളുടെ മത-ധാര്‍മികനിഷ്ഠയില്‍ ശ്രദ്ധിക്കേണ്ടതും ഗൃഹനാഥന്റെ കര്‍ത്തവ്യമാണ്. സ്വശരീരത്തെ മാത്രമല്ല, കുടുംബത്തെയും നരകശിക്ഷയില്‍നിന്ന് രക്ഷിച്ചുകൊള്ളുവാന്‍ അല്ലാഹു പുരുഷനോട് ആജ്ഞാപിച്ചിട്ടുണ്ട്. ഇങ്ങനെ പുരുഷന്റെ മേല്‍ ഇരട്ട ഉത്തരവാദിത്വമാണ് അല്ലാഹു ഏല്‍പ്പിച്ചിട്ടുള്ളത്.- കുടുംബത്തിന്റെ ലൗകികക്ഷേമവും പരലോകമോക്ഷവും. അവ യഥാവിധി നിര്‍വഹിക്കാത്ത പക്ഷം അല്ലാഹു അയാളെ വിചാരണ ചെയ്യും. ”പുരുഷന്‍ സ്വകുടുംബത്തിന്റെ ഭരണാധികാരിയാണ്. തന്റെ ഭരണീയരെക്കുറിച്ച് അയാള്‍ ചോദ്യം ചെയ്യപ്പെടും” എന്ന് തിരുദൂതര്‍ പറഞ്ഞിട്ടുണ്ട്. ഭാര്യമാരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഇതിനുതുല്യമായ ഒരു തിരുവചനം കാണാം. മുഹമ്മദ് നബി ഇപ്രകാരം പറഞ്ഞു.”സ്ത്രീ ഭര്‍ത്താവിന്റെ വീട്ടിലെ ഭരണാധിപയാണ്. സ്വന്തം ഭരണീയരെക്കുറിച്ച് അവളും ചോദ്യം ചെയ്യപ്പെടും.” വീട്ടിലെ ആഭ്യന്തരകാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത് സത്രീയാണ്. മാതൃത്വം, ശിശുപരിപാലനം, ഗൃഹപരിപാലനം തുടങ്ങിയവ അതില്‍പ്പെടുന്നു. സ്ത്രീ ഭര്‍ത്താവിനെ അനുസരിക്കണം. ഭര്‍ത്താവിന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കണം ഭര്‍ത്താവിന്റെ സമ്പത്ത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. പാതിവ്രത്യം സംരക്ഷിക്കണം. എന്നാല്‍ നിഷിദ്ധകാര്യങ്ങളില്‍ ഭാര്യ ഭര്‍ത്താവിനെ അനുസരിക്കേണ്ടതില്ല
പുരുഷനും സ്ത്രീക്കും ശാന്തിയും സമാധാനവും ലഭ്യമാക്കുകയാണ് വിവാഹത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും ലക്ഷ്യമെന്ന് ഖുര്‍ആന്‍ പറയുന്നു.
അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു.
നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍.
നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി.
ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്.
സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.
(വിശുദ്ധ ഖുര്‍ആന്‍, അധ്യായം30, സൂക്തം: 21)
ഭാര്യാഭര്‍തൃബന്ധത്തെ ഒരു മനുഷ്യനും അയാളുടെ വസ്ത്രവും തമ്മിലുള്ള ബന്ധത്തോടാണ് മറ്റൊരിടത്ത് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.
”അവര്‍ (ഭാര്യമാര്‍) നിങ്ങള്‍ക്ക് വസ്ത്രമാണ്. നിങ്ങള്‍ (പുരുഷന്മാര്‍) അവര്‍ക്കും വസ്ത്രമാണ്.” (വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ ബഖറ, സൂക്തം: 187).
വസ്ത്രം ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്നു. നഗ്നത മറക്കുന്നു. ബാഹ്യോപദ്രവങ്ങളെ തടുക്കുന്നു. അതൊടൊപ്പം അതൊരു അലങ്കാരമായും പ്രവര്‍ത്തിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം താങ്ങും തണലുമായി വര്‍ത്തിക്കുന്നതിന്റെ മനോഹരമായ ചിത്രം ഈ ഖുര്‍ആനികസൂക്തത്തിലൂടെ നമുക്ക് കാണാനാകുന്നു.
