ഇസ്‌ലാമികദര്‍ശനത്തിന്റെ അടിത്തറയാണ് ദൈവത്തിലുള്ള വിശ്വാസം. അല്ലാഹു എന്ന അറബിപദമാണ് ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഈ പ്രപഞ്ചത്തിലെ ഓരോ ഘടകത്തെയും സൃഷ്ടിക്കുകയും സംരക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്ന അതുല്യപ്രഭാവനായ മഹാശക്തിയാണ് അവന്‍. അനാദിയും അനശ്വരനുമായി അവന്‍ സ്ഥലകാലങ്ങള്‍ക്ക് അതീതനായി നിലകൊള്ളുന്നു. അദൃശ്യനും അരൂപിയുമാണ് അവന്‍. പ്രപഞ്ചത്തിലെ പ്രവര്‍ത്തനങ്ങളെല്ലാം അവന്റെ ഇച്ഛ ഒന്നുകൊണ്ടുമാത്രം നിര്‍വഹിക്കപ്പെടുന്നു. ഏകനായ അവന്റെ അറിവോ അനുവാദമോ കൂടാതെ ഒരു ഇലയനക്കം പോലും നടക്കുന്നില്ല. സ്രഷ്ടാവായ അല്ലാഹു എല്ലാവിധ ന്യൂനതകളില്‍നിന്നും മുക്തനാണ്. സ്രഷ്ടാവിന്റെ മഹത്വത്തിനു ചേര്‍ന്നസര്‍വഗുണങ്ങളും അവനില്‍ പരിപൂര്‍ണമായി വിളങ്ങുന്നു. ആ മഹദ്ഗുണങ്ങള്‍ തന്റെ സാധ്യതയനുസരിച്ച് പരമാവധി കൈവരിക്കണമെന്ന് ഇസ്‌ലാം താല്‍പ്പര്യപ്പെടുന്നു.
ദൈവം
പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്.
അല്ലാഹു ആരെയും ആശ്രയിക്കാത്തവനാണ്.
ഏവരാലും ആശ്രയിക്കപ്പെടുന്നവ നും.
അവന്‍ പിതാവോ പുത്രനോ അല്ല.
അവനു തുല്യനായി ആരുമില്ല.
ദൈവം
1. സുഫ്‌യാനുബ്‌നു അബ്ദില്ലായില്‍നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ”അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടല്ലാതെ മറ്റാരോടും ഞാന്‍ ചോദിക്കേണ്ടിവരാത്തവിധം എനിക്ക് ഇസ്‌ലാമിനെപ്പറ്റി ഒരു വിവരണം നല്കിയാലും’ എന്ന് ഞാന്‍ നബിയോട് പറഞ്ഞു. തിരുനബി മറുപടി പറഞ്ഞു: ”അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് നീ പറയൂ. എന്നിട്ട് നേര്‍വഴിയില്‍ ഉറച്ചുനില്‍ക്കൂ.”
2. അനസ് ഉദ്ധരിക്കുന്ന ഒരു നബി വചനം. അനസ് പറയുന്നു: അത്യുന്നതനായ ദൈവം ഇങ്ങനെ പറഞ്ഞതായി റസൂല്‍ പറയുന്നത് ഞാന്‍ കേട്ടു. ”ആദമിന്റെ പുത്രാ, നീ എന്നോട് പ്രാര്‍ഥിക്കുകയും എന്റെ കാരുണ്യം ആശിക്കുകയും ചെയ്യുന്ന കാലമത്രയും നിന്റെ പക്കല്‍നിന്ന് സംഭവിക്കുന്ന പാപങ്ങള്‍ ഗൗനിക്കാതെ ഞാന്‍ നിനക്ക് മാപ്പ് നല്‍കുന്നതാണ്. ആദമിന്റെ പുത്രാ, നിന്റെ പാപങ്ങള്‍ ചക്രവാത്തോളമെത്തിയിട്ട് നീ എന്നോട് മാപ്പു ചോദിച്ചാലും ഞാന്‍ നിനക്ക് മാപ്പു നല്‍കുന്നതാണ്. ആദമിന്റെ പുത്രാ, ഭൂമിയോളം വരുന്ന കുറ്റങ്ങള്‍ ചെയ്തശേഷം നീ എന്റെയടുത്തു വന്നാലും എന്നോട് മറ്റൊന്നിനെയും (ദിവ്യത്വത്തിലും അധികാരത്തിലും) പങ്കു ചേര്‍ക്കാത്ത നിലയിലാണ് നീയെന്നെ കണ്ടുമുട്ടുന്നതെങ്കില്‍ ആ പാപങ്ങളുടെ അത്രതന്നെ പാപമോചനവുമായി ഞാന്‍ നിന്റെയടുത്തുവരുന്നതാണ്.”
(തിര്‍മിദി)
3. തിരുനബി അരുള്‍ ചെയ്തു: ആര്‍ അല്ലാഹുവിനുവേണ്ടി സ്‌നേഹിക്കുകയും അല്ലാഹുവിനുവേണ്ടി കോപിക്കുകയും അല്ലാഹുവിനുവേണ്ടി കൊടുക്കുകയും അല്ലാഹുവിനുവേണ്ടി തടയുകയും ചെയ്യുന്നുവോ അവന്‍ തന്റെ ഈമാന്‍ പൂര്‍ത്തീകരിച്ചു.
(സ്വഹീഹുല്‍ ബുഖാരി)
5. അബൂഹുറൈറ നിവേദനം ചെയ്യുന്നു. നബി പറഞ്ഞു: ”അല്ലാഹു നിങ്ങളില്‍ മൂന്നു കാര്യങ്ങള്‍ ഉണ്ടാകുന്നത് ഇഷ്ടപ്പെടുകയും മൂന്നു കാര്യങ്ങള്‍ ഉണ്ടാകുന്നത് വെറുക്കുകയും ചെയ്യുന്നു. അവന് ഇബാദത്ത് ചെയ്യുക, അവനില്‍ (അവന്റെ ദിവ്യത്വത്തില്‍) മറ്റാരെയും പങ്കാളികളാക്കാതിരിക്കുക, ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ ഒറ്റക്കെട്ടായി മുറുകെപ്പിടിക്കുക എന്നിവയാണ് അവന്‍ നിങ്ങള്‍ക്കായി ഇഷ്ടപ്പെടുന്ന മൂന്നു കാര്യങ്ങള്‍. കണ്ടതും കേട്ടതും കൊണ്ടുനടക്കുക, ചോദ്യങ്ങള്‍ പെരുപ്പിക്കുക, ധനം പാഴാക്കുക എന്നിവയത്രേ അവന്‍ വെറുക്കുന്ന കാര്യങ്ങള്‍.”
(സ്വഹീഹു മുസ്‌ലിം)
6. തിരുനബി (അബ്ദുല്‍ ഖൈസ് ഗോത്രത്തിന്റെ നായകന്മാരോട്) ചോദിച്ചു. ”അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കുകയെന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ?” അവര്‍ പറഞ്ഞു. ”അത് ഏറ്റവും നന്നായി അറിയുക അല്ലാഹുവിനും അവന്റെ ദൂതനും തന്നേ.” അപ്പോള്‍ നബി അവര്‍ക്കു പറഞ്ഞുകൊടുത്തു. ”അല്ലാഹു ഒഴികെ ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക. നമസ്‌കാരം നിലനിര്‍ത്തുക. സകാത്ത് കൊടുക്കുക. റമദാനില്‍ നോമ്പ് അനുഷ്ഠിക്കുക. ഇവയാണ് അവ.”
(മശ്കൂത്ത്)