സമൂഹത്തിന്റെ വേര് കുടുംബമാണ്. വിവാഹത്തിലൂടെയാണ് കുടുംബം രൂപപ്പെടുന്നത്. പൊരുത്തമുള്ള ദാമ്പത്യമാണ് പക്വമായ തലമുറയ്ക്ക് തൊട്ടിലൊരുക്കുന്നത്. ഭദ്രമായ കുടുംബബന്ധങ്ങള്‍ക്ക് സംതൃപ്തമായ ദാമ്പത്യജീവിതം അനിവാര്യമാണ്. കുടുംബജീവിതത്തിന് ഇസ്ലാം പവിത്രമായ സ്ഥാനമാണ് കൊടുക്കുന്നത്. ഏകാന്തജീവിതവും ബ്രഹ്മചര്യവും ഇസ്ലാം അനുവദിക്കുന്നില്ല. കുടുംബത്തോടൊപ്പമുള്ള ജീവിതമാണ് ഇസ്ലാമികജീവിതവ്യവസ്ഥയുടെ കാതല്‍. കുടുംബത്തിന്റെ ഉത്തരവാദിത്വം ഇസ്ലാം പുരുഷനില്‍ അര്‍പ്പിച്ചിരിക്കുന്നു. തന്റെ ജീവിതപങ്കാളിയുടെയും സന്താനങ്ങളുടെയും ഐഹികജീവിതത്തിലെ ക്ഷേമവും സുരക്ഷയും മാത്രമല്ല, അവരുടെ ധാര്‍മികജീവിതവും പരലോകമോക്ഷവുംവരെ ഇപ്രകാരം കുടുംബവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
കുടുംബബന്ധം സൃഷ്ടിച്ചത് മഹത്തായ ദൈവികാനുഗ്രഹമായി ഖുര്‍ആന്‍ എടുത്തു പറയുന്നു:
വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനും അവനാണ്.
അങ്ങനെ അവനെ രക്തബന്ധവും വിവാഹബന്ധവുമുള്ളവനാക്കി.
നിന്റെ നാഥന് എല്ലാറ്റിനും കഴിവുറ്റവനാണ്.
(വിശുദ്ധ ഖുര്‍ആന്‍, അധ്യായം: അല്‍ ഫുര്‍ഖാന്‍, സൂക്തം: 54)