ദാമ്പത്യജീവിതം
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍ബഖറ സൂക്തം 228
228. വിവാഹമോചിതകള്‍ മൂന്നു തവണ മാസമുറ ഉണ്ടാവുംവരെ തങ്ങളെ സ്വയം നിയന്ത്രിച്ചു കഴിയണം.76 അല്ലാഹു അവരുടെ ഗര്‍ഭാശയങ്ങളില്‍ സൃഷ്ടിച്ചുവെച്ചതിനെ മറച്ചുവെക്കാന്‍ അവര്‍ക്ക് അനുവാദമില്ല. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍! അതിനിടയില്‍77 അവരെ തിരിച്ചെടുക്കാന്‍ ഭര്‍ത്താക്കന്മാര്‍ക്ക് അവകാശമുണ്ട്. അവര്‍ ബന്ധം നന്നാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍! സ്ത്രീകള്‍ക്ക് ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരെക്കാള്‍ ഒരു പദവി കൂടുതലുണ്ട്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം അല്‍മുംതഹന സൂക്തം 10
10. വിശ്വസിച്ചവരേ, വിശ്വാസിനികള്‍ അഭയം തേടി നിങ്ങളെ സമീപിച്ചാല്‍ അവരെ പരീക്ഷിച്ചു നോക്കുക. അവരുടെ വിശ്വാസവിശുദ്ധിയെ സംബന്ധിച്ച് അല്ലാഹു നന്നായറിയുന്നു. അവര്‍ യഥാര്‍ഥ വിശ്വാസിനികളാണെന്ന് ബോധ്യമായാല്‍ പിന്നെ നിങ്ങളവരെ സത്യനിഷേധികളിലേക്ക് തിരിച്ചയക്കരുത്. ആ വിശ്വാസിനികള്‍ സത്യനിഷേധികള്‍ക്ക് അനുവദിക്കപ്പെട്ടവരല്ല. ആ സത്യനിഷേധികള്‍ വിശ്വാസിനികള്‍ക്കും അനുവദനീയരല്ല. അവര്‍ വ്യയം ചെയ്തത്2 നിങ്ങള്‍ അവര്‍ക്ക് മടക്കിക്കൊടുക്കുക. നിങ്ങള്‍ അവരെ വിവാഹം ചെയ്യുന്നതിന് വിലക്കൊന്നുമില്ല- അവര്‍ക്ക് അവരുടെ വിവാഹമൂല്യം നല്‍കുകയാണെങ്കില്‍. സത്യനിഷേധിനികളുമായുള്ള വിവാഹബന്ധം നിങ്ങളും നിലനിര്‍ത്തരുത്. നിങ്ങളവര്‍ക്കു നല്‍കിയത് തിരിച്ചു ചോദിക്കുക. അവര്‍ ചെലവഴിച്ചതെന്തോ3 അതത്രയും അവരും ആവശ്യപ്പെട്ടുകൊള്ളട്ടെ. അതാണ് അല്ലാഹുവിന്റെ വിധി. അവന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാണ്.
ദാമ്പത്യജീവിതം
1. നബി പറഞ്ഞു. ‘ദൈവം അനുവദിച്ച കാര്യങ്ങളില്‍ അവന് ഏറ്റവും അനിഷ്ടകരമായ കാര്യമാണ് വിവാഹമോചനം.
2. നബി പറഞ്ഞു. ‘സ്‌നേഹകടാക്ഷം ചൊരിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്കുമേല്‍ ദൈവത്തിന്‍റെ കരുണാകടാക്ഷമുണ്ട്.
3. നബിയോട് ഒരാള്‍ ചോദിച്ചു.’ഭര്‍ത്താവിന് ഭാര്യയോടുള്ള കടമകള്‍ എന്തൊക്കെയാണ്?” അപ്പോള്‍ നബി പറഞ്ഞു.’നീ ഭക്ഷിക്കുകയാണെങ്കില്‍ അവള്‍ക്കും ഭക്ഷണം നല്‍കുക. വസ്ത്രം ധരിക്കുകയാണെങ്കില്‍ അവളെയും ധരിപ്പിക്കുക. മുഖത്തടിക്കുകയോ അവളെ മോശമാക്കി സംസാരിക്കുകയോ ചെയ്യരുത്.”
(അഹ്മദ്, അബൂദാവൂദ് എന്നിവരുടെ ഹദീസ് ഗ്രന്ഥത്തില്‍നിന്ന്)
4. നബി പറഞ്ഞു: വിശ്വാസി ഒരിക്കലും വിശ്വാസിനിയായ പത്‌നിയോട് മോശമായി പെരുമാറുകയില്ല. അവളില്‍ അനിഷ്ടകരമായ വല്ലതും അനുഭവപ്പെടുന്നുവെങ്കില്‍ തീര്‍ച്ചയായും പ്രിയം തോന്നുന്ന മറ്റു ചിലതും അവളിലുണ്ടാകും.
5. നബി പറഞ്ഞു: നീ ചെലവഴിക്കുന്നതെന്തും നിനക്ക് ധര്‍മമാണ്.നിന്‍റെ ഭാര്യയുടെ വായില്‍ വെച്ചുകൊടുക്കുന്ന ആഹാരം പോലും,
നബി പറഞ്ഞു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിച്ച ഒരു ദീനാര്‍ (സ്വര്‍ണനാണയം), അടിയാളന്‍റെ മോചനത്തിന് ചെലവഴിച്ച ദീനാര്‍, അഗതിക്കുവേണ്ടി ചെലവഴിച്ച ദീനാര്‍, ഭാര്യയ്ക്കുവേണ്ടി വിനിയോഗിച്ച ദീനാര്‍ ഇവയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുക ഭാര്യക്കുവേണ്ടി ചെലവഴിച്ച ദീനാറാണ്.
(അഹ്മദ് , മുസ്‌ലിം എന്നിവരുടെ ഹദീസ് ശേഖരത്തില്‍നിന്ന്)
6. പ്രവാചകന്‍ പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ് എന്ന അനുചരന്‍ പറയുന്നു. ‘ താന്‍ ചെലവിന് കൊടുക്കാന്‍ കടപ്പെട്ടവരെ അവഗണിക്കുന്നതുതന്നെമെതി ഗുരുതരമായ കുറ്റം അവന്‍റെ പേരില്‍ ചാര്‍ത്തപ്പെടാന്‍.”
(അബൂദാവൂദിന്‍റെ ഹദീസ് ശേഖരത്തില്‍നിന്ന്)